സുനക്കിന്‍റെ അധികാരപദവിയിൽ ഇന്ത്യക്ക് ഗുണപാഠമുണ്ട്

അവിഭക്ത ഇന്ത്യയിൽ പാരമ്പര്യവേരുകളുള്ള ഋഷി സുനക്ക് ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശത്തിലും കൊളോണിയൽ മൂല്യബോധങ്ങളിലും വംശീയ മേൽക്കോയ്മകളിലും അഭിരമിക്കുന്ന ഒരു ദേശത്ത് വെള്ളക്കാരനോ ക്രൈസ്​തവനോ യഹൂദനോ അല്ലാത്ത ഒരാൾ ആ പദവിയിലെത്തുന്നത് അത്യപൂർവ സംഭവമാണ്. അതുകൊണ്ടുതന്നെ, തവിട്ടുനിറക്കാരനായ ഒരു ഹിന്ദു അവിടെ അധികാരത്തിലേറുന്നതിൽ വലിയ ചരിത്രമൂല്യമുണ്ട്. സുനക്കിന്‍റെ അധികാരാരോഹണം ബ്രിട്ടന്‍റെ 'ഒബാമാ നിമിഷ'മായാണ്​ വിശേഷിപ്പിക്കപ്പെടുന്നത്. യൂറോപ്പിലും അമേരിക്കയിലും തീവ്രവലതുവത്കരണം ശക്തമാകുന്ന കാലത്ത് വ്യത്യസ്തരായ സ്വത്വസമൂഹങ്ങളിൽനിന്നുള്ളവർ അതേ രാജ്യങ്ങളിലെ അതിനിർണായകമായ അധികാരശ്രേണികളിലേക്ക് കടന്നുവരുന്നു എന്നത് പ്രോത്സാഹനജനകവും സന്തോഷദായകവുമാണ്. രാഷ്ട്രീയപരവും സാമൂഹികവുമായി ഭൂരിപക്ഷ മേൽക്കോയ്മാവാദങ്ങളെ സാധൂകരിക്കുന്നവരും ബഹുസ്വര രാഷ്ട്രീയത്തിന്‍റെ കഠിന വിമർശകരുമാണ് അവരിൽ ഭൂരിഭാഗവും എന്ന വസ്തുത നിലനിൽക്കുമ്പോഴും അവരുടെ നിറവും സാംസ്കാരിക വേരുകളും അവരുയർത്തിപ്പിടിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തെക്കൂടി ചോദ്യം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഋഷി സുനക്കിന്‍റെ രാഷ്ട്രീയ പ്രതിനിധാനത്തെ കടുത്ത രീതിയിൽ വിമർശിക്കുന്നവരും അദ്ദേഹം പ്രധാനമന്ത്രി പദമേറുന്നതിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്നത്.

രാഷ്ട്രീയ അസ്ഥിരതയിലും സാമ്പത്തിക അസമത്വങ്ങളിലും കുഴഞ്ഞുമറിഞ്ഞിരിക്കുന്ന ബ്രിട്ടനെ പഴയ പ്രതാപത്തിലേക്ക് നയിക്കുക എന്ന ഭാരിച്ച ദൗത്യമാണ് ഋഷി സുനക്ക് ഏറ്റെടുത്തിരിക്കുന്നത്. അതിലദ്ദേഹം വിജയിക്കുമോ എന്ന കാര്യത്തിൽ കൺസർവേറ്റിവ് പാർട്ടിക്കകത്തുതന്നെ ഭിന്നതയുണ്ട്. യൂറോപ്പിൽ വീശുന്ന സാമ്പത്തിക മാന്ദ്യത്തിന്‍റെ കാറ്റ് ബ്രിട്ടനെ കുലുക്കിത്തുടങ്ങിയിരിക്കുന്നു. നാലു​ പതിറ്റാണ്ടിലെ ഏറ്റവും ഭീകരമായ പണപ്പെരുപ്പമാണ് ബ്രിട്ടൻ അഭിമുഖീകരിക്കുന്നത്. ട്രസ് നടപ്പാക്കാൻ ശ്രമിച്ച സാമ്പത്തിക പരിഷ്കരണങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്ക് രാജ്യത്തെ തള്ളിവിടുകയും ചെയ്തിരിക്കുന്നു. യുക്രെയ്ൻ യുദ്ധം സൃഷ്ടിച്ച സാമൂഹിക, സാമ്പത്തിക അസ്ഥിരതയും ഊർജ്ജ പ്രതിസന്ധിയും പ്രശ്നത്തെ കൂടുതൽ വഷ‍ളാക്കി. കുതിച്ചുയരുന്ന വില, വർധിച്ചുവരുന്ന കടം, പണയ തിരിച്ചടവ്, നിരക്കുവർധന, പ്രാദേശിക അസമത്വം എന്നിവയെല്ലാം രാജ്യത്ത് അങ്ങേയറ്റം തീവ്രമാണ്. ദശലക്ഷക്കണക്കിന് ആളുകളെയാണത് അനാഥത്വത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. നയപരമായ മാറ്റങ്ങൾ അടിയന്തരമായി വരുത്തിയില്ലെങ്കിൽ, പലർക്കും താമസിയാതെ വീട് നഷ്ടപ്പെടുമെന്ന അവസ്ഥ. കൊളോണിയൽ അധിനിവേശം നൽകിയ സമൃദ്ധി ബ്രെക്സിറ്റാനന്തരം കൈമോശം വന്നതിന്‍റെ സംഘർഷവും അസ്വസ്ഥതകളും കലാപമായി പരിണമിക്കുമോ എന്ന ഭീതിയും ബ്രിട്ടനിൽ കനക്കുന്നുണ്ട്. ഇത്തരം സങ്കീർണതകളുടെ പ്രതിഫലനമാണ് ഡൗണിങ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ നമ്പർ 10 വസതി ആർക്കും ഇരുപ്പുറപ്പില്ലാതെ 'കറങ്ങുന്ന വാതിലായി' പരിണമിച്ചത്. 2016 ലെ ബ്രെക്സിറ്റ് വോട്ടിനുശേഷം പ്രധാനമന്ത്രിപദത്തിലെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് ഋഷി സുനക്ക്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ഇത്തരമൊരു രാഷ്ട്രീയ പ്രതിസന്ധി ബ്രിട്ടൻ അഭിമുഖീകരിച്ചിട്ടില്ല.

ബ്രിട്ടനിലെ സംഭവവികാസങ്ങളിൽ നമ്മുടെ രാജ്യത്തിനും വലിയ പാഠമുണ്ട്. ബ്രെക്സിറ്റുണ്ടാക്കിയ ചുഴിയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് കഴിയുന്നില്ല. വംശീയ ധ്രുവീകരണ രാഷ്ട്രീയത്തിലും പോപുലിസ്റ്റിക് അജണ്ടകളിലും വീണുപോയി എന്നതാണ് ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ അകപ്പെട്ട കെണി. കൺസർവേറ്റിവ് പാർട്ടിക്കകത്തെ ആഭ്യന്തര സംഘർഷങ്ങളവസാനിപ്പിക്കാനും പാർട്ടിയെ അധികാരത്തിൽ നിലനിർത്താനും കണ്ട കൈവിട്ട ആ കളി ചരിത്രപരമായ വിഡ്ഢിത്തമായിരുന്നു. അത്​ ബ്രിട്ടന്‍റെ വിദേശ, സാമ്പത്തിക, വ്യാപാര നയങ്ങളുടെ ഗതിമാറ്റിമറിക്കാൻ കാരണമാകുമെന്നും ആ ദ്വീപ് രാഷ്ട്രത്തെ ദാരിദ്ര്യത്തിലേക്ക്​ തള്ളിവിടാനും രാഷ്ട്രീയമായി അപ്രസക്തമാക്കാനും ഇടവരുത്തുമെന്നും അക്കാലത്തെ രാഷ്ട്രീയ വിദഗ്​ധരും സാമ്പത്തിക ശാസ്ത്രജ്ഞരും പ്രവചിച്ചിരുന്നു. അത് അക്ഷരാർഥത്തിൽ പുലരുന്നതാണ് കഴിഞ്ഞ ആറു വർഷത്തെ ബ്രിട്ടന്‍റെ ചിത്രം. വികലമായ രാഷ്ട്രീയ സംവിധാനങ്ങളും മോശം നേതൃത്വവും അവരുടെ പതനത്തിന്‍റെ ആക്കം വർധിപ്പിച്ചു. രാജ്യത്തിന്‍റെ നന്മക്ക് മുകളിൽ പാർട്ടി താൽപര്യങ്ങളും വ്യക്തിഗത അഭിലാഷങ്ങളും സ്ഥാനം പിടിച്ചതോടെ പതനം സമ്പൂർണമായി.

നമ്മുടെ രാജ്യവും ജന്മസിദ്ധ 'വേരു'കളുടെ അടിസ്ഥാനത്തിൽ അഭിയാർഥികളെപ്പോലും വിവേചനത്തോടെ സമീപിക്കുകയും സങ്കുചിതമായ മത ദേശീയബോധത്തിൽ പൗരന്മാരെ വെറുപ്പോടെ കാണുകയും ചെയ്യുന്ന നിയമനിർമാണങ്ങളിൽ അഭിരമിക്കുകയാണ്. ഋഷി സുനക്കിന്‍റെ അധികാരം ഇന്ത്യയുടെ സംഭാവനയായി ആഘോഷിക്കുന്നവർ സോണിയ ഗാന്ധിയുടെ പ്രധാനമന്ത്രിപദത്തിന് വിലങ്ങ് തീർത്തത് എത്ര ഭീകരമായ സങ്കുചിത മത,ദേശീയ ബോധത്തോടെയാണ് എന്ന് ഇപ്പോൾ ഓർക്കേണ്ടതുണ്ട്. ഒരു മുസ്‍ലിമിനെ പ്രധാനമന്ത്രിയായി വർത്തമാനകാല ഇന്ത്യക്ക് സങ്കൽപിക്കാനാകുമോ എന്ന് ശശി തൂരൂർ ഉയർത്തുന്ന ചോദ്യവും പ്രധാനമാകുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്‍റെ തുടർച്ചയെ അതു ചോദ്യം ചെയ്യുന്നതുകൊണ്ടാണ്. ബോറിസ് ജോൺസണും ബ്രെക്സിറ്റ് വാദികളും ജീവൻ കൊടുത്ത വെറുപ്പിനും വംശീയ മുദ്രാവാക്യങ്ങൾക്കും രാജ്യത്തെ മുന്നോട്ടുനയിക്കാനാകില്ലെന്ന് ടോറികളുടെ 12 വർഷത്തെ ഭരണം ബ്രിട്ടനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യക്കത് ബോധ്യമാകാൻ എത്ര വർഷമെടുക്കുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. 

Tags:    
News Summary - India has to learn from Sunak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT