പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ സംഭവിച്ച ''വീഴ്ച'' ഇന്ന് സുപ്രീംകോടതി പരിഗണിക്കുകയാണ്. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പഞ്ചാബിലും മറ്റു സംസ്ഥാനങ്ങളിലും ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാനാണ് ബി.ജെ.പി ആദ്യം ശ്രമിച്ചത്. കേന്ദ്രസർക്കാറും പഞ്ചാബ് സർക്കാറും വെവ്വേറെ അന്വേഷണത്തിന് ഉത്തരവിട്ടു. ആ അന്വേഷണങ്ങൾ സുപ്രീംകോടതി ഇടപെട്ട് സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് രണ്ടു മണിക്കൂർ റോഡ് മാർഗം യാത്രക്കായി തീരുമാനമെടുത്തതാര്, അതിന് എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചത്, ഹെലികോപ്ടർ ഉപയോഗിക്കേണ്ടതില്ലെന്ന് അവസാന നിമിഷം തീരുമാനിക്കാനെന്തു കാരണം, പ്രധാനമന്ത്രിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും സംസ്ഥാന പൊലീസിന്റെയും തീരുമാനങ്ങളിലോ ഏകോപനത്തിലോ എന്തെല്ലാം പിഴവുണ്ടായി എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷണവിധേയമാകും. ചുരുക്കിപ്പറഞ്ഞാൽ, പ്രധാനമന്ത്രിയുടെ സുരക്ഷ പരമപ്രധാനമായ വിഷയമായി രാജ്യം കണക്കാക്കുന്നു. രാജ്യഭരണത്തിന്റെ ചുക്കാൻപിടിക്കുന്നയാൾക്ക് ഈ പരിഗണന ലഭിക്കേണ്ടതുമാണ്. രാജ്യത്തിന്റെ തന്നെ സുരക്ഷക്ക് അതാവശ്യമാണുതാനും. അതുകൊണ്ടാണ് ഒരൊറ്റയാളുടെ സുരക്ഷക്ക് രാജ്യം 600 കോടിയോളം രൂപ പ്രതിവർഷം ചെലവാക്കുന്നത്- മൂവ്വായിരത്തോളം സുരക്ഷ ജീവനക്കാരും പ്രധാനമന്ത്രിക്കുണ്ട്. ഇതിന് ഒരു മറുവശമുണ്ട്. പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ഇത്രയധികം ശ്രദ്ധയും പണവും രാജ്യം മുടക്കുന്നത് രാജ്യത്തിന്റെയും രാജ്യവാസികളുടെയും സുരക്ഷ അദ്ദേഹത്തിന്റെ പ്രഥമ പരിഗണനയാകണം എന്നതുകൊണ്ടാണ്. ഭരണഘടനയും സ്ഥാനമേൽക്കുമ്പോൾ നടത്തുന്ന സത്യപ്രതിജ്ഞയും പ്രധാനമന്ത്രിക്കുമേൽ വലിയ ബാധ്യത ഏൽപിക്കുന്നുണ്ട്. പൗരന്മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുക അദ്ദേഹത്തിന്റെ നിയമപരമായ ചുമതലയാണ്.
ഇക്കാരണം കൊണ്ടാണ് പഞ്ചാബ് സംഭവം നാട്ടുകാരുടെ സുരക്ഷയിലേക്കുകൂടി ശ്രദ്ധക്ഷണിക്കേണ്ടത്. രാജ്യവാസികൾക്ക് സുരക്ഷയും സുരക്ഷിതത്വ ബോധവും നൽകുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തന ചരിത്രം ഒട്ടും ആശാവഹമല്ല. ഏറ്റവും ഒടുവിലത്തെ രണ്ടു കാര്യങ്ങൾ ഉദാഹരണം. പഞ്ചാബിലെ മേൽപ്പാലത്തിൽ 20 മിനിറ്റ് കുടുങ്ങിയ മോദി തന്റെ പ്രതികരണമറിയിച്ചാണ് മടങ്ങിയത്: ''ജീവൻ ബാക്കിവെച്ചതിന് നന്ദി'' എന്നായിരുന്നു മുനവെച്ചുള്ള പ്രസ്താവന. എന്നാൽ, ഇതിനു തൊട്ടുമുമ്പ് രാജ്യത്തെ പൗരന്മാരുടെ ജീവനും അഭിമാനത്തിനും ഭീഷണി ഉയർത്തിയ രണ്ടു സംഭവങ്ങൾ നടന്നു. ഒന്ന്, ഹരിദ്വാറിൽ ഉയർന്ന വംശഹത്യ ആഹ്വാനങ്ങളും ഡൽഹിയിൽ വംശഹത്യക്ക് പ്രേരിപ്പിക്കുന്ന ശപഥം ചൊല്ലിക്കലും. ഇത്തരം അപകടകരമായ പ്രവണതകളെ മുളയിലേ നുള്ളിക്കളയേണ്ട ചുമതല പ്രധാനമന്ത്രിക്കുണ്ട്. പൗരന്മാർക്ക് സുരക്ഷിതത്വബോധം പകരാനും അക്രമികൾക്കെതിരെ നിലപാടെടുക്കാനും അദ്ദേഹത്തിന് കഴിയേണ്ടതായിരുന്നു. പക്ഷേ, അദ്ദേഹം കുറ്റകരമായ മൗനം പാലിക്കുകയാണ് ചെയ്തത്. ആ മൗനം ജനങ്ങളുടെ സുരക്ഷിതത്വം അപകടത്തിലാക്കുന്നുവെന്നും അക്രമികൾക്ക് പ്രോത്സാഹനമാകുന്നുണ്ടെന്നും അനേകം പേർ ചൂണ്ടിക്കാട്ടിയിട്ടും മോദി മൗനം തുടർന്നത്, വർഗീയതയുടെ ഇരകൾക്ക് സുരക്ഷിതത്വം വേണ്ട എന്ന തീരുമാനമല്ലേ പ്രതിഫലിപ്പിച്ചത്? അക്രമ ആഹ്വാനങ്ങളെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടാകുന്ന ഒരു വാക്കിന് വലിയ ഫലം ഉണ്ടാകുമായിരുന്നു. സമീപകാലത്തുണ്ടായ രണ്ടാമത്തെ സംഭവം 'ബുള്ളി ബായ്' എന്ന അധമ ആപ്പിലൂടെ പ്രചരിച്ച സ്ത്രീവിരുദ്ധ പോസ്റ്റുകളാണ്. ഇവിടെയും കുറ്റവാളികൾ മോദിയുടെ പാർട്ടിയോട് പ്രതിപത്തി പുലർത്തുന്നവരാണ് എന്നതിനാൽ പ്രത്യേകിച്ചും, ഇരകൾക്ക് ആശ്വാസവും നീതിയും നൽകേണ്ട ബാധ്യത മോദിക്കുണ്ടായിരുന്നു. അദ്ദേഹം ബോധപൂർവം മൗനംപാലിച്ചു. ഈ രണ്ടു കാര്യങ്ങളിലും ഒരു വാക്ക് ഉച്ചരിക്കാതിരുന്ന മോദി സ്വന്തം സുരക്ഷയിലെ വീഴ്ചയുടെ പേരിൽ തൽക്ഷണമാണ് പ്രതികരിച്ചത്. ഒരു നല്ല നേതാവിന്റെ രീതിയല്ല ഇത്.
വംശീയ അതിക്രമങ്ങൾക്ക് ഇന്ധനം പകരാവുന്ന പ്രസ്താവനകൾ പ്രധാനമന്ത്രിയിൽനിന്ന് ഉണ്ടായിട്ടുണ്ട്, പലതവണ. കുറെക്കൂടി വിശാലമായ അർഥത്തിൽ, പ്രധാനമന്ത്രിയെന്ന നിലക്ക് മോദിയുടെ ചെയ്തികൾ രാജ്യത്തിന്റെയും രാജ്യവാസികളുടെയും സുരക്ഷക്ക് എന്തു സംഭാവന നൽകി എന്ന ഒരു ഓഡിറ്റ് നടത്തിയാൽ കിട്ടുന്ന ഫലം അദ്ദേഹത്തിന് അഭിമാനകരമാകില്ല. കശ്മീരിൽ ജനസുരക്ഷ എന്നൊന്ന് ഉണ്ടോ എന്നു തന്നെ സംശയമാണ്. പൗരത്വ ഭേദഗതി നിയമംവഴി ലക്ഷക്കണക്കിന് മനുഷ്യരിൽ അരക്ഷിതത്വബോധവും ഭീതിയും പടർത്തി. മുന്നാലോചനയില്ലാത്ത നോട്ട് നിരോധനം സാധാരണക്കാരുടെ ഉപജീവന മാർഗങ്ങൾ അടച്ചു; രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ അപകടത്തിലാക്കി. വിസ്തരിക്കേണ്ടതില്ല- നാട്ടിലെ പാവങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും സുരക്ഷിതത്വ ബോധം ഇത്ര ഇല്ലാതിരുന്ന ഒരു കാലമുണ്ടായിട്ടില്ല. സ്വന്തം സുരക്ഷയെച്ചൊല്ലി വേവലാതി പ്രകടിപ്പിച്ച മോദി നാട്ടിലെ ജനങ്ങളെപ്പറ്റി ഇടക്കൊന്ന് ചിന്തിക്കുന്നത് നല്ലതാണ്. പഞ്ചാബ് സംഭവത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷ വലിയ ചർച്ചയായി; പാവപ്പെട്ട നാട്ടുകാരുടെ സുരക്ഷയും ഇടക്ക് ചർച്ചചെയ്യുന്നത് അഭികാമ്യമാകും, ആ സുരക്ഷ ഉറപ്പുവരുത്തുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.