ഗുണ്ടാരാജ്യങ്ങളും നിയമവാഴ്ചയും

ഗസ്സയിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ പാതകങ്ങളും ചെയ്യുന്നതിന്റെ പേരിൽ ഇസ്രായേലിനെതിരെ നടപടിയാവശ്യപ്പെടുന്ന പ്രമേയം യു.എൻ മനുഷ്യാവകാശ സമിതി അംഗീകരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിവിധ മനുഷ്യാവകാശ ഏജൻസികൾ ഇതിനകം ഈ ആവശ്യം പലകുറി ഉന്നയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) ഇസ്രായേലിനെതിരായ പരാതികൾ കഴിഞ്ഞ നവംബറിൽ സമർപ്പിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക സമർപ്പിച്ച പരാതിയിൽ തൽക്കാല തീർപ്പ് കൽപിച്ചുകൊണ്ട് കോടതി ഇസ്രായേലിന് നൽകിയ കൽപനകൾ പാലിക്കപ്പെടാത്തത് ചൂണ്ടിക്കാട്ടിയുള്ള ഹരജികളും പരിഗണനയിലാണ്. ഗുരുതര നിയമലംഘനങ്ങളുടെ പേരിൽ പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റു ഇസ്രായേലി നേതാക്കൾക്കുമെതിരെ ലോകകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചേക്കുമെന്ന വാർത്ത കേൾക്കുന്നു. വംശഹത്യ തടയാനായി പ്രവർത്തിക്കുന്ന യു.എസിലെ ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട്, ഗസ്സക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ വംശഹത്യ നടത്തുന്നതായി ജാഗ്രതാ അറിയിപ്പ് നൽകിയിരിക്കുന്നു. യു.എൻ മനുഷ്യാവകാശ സമിതിയിൽ സ്​പെഷൽ റാപ്പോർട്യർ ഫ്രാൻസെസ്ക ആൽബനീസ് സമർപ്പിച്ച സമഗ്ര റിപ്പോർട്ട്, ഇസ്രായേൽ നടത്തുന്നത് വംശഹത്യതന്നെ എന്ന് തെളിയിക്കുന്നുണ്ട്. വംശഹത്യ​യെ നിർണയിക്കുന്ന മാനദണ്ഡങ്ങളെല്ലാം ഗസ്സയിൽ പുലരുന്നതായി ആ യു.എൻ റിപ്പോർട്ട് വിലയിരുത്തി. യുദ്ധത്തിൽ പാലിക്കേണ്ട മാനുഷിക മര്യാദകളും അന്താരാഷ്ട്ര ചട്ടങ്ങളും ഇസ്രായേൽ ലംഘിച്ചെന്ന് അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റി വിലയിരുത്തി. യുദ്ധമര്യാദകളെല്ലാം ഇസ്രായേൽ കാറ്റിൽപറത്തിയെന്ന് ക്വിൻസി ഇൻസ്റ്റിറ്റ്യൂട്ടിലെ ത്രിത പാർസി റിപ്പോർട്ട് ചെയ്യുന്നു. യു.എൻ രക്ഷാസമിതിയും ലോക കോടതിയും ആവശ്യപ്പെട്ടിട്ടുപോലും ഗസ്സയിൽ ഭക്ഷണമടക്കമുള്ള അവശ്യസഹായങ്ങൾ എത്തിക്കാൻ ഇസ്രായേൽ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു, ഭക്ഷ്യസുരക്ഷാ സംഘടനകളും ഓക്സ്ഫാം അടക്കമുള്ള സന്നദ്ധ സംഘങ്ങളും. മനുഷ്യത്വത്തിന് ചേരാത്ത പാതകങ്ങൾ യുനിസെഫ് എണ്ണിപ്പറഞ്ഞ റിപ്പോർട്ടിലും ഇസ്രായേൽ കുറ്റവാളിതന്നെ.

അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിച്ചുകൊണ്ട് ലോകത്തെ ധിക്കരിക്കാൻ ഇസ്രായേൽ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. യു.എൻ പൊതുസഭയുടെയും രക്ഷാസമിതിയുടെയും മനുഷ്യാവകാശ സമിതിയുടെയും അസംഖ്യം പ്രമേയങ്ങളിൽ ഇസ്രായേലിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഈയിടെ ഗസ്സയിൽ വെടിനിർത്താനുള്ള രക്ഷാസമിതിയുടെയും ലോക കോടതിയുടെയും കൽപനകൾക്ക് ആ രാജ്യം ഒരു വിലയും കൽപിച്ചില്ല. തന്നെയുമല്ല, റഫയിൽകൂടി വംശഹത്യ തുടരുകയാണ് ആ രാജ്യം ചെയ്യുന്നത്. നിയമങ്ങളാൽ ഭരിക്കപ്പെടുന്നു എന്നുപറയപ്പെടുന്ന യു.എൻ അടക്കമുള്ള സംവിധാനങ്ങളെ പുച്ഛിച്ച് തന്നിഷ്ടം നടത്തുന്ന ഒരു തെമ്മാടി രാഷ്ട്രത്തെ പിടിച്ചുകെട്ടാൻ കഴിയില്ലെങ്കിൽ നിയമമെന്തിന്? നിയമങ്ങളെയും ലോകരാജ്യങ്ങളെയും പരസ്യമായി ധിക്കരിച്ച നടപടിയായിരുന്നു ദമസ്കസിലെ ഇറാൻ എംബസിയിൽ ബോംബിട്ടത്. എന്നിട്ടും ‘അന്താരാഷ്ട്ര നിയമങ്ങൾ’ ചലിച്ചില്ല; മറുഭാഗത്ത് അമേരിക്ക കൂട്ടുപ്രതിയായി കുറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്നു; ഫലസ്തീന് യു.എന്നിൽ പൂർണ അംഗത്വം നൽകുന്നതിനെതിരെ വീറ്റോ പ്രയോഗിക്കുന്നു. മുക്കാൽ നൂറ്റാണ്ടത്തെ അധിനിവേശത്തിലുടനീളം ആ അധിനിവേശത്തിന് ആദ്യം പച്ചക്കൊടി വീശിയ യു.എന്നിനെ ധിക്കരിച്ചുകൊണ്ടേ ഇരുന്ന ചരിത്രമാണ് ഇസ്രായേലിന്റേത്. അധിനിവേശ രാജ്യങ്ങൾ പുലർത്തേണ്ട നിയമങ്ങളടങ്ങുന്ന ജനീവ കരാറിലെ വ്യവസ്ഥകളും ഇസ്രായേൽ ലംഘിച്ചിട്ടേയുള്ളൂ. അധിനിവിഷ്ട ജനതയുടെ സുരക്ഷയും വിഭവങ്ങളും അധിനിവേശ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ആ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനോ അവരെ മാറ്റിപ്പാർപ്പിക്കാനോ ആട്ടിയോടിക്കാനോ അവരുടെ ഭൂമി കൈയേറാനോ പാടില്ല. ഇതെല്ലാം സയണിസ്റ്റ് രാജ്യം പലതവണ ലംഘിച്ചു; ഇപ്പോഴും ലംഘനം തുടരുന്നു. അധിനിവേശത്തിനെതിരെ സായുധസമരമടക്കം നടത്താനുള്ള അവകാശം അധിനിവിഷ്ട ജനതക്കുണ്ട് എന്നാണ് ജനീവ കരാർ പറയുന്നത്. പക്ഷേ, അന്താരാഷ്ട്ര സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാശ്ചാത്യ ശക്തികൾ ഫലസ്തീന്റെ കല്ലേറ് പോലും ഭീകരതയായി എണ്ണുമ്പോൾ യു.എന്നും മറ്റും കാഴ്ചക്കാരുടെ റോളിലായിപ്പോയി. അന്താരാഷ്ട്ര നിയമങ്ങളെ കുത്തനെ നിർത്തിയാണ് ഇസ്രായേൽ ലോകത്തെ മുഴുവൻ വെല്ലുവിളിക്കുന്നത്.



ജനീവ കരാറിലെ 49ാം വകുപ്പിന്റെ ലംഘനമായ ഇസ്രായേലി കുടിയേറ്റങ്ങളെ ഐ.സി.ജെയും അനേകം യു.എൻ പ്രമേയങ്ങളും അപലപിച്ചിട്ടുള്ളതാണ്. സിവിലിയന്മാർക്കെതിരെ ബലപ്രയോഗം നടത്തുന്നതും ജനതക്കുമേൽ ‘കൂട്ട ശിക്ഷ’ നടപ്പാക്കുന്നതും സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും വീടുകൾ നശിപ്പിക്കുന്നതുമെല്ലാം പലതവണ വിമർശിക്കപ്പെട്ടു. ഒരു ജനതയെ അടിച്ചമർത്തുകയും അവർ പ്രതികരിക്കുമ്പോൾ അതിനെ ഭീകരതയെന്ന് വിളിക്കുകയും ചെയ്യുന്ന പുതിയൊരു കിരാത നീതി ലോക നിയമവ്യവസ്ഥയെ കീഴ്പ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ഇറാനിയൻ എംബസിയിൽ ബോംബിട്ട് 16ഓളം പേരെ കൊന്നതിനെ അപലപിക്കാൻപോലും തയാറാകാത്തവർ, അതിന് തിരിച്ചടിയായി സൈനിക കേന്ദ്രങ്ങളിൽമാത്രം മിസൈലിട്ട ഇറാനെതിരെ ഉപരോധം മുറുക്കുന്നത്. അന്താരാഷ്ട്ര നീതി ഏതാനും രാജ്യങ്ങളുടെ അന്യായ തീർപ്പുകളായിരിക്കുന്നു. ഈ ഭീകര കൂട്ടായ്മയെ പരാജയപ്പെടുത്താതെ ലോകസമാധാനം വീണ്ടെടുക്കാനാവില്ല. ഫലസ്തീനിലെ സ്വാതന്ത്ര്യപോരാളികൾ നടത്തുന്ന ജീവന്മരണ പോരാട്ടം ലോകത്തിന്റെ മൊത്തം ഗതി നിർണയിക്കുന്ന ഒന്നാണ്. ആ പോരാട്ടം വിജയിക്കേണ്ടത് മനുഷ്യത്വത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ജനസമൂഹങ്ങളുടെ ആവശ്യമാണ്. ഒരുകാലത്ത് ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം ഉച്ചസ്ഥായിയിലായിരുന്നപ്പോഴാണ് സ്വാതന്ത്ര്യ പോരാട്ടത്തിനിറങ്ങിയ നെൽസൺ മണ്ടേല അടക്കമുള്ളവരെ പീഡിപ്പിച്ച് ഭീകരമുദ്ര നൽകി തടവിലിട്ടത്. അന്ന് അപാർതൈറ്റ് ഭരണത്തെ പിന്തുണച്ച ഇസ്രായേലും ബ്രിട്ടനും അമേരിക്കയുമെല്ലാം അതിന്റെ പതിന്മടങ്ങ് പൈശാചികതയോടെ ഇപ്പോൾ ഫലസ്തീനെ അടിച്ചൊതുക്കുന്നു. ദക്ഷിണാഫ്രിക്കയിൽ മർദക ഭരണത്തെ താഴെയിട്ടത് അവിടത്തെ പോരാളികളും യു.എന്നിന്റെ നേതൃത്വത്തിലുള്ള അപാർതൈറ്റ് വിരുദ്ധ ഭൂരിപക്ഷവുമാണ്. ആ ചരിത്രം ആവർത്തിക്കാൻ നേരമായിരിക്കുന്നു. മർദകരെ തുരത്താനും ലോകനീതി പുനഃസ്ഥാപിക്കാനും ആഗോള സമൂഹം ഇടപെടണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.