വംശീയവിദ്വേഷം വിതച്ച് അധികാരം വിളയിക്കുന്നതിനപ്പുറം കേന്ദ്രവും വിവിധ സംസ്ഥാനങ്ങളും ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ മുന്നിൽ കൃത്യമായ രാഷ്ട്രീയദിശാബോധമോ ഭരണതന്ത്രമോ ഇല്ലെന്നു നാൾക്കുനാൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഉത്തർപ്രദേശ് ബി.ജെ.പിയിലുണ്ടായ പൊട്ടലും ചീറ്റലും തെളിയിക്കുന്നത് മറ്റെന്തിനേക്കാളും ബി.ജെ.പിയുടെ ആശയപാപ്പരത്തവും രാഷ്ട്രീയ ദാരിദ്ര്യവുമാണ്. അതു വ്യക്തമായി വെളിപ്പെട്ടിട്ടും യുക്തമായ പരിഹാരം കാണുന്നതിനുപകരം അധികാരരാഷ്ട്രീയത്തിന്‍റെ പണ, പേശീബലമുപയോഗിച്ച് മറികടക്കാനുള്ള ചതുരുപായങ്ങളാണ് സംഘ്പരിവാർ മെനഞ്ഞുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യം, തൊഴിലില്ലായ്മ, ജാതിവിവേചനം തുടങ്ങി സാധാരണക്കാരുടെ പ്രശ്നങ്ങളെ നേർക്കുനേർ അഭിമുഖീകരിക്കുന്നതിനു പകരം വോട്ടർമാരുടെ കണ്ണിൽപൊടിയിടാനുള്ള അടവുകൾ തേടുകയാണ് പാർട്ടി. പിന്നാക്കവിഭാഗക്കാരായ ബി.ജെ.പി മന്ത്രിമാരും എം.എൽ.എമാരും ബി.ജെ.പിയിൽനിന്നു വിട്ടുപോരുമ്പോൾ അവരെല്ലാം ഒരേ ശബ്ദത്തിൽ ഉന്നയിച്ച ഗുരുതരമായ ചില രാഷ്ട്രീയപ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന ജാതിമേധാവിത്വത്തിൽനിന്നു പാർട്ടിക്കു രക്ഷപ്പെടാനായില്ലെന്നും സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷിയുടെ തലപ്പത്തെത്തിയിട്ടും ജാതിവിവേചനത്തിൽനിന്നു മന്ത്രിമാർക്കോ എം.എൽ.എമാർക്കോപോലും രക്ഷയില്ലെന്നുമുള്ള തിക്തസത്യമാണ് അവർ വെട്ടിത്തുറന്നു പറഞ്ഞത്. എന്നാൽ, അവർ ഉന്നയിച്ചതിന്‍റെ വിശദാംശങ്ങൾ ചികഞ്ഞു യാഥാർഥ്യബോധത്തിലുറച്ച തീർപ്പിൽ എത്തുന്നതിനുപകരം ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന വിദ്യയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പയറ്റുന്നത്. പിന്നാക്കവിഭാഗങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച പരാതി ദലിതന്‍റെ വീട്ടിൽ പരിപ്പുകറി കഴിച്ചു പരിഹരിക്കാവുന്നതാണ് എന്ന ലളിതയുക്തിയിലാണ് അദ്ദേഹം എത്തിച്ചേർന്നത്. നാടു നേരിടുന്ന പ്രശ്നങ്ങൾക്ക് ബി.ജെ.പിയുടെ മുന്നിൽ പൊടിക്കൈകളല്ലാതെ മറ്റൊന്നുമില്ല എന്നു തുറന്നുപറയുകയാണ് യോഗി.
തെരഞ്ഞെടുപ്പിന്‍റെ സന്ദർഭം ഉപയോഗപ്പെടുത്തുകയായിരുന്നു സ്വാമി പ്രസാദ് മൗര്യ അടക്കം എസ്.പിയിലേക്ക് മറുകണ്ടം ചാടിയ പിന്നാക്ക ബി.ജെ.പി നേതാക്കൾ എന്നത് ശരിയാണെങ്കിലും ദീർഘനാളായി അടക്കിപ്പിടിച്ച രോഷം വമിപ്പിക്കാൻ ഏറ്റവും ഉചിതമായ സന്ദർഭം അവർ തിരഞ്ഞെടുത്തു എന്നതാണ് വലിയ ശരി. രണ്ടു വർഷം മുമ്പ് 2019 ഡിസംബറിൽ 100 ബി.ജെ.പി എം.എൽ.എമാർ ലഖ്നോയിലെ നിയമസഭമന്ദിര പരിസരത്ത് ധർണയിരുന്നിരുന്നു. വോട്ടർമാരുടെ 44 ശതമാനവും പിന്നാക്കസമുദായ/ജാതികളിൽനിന്നുള്ളവരായിട്ടും സംസ്ഥാനത്ത് ഭരണത്തിലെയും എക്സിക്യൂട്ടിവിലെയും ഉയർന്ന ജാതിക്കാരുടെ സ്വേഛാവാഴ്ചയാണ് എന്ന് ആരോപിച്ചായിരുന്നു ആ പ്രതിഷേധപരിപാടി. തനിക്കെതിരായി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വന്തം ഭാഗം വിശദീകരിക്കാനുള്ള അവസരം പോലും നിഷേധിച്ചു എന്ന ഒരു എം.എൽ.എയുടെ ആക്ഷേപമായിരുന്നു അന്നത്തെ ഉടൻപ്രകോപനം. രണ്ടു വർഷം കഴിഞ്ഞും മന്ത്രിസഭയിലെ പിന്നാക്കജാതിക്കാർപോലും അവഗണനയിലും വിവേചനത്തിലുമാണെന്നാണ് മൗര്യയും ധരംസിങ് സൈനിയുമടക്കമുള്ളവർ ഇപ്പോഴും പറയുന്നത്. അധികാരത്തിന്‍റെ ആനുകൂല്യങ്ങളിൽനിന്നു തങ്ങൾ അകറ്റിനിർത്തപ്പെടുകയാണെന്നാണ് അവരുടെ ആക്ഷേപം. തൊഴിൽ/ഉദ്യോഗസംവരണം, ഗവൺമെന്‍റ് കരാറുകളിൽ വിഹിത, അവിഹിത ഇടപാടുകൾക്കുള്ള വഴിവിട്ട സ്വാതന്ത്ര്യം, അഴിമതി, പൊലീസ് സ്റ്റേഷനുകളുടെ വിധേയത്വം എന്നിവയെല്ലാം ഭരണത്തിലെ മേൽജാതിക്കു മാത്രം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഏതാണ്ട് എല്ലാം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുത്തു കഴിഞ്ഞു. സ്കൂൾ അധ്യാപകജോലി മാത്രമാണ് തൽക്കാലം ഒഴിവായിട്ടുള്ളത്. അതും സ്വകാര്യമേഖലയെ ഏൽപിക്കുകയാണ്. സ്വകാര്യ മുതലാളിമാരാവട്ടെ, ശമ്പളവും പെൻഷൻ പ്രായവും വെട്ടിക്കുറച്ചു തുടങ്ങി. പിന്നാക്കക്കാർ ഏറെ ആശ്രയിച്ചിരുന്ന അധ്യാപനമേഖല കൂടി അന്യംനിൽക്കുന്നതോടെ തൊഴിൽ, ഉപജീവന രംഗങ്ങളിൽ പിന്നാക്കക്കാർ ദുരിതത്തിലാവും എന്ന ആശങ്കകൂടിയാണ് നേതാക്കൾ പങ്കുവെക്കുന്നത്.
മണ്ഡൽ കമീഷൻ റിപ്പോർട്ട് പിന്നാക്കക്കാർക്ക് തുറന്നുവെച്ച ആനുകൂല്യം യു.പിയിൽ പിന്നാക്കക്കാർക്കിടയിലെ ജാതിവിവേചനത്തിന് ഇടയാക്കി എന്നതാണ് വലിയ വിരോധാഭാസം. പിന്നാക്ക മിശിഹമാർ അവതരിച്ചതിൽ മുലായംസിങ്ങിന്‍റെ സമാജ്വാദി പാർട്ടി യാദവർക്കും മായാവതിയുടെ ബി.എസ്.പി ജാദവർക്കും വേണ്ടതു നേടിയെടുത്തു. മൗര്യ, സൈനി, കശ്യപ്, കുഷ്വാഹ തുടങ്ങിയ പിന്നാക്കത്തിലെ പിന്നാക്കക്കാർ അവഗണിക്കപ്പെട്ടു. ഒടുവിൽ നേരത്തേ പിന്നാക്കക്കാരനായ കല്യാൺസിങ്ങിനെ ബി.ജെ.പി ഒതുക്കിയവിധം അറിഞ്ഞിട്ടും യോഗിയെ കേന്ദ്രം കെട്ടിയിറക്കിയപ്പോൾ പിന്നാക്കക്കാർ പ്രതീക്ഷയർപ്പിച്ചു. എന്നാൽ, 'കാവിയുടുത്ത സന്യാസിവര്യൻ' തികഞ്ഞ 'ഠാകുർവാദി'യായി മാറുന്നതു കണ്ടപ്പോൾ അവർക്കു സഹിച്ചില്ല. അതാണ് 2019 ലെ ധർണയായി പുറത്തുവന്നത്. തെരഞ്ഞെടുപ്പിൽ ഇതിനു പകവീട്ടുമെന്നു പിന്നാക്കവിഭാഗം നേതാക്കൾ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, ജാതിപ്രശ്നത്തെ അയോധ്യ, മഥുര പോലുള്ള മതവർഗീയ കാർഡുകൊണ്ടു മറച്ചുകളയാനാണ് ബി.ജെ.പി ശ്രമിച്ചത്. അത് അത്ര എളുപ്പമല്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
സംഘ്പരിവാറിന്റെ ഹിന്ദുത്വ തത്ത്വശാസ്ത്രം സവർണ ബ്രാഹ്മണ വരേണ്യവിഭാഗത്തിന്‍റെ അധികാരവാഴ്ചക്കുള്ള ഉപാധി മാത്രമാണെന്ന വിചാരധാര അവർ നേരത്തേ വ്യക്തമാക്കിയതാണ്. അതു മറച്ചുപിടിച്ച് അധികാരം വെട്ടിപ്പിടിക്കാനായി എല്ലാവരെയും ഹിന്ദു എന്ന സാംസ്കാരികവംശീയതയുടെ കുടക്കീഴിൽ അണിനിരത്തുന്നുവെന്നും അവരുടെ അഭ്യുദയമാണ് ലക്ഷ്യമെന്നും സംഘ്പരിവാർ അവകാശപ്പെടാറുണ്ട്. എന്നാൽ, സവർണബ്രാഹ്മണ്യതയുടെ ജനിതകവൈകല്യത്തിൽനിന്ന് അതിനു മുക്തമാകാൻ കഴിയില്ല എന്നുറപ്പിക്കുന്നതാണ് സന്യാസി മുഖ്യമന്ത്രിയായ യു.പിയിലെ ബി.ജെ.പി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വരതയുടെ ശീട്ടുകീറി 'ഹിന്ദു ഏകീകരണ'ചീട്ടുമായി അധികാരത്തിലേറിയാലും അതും പ്രയോഗത്തിൽ വരുത്താനാവുന്നില്ല എന്നർഥം. ഹിന്ദുത്വവാദത്തിന്‍റെ ദയനീയമായ നിവർത്തികേടും പരാജയവുമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.