ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയതാണ് ഹജ്ജ് സബ്സിഡി എന്ന ഏർപ്പാട്. 1932ലെ ‘ദ പോർട് ഹജ്ജ് കമ്മിറ്റി ആക്ട്’ മുംബൈ, കൊൽക്കത്ത തുറമുഖങ്ങൾ വഴി ഹജ്ജിന് പോകുന്നവർക്ക് ഖജനാവിൽനിന്നുള്ള ഇളവുകൾ അനുവദിക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ 1959ൽ പാസാക്കപ്പെട്ട ‘ഹജ്ജ് കമ്മിറ്റി ആക്ട്’, ബ്രിട്ടീഷ് നിയമത്തിലെ സബ്സിഡിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തുടരുകയായിരുന്നു. ഈ നിയമപ്രകാരം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന തീർഥാടനം നടത്തുന്നവർക്ക് വിമാന ടിക്കറ്റിൽ ഇളവ് നൽകുന്നുണ്ട്. മുസ്ലിം പ്രീണനത്തിെൻറ വലിയ തെളിവായി സംഘ്പരിവാരം പ്രചരിപ്പിക്കുന്ന ഹജ്ജ് സബ്സിഡിയുടെ യാഥാർഥ്യം ഇതാണ്.
എന്നാൽ, അതിെൻറ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുമ്പോഴാണ് തട്ടിപ്പുകൾ വ്യക്തമാവുക. ഹജ്ജ് സർവിസ് നടത്തുന്നത് ഔദ്യോഗിക വിമാന കമ്പനിയായ എയർ ഇന്ത്യയോ അതുമായി ധാരണയിലെത്തിയ കമ്പനികളോ ആണ്. അതായത് എയർ ഇന്ത്യയുടെ കുത്തകയാണത്. ഹജ്ജ് സർവിസ് നടത്താൻ മറ്റു കമ്പനികൾക്കും അവസരം ലഭിക്കും വിധം ഓപൺ ടെൻഡർ വിളിച്ചാൽ നിരക്കിൽ ഗണ്യമായ കുറവുവരും. ഒരു പക്ഷേ, സബ്സിഡി നിരക്കിനേക്കാൾ കുറഞ്ഞ നിരക്കിൽ ഹാജിമാർക്ക് യാത്രചെയ്യാൻ സാധിച്ചേക്കും. അത് ചെയ്യാതെ, ഹജ്ജ് യാത്രക്ക് വൻ തുക നിരക്ക് നിശ്ചയിക്കുകയും അത് എയർ ഇന്ത്യയുടെ കുത്തകയാക്കി വെക്കുകയും ചെയ്തിട്ട് നടത്തുന്ന തട്ടിപ്പ് പരിപാടി മാത്രമാണ് ഹജ്ജ് സബ്സിഡി എന്നത്. അതായത് ഹജ്ജ് സബ്സിഡി എന്നത് ഹാജിമാരുടെ പേരിൽ എയർ ഇന്ത്യക്ക് സർക്കാർ നൽകുന്ന സൗജന്യം മാത്രമാണ്. എയർ ഇന്ത്യക്ക് വേണ്ടി നൽകുന്ന സൗജന്യത്തിെൻറ പാപഭാരം മുസ്ലിംകൾ അനുഭവിക്കേണ്ടിവരുകയാണ്. നിരന്തരം നിതാന്തം നുണപറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിൽ മിടുക്കന്മാരായ സംഘ്പരിവാരത്തിന് വർഗീയ പ്രചാരണം നടത്താനുള്ള ആയുധം എന്നതിൽ കവിഞ്ഞ് പ്രസക്തിയൊന്നും യഥാർഥത്തിൽ ഹജ്ജ് സബ്സിഡിക്കില്ല. അതിനാൽതന്നെ ഹജ്ജ് സബ്സിഡി റദ്ദാക്കിക്കൊണ്ടുള്ള ജനുവരി 16ലെ കേന്ദ്ര സർക്കാർ തീരുമാനം ഹാജിമാരെയോ മുസ്ലിംകളെയോ ആകുലപ്പെടുത്തേണ്ട കാര്യമേ അല്ല. പക്ഷേ, അതിനകത്ത് ഒളിഞ്ഞിരിക്കുന്ന സങ്കുചിത അജണ്ടകളുണ്ട്; ചില യാഥാർഥ്യങ്ങളെ അത് മറച്ചുവെക്കുന്നുമുണ്ട്. അവ തുറന്നുകാട്ടപ്പെടണം.
സൗദിയിൽ പോയിവരാൻ സാധാരണ വിമാന യാത്രക്കാരന് ആവുന്നതിെൻറ ഇരട്ടിയോളം തുകയാണ് ഹജ്ജ് യാത്രക്കാരെൻറ പക്കൽനിന്ന് ടിക്കറ്റ് ഇനത്തിൽ സർക്കാർ വസൂലാക്കുന്നത്. ഇതിന് അവർ പറയുന്ന ന്യായമിതാണ്- തീർഥാടകരുമായി പോയി തിരികെ വരുമ്പോഴും ഹാജിമാരെ കൂട്ടാൻ പോകുമ്പോഴും വിമാനങ്ങൾ കാലിയായി പറക്കേണ്ടി വരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലിചെയ്യുന്ന സൗദിയിലേക്കും തിരിച്ചും ഇളവുകളോടെ ടിക്കറ്റുകൾ നൽകാൻ തയാറായാൽ യാത്രക്കാരെ ആകർഷിക്കാവുന്നതും ഈ കാലിപ്പറക്കൽ ഒഴിവാക്കാവുന്നതുമാണ്.
സാമ്പത്തികശേഷിയും ആരോഗ്യവും ഉള്ളവർക്കേ ഹജ്ജ് നിർബന്ധമുള്ളൂ. ആരാെൻറ സൗജന്യത്തിൽ നടത്തേണ്ട കർമമല്ല അത്. ജസ്റ്റിസ് ആഫ്താബ് ആലം, ജസ്റ്റിസ് രഞ്ജന പി. ദേശായി എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് 2012 മേയിൽ പുറപ്പെടുവിച്ച വിധിയിൽ 2022 ആവുമ്പോഴേക്ക് ഹജ്ജ് സബ്സിഡി നിർത്തലാക്കണമെന്ന് പറഞ്ഞതും ശരീഅത്തിെൻറ ഈ സ്പിരിറ്റ് മുന്നിൽവെച്ചുകൊണ്ടുതന്നെയാണ്. ഹജ്ജ് സബ്സിഡിയുടെ തുക മുസ്ലിംകളുടെ സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കണമെന്നും കോടതി നിർദേശിക്കുകയുണ്ടായി. മുസ്ലിം സംഘടനകൾ ആ വിധിയെ എതിർത്തിട്ടില്ല.
എന്നാൽ, ഹജ്ജ് സബ്സിഡി റദ്ദാക്കിക്കൊണ്ടുള്ള കഴിഞ്ഞ ദിവസത്തെ സർക്കാർ തീരുമാനം എന്തെങ്കിലും ഉയർന്ന നിലപാടിൽനിന്നുണ്ടായതല്ല. മത ചടങ്ങുകൾക്ക് ഖജനാവിൽനിന്ന് പണം നൽകരുതെന്ന് സെക്യുലർ ആധുനികതയുടെ മൂല്യബോധത്തിെൻറ ഭാഗമല്ല അത്. അങ്ങനെയാണെങ്കിൽ അമർനാഥ് യാത്ര, മാനസസരോവർ യാത്ര തുടങ്ങിയ ഹൈന്ദവ തീർഥാടനങ്ങൾക്ക് വൻ തുക അനുവദിക്കുന്നതും നിർത്തണമായിരുന്നു. നാസിക്, ഉജ്ജൈൻ, അലഹബാദ് കുംഭമേളകൾക്കായി കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽനിന്ന് ചെലവഴിക്കുന്നത്. ഇതിനെയൊന്നും ആരും ചോദ്യം ചെയ്തിട്ടില്ല. ഹിന്ദുപ്രീണനമെന്ന് ഒരു മുസ്ലിം സംഘടനയും വിശേഷിപ്പിച്ചിട്ടില്ല. മതാചാരങ്ങൾക്ക് വലിയ പ്രാമുഖ്യമുള്ള ഇന്ത്യൻ സാഹചര്യത്തിൽ കടുത്ത സെക്യുലർ മർക്കടമുഷ്ടിയും ആരും ഉയർത്തിയിട്ടില്ല. അങ്ങനെയിരിക്കെ ഹജ്ജ് സബ്സിഡിമാത്രം പൊടുന്നനെ അവസാനിപ്പിക്കാനുള്ള തീരുമാനം തികഞ്ഞ വിവേചനമാണ്. മുസ്ലിം വിരുദ്ധതയെന്ന കേന്ദ്ര സർക്കാറിെൻറ േട്രഡ്മാർക്കിെൻറ ഭാഗം മാത്രമാണത്. ഹിന്ദുത്വ പരിവാറിനകത്തെ വൈരുധ്യങ്ങളെ മറക്കാനും തീവ്രനിലപാടുകാരെ ആശ്വസിപ്പിക്കാനുമുള്ള പരിപാടിയാണത്.
2022 ആവുമ്പോഴേക്ക് ഘട്ടംഘട്ടമായി ഹജ്ജ് സബ്സിഡി അവസാനിപ്പിക്കണമെന്നതാണ് കോടതി ഉത്തരവ്. ആ കാലയളവിന് കാത്തുനിൽക്കാതെ പൊടുന്നനെ തീരുമാനമെടുത്തതിൽനിന്നുതന്നെ സർക്കാറിെൻറ ഉദ്ദേശ്യം വ്യക്തമാണ്. ഹജ്ജ് സബ്സിഡിക്ക് വേണ്ടി നീക്കിവെക്കുന്ന തുക മുസ്ലിംകളുടെ പുരോഗതിക്ക് വകയിരുത്തണമെന്നും വിധിയിലുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ സബ്സിഡിയിനത്തിൽ വെട്ടിക്കുറച്ച തുകയിൽ എത്ര ശതമാനം ഇങ്ങനെ ചെലവഴിച്ചു എന്ന് അന്വേഷിക്കുന്നത് നന്നാവും. ഇനിയുള്ള കാലത്ത് ഈ തുക കോടതി പറഞ്ഞ തരത്തിൽ ചെലവഴിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും വേണം. ഹജ്ജ് സബ്സിഡി രാഷ്ട്രീയ ആയുധം മാത്രമാണ്. അതിനാൽ അത് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നതിനു പകരം അതിെൻറ മറപിടിച്ച് നടക്കുന്ന ചൂഷണങ്ങൾ തുറന്നു കാണിക്കാനുള്ള സന്ദർഭമായാണ് ഈ അവസരത്തെ മുസ്ലിം സംഘടനകൾ എടുക്കേണ്ടത്. യാത്രനിരക്കിലെ കൊള്ള അവസാനിപ്പിക്കാൻ സർക്കാറിൽ സമ്മർദം ചെലുത്തണം. ഹജ്ജ് മേഖലയിലെ ഏറ്റവും വലിയ ചൂഷണം സ്വകാര്യ ഓപറേറ്റർമാരുമായി ബന്ധപ്പെട്ടതാണ്. ആ മേഖലയിൽ കൈവെക്കാൻ ഒരു സർക്കാറും സന്നദ്ധമല്ല. അത് എല്ലാവരുടെയും ശർക്കരക്കുടമാണ്. അതടക്കമുള്ള ചൂഷണങ്ങൾ അവസാനിപ്പിച്ച് ഹജ്ജ് മാനേജ്മെൻറ് കൂടുതൽ സുതാര്യവും ചൂഷണരഹിതവുമാക്കാനുമുള്ള പരിശ്രമങ്ങൾക്കാണ് ഈ സന്ദർഭത്തിൽ ശ്രദ്ധിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.