ബെത്‍ലഹേമിലെ ക്രൈസ്തവ പുരോഹിതനായ റവ. മുൻദർ ഇസ്ഹാഖ് അമേരിക്കയിലെ ക്രൈസ്തവരോടുള്ള അമർഷം മറച്ചുവെക്കുന്നില്ല. ഗസ്സയിലെ ഫലസ്തീനി ക്രൈസ്തവരോടുള്ള ഐക്യദാർഢ്യത്തിന്റെ പേരിൽപോലും വംശഹത്യയെ എതിർക്കാൻ അവർക്ക് കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പരാതി. ഇത് ഒരു പുരോഹിതന്റെ മാത്രം സങ്കടമല്ല. ഇസ്രായേലിന്റെ ഗസ്സ കശാപ്പ് ആറുമാസം തികച്ചിരിക്കെ ഇരകൾ ഒരുഭാഗത്തും അക്രമികളും അവരുടെ കൂട്ടാളികളും പിന്നെ ലോകത്തെ അനേകം ഭരണകൂടങ്ങൾ മറുഭാഗത്തും എന്നതാണ് അവസ്ഥ.
40,000ത്തോളം മനുഷ്യർ കൊല്ലപ്പെട്ടതും മുക്കാൽ ലക്ഷത്തിലേറെ പേർക്ക് ഗുരുതര പരിക്കേറ്റതും വീടുകളിൽ 60 ശതമാനവും തകർക്കപ്പെട്ടതും മികച്ച യൂനിവേഴ്സിറ്റികളടക്കം നാന്നൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തവിടുപൊടിയാക്കിയതും ലോകത്തിന് വെറും കണക്ക് മാത്രമാണ്. പക്ഷേ, പിടഞ്ഞുവീണ ഓരോ ജീവനും അനീതിക്ക് ഇരയാക്കപ്പെട്ടതിന്റെ നൂറുനൂറു കഥകളുണ്ടായിരുന്നു. പതിനായിരക്കണക്കിന് കുരുന്നുകൾ ബോംബ് വീണ കെട്ടിടങ്ങളിൽപെട്ടും തലക്കുമീതെ പതിച്ച മിസൈലേറ്റും കൊല്ലപ്പെടുമ്പോൾ അവർക്കുമുണ്ടായിരുന്നു സ്വപ്നങ്ങളും ആഗ്രഹങ്ങളും. ഗസ്സയിലെ ജനങ്ങളിൽ മൂന്നിലൊന്ന് ഭവനരഹിതരാണ്.
1948ലെ നക്ബയിൽ തുടങ്ങിയ അവരുടെ ദുരിതം അത് സൃഷ്ടിക്കാൻ സന്ദർഭമൊരുക്കിയ ലോകത്തിന് വിഷയമാകേണ്ടതായിരുന്നു. പക്ഷേ, അന്നും ഇന്നും ഒക്ടോബർ ഏഴിന് മുമ്പും ശേഷവും വേട്ടക്കാരന്റെ പക്ഷത്ത് ചേർന്നവരാണ് ‘പരിഷ്കൃത’ രാജ്യങ്ങൾ. ആശുപത്രികളും സ്കൂളുകളും തകർക്കുമ്പോഴും ഇസ്രായേലിനെ തടയുകയല്ല, കൂടുതൽ ആയുധവും പണവും നൽകി പ്രോത്സാഹിപ്പിക്കുകയാണ് അവർ ചെയ്തത്. ഗസ്സയെ തവിടുപൊടിയാക്കാൻ വേണ്ടി ഇസ്രായേൽ ചമച്ച കെട്ടുകഥകൾ അമേരിക്കൻ പ്രസിഡന്റടക്കം ആവർത്തിച്ചു. ആ കഥകൾ കള്ളമാണെന്ന് തെളിഞ്ഞശേഷവും നിലപാട് മാറ്റാൻ അവർ തയാറായില്ല. വേൾഡ് സെൻട്രൽ കിച്ചൻ എന്ന ദുരിതാശ്വാസ ഏജൻസിയുടെ ഏഴു സന്നദ്ധ പ്രവർത്തകരെ ഇസ്രായേൽ ബോധപൂർവം കൊന്നതിന് ശേഷമാണ് യു.എസ് പ്രസിഡന്റ് ഒരൽപമൊന്ന് അനങ്ങിയത്.
പട്ടിണി കിടന്ന് കുട്ടികൾവരെ മരിക്കുന്ന അവസ്ഥയിലും റഫ അതിർത്തിയിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കൾ ഗസ്സയിലേക്ക് വിടില്ലെന്ന വാശിയിലാണ് ഇസ്രായേൽ. പക്ഷേ, ഇനി ഈ വാശി വിടാതെ ആയുധം തരില്ലെന്ന് അമേരിക്കക്ക് പറയേണ്ടിവന്നു. അതോടെ ഇസ്രായേൽ ഒരൽപമൊന്ന് അയഞ്ഞു. ഈ അയവ് വംശഹത്യ തുടരാൻ കൂടുതൽ ആയുധം കിട്ടാനുള്ള അടവ് മാത്രമാണെന്ന് വ്യക്തമാണ്. അത് വ്യക്തമായാലും അമേരിക്ക വംശഹത്യയിലെ പങ്കാളിത്തം നിർത്തുമെന്ന് കരുതാനാവില്ല. 13,000ത്തിലേറെ കുട്ടികളുൾപ്പെടെ 40,000ത്തോളം പേർ കൊല്ലപ്പെടേണ്ടിവന്നല്ലോ രക്ഷാസമിതിയിൽ വെടിനിർത്തൽ പ്രമേയത്തെ വീറ്റോ ചെയ്യാതിരിക്കാനുള്ള ഔദാര്യം അമേരിക്ക കാണിക്കാൻ. അമേരിക്കയും ഇസ്രായേലും അൽപമെങ്കിലും പിറകോട്ടടിക്കുന്നുണ്ടെങ്കിൽ അതിന് കാരണം ലോകത്തിന്റെ മനസ്സ് തങ്ങൾക്കെതിരാകുന്നു എന്ന തിരിച്ചറിവാണ്. ഇസ്രായേലിന്റെ തന്ത്രങ്ങൾ ഒന്നുംതന്നെ വിജയിച്ചില്ല -ഗസ്സയെ വാസയോഗ്യമല്ലാതാക്കുക എന്ന പദ്ധതി ഒഴികെ. ഗസ്സയിൽ നടന്നത് വംശഹത്യ എന്ന വകുപ്പിൽ പെടാമെന്നും അത് നിർത്തണമെന്നും ലോകകോടതി വിധിച്ചിട്ട് മാസങ്ങളായിട്ടും അതനുസരിക്കാൻ ഇസ്രായേലോ പിന്തുണ പിൻവലിക്കാൻ അമേരിക്കയോ തയാറായില്ല എന്നത് ലോകം കാണുന്നു. ഗസ്സയിലെ ജനങ്ങളെ അങ്ങോട്ടുമിങ്ങോട്ടും ആട്ടിപ്പായിച്ചതും ചെല്ലുന്നിടത്തെല്ലാം ബോംബിട്ട് കൊന്നതും ലോകം കണ്ടു. ഗസ്സക്കാരെ ബോംബിട്ടും പട്ടിണിക്കിട്ടും കൊല്ലാനാണ് ഉദ്ദേശ്യമെന്ന് സയണിസ്റ്റ് നേതാക്കൾ പ്രഖ്യാപിച്ചതും അത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ലോകം കാണുന്നു. ഇസ്രായേലിന് ആയുധവും ഗസ്സക്ക് ഒരിത്തിരി ഭക്ഷണപ്പൊതികളും കൊടുക്കുന്ന അമേരിക്കൻ ഭീകരത കാണുന്നു. നിർമിതബുദ്ധി എന്ന സാങ്കേതികവിദ്യ കൂട്ടക്കൊല നടത്താൻ ഇസ്രായേൽ ഉപയോഗിച്ചു എന്ന പുതിയ വെളിപ്പെടുത്തലും ലോകം കാണുന്നു.
അധിനിവേശരാജ്യം അധിനിവിഷ്ട പ്രദേശത്തോട് പുലർത്തേണ്ട മര്യാദകളെപ്പറ്റി, ലോക കോടതിയുടെയും രക്ഷാസമിതിയുടെയും പ്രമേയങ്ങൾ എല്ലാ അംഗരാഷ്ട്രങ്ങൾക്കും ബാധകമാണെന്ന സത്യത്തെപ്പറ്റി, വംശഹത്യക്ക് കൂട്ടുനിൽക്കുന്നവരും ആ കുറ്റംചെയ്യുകയാണെന്ന നിയമത്തെപ്പറ്റി അറിയാത്തവരല്ല ‘പരിഷ്കൃത’ രാജ്യങ്ങൾ. ഇസ്രായേലിനോടുള്ള അസ്വാഭാവികമായ വിധേയത്വത്തിന്റെ വംശീയവും അഴിമതി പൂർണവുമായ വേരുകളെപ്പറ്റിയും വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പതുക്കെയാണെങ്കിലും ലോകം വസ്തുതകൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്റെ ചെറിയ അംശമെങ്കിലും ബാക്കിയുള്ളവർക്ക് യോജിക്കാനാവാത്ത വാദങ്ങളുമായി ഇസ്രായേലും കൂട്ടാളികളും ഇനിയും രംഗത്തുണ്ടാകാം. പക്ഷേ, ഗസ്സയുടെ കഥകൾ പറഞ്ഞും ഇസ്രായേലിന്റെ കശാപ്പിന് കരുത്ത് പകരുന്ന കമ്പനികളെയും ഉൽപന്നങ്ങളെയും ബഹിഷ്കരിച്ചും സർക്കാറുകൾക്കുമേൽ സമ്മർദം ചെലുത്തിയും വിവിധ സമൂഹങ്ങൾ മനുഷ്യത്വത്തിന്റെ നേർത്ത ശബ്ദത്തിന് ശക്തിപകരുന്നു. ഒപ്പം വിസ്മയിപ്പിക്കുന്ന ആത്മവീര്യവുമായി ചെറുത്തുനിൽക്കുന്ന ഗസ്സയുടെ കരളുറപ്പും. ഇത് രണ്ടിനും മുന്നിൽ സയണിസ്റ്റ് രാഷ്ട്രത്തിന് ഏറെ പിടിച്ചുനിൽക്കാൻ കഴിയില്ല എന്നുതന്നെയാണ് അരക്കൊല്ലം തികച്ച കശാപ്പിന്റെ പാഠം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.