ഇറാനിലെ വൻദുരന്തം

മേയ്​ 12ന്​ ഞായറാഴ്ച ഉച്ചതിരിഞ്ഞു ഇറാനിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ പ്രസിഡന്‍റ്​ ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറുമുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടുവെന്ന വിവരം ലോകം നടുക്കത്തോടെയാണ് ശ്രവിച്ചത്. പ്രതികൂല കാലാവസ്ഥക്കിടെ ഇറാന്‍റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലാണ് അപകടം സംഭവിച്ചത്. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന യാത്രക്കാർ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് വാർത്ത വന്നിരുന്നെങ്കിലും തിങ്കളാഴ്ചയോടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. തുടർന്ന് ഹെലികോപ്ടർ കണ്ടെത്തിയതായി വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ വന്നെങ്കിലും കത്തിക്കരിഞ്ഞ ഹെലികോപ്ടറിന്റെ അവസ്ഥയെക്കുറിച്ച് മറ്റു വിശദാംശങ്ങൾ ഇതെഴുതുമ്പോഴും ലഭ്യമല്ല.

റഈസിയുടെയും ഭരണ നേതൃതലത്തിലെ പ്രമുഖരുടെയും രക്ഷക്കായി പ്രാർഥിക്കാൻ തുടക്കം മുതലേ ആഹ്വാനം ചെയ്ത ഇറാൻ പരമോന്നത നേതാവ് അലി ഖാംനഈ മരണവാർത്ത സ്ഥിരീകരിച്ച ശേഷവും ആവർത്തിച്ചത്​, ദുരന്തം ഇറാന്‍റെ ഭാവി എങ്ങനെ ആവണം എന്നതിൽ ഒരു മാറ്റവും വരുത്തില്ലെന്നാണ്​. വൈസ് പ്രസിഡന്‍റ്​ മുഹമ്മദ് മുഖ്​ബർ താൽക്കാലിക പ്രസിഡന്‍റായി ഭരണമേറ്റിരിക്കുന്നു. 50 ദിവസത്തിനകം തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്‍റിനെ കണ്ടെത്തുന്നതാണ്​ ഇറാനി​ലെ പതിവ്​.

ഇറാൻ-അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് വനമേഖലയിൽ ഇടിച്ചിറങ്ങിയത്. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെ ഉദ്ഘാടനം നിർവഹിച്ച്‌ തിരികെ വരുംവഴിയാണ് അപകടം. ചില വ്യോമയാന വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് മേഘം, മൂടൽമഞ്ഞ്, താഴ്ന്ന ഊഷ്മാവ് എന്നിവ ചേർന്ന സാഹചര്യത്തിൽ പൈലറ്റിന് നിയന്ത്രണം വിടുന്ന സാഹചര്യം ഉണ്ടാവാം, ആകയാൽത്തന്നെ കൺട്രോൾ കേന്ദ്രവുമായുള്ള ആശയവിനിമയം മുറിഞ്ഞുപോയതിൽ അസ്വാഭാവികതയില്ലെന്നും അനുമാനിക്കാം. പശ്ചിമേഷ്യയിലെ രാഷ്ട്ര നേതാക്കളെല്ലാം ഈ അസാധാരണ ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുമായി ബഹുതല ബന്ധങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ ഇറാനുണ്ടാവുന്ന ഏതു ദുരന്തവും ഇന്ത്യക്കും ആഘാതമേൽപിക്കുന്നതാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശത്തിൽ അത്​ എടുത്തുപറഞ്ഞിട്ടുണ്ട്​. ചാബഹാർ പദ്ധതി കരാറിന്‍റെ കാര്യത്തിൽ തന്നെ ഇത് വേണ്ടവിധം പ്രതിഫലിച്ചതുമാണ്.

രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ അടുത്ത അനുയായിയും പിൻഗാമിയുമായി കരുതപ്പെട്ടയാളാണ് ഇബ്രാഹീം റഈസി. 2021ൽ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ ഇറാനെ സംബന്ധിച്ച പതിവു മാധ്യമ-നിരീക്ഷക രീതിയനുസരിച്ചുള്ള യാഥാസ്ഥിതിക-മിതവാദി തരംതിരിവിൽ അദ്ദേഹം യാഥാസ്ഥിതിക പക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടു. മുമ്പ്​ ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ റഈസി നടത്തിയ പ്രവർത്തനങ്ങളും പലപ്പോഴും വിമർശന വിധേയമായിട്ടുമുണ്ട്​.

നിലവിലെ ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിനിടയിൽ ഹമാസ്, ലബനാനിലെ ഹിസ്ബുല്ല, യമനിലെ ഹൂതികൾ, സിറിയയിലെയും ഇറാഖിലെയും ശിയ ഗ്രൂപ്പുകൾ എന്നിവയെ ആയുധമണിയിക്കുന്നത് ഇറാനാണെന്ന ആരോപണം ​ഇസ്രായേൽ പതിവായി ഉന്നയിച്ചിരുന്നു. ഇസ്രായേലിന്‍റെ വംശഹത്യയടക്കമുള്ള നിഷ്​ഠുര ചെയ്തികളോടും ഫലസ്തീൻ വിരുദ്ധ നിലപാടുകളോടും സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു ഇതിന് കാരണം. സ്വ​തേ അമേരിക്കയുടെ കണ്ണിലെ കരടായ രാജ്യം ഇതര പാശ്ചാത്യ ശക്തികൾക്കിടയിലും നോട്ടപ്പുള്ളികളായി. പ്രസ്തുത നിലപാടുകളുടെ പേരിലെല്ലാം എതിരാളികൾ ഉന്നമിട്ടിരുന്നത്​ റഈസിയെയായിരുന്നു. അതിനാൽ ഹെലികോപ്ടർ അപകടത്തിന്റെ പിന്നിൽ അഹിതകരമായ പലതും പലരും ഊഹിച്ചെടുക്കുകയും യാഥാർഥ്യങ്ങൾ ചികയുകയും ചെയ്യുന്നുണ്ട്​. അപകടത്തിൽ ഇറാന്‍റെ പ്രതിയോഗികൾക്ക് വല്ല പങ്കുമുണ്ടാകുമോ എന്ന് തിരയുന്നതും സ്വാഭാവികം.

അമേരിക്കയും ഇസ്രായേലും അടുത്തിടെ ഇറാന്‍റെ സൈനിക നേതൃത്വത്തിനെതിരെ ആക്രമണങ്ങൾ നടത്തിയിരുന്നു. അതിനു പ്രതികാരമെന്നോണം പലതവണ മുന്നറിയിപ്പ് നൽകിയ ശേഷം ഇറാൻ ഇസ്രായേലിനുനേരെ മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിന്‍റെ വ്യോമകവചം കാരണം മിസൈലുകൾ ഭൂരിഭാഗവും ലക്ഷ്യം കണ്ടില്ല എന്ന തെൽ അവീവ്​ ഭാഷ്യം ഇറാൻ തള്ളിയിരുന്നു. എന്നാൽ, ഒരു സന്ദേശം നൽകുന്നതിനപ്പുറം സൈനിക ലക്ഷ്യങ്ങളില്ലാത്തതു കാരണം തങ്ങൾ ആക്രമണം നിർത്തുകയാണെന്നായിരുന്നു ഇറാൻ പറഞ്ഞത്. കൃത്യമായ ചില ഉന്നങ്ങളിൽ പ്രഹരിച്ചതായും അവർ അവകാശപ്പെട്ടിരുന്നു.

ഈ യുദ്ധാന്തരീക്ഷത്തിൽ ഇസ്രായേലിനു ഇറാനോടുള്ള പക തീർക്കാനും അതിനു തക്ക രഹസ്യ സൈനിക നീക്കങ്ങൾ നടത്താനും ഇസ്രായേൽ മുതിരുമെന്നതിനാൽ റഈസിയുടെ വധത്തിൽ ഇസ്രായേലിന്‍റെ രഹസ്യ പങ്കാളിത്തം സംശയിക്കുന്നവരുണ്ടെങ്കിലും ഇസ്രായേൽ വിരുദ്ധ നയങ്ങളിലെ ഏക നിമിത്തം റഈസി അല്ലാത്തതിനാൽ ഒരു രാഷ്ട്രത്തലവനെ വധിക്കുന്നിടത്തോളം അവർ പോകില്ല എന്നു ചിന്തിക്കുന്നവരും ഉണ്ട്. ആഭ്യന്തരമായും റഈസിക്ക് എതിരാളികളുണ്ടെന്ന പടിഞ്ഞാറൻ നിരീക്ഷണത്തിൽ വസ്തുതയുണ്ടെങ്കിലും പൊതുവേ അതെല്ലാം ഇറാന്റെ ആഭ്യന്തര ജനാധിപത്യത്തിനുള്ളിലെ തരംഗങ്ങളായി കലാശിച്ചതാണ് അനുഭവം. എങ്കിലും ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടുതന്നെയാണ് റഈസി വിടപറയുന്നത്. പരമോന്നത നേതാവ് ഖാംനഈയുടെ നിലപാടുകളും നേതൃ തെരഞ്ഞെടുപ്പുമാണ് ലോകം ഉറ്റുനോക്കുന്നത്. അപരിഹാര്യമായി തുടരുന്ന ഫലസ്തീൻ വിഷയത്തിൽ ഇറാന്‍റെ നയ നിലപാടുകൾ കൂടുതൽ നിർണായകമായി പരിഗണിക്കപ്പെടുന്ന ദശാ സന്ധിയിൽ വിശേഷിച്ചും.

Tags:    
News Summary - iran president helicopter crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT