സം​യ​മ​നം പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ സ​ർ​വ​നാ​ശം

ശനിയാഴ്ച അർധരാത്രിക്ക് ശേഷം പിറ്റേന്ന് പ്രഭാതത്തിന് മുമ്പായി ഇസ്രായേലിലെ നവാത്തിം സൈനികത്താവളം ലാക്കാക്കി മുന്നൂറോളം ഡ്രോണുകളും മിസൈലുകളും തൊടുത്തുവിട്ട ഇറാ​ന്റെ അപ്രതീക്ഷിത നടപടി വൻ ശക്തികൾ ഉൾപ്പെടെ ലോകത്തെയാകെ ഞെട്ടിച്ചതോടൊപ്പം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നുവോ എന്ന ആശങ്കയും പടർത്തിയിരിക്കുന്നു. തിരിച്ചടിക്കേണ്ടതില്ലെന്ന അമേരിക്കയുടെയും ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാഷ്ട്രങ്ങളുടെയും ഉപദേശം ഇസ്രായേൽ പ്രത്യക്ഷത്തിൽ മാനിച്ചതായാണ് സാമാന്യമായ വിലയിരുത്തൽ. ഇതെഴുതുന്നതുവരെ, ഇസ്രായേൽ ഭാഗത്തുനിന്ന് പ്രതികാര നടപടികൾ ആരംഭിച്ചിട്ടുമില്ല. പക്ഷേ, സംയമനം പാലിക്കാനുള്ള യു.എൻ സെക്രട്ടറി ജനറലി​ന്റെയും മറ്റു സമാധാന പ്രേമികളുടെയും അഭ്യർഥന സയണിസ്റ്റ് രാഷ്ട്രം മാനിക്കുമെന്ന് കരുതാൻ ഇന്നേവരെയുള്ള അതിന്റെ ചരിത്രം അനുവദിക്കുന്നില്ല.

സമാധാനം, സഹവർത്തിത്വം, മാനുഷിക പരിഗണന തുടങ്ങിയ പദപ്രയോഗങ്ങളെല്ലാം ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം കേവലം പാഴ്വാക്കുകളാണ്. അതുകൊണ്ടുതന്നെ മതിയായ മുന്നൊരുക്കത്തോടെയും സ്ഥിരം കൂട്ടാളികളുടെ സഹായ സഹകരണങ്ങളോടെയും ഏതു നിമിഷവും ജൂതരാഷ്ട്രത്തിന്റെ തിരിച്ചടി പ്രതീക്ഷിക്കുന്നതാണ് യുക്തിസഹമായിട്ടുള്ളത്. അനുഭവങ്ങളിൽനിന്ന് വേണ്ടത്ര പാഠം പഠിച്ച ഇറാൻ അത്തരമൊരാക്രമണം പ്രതീക്ഷിക്കുന്നുമുണ്ടാവണം. ഇസ്രായേൽ വിദേശകാര്യ മന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ പ്രതികരണം അതിന് അടിവരയിടുകയും ചെയ്യുന്നു. ഇറാനെ നിലക്കുനിർത്തണം, ആ രാജ്യത്തിന്റെ മിസൈൽ പദ്ധതിക്കെതിരെ ഉപരോധം ഏർപ്പെടുത്തണം, ഇസ്രായേലിന്റെ മേൽ ആക്രമണം നടത്തിയ ഇറാൻ റവലൂഷനറി ഗാർഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങളാണ് വിദേശകാര്യ മന്ത്രിയുടെ നാവിലൂടെ ഇസ്രായേൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

അമേരിക്കയോ ബ്രിട്ടനോ മറ്റു ജൂതരാഷ്ട്ര സംരക്ഷകരോ ഈ ആവശ്യങ്ങൾക്കുനേരെ മുഖം തിരിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ഏപ്രിൽ ഒന്നിന് ഡമസ്കസിലെ ഇറാൻ കോൺസുലേറ്റ് ബോംബിട്ട് തകർത്ത് രണ്ട് പട്ടാള ജനറൽമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വധിക്കുകവഴി അന്താരാഷ്ട്ര മര്യാദകളെയും നിയമങ്ങളെയും കാറ്റിൽപറത്തിയതിന്റെ സ്വാഭാവിക തിരിച്ചടിയാണ് ഇറാന്റെ പ്രത്യാക്രമണമെന്നത് ഈ രാജ്യങ്ങളൊക്കെ തീർത്തും മറക്കുകയും മറച്ചുപിടിക്കുകയുമാണ്. 2020 ജനുവരി 20ന് ഇറാൻ റവലൂഷനറി ഗാർഡ് മേജർ ജനറലും മുൻ സൈനിക മേധാവിയുമായ ഖാസിം സുലൈമാനിയെ ഇറാഖിൽവെച്ച് ഇസ്രായേൽ ചാരപ്പട കൊന്നുതള്ളിയത് ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരകൃത്യമായി ഇറാൻ പ്രഖ്യാപിച്ചതും പ്രതികാര നടപടിയെക്കുറിച്ച് സൂചന നൽകിയതുമാണ്. ഇറാന്റെ നേരെ ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾക്കെല്ലാം അമേരിക്കയുടെ പിന്തുണയുണ്ടുതാനും. ആണവശക്തി വികസിപ്പിക്കുന്നതിന്റെ പേരിൽ ഇറാനുനേരെ രാഷ്ട്രാന്തരീയതലത്തിൽ ഏർപ്പെടുത്തിയ ഉപരോധം ഇപ്പോഴും ഭാഗികമായി തുടരുന്നുമുണ്ട്. മറിച്ച്, ഇറാഖിന്റെ ആണവനിലയം ബോംബിട്ട് തകർത്തപ്പോഴോ വ്യാജാരോപണങ്ങളുടെ മറവിൽ ആ രാജ്യത്തെ അപ്പാടെ തകർക്കാൻ നാറ്റോ സൈന്യം നേരിട്ടിറങ്ങിയപ്പോഴോ അരുത് എന്നുപറയാൻ യു.എൻ ഉൾപ്പെടെ ഒരു സമാധാനവേദിയും മുന്നോട്ടുവന്നിരുന്നില്ല. ഇറാന്റെ എല്ലാ നിലപാടുകളോടും നടപടികളോടും എല്ലാവർക്കും യോജിക്കാൻ കഴിയണമെന്നില്ല. ഇറാനിലെ ആയത്തുല്ലമാരുടെ ന്യായീകരണങ്ങളെ അപ്പാടെ പിന്താങ്ങാൻ മുസ്‍ലിം ലോകം പൊതുവേ തയാറായ അനുഭവവുമില്ല. പക്ഷേ, നിരാലംബരും നിസ്സഹായരുമായ ഫലസ്തീൻ ജനതക്കുനേരെ ജൂതരാഷ്ട്രം ആരംഭിച്ച വംശീയ നശീകരണ പദ്ധതിക്കെതിരെ നേരെചൊവ്വെ വിരൽചൂണ്ടാൻപോലും അയൽരാജ്യങ്ങളടക്കം മടിക്കുകയോ പേടിക്കുകയോ ചെയ്യുമ്പോൾ അവസരത്തിനൊത്ത് പ്രതികരിക്കാൻ തയാറാവുന്നത് ഇറാൻ മാത്രമാണെന്ന് അവകാശപ്പെടാൻ തീർച്ചയായും അവർക്ക് കഴിയും.

ഇതിനകം സ്ത്രീകളും കുട്ടികളുമടക്കം 34,000 സിവിലിയന്മാരെ കശാപ്പുചെയ്തു, ദശലക്ഷക്കണക്കിന് ഗസ്സ നിവാസികളെ അവരുടെ ജന്മദേശത്തുനിന്ന് പുറത്താക്കാൻ യു.എസ് ആയുധങ്ങളുടെ ബലത്തിൽ ഇസ്രായേൽ നിർവിഘ്നം തുടരുന്ന വംശനശീകരണത്തെ പിന്താങ്ങുകയോ അതിന്റെ നേരെ മൗനം പാലിക്കുകയോ ചെയ്യുന്ന രാജ്യങ്ങൾക്കും ഭരണാധികാരികൾക്കും ഇറാന്റെ ഡ്രോൺ-മിസൈൽ പ്രയോഗത്തെ മാത്രം ഏകപക്ഷീയമായി അപലപിക്കാൻ ഒരുവിധ ധാർമികതയോ നൈതികതയോ ഇല്ല എന്ന് തീർത്തുപറഞ്ഞേ തീരൂ. തിരിച്ചടി ആവർത്തിക്കാൻ ഉദ്ദേശ്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരിക്കെ, ആത്യന്തിക നടപടികളിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കലാണ് ഒരു സമ്പൂർണ യുദ്ധഭീഷണിയിൽനിന്ന് പശ്ചിമേഷ്യയെ രക്ഷിക്കാനുള്ള പോംവഴി.

പുതിയ സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച ഇന്ത്യ സംയമനം പാലിക്കാൻ ഇരുപക്ഷത്തോടും അഭ്യർഥിച്ചത് ഉചിതമായ പ്രതികരണമാണ്. ഇസ്രായേലിനോടും ഇറാനോടും ഉറ്റ സൗഹൃദം പുലർത്തുന്ന രാജ്യമാണിന്ന്​ ഇന്ത്യ. അവസരോചിതമായി ഉയർന്ന് മേഖലയിൽ സമാധാനം ഉറപ്പുവരുത്താനും എല്ലാത്തിനും നിമിത്തമായ സായുധ നശീകരണ പോരാട്ടം അവസാനിപ്പിക്കാനും നമ്മുടെ നയതന്ത്രനീക്കങ്ങൾ ഊർജിതമാക്കേണ്ട സന്ദർഭമാണിപ്പോൾ സമാഗതമായിരിക്കുന്നത്. പൊതു തെരഞ്ഞെടുപ്പ് ആസന്നമായ ഈ ഘട്ടത്തിൽ വോട്ട് വേട്ടക്കായുധമാക്കാൻ മനുഷ്യക്കുരുതിയെ ഉപയോഗിക്കാനുള്ള അവിവേകം ഭരിക്കുന്നവർക്കും പ്രതിപക്ഷത്തിരിക്കുന്നവർക്കും ഉണ്ടായിക്കൂടാ.

പശ്ചിമേഷ്യയിലെ ഏതു യുദ്ധവും ഇന്ത്യയെ തീർത്തും ദോഷകരമായി ബാധിക്കുമെന്ന് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളതാണ്. ഏറ്റവും ഒടുവിലത്തെ ഇറാന്റെ പ്രത്യാക്രമണം തന്നെയും ആരംഭിച്ചത് ഇന്ത്യക്കാരടക്കം ജോലിചെയ്യുന്ന കപ്പൽ പിടിച്ചെടുത്തുകൊണ്ടാണല്ലോ. അവരുടെ മോചനത്തിന് നമ്മുടെ സർക്കാർ സത്വര നടപടികൾ സ്വീകരിക്കുകയും അത് ഫലപ്രാപ്തിയിലെത്തുകയും ചെയ്യുന്നതായി കാണുന്നത് ആശ്വാസകരമാണ്, സന്തോഷകരവും.

Tags:    
News Summary - israel iran conflict- editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.