ജെ.എൻ.യു വിദ്യാർഥിനേതാവായിരുന്ന കനയ്യ കുമാറിെൻറയും ഗുജറാത്തിലെ യുവ ദലിത്നേതാവ് ജിഗ്നേഷ് മേവാനിയുടെയും പാർട്ടിപ്രവേശനം ദേശീയതലത്തിൽ കോൺഗ്രസിന് പ്രചാരണപരമായി ഗുണം ചെയ്യുന്നതാണ്. എന്നാൽ, കനയ്യയും മേവാനിയും എ.ഐ.സി.സി ആസ്ഥാനത്ത് കയറിവന്ന അതേ ദിവസം തന്നെയാണ് പഞ്ചാബിലെ തലമുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ് പാർട്ടി വിടുന്നുവെന്ന ശ്രുതി പരക്കുന്നതും നവ്ജോത് സിങ് സിദ്ദു പി.സി.സി പ്രസിഡൻറുസ്ഥാനം രാജിവെക്കുന്നതും. പഞ്ചാബ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പാർട്ടി ദേശീയ നേതൃത്വത്തിന് വൻ അമളി സംഭവിച്ചുവെന്ന് വെട്ടിത്തുറന്ന് പറഞ്ഞ് മുതിർന്ന നേതാവ് കപിൽ സിബൽ രംഗത്തുവന്നത് ബുധനാഴ്ചയാണ്. കേരളത്തിലാകട്ടെ, കോൺഗ്രസ് നേതൃത്വത്തിനിടയിലെ പടലപിണക്കങ്ങൾ നാൾക്കുനാൾ മൂർച്ഛിച്ചുവരുകയാണ്.
ജെ.എൻ.യു വിദ്യാർഥിസമര കാലത്ത് രാജ്യമൊട്ടുക്ക് ശ്രദ്ധിക്കപ്പെട്ട പേരാണ് കനയ്യ കുമാറിെൻറത്. സി.പി.ഐയുടെ വിദ്യാർഥി സംഘടനയുടെ പ്രതിനിധിയായി സർവകലാശാല യൂനിയൻ പ്രസിഡൻറായ ആൾ. പാർട്ടിക്കിപ്പോൾ ഉത്തരേന്ത്യയിൽ വലിയ സ്വാധീനമൊന്നുമില്ലെങ്കിലും കനയ്യ ദേശീയ തലത്തിൽ താരമായി. ലളിതമായ ഹിന്ദിയിൽ ജനങ്ങളോട് സംസാരിക്കാൻ അറിയാത്ത നേതാക്കളുടെ അഭാവം ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും വലിയ ദൗർബല്യമായിരുന്നു. അത്തരമൊരു സന്ദർഭത്തിലാണ്, ജനകീയ ഭാഷയിൽ സംഗീതാത്മകമായി സംസാരിക്കുന്ന കനയ്യ രംഗത്തേക്ക് വരുന്നത്.
സി.പി.ഐയുടെ മുൻനിരയിലേക്ക് ആ ചെറുപ്പക്കാരൻ വന്നു. പക്ഷേ, സ്വന്തം സംസ്ഥാനമായ ബിഹാറിലെ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ വൈകാതെ മുളപൊട്ടി. അതാണിപ്പോൾ രാജിയിലും കോൺഗ്രസ് പ്രവേശനത്തിലും എത്തിയിരിക്കുന്നത്. കനയ്യയെക്കൊണ്ട് കോൺഗ്രസിന് വലിയ ഉപകാരമുണ്ടായാലും ഇല്ലെങ്കിലും സി.പി.ഐക്ക് അത് നഷ്ടം തന്നെയാണ്. മികച്ച പ്രഭാഷണ ശൈലിയിൽ കവിഞ്ഞ് അസാധാരണമായ എന്തെങ്കിലും രാഷ്ട്രീയ ഭാവന കൈവശമുള്ളയാളല്ല കനയ്യ കുമാർ. പുതിയ കാല രാഷ്ട്രീയത്തെ കുറിച്ച അദ്ദേഹത്തിെൻറ കാഴ്ചപ്പാടുകൾ പരമ്പരാഗത ഇടതു മുഖ്യധാരക്ക് അപ്പുറം കടക്കുന്നതുമല്ല. എന്നാൽ, ജിഗ്നേഷ് മേവാനി അതിനപ്പുറം രാഷ്ട്രീയ ഭാവന പ്രകടിപ്പിച്ചയാളാണ്. ഗുജറാത്തിലെ സവിശേഷ സാഹചര്യത്തിൽ, അവിടത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് അത് ഉപകാരപ്പെട്ടേക്കാം. ജിഗ്നേഷിനെ പോലുള്ളവരുടെ കാഴ്ചപ്പാടുകളെ പാർട്ടി നയത്തിെൻറയും പരിപാടിയുടെയും ഭാഗമാക്കാൻ കോൺഗ്രസിന് സാധിക്കണമെന്നുമാത്രം.
ഒരു വശത്ത് ജിഗ്നേഷും കനയ്യയും അകത്തേക്ക് വരുമ്പോൾ മറുവശത്ത് പ്രമുഖരായ നേതാക്കൾ പുറത്തേക്ക് പോകുന്നത് കോൺഗ്രസിെൻറ ഇന്നത്തെ അവസ്ഥയെയാണ് കാണിക്കുന്നത്. ആജ്ഞാശക്തിയുള്ള ദേശീയ നേതൃത്വത്തിെൻറ അഭാവം പാർട്ടിയെ ശരിക്കും കുഴക്കുന്നുണ്ട്. മുഴുസമയ പാർട്ടി പ്രസിഡൻറ് പോലുമില്ലെന്ന കപിൽ സിബലിെൻറ പരിഭവം പറച്ചിലിൽ അതുണ്ട്. ശക്തികേന്ദ്രങ്ങളായിരുന്ന അസം, ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടി നേരിട്ട തിരിച്ചടികളിൽ കേന്ദ്ര നേതൃത്വത്തിെൻറ പിടിപ്പുകേട് തന്നെയാണ് ഒന്നാം പ്രതി.
ഇന്നിപ്പോൾ പഞ്ചാബിൽ അനുഭവിക്കുന്ന പ്രതിസന്ധികളുടെ കാരണവും അതുതന്നെ. മുതിർന്ന നേതാക്കളെ ഗവർണർമാരാക്കി അയച്ചുകൊണ്ടായിരുന്നു മുമ്പൊക്കെ പാർട്ടി ഒട്ടൊക്കെ പ്രശ്നങ്ങൾ പരിഹരിച്ചുകൊണ്ടിരുന്നത്. ഇന്ന് പാർട്ടിയുടെ കൈയിൽ രാജ്ഭവനുകൾ ഇല്ല.ട്രബ്ൾ ഷൂട്ടർ ആയി അറിയപ്പെട്ടിരുന്ന അഹ്മദ് പട്ടേലിനെപ്പോലൊരു നേതാവിെൻറ അസാന്നിധ്യവുമുണ്ട്. രാഹുൽ ഗാന്ധിയുടെ പാർട്ടിയിലെ റോൾ എന്താണെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. സാങ്കേതികമായി സോണിയ ഗാന്ധിയാണ് പ്രസിഡൻറ്. അവരുടെ സേവനം മുഴുസമയം പാർട്ടിക്ക് ലഭ്യവുമല്ല. ശക്തമായ സംസ്ഥാന ഘടകങ്ങളുള്ളിടത്തുപോലും പൊട്ടലും ചീറ്റലും ശക്തമാവുകയും കേന്ദ്ര നേതൃത്വത്തിന് അതിൽ നീതിപൂർവകമായി ഇടപെട്ട് പരിഹരിക്കാൻ പറ്റാതെ പോവുകയും ചെയ്യുന്ന അവസ്ഥ. ഇതിങ്ങനെ പോയാൽ പാർട്ടി ക്ഷയിച്ചില്ലാതാവാൻ അധികം കാത്തുനിൽക്കേണ്ടി വരില്ല. കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ് തുടങ്ങിയ നേതാക്കൾ ഉൾപ്പെടുന്ന ജി23 സംഘം കോൺഗ്രസിനെ ആഭ്യന്തരമായി നവീകരിക്കേണ്ടതിെൻറ ആവശ്യകതയെ കുറിച്ച് കുറച്ച് കാലമായി സംസാരിക്കുന്നുണ്ട്. എന്നാൽ, അത് ഗൗരവത്തിലെടുക്കാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല.
അധികാരം കേന്ദ്ര തലത്തിൽ ഇനിയും കുറേ കാലം തുടരാൻ ലക്ഷ്യമിട്ടാണ് സംഘ്പരിവാർ ഓരോ കരുനീക്കവും നടത്തുന്നത്. അതിനെ മറികടക്കാൻ പാകത്തിലുള്ള ദേശീയ ബദൽ ഇനിയും രൂപപ്പെട്ടിട്ടു വേണം. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ ഉപദേശീയതാ രാഷ്ട്രീയത്തെ ഉപജീവിച്ചു രൂപം കൊണ്ട പ്രസ്ഥാനങ്ങൾ സജീവമാണ്. ഹിന്ദി ബെൽറ്റിന് പുറത്തുള്ള എല്ലാ സംസ്ഥാനങ്ങളിലും അവ ശക്തമാണ്; പലേടങ്ങളിലും അവരാണ് അധികാരത്തിൽ. ഇത്തരമൊരു പശ്ചാത്തലത്തിൽ, സംഘ്പരിവാറിനെതിരായ ഏക ദേശീയ പാർട്ടി എന്ന ആശയം അപ്രസക്തമാണ്.
അതേസമയം, ഇന്ത്യയൊട്ടാകെ സാന്നിധ്യമുള്ള പാർട്ടിയെന്ന നിലക്ക് കോൺഗ്രസിന് പ്രസക്തിയുമുണ്ട്. സംഘ്പരിവാറിനെതിരായ വിവിധ ധാരകളെ സംയോജിപ്പിച്ച് ദേശീയ ബദലാക്കി മാറ്റുകയെന്ന ജോലി അവരാണ് ചെയ്യേണ്ടത്; അവർക്കാണ് ചെയ്യാൻ സാധിക്കുക. അതിന് പഴയ ആശയങ്ങളും പാർട്ടിരീതികളും മതിയാവില്ല. അതിനാലാണ്, സംഘടനാപരമായും ആശയപരമായും പൊളിച്ചെഴുത്ത് വേണമെന്ന നിലപാട് കോൺഗ്രസിനകത്തുനിന്നുതന്നെ ഉയരുന്നത്. അത് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നുണ്ടോ? ഇല്ലെങ്കിൽ, കനയ്യയും ജിഗ്നേഷും വന്നതിെൻറ ആവേശം പറഞ്ഞിരിക്കുന്നതുകൊണ്ട് വിശേഷിച്ച് കാര്യമൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.