പാകിസ്താൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് ഇതിഹാസം ഇംറാൻ ഖാൻ നയിക്കുന്ന പാകിസ്താൻ തഹ്രീകെ ഇൻസാഫ് (പി.ടി.െഎ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരമുറപ്പിച്ചിരിക്കുന്നു. െതരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ബദ്ധവൈരികളായ ബിലാവൽ ഭൂേട്ടായുടെ പാകിസ്താൻ പീപിൾസ് പാർട്ടി (പി.പി.പി), ജയിലിലായ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പാകിസ്താൻ മുസ്ലിംലീഗ്-എൻ എന്നിവരെ കൂട്ടാതെതന്നെ ചെറുകക്ഷികളുടെ മുന്നണിയുണ്ടാക്കാൻ കഴിയുന്നതരത്തിലാണ് തെരഞ്ഞെടുപ്പ് ഫലം. പട്ടാളമില്ലെങ്കിൽ പിന്നെ മുസ്ലിംലീഗും പി.പി.പിയും മാറിമാറി അധികാരം വാഴുന്ന പാകിസ്താനിലെ പതിവിനു മാറ്റംകുറിക്കാനുള്ള ദൃഢനിശ്ചയവുമായാണ് അഴിമതിക്കും ദാരിദ്ര്യത്തിനുമെതിരെ ഇസ്ലാമിക ക്ഷേമരാഷ്ട്രം എന്ന മുദ്രാവാക്യമുയർത്തി ഇംറാൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനാൽ ഇൗ രണ്ടു കക്ഷികളെയും അകറ്റിനിർത്തിയുള്ള നീക്കത്തിന് രാഷ്ട്രീയധാർമികതയുടെ പേരുപറഞ്ഞു വോട്ടുതേടിയ ഇംറാൻ നിർബന്ധിതമാണ്. മറുകക്ഷികളാകെട്ട, തെരഞ്ഞെടുപ്പിലും വോെട്ടണ്ണലിലും വ്യാപകമായ അട്ടിമറിയും കൃത്രിമത്വവും ആരോപിച്ച് ഫലം അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം തൊട്ട് സൈന്യം പി.എം.എല്ലിനെയും പി.പി.പിയെയും നിരായുധരാക്കി ഇംറാന് അധികാരത്തിലേക്ക് വഴിയൊരുക്കാൻ ഒത്തുകളിച്ചെന്ന് മത്സരരംഗത്തുണ്ടായിരുന്ന എട്ടു കക്ഷികൾ ആരോപണമുന്നയിച്ചിട്ടുണ്ട്. പാർട്ടികളിലെ നേതൃസ്ഥാനീയരെ പോലും പ്രലോഭിപ്പിച്ചും സാമ്പത്തികപരിശോധന, അഴിമതിക്കേസ് തുടങ്ങിയ ഭീഷണികൾ ഉയർത്തിയും മറുകണ്ടം ചാടിക്കാൻ ശ്രമം നടന്നതായി അവർ ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ വിമതരായെത്തിയ പലരും പി.ടി.െഎ ടിക്കറ്റിൽ ജയിച്ചുകയറിയിട്ടുമുണ്ട്. പി.പി.പിയും ലീഗും ഫലപ്രഖ്യാപനത്തിനുശേഷം ശത്രുത കൂടുതൽ കടുപ്പിച്ചതിനാൽ ചെറുകക്ഷികളെയും സ്വതന്ത്രരെയും കൂട്ടിയുള്ള മുന്നണിയാവും ഇംറാന് പാക് പ്രധാനമന്ത്രി പദത്തിലേക്ക് വഴിയൊരുക്കുക.
വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ പാർട്ടിയെന്ന് പുകഴ്ത്തിയും ഇകഴ്ത്തിയും വിശേഷിപ്പിക്കപ്പെട്ട പാർട്ടിയായിരുന്നു ഖൈബർ പഖ്തൂൻഖ്വയിലും ഏതാനും വിദൂര ഉൾനാടുകളിലും മാത്രം നിലയുറപ്പിച്ചിരുന്ന ഇംറാെൻറ കക്ഷി. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉത്തർപ്രദേശ് പോലെ നിർണായകമായ പഞ്ചാബ് പ്രവിശ്യയിൽനിന്നാണ് പാക് ദേശീയ അസംബ്ലിയിലേക്കുള്ള സീറ്റുകളിൽ പകുതിയും വരുന്നത്. പഞ്ചാബ് പിടിച്ചാൽ പാകിസ്താൻ പിടിച്ചു എന്നാണ് ചൊല്ല്. നാളേറെയായി ശരീഫ് സഹോദരന്മാർ കുത്തകയാക്കിവെച്ച പഞ്ചാബിലേക്ക് തള്ളിക്കയറാൻ കഴിഞ്ഞതാണ് ഇംറാെൻറ മുന്നേറ്റം എളുപ്പമാക്കിയത്. അതോടൊപ്പം യാഥാസ്ഥിതിക, നാടൻ ഗ്രാമീണരുടെ പാർട്ടി എന്ന പ്രതിയോഗികൾ അടിച്ചേൽപിച്ച ഇമേജിൽനിന്ന് പുറത്തുകടക്കാനായതോടെ നഗരമേഖലകളിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. നവാസ് ശരീഫിനെതിരായി പാനമ പേപ്പറിലെ അഴിമതിയാരോപണം പുറത്തുവന്നതോടെ കളങ്കിത പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് തലസ്ഥാനം സ്തംഭിപ്പിച്ച ഉപരോധസമരം പി.ടി.െഎക്ക് നഗര കേന്ദ്രീകൃത മധ്യവർഗത്തിനിടയിൽ സ്വാധീനം നേടിക്കൊടുത്തു. അഴിമതിക്കെതിരായ കുരിശുയുദ്ധം നവാസിെൻറ രാജിയിലും വിദേശവാസത്തിലും ഗതിയില്ലാത്ത മടക്കത്തിലെ ജയിൽശിക്ഷയിലും കലാശിച്ചപ്പോൾ വിജയിച്ചത് ഇംറാെൻറ തന്ത്രം. അഴിമതിക്കേസിൽ പത്തുവർഷം ശിക്ഷിക്കപ്പെട്ട നവാസ് ശരീഫിെൻറ ജയിൽ ജീവിതത്തിെൻറ കദനകഥകൾ പറഞ്ഞ് സഹതാപതരംഗം ഉയർത്താനുള്ള നീക്കം വിജയിച്ചില്ലെന്നു മാത്രമല്ല, അത് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ഇംറാെൻറ ജനകീയത ഉയർത്തുകയാണ് ചെയ്തതെന്നു ഫലങ്ങൾ തെളിയിക്കുന്നു. ജനാധിപത്യ ഭരണകൂടം ഭുേട്ടാ-ശരീഫ് കുടുംബങ്ങളുടെ വീതംവെപ്പായി മാറിയ ദുര്യോഗത്തിൽനിന്ന് രക്ഷ ആഗ്രഹിച്ച ജനത്തിന് മുന്നിൽ മൂന്നാംകക്ഷിയായി അവതരിക്കുകയായിരുന്നു പി.ടി.െഎ. അധികാരത്തിെൻറ വഴിയെ വരാത്തതിനാൽ അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയജീവിതവും അദ്ദേഹത്തിന് മുതൽക്കൂട്ടായി. ഒപ്പം പാകിസ്താനിലെ ഇന്ത്യ വിരുദ്ധതയിലൂട്ടിയ ദേശീയ വികാരവും മതവിശ്വാസികളുടെ താൽപര്യങ്ങളും സ്പോൺസർ ചെയ്യുന്ന പ്രഖ്യാപനങ്ങൾ കൂടിയായതോടെ ഇംറാൻ അവഗണിക്കാനാവാത്ത ശക്തിയായി മാറുകയായിരുന്നു. അഴിമതിക്കാരുടെ കൈകളിൽനിന്ന് സമൃദ്ധിയിലേക്കുള്ള മാറ്റമായിരുന്നു അദ്ദേഹത്തിെൻറ വാഗ്ദാനം. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനു സഹസ്രകോടികൾ ചെലവിടുന്ന ചൈനയുടെ സഹായത്തോടെ ദാരിദ്ര്യം നിർമൂലനം ചെയ്യുമെന്ന മാറ്റത്തിെൻറ വഴിയും പറഞ്ഞുവെച്ചു. ക്രിക്കറ്റ് നായകെൻറയും പ്രണയാതുരെൻറയും പ്ലേബോയ് ഇമേജിൽനിന്ന് മുക്തനായി സാത്വിക മതവിശ്വാസിയുടെയും അഴിമതിവിരുദ്ധ പരിഷ്കർത്താവിെൻറയും ജനനേതാവിെൻറയും പരിവേഷം സ്വീകരിച്ചതോടെ നവാസ് ശരീഫിനോടും പി.പി.പിയോടും അങ്കത്തിനു കരുത്തുള്ള ബദലിനെയാണ് പാകിസ്താൻ കണ്ടത്. ആ പ്രതീക്ഷയുടെ തേരിലേറിയാണ് മുമ്പ് നാടിെൻറ ക്രിക്കറ്റ് ടീമിനെയും രണ്ടു പതിറ്റാണ്ടുകാലം പാർട്ടിയെയും നയിച്ച ഇംറാൻ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്.
പ്രതിപക്ഷത്തെ പ്രചാരണയുദ്ധത്തിലെ തന്ത്രങ്ങളല്ല, സാമ്പത്തികമായി തകർന്നടിഞ്ഞുകിടക്കുകയും രാഷ്ട്രീയശൈഥില്യം നിരന്തരം ചോരപ്പുഴയൊഴുകുകയും ചെയ്യുന്ന നാടിനെ പുതുക്കിപ്പണിയാനുള്ള രാഷ്ട്രതന്ത്രജ്ഞതയാണ് ഇനി ആവശ്യം. രാജ്യത്തെ ജനപിന്തുണ നേടിയെടുക്കാൻ നടത്തിയ അധ്വാനങ്ങളെല്ലാം ഭരണത്തിൽ വൈകാതെ ഇംറാനെ തിരിഞ്ഞുകുത്തിത്തുടങ്ങും. ഇന്ത്യയുമായി പുതപ്പും വിരുന്നും നയതന്ത്രം കളിച്ചതാണ് നവാസിനെതിരെ ഇംറാൻ ഉയർത്തിയ തുറുപ്പുചീട്ടുകളിലൊന്ന്. അയലത്തെ തീവ്ര വലതുപക്ഷ ഭരണകൂടവുമായി ഏതുതരം ബന്ധം സ്വീകരിക്കും, ചൈനയുമായുള്ള ബന്ധം വികസിപ്പിക്കാനുള്ള തുറന്ന പ്രഖ്യാപനത്തെ അയലത്ത് ഇന്ത്യയും അതിനുമപ്പുറം അമേരിക്കയും എങ്ങനെ കാണും, ഹർകത്തുൽ മുജാഹിദീനും പാക് താലിബാനും തുടങ്ങി അമേരിക്കൻ ഭീകരപ്പട്ടികയിലെ അംഗങ്ങളുടെ പിന്തുണ നേടിയിരിക്കെ എല്ലാവരെയും വിശ്വാസത്തിലെടുത്ത് എങ്ങനെ മുന്നോട്ടുനീങ്ങും, ഫെമിനിസത്തിനെതിരെയും ഇസ്ലാമിക ക്ഷേമരാഷ്ട്രത്തിനും വാദിക്കുന്ന ആത്മീയഗുരുവിനെ വിവാഹം ചെയ്തു മാറിയ പുതിയ നേതാവിനെ രാജ്യത്തെ മതേതരവാദികൾ എങ്ങനെ കൈകാര്യം ചെയ്യും... രാഷ്ട്രീയ പരീക്ഷണത്തിലും െതരഞ്ഞെടുപ്പു ഗോദയിലും ജയിച്ച് ഭരണത്തിലും കളി മികവിൽ തുടർന്നു പരമ്പര നേടുമോ എന്നാണിപ്പോൾ പാകിസ്താനും ലോകവും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.