ഇ.ഡിക്കുശേഷം ഗവർണറുടെ ഊഴം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങൾക്കാണ് കഴിഞ്ഞദിവസം തമിഴ്നാട് സാക്ഷിയായത്. ഒരു അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്യുകയും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയും ചെയ്യുന്ന സെന്തിൽ ബാലാജി എന്ന ഡി.എം.കെ നേതാവിന്റെ മന്ത്രിസ്ഥാനം പൊടുന്നനെയൊരു ഉത്തരവിലൂടെ ഗവർണർ ആർ.എൻ. രവി തട്ടിത്തെറിപ്പിച്ചതോടെയാണ് തമിഴകത്തെ പുതിയ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായത്.

നിരവധി ക്രിമിനൽ കേസുകളിൽ നടപടി നേരിട്ടുകൊണ്ടിരിക്കുന്ന സെന്തിൽ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനും മറ്റും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവർണറുടെ ഉത്തരവ്. ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടേണ്ടത് മുഖ്യമന്ത്രി മുഖേനയായിരിക്കണമെന്ന ഇതഃപര്യന്തമുള്ള കീഴ്വക്കങ്ങളത്രയും ലംഘിച്ചിട്ടുള്ള ഈ നടപടി സ്വാഭാവികമായും ഭരണകക്ഷിയായ ഡി.എം.കെയെയും സഖ്യകക്ഷികളെയും പ്രകോപിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻപോലും സംഭവമറിയുന്നത് രാജ്ഭവനിൽനിന്നുള്ള ഉത്തരവിന്റെ വാർത്താക്കുറിപ്പ് കാണുമ്പോഴായിരുന്നുവെന്നോർക്കണം. സംസ്ഥാനത്തിനകത്തും പുറത്തും ഇത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.

തുടർന്ന്, അഞ്ച് മണിക്കൂറിനുശേഷം ഉത്തരവ് പിൻവലിക്കുന്നതായി ഗവർണർ. വിഷയത്തിൽ അറ്റോണി ജനറലിന്റെ കൂടി നിയമോപദേശം കണക്കിലെടുത്തശേഷംമതി നടപടിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദേശ പ്രകാരമാണ് ഉത്തരവ് പിൻവലിച്ചതെന്ന് ഇക്കാര്യം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിക്കയച്ച കത്തിൽ ഗവർണർ വിശദമാക്കുന്നുണ്ട്. അതോടെ, രംഗം ഒന്നുകെട്ടടങ്ങിയെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പുകച്ചുരുളകൾ കെട്ടടങ്ങിയെന്ന് പറയാറായിട്ടില്ല.

അണ്ണാ ഡി.എം.കെ നേതാവായിരിക്കെ, 2011-15 കാലത്ത് ജയലളിത സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്നു സെന്തിൽ ബാലാജി. അക്കാലത്ത് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ 1700ലധികം തൊഴിലാളികൾക്കായി നടത്തിയ റിക്രൂട്ട്മെന്റിന്റെ മറവിൽ ‘ജോലിക്ക് കോഴ’ വാങ്ങിയെന്നാണ് സെന്തിലിനുനേരെയുള്ള ആരോപണം. 2018ൽ പാർട്ടിവിട്ട് ഡി.എം.കെയിൽ ചേർന്ന അദ്ദേഹം കാരൂർ മണ്ഡലത്തിൽ 12000ത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായത്.

കാരൂർ മണ്ഡലം ഉൾപ്പെടുന്ന കൊങ്കുനാട്ടിൽ ഏറ്റവും സ്വാധീനമുള്ള ജനനേതാവായ സെന്തിലിന്റെ കൂടുമാറ്റം തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെക്കും അതുവഴി ബി.ജെ.പിക്കും വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ, ഏതുവിധേനയും സെന്തിലിനെയും അതുവഴി മോദിവിരുദ്ധ സഖ്യത്തിന്റെ ദക്ഷിണേന്ത്യ ‘നായകൻ’ സ്റ്റാലിനെയും ഒതുക്കാൻ കേന്ദ്രഭരണകൂടം കഴിഞ്ഞ രണ്ടുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് സെന്തിലിനെതിരായ പഴയ കേസ് വീണ്ടും എടുത്തിട്ട് ഇ.ഡിയെ തമിഴ്നാട്ടിലെത്തിച്ചത്.

ജൂൺ രണ്ടാം വാരം, തമിഴ്നാട് സെക്രട്ടേറിയറ്റിലെ സെന്തിലിന്റെ ഓഫിസ് അടക്കം റെയ്ഡ് ചെയ്ത് ഒരു ദിവസം മുഴുവൻ കോളിളക്കം സൃഷ്ടിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ, സെന്തിലിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തെ അന്നേരം കസ്റ്റഡിയിലെടുക്കാനായില്ല; പിന്നീട്, ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഈ നടപടികളിലൊന്നും ഇ.ഡി ഒരു ചട്ടവും പാലിച്ചില്ലെന്ന് സ്റ്റാലിൻ അടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ, സർവമര്യാദകളും കാറ്റിൽപറത്തി കേന്ദ്ര അന്വേഷണ സംഘം അവിടെ അക്ഷരാർഥത്തിൽത്തന്നെ അഴിഞ്ഞാടി. ഏറ്റവുമൊടുവിൽ, ചെന്നൈ ഹൈകോടതിയുടെ ഇടപെടലിലാണ് ആൻജിയോഗ്രാം ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന സെന്തിലിന് അൽപമെങ്കിലും ഇളവുകൾ ലഭിച്ചത്.

ഇ.ഡിയുടെ കടന്നുകയറ്റത്തിനു തൊട്ടുപിന്നാലെ അതേ ദൗത്യവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ ഗവർണറും. സെന്തിൽ അറസ്റ്റിലായി മണിക്കൂറുകൾക്കകംതന്നെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പുകൾ സ്റ്റാലിൻ എടുത്തുമാറ്റിയിരുന്നു. അതേസമയം, വിഷയത്തെ രാഷ്ട്രീയമായി നേരിടാനെന്നവണ്ണം സെന്തിലിനെ കാബിനറ്റിൽ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു. അഥവാ, അറസ്റ്റിനുശേഷം കേവലമൊരു വകുപ്പില്ലാ മന്ത്രിയാണ് സെന്തിൽ. എന്നല്ല, അദ്ദേഹമിപ്പോൾ ഇ.ഡിയുടെ നിരീക്ഷണത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. ഈയവസ്ഥയിൽ അദ്ദേഹത്തിന് എങ്ങനെയാണ് കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണം അട്ടിമറിക്കാനാവുക എന്ന ചോദ്യം ഏറെ പ്രസക്തമാണ്. മറുവശത്ത്, ഗവർണർക്ക് ഇത്തരത്തിൽ ഒരു മന്ത്രിയെ പുറത്താക്കാൻ അധികാരമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തുകാരണംകൊണ്ടായാലും, മുഖ്യമന്ത്രിയുടെ അറിവോ അംഗീകാരമോ ഇല്ലാതെ മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് അനുച്ഛേദം 164 (1) ചൂണ്ടിക്കാട്ടി ഭരണഘടനാ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഇന്ത്യയിലൊരുപക്ഷേ, ആദ്യമായിട്ടായിരിക്കും ഒരു മന്ത്രിക്ക് ഇത്തരത്തിൽ അഞ്ചുമണിക്കൂർ നേരത്തേക്കെങ്കിലും പുറത്തിരിക്കേണ്ടിവന്നത്. കേന്ദ്രഭരണത്തിന്റെ ഹുങ്കിൽ നടക്കുന്ന അധികാരദുർവിനിയോഗമല്ലാതെ മറ്റൊന്നുമല്ല ഇത്. മോദികാലത്തെ പ്രത്യേക പ്രതിഭാസം കൂടിയാണീ ‘ഗവർണർ രാജ്’. കേരളമടക്കം, രാജ്യത്തെ ഏതാണ്ടെല്ലാ ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളും പല അളവുകളിൽ ഈ ‘ഭരണ’ത്തിന്റെ കെടുതികളിലാണ്. സംസ്ഥാന സർക്കാറുകളുടെ അവകാശങ്ങൾക്കുമേൽ അനാവശ്യമായി കൈകടത്തി അവിടെ കേന്ദ്രഭരണകൂടത്തിന്റെ അജണ്ടകൾ നടപ്പിലാക്കുക എന്ന ദൗത്യം വർഷങ്ങളായി ഇക്കൂട്ടർ ചെയ്തുവരുന്നുണ്ട്. ഈ പുതിയ ‘ഭരണവർഗ’വുമായി പ്രതിപക്ഷ സംസ്ഥാനങ്ങൾ പലകുറി ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, മുമ്പെങ്ങുമില്ലാത്തവിധമുള്ള പുതിയൊരു അധികാര പ്രയോഗമാണ് ആർ.എൻ. രവി നടത്തിയിരിക്കുന്നത്. താൽക്കാലികമായി ആ രാഷ്ട്രീയ നാടകം പൊളിഞ്ഞുപോയെങ്കിലും അതാവർത്തിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല

Tags:    
News Summary - Governor's turn after ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.