ഇരയെ വേട്ടക്കാരാക്കുന്ന സയണിസ്റ്റ് സന്തുലനങ്ങൾ

ഹമാസ്-ഇസ്രായേൽ സംഘർഷത്തിന്‍റെ വിരാമത്തിന് ഉറ്റുനോക്കുകയാണ് ലോകം. വൻ ശക്തിരാജ്യങ്ങളും പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങളുമൊക്കെ നടത്തുന്ന ചർച്ചകൾ ഏതുവഴിയാണ് നീങ്ങുമെന്ന ജിജ്ഞാസ എല്ലാവരിലുമുണ്ട്. ഇതെഴുതുമ്പോൾ 2500 ഫലസ്തീൻകാരും 1300 ഇസ്രായേലുകാരും കൊല്ലപ്പെട്ടിരിക്കുന്നുവെന്നാണ് പുറത്തുവന്ന കണക്ക്. പതിനായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ അഞ്ച് ലക്ഷത്തോളം ഫലസ്തീനികൾ കുടിയൊഴിപ്പിക്കൽ നേരിടുന്നു.

ഒക്ടോബർ ഏഴിന് ശനിയാഴ്ച ആരംഭിച്ച ഹമാസിന്റെ റോക്കറ്റാക്രമണങ്ങളുടെ തുടക്കത്തിൽ പല രാഷ്ട്രങ്ങളും ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തി. ഹമാസ് എന്ന ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനത്തിന്‍റെ പേരു കേൾക്കുമ്പോൾതന്നെ ഭീകരസംഘം എന്ന് മുദ്ര വെക്കുന്നവർക്ക് അതിനെതിരെ ഇസ്രായേലിനൊപ്പം ചേരാൻ രണ്ടുവട്ടം ആലോചിക്കേണ്ടിവന്നില്ല. എന്നാൽ, ‘പ്രതിരോധത്തിനുവേണ്ടിയുള്ള തിരിച്ചടി’യായി തുടങ്ങിയ ഇസ്രായേൽ ആക്രമണം ഗസ്സ എന്ന കൊച്ചുഫലസ്തീൻ ചീന്തിനെയും പിഞ്ചുമക്കളടക്കമുള്ള ഫലസ്തീനികളുടെയും നിർമൂലനത്തിലേക്ക് നീങ്ങിയതോടെ ആദ്യ പിന്തുണക്കാരിൽ പലരും അയഞ്ഞുതുടങ്ങി. ഫലസ്തീനികളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന ഇന്ത്യയുടെ പരമ്പരാഗതമായ സമീപനം വ്യക്തമാക്കുന്ന കൂട്ടിച്ചേർക്കലുകൾ വിദേശകാര്യ മന്ത്രാലയത്തിൽനിന്നുണ്ടായതും അങ്ങനെയാണ്.

ഇനി കരയുദ്ധം നടത്തി ഹമാസിനെയും ഗസ്സയെയും തരിപ്പണമാക്കാനുള്ള യജ്ഞത്തിലാണ് തെൽഅവീവ്. അതിനു മുന്നോടിയായി ഗസ്സയിലെ വടക്കുഭാഗത്തുള്ളവരോട് കുടിയൊഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. അവിടേക്ക് വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവ തടഞ്ഞ് സ്വദേശികളെ ശ്വാസംമുട്ടിക്കുന്നു. എന്നാൽ, ഇതോടെ ലോകാഭിപ്രായത്തിന്‍റെ ഗതി അല്പം മാറി. യൂറോപ്യൻ യൂനിയനും പല പാശ്ചാത്യരാജ്യങ്ങളും റഷ്യ, ചൈന ഉൾപ്പെടെ മറ്റനവധി രാജ്യങ്ങളും ഇസ്രായേലിന്റെ നീക്കത്തിനെതിരെ നിലപാടെടുത്തുകഴിഞ്ഞു.

പൊതുവേ ഫലസ്തീനികളുടെ ജന്മാവകാശം പോകട്ടെ, അവരുടെ മനുഷ്യാവകാശങ്ങൾ പോലും വകവെച്ചുകൊടുക്കാത്ത ഇസ്രായേലിനെ ഇരകളെന്ന നിലയിൽ താലോലിച്ച് ഹമാസിനെ പ്രതിക്കൂട്ടിലാക്കുകയാണ് അവരുടെയൊക്കെ പതിവ്. ഇതിന്റെ മുൻപന്തിയിൽ അമേരിക്കയും. എന്നാൽ, ഇപ്പോൾ യു.എന്നിൽ വിഷയം ഉന്നയിക്കപ്പെടാനിരിക്കുന്നു. ഇന്നലെ (തിങ്കൾ) ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ ചർച്ചക്ക് വരുമെന്നറിയിക്കപ്പെട്ട രണ്ട് പ്രമേയങ്ങളിൽ ഒന്ന് റഷ്യയുടെതാണത്രെ. ഒരു കക്ഷിയെയും പേരെടുത്ത് പറയാതെ ഇരുകക്ഷികളോടും മാനുഷികമായി വെടി നിർത്താനും ഭീകരകൃത്യങ്ങൾ അവസാനിപ്പിക്കാനുമാണ് അതിൽ ആവശ്യപ്പെടുന്നത്. സമാധാനത്തിനുള്ള വഴിതുറക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ബ്രസീലിന്റെ പേരിൽ പറയപ്പെടുന്ന രണ്ടാമത്തേത്.

ചൈനയും റഷ്യയും ഹമാസ് തങ്ങളുടെ ഭീകരസംഘടന പട്ടികയിൽപെട്ടതല്ല എന്ന നിലപാടെടുക്കുന്നതിനാൽ അത്തരം ഒരു പ്രമേയം പാസാകില്ലെന്നാണ് കരുതപ്പെടുന്നത്. അതിനിടയിൽ ഈജിപ്ത് റഫ അതിർത്തി തുറന്ന് ഗസ്സക്കാർക്ക് പുറത്തുകടക്കാൻ അനുമതിനൽകുമെന്നും പറയപ്പെടുന്നു.

ഇസ്രായേൽ യുദ്ധക്കുറ്റങ്ങൾക്ക് ഒരുകുറവും വരുത്തിയിട്ടില്ല -സിവിലിയൻമാരെ ഉന്നംവെച്ച് ബോംബിടുന്നതുൾപ്പെടെ. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 700ലധികം കുട്ടികളാണ്. ഇസ്രായേൽ കൂടി ഒപ്പിട്ട ജനീവ കരാർവ്യവസ്ഥകൾ ബാധകമായ ഇടംകൂടിയാണ് അധിനിവിഷ്ടഭൂമി. അതനുസരിച്ച് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആശുപത്രി സൗകര്യം, ഭക്ഷണം, വസ്ത്രം, അനാഥരോ കുടുംബത്തിൽനിന്ന് വേർപെട്ടവരോ ആയ കുട്ടികൾക്ക് പ്രത്യേകം സംരക്ഷണം എന്നിവ ഏർപ്പെടുത്തണമെന്നിരിക്കെയാണ് ഈ കൂട്ട ശിശുഹത്യ.

ആദ്യഘട്ടത്തിൽ ഹമാസിനെ കുറ്റപ്പെടുത്തിയ പല രാഷ്ട്രങ്ങൾ തന്നെ സയണിസ്റ്റ് രാഷ്ട്രത്തിന്‍റെ ക്രൂരകൃത്യങ്ങൾ തടയാനുള്ള ശ്രമത്തിലാണിപ്പോൾ. ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്ത് താമസിക്കുന്ന 1.1 ദശലക്ഷം ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നടത്തുമ്പോൾ ഒന്നുകിൽ അത് അവസാനിക്കാത്ത മാനുഷികദുരന്തമാവും അല്ലെങ്കിൽ, ജൂതരാഷ്ട്രത്തിനുതന്നെ ഹാനികരമാവും എന്നു പലരും ചൂണ്ടിക്കാട്ടുന്നു. മുമ്പും ഹമാസിനെതിരെ ഇസ്രായേൽ സൈനികമായി പ്രതികരിച്ചപ്പോഴൊക്കെ അവർ നിഷ്കാസിതരാവുകയല്ല, പൂർവാധികം ശക്തിയോടെ തിരിച്ചുവരുകയാണുണ്ടായത്.

ആരാന്‍റെ ഭൂമിയിൽ കയറിച്ചെന്ന് അവിടം സ്വന്തമാക്കിയതും പോരാ, അവിടത്തുകാർക്ക് പൗരാവകാശംപോലും നിഷേധിച്ച് കുടിയേറ്റങ്ങൾ നടത്തുകയും കൂടുതൽ ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്ന സയണിസ്റ്റ് രാഷ്ട്രം വേട്ടക്കാരനും ഫലസ്തീനികൾ ഇരകളുമാണെന്ന ലളിതസത്യം എല്ലാവരും മറച്ചുപിടിക്കുന്നു എന്നതാണ് വാസ്തവം. ഇരകളുടെ ചെറുത്തുനിൽപിനിടയിലുണ്ടാവുന്ന നാശനഷ്ടങ്ങളെ വേട്ടക്കാരന്‍റെ വംശഹത്യയുദ്ധവുമായി തുലനംചെയ്യാനാണ് പലരും ശ്രമിക്കുന്നത്.

ഇസ്രായേലിന്റെ 1947ൽ മുതലുള്ള ഭൂമിശാസ്ത്ര വികാസം പരിശോധിച്ചാൽ ബോധിക്കാവുന്നതേയുള്ളൂ ഈ തുലനത്തിലെ അനീതി. 1946ൽ ഇസ്രായേൽ രാഷ്ട്ര രൂപവത്കരണത്തിന് മുമ്പ് ഫലസ്തീൻമേഖലയിൽ ആറ് ശതമാനം ഭൂമിയും 30 ശതമാനം ജനസംഖ്യയുമായിരുന്നു ജൂതരുടേതെങ്കിൽ 1947ൽ ഐക്യരാഷ്ട്ര സഭയുടെ ഭൂവിഭജനസമയത്ത് 55 ശതമാനം ഭൂമിയാണ് ജൂതർക്ക് പതിച്ചുനൽകിയത്. അന്നും ജനസംഖ്യയുടെ ഭൂരിപക്ഷം അറബികളായിരുന്നു. 1948ലെ യുദ്ധം കഴിഞ്ഞ് 78 ശതമാനം ഭൂമിയും ഇസ്രായേലിന്റെ കൈവശമായി.

1967ലെ ആറുനാൾ നീണ്ട യുദ്ധത്തോടെ വെസ്റ്റ് ബാങ്കും ഗസ്സയും ഇസ്രായേൽ കൈയടക്കുകയും പിന്നീടിങ്ങോട്ട് കൂടുതലിടങ്ങളിൽ സ്വദേശികളെ പുറത്താക്കി കുടിയേറ്റം നടത്തുകയും ചെയ്തുവരുന്നു. ശേഷം സൈനികബലവും ആണവ ബോംബ് ഉൾപ്പെടെയുള്ള അത്യന്താധുനിക യുദ്ധോപകരണങ്ങളും സ്വന്തമാക്കിയ ഇസ്രായേൽ രാഷ്ട്രത്തിനുവേണ്ടിയാണ് ലോകരാജ്യങ്ങളിൽ പലരും അവർതന്നെ ഭീകരസംഘമെന്ന് കുറച്ചുകാണുന്ന ഹമാസിനെതിരെ കാടിളക്കുന്നത്. മാനുഷിക ദുരന്തത്തിന് വഴിവെക്കുന്ന കടുംനടപടികളുടെ പശ്ചാത്തലത്തിലെങ്കിലും അവർ തിരുത്തുമെന്ന് പ്രതീക്ഷിക്കാം.

Tags:    
News Summary - Israel Palestine Conflict and Zionist balancing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.