അതിജീവനത്തിന്‍റെ 75 വർഷങ്ങൾ

ന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്‍ സംസ്ഥാപനത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കുകയാണ് നിലവിൽവന്ന അതേസ്ഥലത്ത് അതേദിവസം -മാർച്ച് 10ന്- ചെന്നൈയിലെ രാജാജി ഹാളിൽ. ‘ഉത്തരവാദ രാഷ്ട്രീയത്തിന്‍റെ 75 വർഷങ്ങൾ’ എന്ന ബാനറിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ മുക്കാൽ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ഈ ന്യൂനപക്ഷ പാർട്ടിക്ക് തീർച്ചയായും അഭിമാനിക്കാൻ വകയുണ്ട്. 1906ൽ ധാക്കയിൽ അന്നത്തെ നവാബുമാരുടെയും സമുദായ നേതാക്കളുടെയും ബുദ്ധിജീവികളുടെയും സംഗമം മതിയായ ആലോചനകൾക്കുശേഷം ബീജാവാപം ചെയ്ത സർവേന്ത്യാ മുസ്‍ലിം ലീഗ് പ്രഖ്യാപിത ലക്ഷ്യമായ പാകിസ്താൻ എന്ന രാഷ്ട്രം നേടിക്കഴിഞ്ഞ പശ്ചാത്തലത്തിൽ ചേർന്ന കറാച്ചി സമ്മേളനമാണ് പാർട്ടിയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ചിരുന്നത്. തദടിസ്ഥാനത്തിൽ 1948 മാർച്ചിൽ മദിരാശിയിൽ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ് വിളിച്ചുചേർത്ത പ്രതിനിധികളുടെ യോഗമാണ് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് എന്ന് നാമകരണം ചെയ്ത് ലീഗിനെ പുനഃസംഘടിപ്പിക്കാൻ നിശ്ചയിച്ചത്. 1951 സെപ്റ്റംബർ ഒന്നിന് മദിരാശിയിൽ ചേർന്ന ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗ് കൗൺസിൽ അംഗീകരിച്ച ഭരണഘടനപ്രകാരം ഇന്ത്യൻ യൂനിയനിലെ മുസ്‍ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും മതപരവും സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവും ഭരണപരവും മറ്റുമായ എല്ലാ ന്യായമായ അവകാശങ്ങളും താൽപര്യവും രക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുകയാണ് പാർട്ടിയുടെ മുഖ്യ ലക്ഷ്യം. എന്നാൽ, രാഷ്​ട്ര വിഭജനത്തിലേക്ക് നയിച്ച സാമുദായിക ധ്രുവീകരണവും തജ്ജന്യ ദുരന്തങ്ങളും പച്ചയായി നിലനിന്ന പശ്ചാത്തലത്തിൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്‍ലിം ലീഗിന് സുസാധ്യമായിരുന്നില്ലെന്ന് വ്യക്തമാണ്. അതിനാലാവണം ദക്ഷിണേന്ത്യ വിശിഷ്യാ, മലബാർ മുഖ്യ പ്രവർത്തന മണ്ഡലമായി നേതാക്കൾ തിരഞ്ഞെടുത്തത്. അപ്രകാരം മലബാർ മേഖലയിലാണ് ലീഗിന്റെ ശക്തിയും സ്വാധീനവും കൂടുതൽ പ്രകടമായത്. ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന വിഭജനം നടന്നതു മുതൽ കേരള രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാനും വളരാനും മുസ്‍ലിം ലീഗിന് സാധിച്ചുവെന്നത് അനിഷേധ്യ സത്യമാണ്.

1956ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയാണ് അധികാരത്തിൽ വന്നതെങ്കിലും കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് വിമോചന സമരത്തെത്തുടർന്ന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള പ്രഥമ കമ്യൂണിസ്റ്റ് സർക്കാറിനെ ജവഹർലാൽ നെഹ്റുവിന്റെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത് ചരിത്രസംഭവമാണ്. അതേത്തുടർന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-പി.എസ്.പി-മുസ്‍ലിം ലീഗ് മുന്നണി ഭൂരിപക്ഷം നേടി അധികാരത്തിൽ വന്നതും ലീഗിന്റെ സമുന്നത നേതാവ് കെ.എം. സീതി സാഹിബ് നിയമസഭ സ്പീക്കറായതുമാണ് ലീഗിന്റെ ആദ്യകാല നേട്ടങ്ങളിൽ പ്രസ്താവ്യമായത്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് പ്രഗല്ഭനായ സി.എച്ച്. മുഹമ്മദ്കോയ സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോൺഗ്രസിന്റെ നിർബന്ധത്തിനു വഴങ്ങി പാർട്ടി അംഗത്വം രാജിവെക്കേണ്ടിവന്നു അദ്ദേഹത്തിന്. വർഗീയ പാർട്ടികളുമായി ഒരു ബന്ധവും പാടില്ലെന്ന എ.ഐ.സി.സിയുടെ ദുർഗാപുർ പ്രമേയമാണ് ഇതിന് ഹേതുവായി ചൂണ്ടിക്കാണിക്കപ്പെട്ടത്. പക്ഷേ, മുസ്‍ലിം ലീഗ് പിന്തുണ പിൻവലിച്ചതിനാൽ രാജിവെക്കേണ്ടിവന്നു ആർ. ശങ്കറുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്. 1967ലെ തെരഞ്ഞെടുപ്പിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നിലവിൽവന്ന സപ്തകക്ഷി മുന്നണിയിൽ അനിഷേധ്യ ഘടകമായി മുസ്‍ലിം ലീഗ് സ്ഥാനം നേടിയതോടെ പാർട്ടി അതുവരെ നേരിടേണ്ടിവന്ന രാഷ്ട്രീയ അയിത്തം വെറും കഥയായി മാറി. വൻ ഭൂരിപക്ഷം നേടി അധികാരത്തിൽവന്ന സപ്തകക്ഷി മുന്നണി മ​ന്ത്രിസഭയിൽ രണ്ടുപേർ മുസ്‍ലിം ലീഗുകാരായിരുന്നു. സി.എച്ച്. മുഹമ്മദ്കോയയും എം.പി. അഹമ്മദ് കുരിക്കളും അല്ലാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ ലീഗിന്റെ ചരിത്രത്തിൽ തിളക്കമാർന്ന പുതിയൊരധ്യായത്തിന്റെ തുടക്കവുമായി.

പിന്നീടിങ്ങോട്ട് കോൺഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യ മുന്നണിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയെന്ന നിലയിൽ യു.ഡി.എഫ് സർക്കാറുകളിലൊക്കെയും മുസ്‍ലിം ലീഗിന് അർഹമായ മന്ത്രിപദവികൾ ലഭിച്ചു. 1977ൽ ഹ്രസ്വസമയത്തേക്കെങ്കിലും സി.എച്ച് മുഖ്യമന്ത്രിയുമായി. ഏറ്റവുമൊടുവിലത്തെ ഉമ്മൻ ചാണ്ടി സർക്കാറിൽ വിവാദപരമായിരുന്നെങ്കിലും മുസ്‍ലിം ലീഗ് മന്ത്രിമാരുടെ എണ്ണം അഞ്ചായി. ലോക്സഭയിൽ ഒരുതവണ ഒഴികെ മറ്റെല്ലായ്പോഴും ഒന്നിൽ കൂടുതൽ എം.പിമാരും ലീഗിന്റെ മേൽവിലാസത്തിൽ വന്നു. അധികാരത്തിലിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും മുസ്‍ലിം സമുദായത്തിനും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും അധികാര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും അതിന് സഹായകമാംവിധം വിദ്യാഭ്യാസപരമായ വികാസം കൈവരുത്തുന്നതിലും മുസ്‍ലിം ലീഗ് വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. മതനിരപേക്ഷ ജനാധിപത്യത്തിലുള്ള വിശ്വാസം ഒരിക്കലും കൈവിട്ടില്ലെന്നതാണ് ലീഗിന് പൊതുസമ്മതിയും അംഗീകാരവും നേടിക്കൊടുത്തത് എന്നും സമ്മതിക്കണം. ഈ യാ​ത്രക്കിടയിൽ നിസ്സാരമല്ലാത്ത പ്രതിസന്ധികളും ലീഗിന് നേരിടേണ്ടിവന്നിട്ടുണ്ട്. പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് അഖിലേന്ത്യ മുസ്‍ലിം ലീഗിന്റെ പിറവി. ബാബരി മസ്ജിദ് തകർച്ചയെ തുടർന്ന് ലീഗ് കോൺഗ്രസ് മുന്നണി സർക്കാർ വിട്ടുപോവാനുള്ള ആവശ്യം നിരാകരിക്കപ്പെട്ടതിനാൽ പ്രസിഡന്റ് ഇബ്രാഹിം സേട്ടിന്റെ സ്ഥാനഭ്രഷ്ട്, അപവാദാരോപണ വിധേയനായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജി എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. കേരളത്തിലെ പ്രബല മതസംഘടന രണ്ടായി പിളർന്നപ്പോൾ ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് ചാഞ്ഞതും പുനരേകീകരണ ശ്രമങ്ങൾ വിഫലമായതും മുസ്‍ലിം ലീഗിനെ അസ്വസ്ഥമാക്കിയിരുന്നു. എന്നാൽ, പി.ഡി.പി, എസ്.ഡി.പി.ഐ പോലുള്ള പുത്തൻ പാർട്ടികളുടെ ആവിർഭാവം ലീഗിന് സാരമായ പരിക്കുകളൊന്നും ഏൽപിക്കുകയുണ്ടായില്ല.

എന്നാൽ, ലീഗിന്റെ മാത്രമല്ല മതന്യൂനപക്ഷങ്ങളുടെ ആകെത്തന്നെ സ്വാസ്ഥ്യം കെടുത്തുന്നവിധം ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ വളർച്ചയും അമിതാധികാരപ്രമത്തതയും സമുദായത്തിന് അഭൂതപൂർവമായ വെല്ലുവിളിയാണ്. പ്രഖ്യാപിത ലക്ഷ്യത്തിലും നയനിലപാടുകളിലും അടിയുറച്ചുനിന്നുകൊണ്ടു​തന്നെ, മതനിരപേക്ഷ ജനാധിപത്യ സംവിധാനം അഭിമുഖീകരിക്കുന്ന കനത്ത ഭീഷണിയെ എവ്വിധം നേരിടുമെന്നുള്ള സഗൗരവമായ ആലോചനകൾ ചെന്നൈയിൽ നടക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. സമുദായത്തെയും ജനാധിപത്യ സമൂഹത്തെയും കൂടെനിർത്തി ഭരണഘടനയുടെ അധീശത്വം സ്ഥാപിച്ചെടുക്കാനുള്ള ക്രിയാത്മക യജ്ഞങ്ങളിൽ നിർണായക പങ്കുവഹിക്കാൻ മുസ്‍ലിം ലീഗിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.

Tags:    
News Summary - IUML 75 years of survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.