ഇതെഴുതുമ്പോള്‍ തമിഴ്നാട്ടില്‍ കൗതുകകരമായ ഒരു ജനകീയ സമരം തിളച്ചുമറിയുകയാണ്. ജെല്ലിക്കെട്ട് എന്നറിയപ്പെടുന്ന, കാളകളെ ഉപയോഗിച്ചുള്ള പരമ്പരാഗത നാട്ടുത്സവത്തിന് മേലുള്ള സുപ്രീംകോടതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ആ സമരം. പതിനായിരങ്ങളാണ് ചെന്നൈയിലും മറ്റ് തമിഴ് നഗരങ്ങളിലും പ്രക്ഷോഭവുമായി ഇറങ്ങിയിരിക്കുന്നത്. ഏതെങ്കിലും സാമുദായിക, രാഷ്ട്രീയ സംഘടനകളുടെ ആഹ്വാനമോ പ്രത്യക്ഷ പിന്തുണയോ ഇല്ലാതെയാണ്, സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ സംഘടിക്കപ്പെട്ട ജനക്കൂട്ടം തെരുവുകളില്‍ നിറയുന്നത്. അറബ് വസന്തത്തിന് സമാനമായ തമിഴ് വസന്തമാണിതെന്നാണ് ചെന്നൈ മറീന ബീച്ചിലെ പ്രക്ഷോഭകര്‍ വിളിച്ചുപറഞ്ഞത്. പിന്തുണയുമായി സിനിമാ നടന്മാര്‍, കലാകാരന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടനകള്‍, സ്പോര്‍ട്സ് താരങ്ങള്‍ തുടങ്ങിയവരെല്ലാം രംഗത്തുവന്നിട്ടുണ്ട്. ലോക ചെസ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് പോലും പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. തമിഴ് വംശജര്‍ താമസിക്കുന്ന വിദേശരാജ്യങ്ങളിലും ഐക്യദാര്‍ഢ്യ പരിപാടികള്‍ നടക്കുന്നുണ്ട്. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ നിരോധനം എടുത്തുകളയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ടെന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ഇതോടെ, ജനകീയസമരം ഗതിവിടുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ബി.സി 400 മുതല്‍ നിലവിലുണ്ടെന്ന് കരുതപ്പെടുന്ന നാട്ടുത്സവമാണ് ജെല്ലിക്കെട്ട്. പ്രത്യേകമായി പരിശീലിക്കപ്പെട്ട കാളകളുടെ പൂഞ്ഞയില്‍ പിടിച്ച് തൂങ്ങി ഓടുന്നതാണ് ലളിതമായി പറഞ്ഞാല്‍ ഇതിന്‍െറ രൂപം. ഇതിന്‍െറ പല വകഭേദങ്ങള്‍ തമിഴ്നാട്ടില്‍ നിലവിലുണ്ട്. കാളയുടെ കൊമ്പില്‍ കോര്‍ത്ത ചുവന്ന തുണിയും പണക്കിഴിയും അഴിച്ചെടുക്കലാണ് ചിലയിടങ്ങളിലെ ജെല്ലിക്കെട്ടുകളിലെ വിജയിയെ നിര്‍ണയിക്കുന്നത്. സാഹസം നിറഞ്ഞ ഈ പരിപാടി നിരവധിപേരുടെ ജീവന്‍ കവര്‍ന്നിട്ടുണ്ട്. തമിഴ് ദേശീയ ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കപ്പെടുന്നത്. അതുപ്രകാരം കഴിഞ്ഞ ശനിയാഴ്ച ഇത് നടക്കേണ്ടതായിരുന്നു. മൃഗസ്നേഹി സംഘടനകള്‍ സമര്‍പ്പിച്ച അപ്പീലിനെ തുടര്‍ന്ന് 2014ല്‍ സുപ്രീംകോടതി ഇത് നിരോധിക്കുകയുണ്ടായി. അന്നുമുതല്‍ നിരോധനം നീക്കാനുള്ള ശ്രമത്തിലായിരുന്നു തമിഴ് സംഘടനകള്‍. എന്നാല്‍, തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്തത് വൈകാരിക വിഷയമായി എടുത്തിരിക്കുകയാണ് തമിഴ് ജനത. 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ഓര്‍മിപ്പിക്കുന്നതരത്തിലാണ് പുതിയ പ്രക്ഷോഭവും മുന്നോട്ടുപോകുന്നത്.
മൃഗങ്ങളോടുള്ള ക്രൂരതകള്‍ തടയല്‍ നിയമം ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചത്. എന്നാല്‍, മൃഗങ്ങളോടുള്ള ക്രൂരത ഇതിലില്ളെന്നാണ് തമിഴ് സംഘടനകളുടെ വാദം. പ്രത്യേക പരിശീലനം സിദ്ധിച്ച കാളകളെയാണ് ഇതില്‍ ഉപയോഗിക്കുന്നത്. കുതിര, ആന തുടങ്ങിയ പല മൃഗങ്ങളെയും മനുഷ്യര്‍ കഠിനമായ ജോലികള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അത് അവയോടുള്ള ക്രൂരതയായി ആരും കാണുന്നില്ല. നിയമപാലകരായ പൊലീസ് പോലും നായകളെ പരിശീലിപ്പിച്ച് കുറ്റാന്വേഷണത്തിന് ഉപയോഗിക്കുന്നു. അത്തരത്തിലെ ഒന്നായി മാത്രം ജെല്ലിക്കെട്ടിനെയും കണ്ടാല്‍ മതി -ഇങ്ങനെ പോകുന്നു ജെല്ലിക്കെട്ട് അനുകൂലികളുടെ വാദം. ആധുനിക നിയമസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന സ്പെയിനില്‍, കാളകളെ മുറിവേല്‍പിക്കുകപോലും ചെയ്യുന്ന കാളപ്പോര് ഇപ്പോഴും നിലനില്‍ക്കുന്നതും ലോകം അതിനെ കൗതുകത്തോടെ കണ്ടുനില്‍ക്കുന്നതും അവര്‍ എടുത്തുകാണിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, തമിഴ് സംസ്കാരത്തിന്‍െറ ഭാഗമായ ഈ ചടങ്ങ് നിരോധിക്കുന്നത് തമിഴ് സംസ്കാരത്തോടുള്ള യുദ്ധപ്രഖ്യാപനമായാണ് അവര്‍ കാണുന്നത്.
നിയമവാഴ്ചയില്‍ വിശ്വസിക്കുന്ന പരിഷ്കൃത സമൂഹങ്ങള്‍ക്ക് മൃഗങ്ങളോടുള്ള ക്രൂരത അംഗീകരിക്കാന്‍ കഴിയില്ല എന്നത് വാസ്തവമാണ്.
എന്നാല്‍, സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു ആചാരത്തെ കേവലം നിയമത്തിന്‍െറ സാങ്കേതികതകള്‍ മാത്രം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ കഴിയുമോ എന്നതാണ് ജെല്ലിക്കെട്ട് വിവാദം ഉയര്‍ത്തുന്ന പ്രധാന ചോദ്യം. ജനകീയ സംസ്കാരവും നിയമവാഴ്ചയുമായി ബന്ധപ്പെട്ട ഗൗരവപ്പെട്ട പല സംവാദങ്ങളിലേക്കും ഇത് നമ്മെ നയിക്കുന്നുണ്ട്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്ക് അവരുടെ വ്യക്തിനിയമങ്ങള്‍പോലും അനുവദിക്കാന്‍ കഴിയില്ളെന്നും രാജ്യം മുഴുക്കെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും വാദിക്കുന്നവര്‍ അധികാരത്തിലിരിക്കെ തന്നെയാണ്, മൃഗങ്ങളുമായി ബന്ധപ്പെട്ട നിയമം പോലും ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കാന്‍ കഴിയാതെ ഭരണകൂടം പ്രയാസപ്പെടുന്നത്. നമ്മുടെ ദേശീയ വൈവിധ്യത്തെക്കുറിച്ച കൗതുകകരമായ പലതരം തിരിച്ചറിവുകളിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.
പശുവിന്‍െറ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയും കൊലചെയ്യുകയും ചെയ്യുന്ന പാര്‍ട്ടി കേന്ദ്രാധികാരം കൈയാളുന്ന സമയത്താണ് കാളയുമായി ബന്ധപ്പെട്ട ഈ സാമൂഹിക പ്രക്ഷോഭം ഒരു സംസ്ഥാനത്തെയാകെ ഇളക്കിമറിക്കുന്നത് എന്നതും കൗതുകകരമാണ്. ഏകാത്മക ദേശീയതക്ക് വേണ്ടി ബഹളം വെക്കുന്നവര്‍ ഇതൊക്കെ കണ്ണുതുറന്ന് കാണണം. സമൂഹത്തില്‍ ആഴത്തില്‍ വേരുകളുള്ള സാംസ്കാരിക രൂപങ്ങളെ അടിച്ചേല്‍പിക്കപ്പെടുന്ന നിയമങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല. അതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ക്രമപ്രവൃദ്ധമായ പരിഷ്കരണത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്നതാണ് വാസ്തവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.