രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ഏർപ്പെടുത്തണമെന്നും, ഇതിനായി കേന്ദ്രസർക്കാർ പുതിയ നയം രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഇക്കഴിഞ്ഞ വിജയദശമി ദിനത്തിൽ നാഗ്പുരിൽ നടന്ന ആർ.എസ്.എസ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ഈ പ്രസ്താവന. മതാടിസ്ഥാനത്തിൽ നോക്കുമ്പോൾ, ജനസംഖ്യയിൽ അസന്തുലിതത്വം നിലനിൽക്കുന്നുവെന്നതിനാൽ ജനസംഖ്യാപെരുപ്പം നിയന്ത്രിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ജനസംഖ്യാ അസന്തുലിതത്വം ഭൂമിശാസ്ത്രപരമായ അതിരുകളെ മാറ്റും. ദക്ഷിണ സുഡാനും കൊസോവയുമൊക്കെ അത്തരം അസന്തുലിതത്വത്തിന്റെ ഫലമായി രൂപംകൊണ്ടതാണത്രെ. ജനനനിരക്കിലെ വ്യത്യാസങ്ങള്ക്കൊപ്പം, ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമെല്ലാം അസന്തുലിതത്വം സൃഷ്ടിക്കപ്പെടും. അതിനാൽ, ഈ ഘടകങ്ങളെല്ലാം പരിഗണിച്ചുകൊണ്ടുള്ള നയം രൂപവത്കരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന്റെ ആശയസ്രോതസ്സ് എന്ന നിലയിൽ ആർ.എസ്.എസ് മേധാവിയുടേത് കേവലമൊരു രാഷ്ട്രീയ പ്രസ്താവനയായി കാണാനാവില്ല; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വ രാഷ്ട്രീയം ഉയർത്താൻപോകുന്ന മുദ്രാവാക്യവും മാനിഫെസ്റ്റോയുമായിവേണം അതിനെ വിലയിരുത്താൻ.
വിദ്വേഷ പ്രചാരണത്തിനായി ഹിന്ദുത്വവാദികൾ എക്കാലത്തും എടുത്തുപയോഗിച്ച രാഷ്ട്രീയ ആയുധമാണ് ന്യൂനപക്ഷ ജനസംഖ്യ വിസ്ഫോടന സിദ്ധാന്തം. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ, വിശേഷിച്ചും മുസ്‍ലിംകളുടെ അംഗസംഖ്യ നാൾക്കുനാൾ വർധിച്ചുവരുന്നുവെന്നും ഈ നില തുടർന്നാൽ അധികം വൈകാതെ ഇന്ത്യയൊരു മുസ്‍ലിം രാജ്യമായി മാറുമെന്നുമുള്ള ഗൂഢാലോചന സിദ്ധാന്തമാണിത്. കപടയുക്തിയുടെയും കള്ളങ്ങളുടെയും ചേരുവകളോടെ തങ്ങൾ ക്ഷയിച്ചുകൊണ്ടിരിക്കുന്നൊരു ജനതയാണെന്ന് ഭൂരിപക്ഷ സമുദായത്തെ 'ഓർമപ്പെടുത്താ'നുള്ള ആയുധമാണിത്. ഹിന്ദുത്വരാഷ്ട്രീയം വ്യവസ്ഥാപിതമായി പ്രവർത്തിച്ചുതുടങ്ങുന്നതിനും മുന്നേതന്നെ നമ്മുടെ രാജ്യത്ത് ഈ പ്രചാരണം നിലനിൽക്കുന്നുണ്ട്. യു.എൻ. മുഖർജി എന്ന ഹിന്ദുത്വവാദി 1881-1901 സെൻസസുകളെ ആധാരമാക്കി 1909ൽ എഴുതിയ 'ഹിന്ദൂസ്: എ ഡെയിങ് റേസ്' എന്ന ലഘുലേഖയിൽ പ്രവചിക്കുന്നത്, മുസ്‍ലിം വംശ വർധന ഇന്ത്യയിൽ ഹിന്ദുക്കളെ തുടച്ചുകളയുമെന്നാണ്. ഇതേ ലഘുലേഖ ഏഴു പതിറ്റാണ്ടിനുശേഷവും ഹിന്ദുമഹാസഭയുടെ സുപ്രധാന തീസിസായി നിലകൊണ്ടു. ഇതേ വാദം തന്നെയാണ് ഇപ്പോൾ സംഘ്പരിവാർ പുതിയരീതിയിൽ ഉയർത്തിക്കൊണ്ടിരിക്കുന്നത്. 2035ഓടെ, ഇന്ത്യയൊരു മുസ്‍ലിം ഭൂരിപക്ഷ സമുദായമായി മാറുമെന്നാണ് ഈ പ്രചാരണത്തിന്റെ കാതൽ. ജനനനിരക്ക് ബോധപൂർവം വർധിപ്പിച്ചും നിർബന്ധിത മതപരിവർത്തനത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമെല്ലാം ജനസംഖ്യാ വിസ്ഫോടനമാണത്രെ മുസ്‍ലിംകൾ ലക്ഷ്യമിടുന്നത്. ഇതഃപര്യന്തമുള്ള സെൻസസ് രേഖകളും കുടുംബാരോഗ്യ സർവേ റിപ്പോർട്ടുകളും മാത്രം പരിശോധിച്ചാൽ തന്നെയും പച്ചക്കള്ളമെന്ന് ആർക്കും ബോധ്യപ്പെടും ഈ വാദങ്ങളത്രയും. രാജ്യത്തെ മുഴുവൻ സമുദായങ്ങളുടെയും പ്രത്യുൽപാദന നിരക്ക് (ഫെർട്ടിലിറ്റി റേറ്റ്) കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതാണ് യാഥാർഥ്യം; ജനസംഖ്യാ വർധനനിരക്കിലും ഗണ്യമായ കുറവുവന്നിരിക്കുന്നു. മൊത്തം ജനസംഖ്യ പടിപടിയായി ഉയർന്ന്, 2050ഓടെ 150 കോടിയിൽ ചെന്നെത്തി പിന്നീട് കുറഞ്ഞുവരുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. 30 വർഷം മുമ്പ്, മുസ്‍ലിംകളുടെ പ്രത്യുൽപാദന നിരക്ക് 4.4 ആയിരുന്നത് ഇപ്പോൾ 2.3ലെത്തിയിരിക്കുന്നു. ജനസംഖ്യ വർധന പരിശോധിക്കുമ്പോൾ, ഹിന്ദുക്കളെക്കാൾ ഒന്നര ശതമാനം കുറവാണ് മുസ്‍ലിംകളുടേത്. ഇമ്മട്ടിൽ ആയിരം വർഷം കടന്നുപോയാൽ പോലും ഈ രാജ്യം മുസ്‍ലിം ഭൂരിപക്ഷമാകാൻ പോകുന്നില്ല. എന്നല്ല, ജനസംഖ്യാ പെരുപ്പം എന്ന സംഘ്പരിവാർ സങ്കടംതന്നെയും ഒരു കള്ളമാണ്. എന്നിട്ടും, ഭരണകൂടത്തിന്റെ വംശീയവിരോധത്തിനുള്ള തെളിഞ്ഞ മാർഗമായി ജനസംഖ്യാ പ്രശ്നം ഉയർന്നുവരുകയാണ്.
ഇതാദ്യമായല്ല ആർ.എസ്.എസ് നേതൃത്വം ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ജനസംഖ്യാനിയന്ത്രണമെന്ന പേരിൽ മുസ്‍ലിം വിദ്വേഷ രാഷ്ട്രീയത്തിന്റെ ഒരു പരമ്പരതന്നെയും അരങ്ങേറിയിട്ടുണ്ട്. 2013ൽ, കൊച്ചിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ, നിലവിലെ കാര്യവാഹക് ആയ ദത്താത്രേയ ഹൊസബലെ ഹിന്ദു ജനസംഖ്യയിലെ ഇടിവിനെക്കുറിച്ച് സംസാരിച്ചത് വലിയ വാർത്തയായിരുന്നു. ഓരോ കുടുംബവും ചുരുങ്ങിയത് മൂന്നു കുട്ടികൾക്കെങ്കിലും ജന്മം നൽകി ഈ 'പ്രതിസന്ധി' പരിഹരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സാക്ഷി മഹാരാജ്, സാധ്വി പ്രാചി തുടങ്ങിയ ഹിന്ദുത്വവാദികളും സമാനമായ ആഹ്വാനങ്ങൾ നടത്തുകയുണ്ടായി. 2015ൽ റാഞ്ചിയിൽ നടന്ന ആർ.എസ്.എസ് ഉന്നതതല യോഗത്തിൽ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടത്, രാജ്യത്തെ മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും ജനസംഖ്യ നിയന്ത്രിക്കാന് ഇന്നത്തെ ജനസംഖ്യാനയം മാറ്റിയെഴുതണം എന്നാണ്. 2019ലെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിൽ നരേന്ദ്ര മോദി തന്നെയും ജനസംഖ്യാ നിയന്ത്രണം അടിയന്തര അജണ്ടയായി മാറേണ്ടതുണ്ടെന്ന് തുറന്നു പറയുകയുണ്ടായി. ഇതിന്റെ തുടർച്ചയെന്നോണം യു.പിയും അസമും ജനസംഖ്യ നിയന്ത്രണ നയം പ്രഖ്യാപിച്ചു; അത് നിയമമാകാൻ പോകുന്നു. സമാനമായ മുന്നൊരുക്കങ്ങൾ പാർലമെന്റിലും നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച നിയമനിർമാണം അധികം വൈകില്ലെന്ന് അടുത്തിടെ കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ തന്നെ വ്യക്തമാക്കിയിരുന്നു. ചുരുക്കത്തിൽ, അണിയറയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നൊരു രാഷ്ട്രീയായുധത്തിന്റെ പ്രഖ്യാപനമാണ് മോഹൻ ഭാഗവത് നടത്തിയിരിക്കുന്നത്. ഈ വർഗീയ വിഷ പ്രയോഗത്തെ പ്രതിരോധിച്ചേ മതിയാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.