ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് വരാൻ പോകുന്നു. ബജറ്റ്പൂർവ കൂടി യാലോചനകൾ തകൃതിയായി നടക്കുന്നുണ്ട്. വ്യവസായപ്രമുഖരുമായുള്ള കൂടിയാലോചനയിൽ ആഭ്യന്തരമന്ത്രിയും വാണിജ്യമന്ത്രിയും ഗ്രാമവികസനമന്ത്രിയും ദേശീയപാത മന്ത്രിയുമൊക്കെ പങ്കെടുത്തപ്പോൾ ധനമന്ത്രി നിർമല സീതാരാമൻ അസാന്നിധ്യംകൊണ്ടാണ് ശ്രദ്ധനേടിയത്. സമ്പദ്ഘടനയെ എത്ര ലാഘവബുദ്ധിയോടെയും ഇതര താൽപര്യങ്ങളോടെയുമാണ് മോദി സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് അറിയുന്നവർക്ക് ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. അതേസമയം, രോഗശയ്യയിലായിക്കഴിഞ്ഞ ഇന്ത്യൻ സമ്പദ്ഘടനക്ക് അതാവശ്യപ്പെടുന്ന ആത്മാർഥമായ ശ്രദ്ധ ഇനിയെങ്കിലും നൽകുമോ എന്നാണ് ജനങ്ങൾക്കറിയേണ്ടത്. എല്ലാ കണക്കുകളും ഇന്ത്യയുടെ സാമ്പത്തികത്തകർച്ചക്ക് അടിവരയിടുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഒാഫിസിെൻറ ഏറ്റവും പുതിയ കണക്കനുസരിച്ച് സമ്പദ്മേഖല മുമ്പ് കരുതിയിരുന്നതിനേക്കാൾ മോശം അവസ്ഥയിലാണ്. 42 വർഷക്കാലത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണിത്. ഇക്കൊല്ലം അഞ്ചു ശതമാനത്തിലും താഴെയാണ് പ്രതീക്ഷിത വളർച്ച. 2008-09ലാണ് ഇത്ര താഴോട്ട് വളർച്ചാതോത് എത്തിയത്. എന്നാൽ, അന്ന് അങ്ങേയറ്റം കടുത്ത ആഗോള പ്രതിസന്ധി അതിന് കാരണമായുണ്ടായിരുന്നു. ഇക്കുറി അതില്ല. ഇപ്പോൾ ഉണ്ടായിട്ടുള്ളത് സർക്കാർ വരുത്തിവെച്ച വിനയാണ്. മാന്ദ്യം ഉണ്ടെന്ന് സമ്മതിക്കാൻ വൈകിച്ചതും പരിഹാരശ്രമങ്ങൾ പാളിയതുമെല്ലാം അതിഗുരുതരമായ സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കോർപറേറ്റ് നികുതിയിലും ചരക്കു സേവന നികുതിയിലും (ജി.എസ്.ടി) വരുത്തിയ വെട്ടിക്കുറവ്, ധനക്കമ്മി പിന്നെയും വർധിപ്പിച്ചിരിക്കും. ആഭ്യന്തരോൽപാദനത്തിൽ (ജി.ഡി.പി) 3.12 ശതമാനം കുറവ് വന്നതോടെ ധനക്കമ്മി പിടിവിടുന്ന അവസ്ഥയാണ്. കഴിഞ്ഞ ബജറ്റിൽ ധനക്കമ്മി ഏഴു ലക്ഷം കോടി രൂപയായിട്ടാണ് നിർണയിച്ചതെങ്കിൽ, നവംബറോടെതന്നെ അത് എട്ടു ലക്ഷം കോടി കവിഞ്ഞിരുന്നു. ഭയാനകമാണ് ഇൗ അന്തരമെന്ന് വിദഗ്ധർ പറയുന്നു. സമ്പദ്ഘടനയെ ഉേത്തജിപ്പിക്കാൻ ഇളവുകൾ നൽകുന്തോറും ധനക്കമ്മി കൂടുകയും അത് തിരിച്ച് സമ്പദ്ഘടനയെ വീണ്ടും അട്ടിമറിക്കുകയും ചെയ്യുന്ന ദൂഷിതവലയം ഇന്ത്യയെ അതിവേഗം പ്രതിസന്ധിയിലേക്ക് വലിച്ചിഴക്കുന്നു. റെയിൽവേ അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നു; റിസർവ് ബാങ്കിൽനിന്ന് കരുതൽ ധനം വരെ പിടിച്ചുപറിക്കുന്നു. ഇതൊക്കെയായിട്ടും ധനരംഗം കുത്തഴിയുകയാണ്. സമ്പദ്രംഗം തീവ്രപരിചരണത്തിൽ കിടക്കുേമ്പാൾ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയക്കാർ മാത്രമാണ്-പ്രത്യേകിച്ച് ബി.ജെ.പി. ആ പാർട്ടിയുടെ വരുമാനം 2018-19ൽ 135 ശതമാനം വർധിച്ച് 2410 കോടിയിലെത്തി. അതേസമയം, ഉൽപാദന-നിർമാണ മേഖലകളും നിക്ഷേപവും തൊഴിൽരംഗവും കൃഷിയും സേവനമേഖലകളുമെല്ലാം ഗുരുതരാവസ്ഥയിലും.
സർക്കാറിെൻറ നയങ്ങളാണ് ഇതിനു കാരണമെന്ന് ചൂണ്ടിക്കാട്ടുന്നവർ നോട്ടുനിരോധനവും വികലമായ ജി.എസ്.ടിയും പ്രത്യേകമായി എടുത്തുകാട്ടുന്നു. ഒന്നിനുപിറകെ ഒന്നായി കൊണ്ടുവന്ന ആ രണ്ടു പരിഷ്കാരങ്ങൾ തകർത്ത നാടിെൻറ നെട്ടല്ലിന് മൂന്നാമതൊരു ആഘാതംകൂടി ഇപ്പോൾ വന്നിരിക്കുന്നു- അതാണ് കശ്മീർ നടപടിയും പൗരത്വ ഭേദഗതിയും. ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കും ജനസംഖ്യ രജിസ്റ്ററിനുമെല്ലാം സാമൂഹിക-വംശീയ ലക്ഷ്യങ്ങളും ആഘാതവുമാണ് പ്രാഥമികമായുള്ളതെങ്കിലും അവ, മുേമ്പ ഇഴയുന്ന ഇന്ത്യൻ സമ്പദ്ഘടനക്കുകൂടി മരണവാറൻറാകുന്നു. ഇന്ത്യൻ സമൂഹത്തിനു മാത്രമല്ല, സമ്പദ്ഘടനക്കും താങ്ങാനാകാത്തതാണിതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വികസനപ്രവർത്തനങ്ങൾേപാലും ഒഴിവാക്കേണ്ടിവരുന്ന ദുർഘടസന്ധിയിൽ സഹസ്രകോടികൾ ചെലവിട്ട് നടത്തുന്ന പൗരത്വ അഭ്യാസങ്ങളും അടിച്ചമർത്തലും ഇന്ത്യൻ സമ്പദ്രംഗത്തോട് ചെയ്യുന്നതെന്താണ്? ഇതിനകം പുറത്തുവന്ന വിവരശകലങ്ങൾതന്നെ ഭീകരമായൊരു പരിണതിയുടെ സൂചനയാണ് നൽകുന്നത്. കശ്മീരിൽ അഞ്ചു മാസത്തിലേറെയായി തുടരുന്ന ഇൻറർനെറ്റ് നിരോധനം ഒന്നുകൊണ്ടുമാത്രം വാണിജ്യ-വ്യവസായ-വിനോദസഞ്ചാര മേഖലകളിലുണ്ടായ നഷ്ടം വമ്പിച്ചതാണ്. പിന്നാലെ വന്ന പൗരത്വ ഭേദഗതി നിയമം കാരണം മറ്റു സംസ്ഥാനങ്ങളിലേക്കും നിരോധനം പടരുന്നു. ഇങ്ങനെ 2019ൽ ഇൻറർനെറ്റ് വിലക്കുകൊണ്ടുമാത്രം രാജ്യത്തിന് 9200 കോടി രൂപ നഷ്ടമുണ്ടായി. ജില്ലാതലത്തിലുണ്ടായ ചെറിയ നിരോധനങ്ങളുടെ കണക്ക് ഇതിനു പുറമെയാണ്. ഒരു മണിക്കൂർ നേരം നെറ്റ് മുടങ്ങിയാൽ രണ്ടരക്കോടി രൂപ നഷ്ടംവരുേമ്പാൾ സർക്കാർ പ്രതിഷേധങ്ങളെ നിയന്ത്രിക്കാനെന്ന പേരിൽ അത് തുടരുകയാണ്. ചീത്തനിയമങ്ങൾ സാമ്പത്തികനഷ്ടം വരുത്തുന്നു എന്നുതന്നെ അർഥം. അത് ഇൻറർനെറ്റ് വിലക്കിൽ ഒതുങ്ങില്ലതാനും. രാജ്യത്തെ അശാന്തി ഒരുപാട് സാമ്പത്തികമേഖലകളെ ബാധിച്ചിട്ടുണ്ട്. സമൂഹത്തിെൻറ അവസ്ഥ വ്യാപാരത്തെ ബാധിക്കും. ജനങ്ങളിൽ അരക്ഷിതത്വബോധം പടരുന്നത് സാമ്പത്തികചോദനയെ ഇല്ലാതാക്കും. മറുവശത്ത് അത് നിക്ഷേപകരെ അകറ്റും, തൊഴിലുകൾ അപ്രത്യക്ഷമാകും. അത് പ്രതിസന്ധി പിന്നെയും കൂട്ടും. കശ്മീർ-സി.എ.എ നടപടികളോടെ ഇന്ത്യയിലെ നിക്ഷേപകസൗഹൃദ അന്തരീക്ഷം ഇല്ലാതായെന്ന് വിദേശനിക്ഷേപകർ വിലപിക്കുന്നു. കാര്യങ്ങൾ പ്രവചനാതീതമാക്കിയ സർക്കാറിെൻറ ദുഷ്ടനടപടികൾ പിൻവലിക്കലും സാമ്പത്തിക ചികിത്സാ പാക്കേജിൽ ഉൾപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.