ഐക്യരാഷ്ട്രസഭ (യു.എൻ) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകളോടുള്ള ഇസ്രായേലിന്റെ പ്രതികരണം ആ രാജ്യത്തിന്റെ അക്രമോത്സുകതയും ലോകാഭിപ്രായത്തോടുള്ള പുച്ഛവും പ്രകടിപ്പിക്കുന്നു. ഇതേ മനോഭാവംതന്നെ മറ്റൊരു പ്രതികരണത്തിലൂടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വെളിപ്പെടുത്തി. ‘ഹമാസിന്റെ ആക്രമണം ശൂന്യതയിൽ ഉണ്ടായതല്ല’ എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഇന്നത്തെ പ്രതിസന്ധിയെ അതിന്റെ ചരിത്രപശ്ചാത്തലത്തിൽ സ്ഥാപിക്കുകയാണ് ഗുട്ടെറസ് ചെയ്തത്. ‘56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശം സഹിക്കുന്നവരാണ് ഫലസ്തീൻകാർ’ എന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിനോട് സഹജ ധാർഷ്ട്യത്തോടെ പ്രതികരിച്ച ഇസ്രായേലി അംബാസഡർ, ‘യാഥാർഥ്യവുമായി ബന്ധമില്ലാത്തതാ’ണ് ഗുട്ടെറസിന്റെ വാക്കുകളെന്നാരോപിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു. വംശഹത്യയെ ന്യായീകരിക്കാൻവേണ്ടി ഇസ്രായേൽ, ഒക്ടോബർ ഏഴിനു മുമ്പത്തെ പതിറ്റാണ്ടുകളുടെ ചരിത്രം മൂടിവെക്കാൻ നോക്കുകയാണ്.
2023 ഒക്ടോബറിനു മുമ്പുള്ള മൂന്നു വർഷങ്ങളിൽ (2000 സെപ്റ്റംബർ മുതൽ 2003 സെപ്റ്റംബർ വരെ) ഇസ്രായേലി സൈന്യവും ഇസ്രായേലി കുടിയേറ്റക്കാരും ചേർന്ന് വധിച്ചത് 10,555 ഫലസ്തീൻകാരെ (2270 കുട്ടികളും 656 സ്ത്രീകളും അടക്കം) ആണെന്ന് കണക്ക് നിരത്തുന്നത് ഇസ്രായേലി എൻ.ജി.ഒയായ ബെത്സലേം ആണ്. അധിനിവിഷ്ട പ്രദേശത്ത് കുടിയേറ്റം അനുവദിച്ചുകൂടെന്ന് നിയമമുണ്ടായിട്ടും, 2023ൽ മാത്രം ഇസ്രായേൽ അധിനിവിഷ്ട ഫലസ്തീനിൽ നിർമിച്ചത് 13,000 അനധികൃത ആവാസ സമുച്ചയങ്ങളാണ്. 1948ൽ ഇസ്രായേൽ സ്ഥാപിച്ചതുതന്നെ ദശലക്ഷക്കണക്കിന് ഫലസ്തീൻകാരെ ആട്ടിയോടിച്ചിട്ടായിരുന്നു. ഇന്ന് ഗസ്സക്കാരിൽ 80 ശതമാനവും അന്ന് നിരാലംബരാക്കപ്പെട്ടവരുടെ പിന്മുറക്കാരാണ്. സ്വന്തം നാട്ടിന്റെ പുറത്ത് പോകാൻ പറ്റാത്തവർ, സ്വദേശത്തുതന്നെ സഞ്ചാരസ്വാതന്ത്ര്യമില്ലാത്തവർ, തൊഴിലിനും വൈദ്യുതിക്കും വെള്ളത്തിനുപോലും നിയന്ത്രണമനുഭവിക്കുന്നവർ. കൂടക്കൂടെ അതിക്രമങ്ങളും റെയ്ഡും അനുഭവിക്കുന്നവർ. 2014ൽ ഗസ്സയിലെ ജലശേഖരണിയും ശുദ്ധീകരണ സംവിധാനങ്ങളും ബോംബിട്ട് കേടുവരുത്തിയ ഇസ്രായേൽ അത് നന്നാക്കാൻ ആവശ്യമായ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിച്ചില്ലെന്ന് ‘ഓക്സ്ഫാം’ പറയുന്നു. ഗസ്സ മനുഷ്യന് ജീവിക്കാൻ യോഗ്യമല്ലെന്ന് 2020ൽ യു.എൻ തന്നെ റിപ്പോർട്ട് ചെയ്തതാണ്.
ഇത്തരം പൈശാചികതകൾ മറച്ചുവെക്കുന്ന ഇസ്രായേലി നയത്തോട് ചേർന്നുനിൽക്കുന്നു ബൈഡന്റെ വാക്കുകൾ. കൂട്ടക്കശാപ്പിനാവശ്യമായ സൈനിക-രാഷ്ട്രീയ-സാമ്പത്തിക പിന്തുണ ഇസ്രായേലിനു നൽകുന്ന ബൈഡൻ ഭരണകൂടം അതിന്റെ ഫലമായി കൊല്ലപ്പെടുന്ന ഗസ്സക്കാരെപ്പോലും അവഹേളിക്കുന്നു. ‘നിരപരാധികൾ കൊല്ലപ്പെടും; അത് യുദ്ധത്തിന്റെ വിലയാണല്ലോ’ എന്ന് ന്യായീകരിച്ചശേഷം, ഫലസ്തീൻകാർ പറയുന്ന കൊല്ലപ്പെട്ടവരുടെ കണക്ക് വിശ്വസിക്കാൻ പറ്റില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവരുടെ എണ്ണം ഫലസ്തീൻ പെരുപ്പിച്ചുകാണിക്കുകയാണെന്ന് മരിച്ചവരെയും മുറിവേറ്റവരെയും പരിഹസിച്ചുകൊണ്ട് ഇസ്രായേലിൽനിന്നു വരുന്ന വിഡിയോ ട്രോളുകളുടെ നിലവാരത്തിലേക്ക് യു.എസ് പ്രസിഡന്റ് തരംതാണുപോയതിൽ സഹതപിക്കുകയേ പറ്റൂ.
സ്വതന്ത്ര നിരീക്ഷകർക്കും ഏജൻസികൾക്കുമെല്ലാം സത്യമെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ് ഗസ്സയിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുകൾ. യു.എൻ ഏജൻസികളും അന്താരാഷ്ട്ര മാധ്യമങ്ങളും ഇസ്രായേലി മാധ്യമങ്ങളുമെല്ലാം ആ കണക്കുകളെ ആശ്രയിക്കുന്നത് വെറുതെയല്ല. ഇതിനകം നടന്ന അനേകം യുദ്ധങ്ങളിലൊന്നും അവരുടെ കണക്ക് ഇസ്രായേലി സർക്കാറോ സൈന്യമോ ചോദ്യംചെയ്തിട്ടില്ല. അകത്ത് പടരുന്ന കുറ്റബോധമാകാം ബൈഡനെ അങ്ങനെയൊരു വ്യാജ ആശ്വാസത്തിൽ അഭയം തേടാൻ നിർബന്ധിച്ചത്. ഏതായാലും ബൈഡന്റെ സന്ദേഹത്തിന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ഒക്ടോബർ 27ന് ഇറക്കിയ 212 പേജുള്ള പട്ടിക മറുപടിയാണ്. ഇതിനകം ഇക്കുറി ഇസ്രായേൽ കൊന്ന 6747 പേരുടെ പേരും വിലാസവുമടങ്ങുന്ന ആ പട്ടിക ഇസ്രായേലിനും അമേരിക്കക്കുമെതിരായ മറ്റൊരു കുറ്റപത്രംകൂടിയാണ്.
പതിറ്റാണ്ടുകളായി ഗസ്സയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ ആ ‘സ്ലോമോഷൻ ജനസൈഡ്’ ഇപ്പോൾ പച്ചക്ക് നടത്തുന്നു. സയണിസ്റ്റ് രാഷ്ട്രം ബന്ദിയാക്കിയിരിക്കുന്നത് ഫലസ്തീൻകാരെ മാത്രമല്ല, ലോകമര്യാദകളെയും നിയമങ്ങളെയും കൂടിയാണ്. അധിനിവേശ രാജ്യത്തിന്റെ ബാധ്യതകളും അധിനിവിഷ്ട ദേശത്തിന്റെ അവകാശങ്ങളും യു.എൻ ചാർട്ടറടക്കമുള്ള അന്താരാഷ്ട്ര പ്രമാണങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ എന്ന അധിനിവേശ രാജ്യം അധിനിവിഷ്ട ഫലസ്തീന്റെ ഭൂമി കുടിയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കാൻ ബാധ്യസ്ഥമാണ്; അതിന്റെ ഭാഗങ്ങൾ സ്വന്തമാക്കാനോ ആഭ്യന്തര സ്വയംനിർണയാവകാശം ഹനിക്കാനോ പാടില്ലാത്തതാണ്. അവിടത്തെ മനുഷ്യാവകാശങ്ങൾ മാനിക്കാനും അന്യായമായ അറസ്റ്റോ പീഡനമോ കൂട്ടശിക്ഷയോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനും ബാധ്യസ്ഥമാണ്. ഭക്ഷണം, ആരോഗ്യപരിചരണം, വിദ്യാഭ്യാസം എന്നിവ അധിനിവിഷ്ട ജനതക്ക് നൽകേണ്ട ചുമതല അധിനിവേശ രാജ്യത്തിനുണ്ട്. ഇതേ അന്താരാഷ്ട്ര നിയമങ്ങൾ അധിനിവിഷ്ട ജനതക്ക് ചില അവകാശങ്ങളും നൽകുന്നുണ്ട്.
അധിനിവേശം നിലനിൽക്കുവോളം കാലം ചെറുത്തുനിൽപും സ്വാതന്ത്ര്യസമരവും നടത്താനുള്ള അവകാശം അവയിൽപെടും. ‘സമാധാനപരമായ പ്രതിഷേധങ്ങൾ, നിസ്സഹകരണം, സായുധപോരാട്ടം എന്നിവ’ അധിനിവിഷ്ട ജനതക്ക് അനുവദനീയമാണ് എന്ന കാര്യത്തിൽ യു.എന്നിന്റേതടക്കമുള്ള അന്താരാഷ്ട്ര നിയമങ്ങൾ വ്യക്തമാണ്. ബാധ്യതകളിൽ ഏതാണ് ഇസ്രായേൽ പാലിച്ചിട്ടുള്ളത്? അധിനിവിഷ്ട സമൂഹത്തിന്റെ അവകാശങ്ങളിൽ ഏതാണ് ലംഘിക്കാതിരുന്നിട്ടുള്ളത്? ഭൂമി തട്ടിയെടുത്ത് കൂട്ടിച്ചേർക്കൽ, മൗലിക സ്വാതന്ത്ര്യ നിഷേധം, സ്വന്തം നിയമങ്ങൾ അടിച്ചേൽപിക്കൽ, രക്ഷാസമിതിയുടെയും മറ്റും അസംഖ്യം പ്രമേയങ്ങളെ ധിക്കരിക്കൽ -ഇതെല്ലാം ചെയ്തിട്ട് ഇപ്പോൾ യുദ്ധക്കുറ്റങ്ങളും വംശഹത്യയുംവരെ ചെയ്യുകയാണ് ഇസ്രായേൽ. യു.എന്നിനെയും സെക്രട്ടറി ജനറലിനെയും മാത്രമല്ല, ലോകത്തെതന്നെ വെല്ലുവിളിക്കുകയാണ് സയണിസ്റ്റ് രാഷ്ട്രവും കൂട്ടാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.