ഭരണകൂടമാണ് ​കുറ്റം ചെയ്തതെങ്കിൽ...


പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജാമ്യത്തിലിറങ്ങി; വിദ്യാർഥിനേതാക്കളായ ശർജീൽ ഇമാമും ആസിഫ് ഇഖ്ബാൽ തൻഹയുമടക്കം ഡൽഹി ജാമിഅ നഗറിൽ പൗരത്വ സമരകാലത്ത് തടവിലാക്കപ്പെട്ട മിക്കവരും കുറ്റമുക്തരായി. വളരെ മന്ദഗതിയിലാണെങ്കിലും നീതി നടപ്പാകുന്നു എന്ന ആശ്വാസത്തിന് ഇടംനൽകുന്ന ഈ സംഭവങ്ങൾ, പക്ഷേ ഒട്ടനേകം ചോദ്യങ്ങൾ ബാക്കിവെക്കുന്നുണ്ട്.

കേസും നടപടിക്രമവുംതന്നെ ശിക്ഷയായി ഭവിക്കുമ്പോൾ നീതിനടത്തിപ്പിലെ കാലതാമസത്തെ ജുഡീഷ്യറി എങ്ങനെ ന്യായീകരിക്കും? കള്ളക്കേസുമായി ആരെയും തോന്നിയപോലെ തടങ്കലിലിടാൻ എക്സിക്യൂട്ടിവിനുള്ള ഭരണഘടനാവിരുദ്ധമായ അധികാരവും നിയമ ദുരുപയോഗവും തടയാൻ ജുഡീഷ്യറിക്ക് കഴിയേണ്ടതല്ലേ? പൗരന് ഭരണഘടന നൽകുന്ന സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ കോടതികൾക്ക് ബാധ്യതയുണ്ടെന്നിരിക്കെ ആര്, എവിടെയാണ് തെറ്റ് തിരുത്താൻ മുൻകൈയെടുക്കേണ്ടത്? അന്യായമായി കേസെടുക്കുന്ന ഉദ്യോഗസ്ഥർക്കും അതിനായി അവിഹിത സമ്മർദംചെലുത്തുന്ന ഭരണനേതൃത്വങ്ങൾക്കും ഒരു ശിക്ഷയെയും ഭയക്കേണ്ടതില്ലാത്ത അവസ്ഥയിൽ നീതിനിർവഹണം വലിയൊരു ഹാസ്യനാടകമായി മാറുന്നത് ആരാണ് തടയേണ്ടത്? ഭരണഘടനാവിരുദ്ധവും ദുരുപയോഗം തെളിഞ്ഞുകഴിഞ്ഞതുമായ യു.എ.പി.എ പോലുള്ള കരിനിയമങ്ങളുള്ളപ്പോൾ കോടതിയുടെ അധികാരം എക്സിക്യൂട്ടിവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാകുന്നില്ലേ?

ഉത്തർപ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ അത​ന്വേഷിക്കാൻ പോയ സിദ്ദീഖ് കാപ്പനെ പോകുംവഴി അറസ്റ്റ് ചെയ്യുകയായിരുന്നു. കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് അദ്ദേഹത്തെയും ഒപ്പമുള്ളവരെയും അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് തീവ്രവാദിബന്ധവും കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും കൂടി ചേർത്ത് നിയമത്തെ അനീതിയുടെ ആയുധമാക്കി. പത്രപ്രവർത്തകനെന്നത് കാപ്പന്റെ നാട്യം മാത്രമാണെന്ന് ആദ്യം സുപ്രീംകോടതിയിൽ വാദിച്ച പൊലീസ്, യു.എ.പി.എ ചാർത്തി തടങ്കൽ ഉറപ്പുവരുത്തിയശേഷം ആ വാദം ഉപേക്ഷിച്ചു. എ​​ന്തെങ്കിലും അക്രമത്തിൽ പങ്കാളിയായതല്ല, ഒരു പെൺകുട്ടിയുടെ ദാരുണാനുഭവം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങിയതാണ് കേസിനാധാരം. ‘‘സ്വതന്ത്രമായ അഭിപ്രായപ്രകടനം ഓരോ വ്യക്തിയുടെയും അവകാശമാണ്; പീഡനത്തിനിരയായ പെൺകുട്ടിക്ക് നീതി കിട്ടണമെന്ന് വിശ്വസിച്ച് അതിന് ശബ്ദമുയർത്താനാണ് കാപ്പൻ ശ്രമിച്ചത്’’ എന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ജാമ്യം അനുവദിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പുറത്തിറങ്ങാൻ പറ്റാത്തവിധം സാമ്പത്തികക്കേസ് ഭരണകൂടം ചുമത്തിക്കഴിഞ്ഞിരുന്നു.

അതിൽ അലഹബാദ് ഹൈകോടതി ജാമ്യം നൽകിയശേഷവും ഉത്തരവ് ജയിലിൽ ലഭിക്കാൻ ഒരുദിവസം വൈകി. ജാമ്യമാണ് നിയമം എന്ന് ഉദ്ഘോഷിക്കാറുള്ള കോടതികൾക്കുപോലും കാലതാമസം, നോക്കിനിൽക്കേണ്ടിവരുന്നു. സിദ്ദീഖ് കാപ്പനെതിരായ കേസുകളിൽ വിചാരണനടപടികൾ ബാക്കിയാണ്. അതിന് മുമ്പുതന്നെ രണ്ടര വർഷത്തോളം അദ്ദേഹം ജയിലിൽ കഴിഞ്ഞു. ഇത്തരം സംഭവങ്ങൾ വേറെയു​മെത്ര! ശർജീൽ ഇമാമടക്കം പൗരത്വസമര സംഘർഷക്കേസിൽ 11 പ്രതികളെ കുറ്റമുക്തരാക്കിക്കൊണ്ടുള്ള ഡൽഹി കോടതിയുടെ വിധി പൊലീസിനെതിരായ കുറ്റാരോപണം കൂടിയാണ്. പല സംസ്ഥാനങ്ങളിലായി പല കേസുകളെടുത്ത് മൂന്നു വർഷത്തിലേറെയായി സമരക്കാരെ തടങ്കലിലിട്ടിരിക്കുന്നു. ഒരു കേസിൽ കുറ്റമുക്തരായതുകൊണ്ടുമാത്രം പുറത്തിറങ്ങാനാവില്ല. അതേസമയം, 11 പ്രതികളെ വെറുതെവിടുന്ന വിധിയിൽ സാകേത് കോടതി പറയുന്നത്, യഥാർഥ പ്രതികളെയല്ല ഡൽഹി പൊലീസ് പിടികൂടിയത് എന്നാണ്. തട്ടിക്കൂട്ട് കേസുകൊണ്ട് പൊലീസ് സമരക്കാരെ ബലിയാടാക്കി.

പ്രകോപനപരമായ വി​ദ്വേഷപ്രസംഗങ്ങൾ കേട്ടില്ലെന്ന് നടിക്കുന്ന പൊലീസ് നിരപരാധികളെ തടവിലിടാൻ ഉപയോഗപ്പെടുത്തുന്നത് അന്യായമായ നിയമങ്ങളും സംവിധാനങ്ങളുമാണ്. ​കോടതിതന്നെ ചൂണ്ടിക്കാട്ടുന്നതുപോലെ, യഥാർഥ കുറ്റവാളികളല്ല പിടികൂടപ്പെടുന്നത്. വിയോജിക്കുന്നതുപോലും കുറ്റമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ നടപ്പുരീതി തിരിച്ചറിയുകയും കള്ളക്കേസിൽ ഉൾപ്പെട്ടവർക്ക് മോചനം നൽകുകയുംചെയ്ത ജുഡീഷ്യറി തീർച്ചയായും ആശ്വാസത്തിന്റെ വെള്ളിരേഖയാണ്. പൗരസ്വാതന്ത്ര്യം വീണ്ടെടുക്കാനും നീതി സ്ഥാപിക്കാനും കോടതിക്ക് കഴിയുമെന്ന പ്രഖ്യാപനമാണത്. അതേസമയം, കോടതികൾ ചൂണ്ടിക്കാട്ടുന്ന അധികാര ദുരുപയോഗത്തെ തടയാൻ നടപടി വേണ്ടതല്ലേ? അനീതി നടന്നുകഴിഞ്ഞശേഷം അത് തെറ്റായിരുന്നു എന്നു പറയുന്നതിനെക്കാൾ, അനീതിയെ അതിന്റെ ഉറവിടത്തിൽതന്നെ തടയുന്നതല്ലേ യഥാർഥ നീതി? ജുഡീഷ്യറിയിലടക്കം ഒരുപാട് ചർച്ചകൾക്ക് വിഷയമായിട്ടുണ്ടിത്. കോടതികൾ പലപ്പോഴായി നിരീക്ഷണങ്ങളും നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

അവയിൽ ഒന്ന്, വ്യാജകേസുകൾ കൊണ്ട് നിരപരാധികളെ പീഡിപ്പിക്കുന്ന, അവരിൽനിന്ന് ആയുസ്സും സമ്പത്തും കുടുംബങ്ങളെയും കവരുന്ന, ഉദ്യോഗസ്ഥരെയും അധികാരികളെയും കണ്ടെത്തി ശിക്ഷിക്കുക എന്നതാണ്. യു.എ.പി.എ, പി.എം.എൽ.എ പോലെ ഭരണകൂടത്തിന് പീഡനമുറകളാക്കാൻ മാത്രം ഉപയോഗപ്പെടുന്ന നിയമങ്ങൾ പുനഃപരിശോധിക്കണം. നിലവിലുള്ള അത്തരം കേസുകളെപ്പറ്റി പഠിക്കാൻ ജുഡീഷ്യൽ കമീഷനെ നിയമിക്കണം. നീതിക്ക് നിരക്കാത്ത, ഭരണഘടനയുടെ ആത്മാവിനോടുചേരാത്ത, നിയമങ്ങൾ നീക്കംചെയ്യാൻ നടപടി തുടങ്ങണം. ഒപ്പം, അനീതിക്ക് വിധേയരായി തടവറകളിൽ ഭരണകൂടത്തിന്റെ ഇരകളായി കഴിയേണ്ടിവന്നവർക്ക് നഷ്ടപരിഹാരം നൽകുക രാഷ്ട്രത്തിന്റെ ബാധ്യതയായി നിശ്ചയിക്കണം. മുന്നിൽ വരുന്ന കേസുകൾ നീതിപൂർവകമായി തീർപ്പാക്കുന്നതിൽ ഒതുങ്ങുന്നതല്ലല്ലോ ഭരണഘടനയുടെ കാവലാളായ ജുഡീഷ്യറിയുടെ ചുമതല.

Tags:    
News Summary - If the government has committed the crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.