നാണംകെട്ട മടക്കം




1953 മാർച്ചിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ബർമീസ്​ പ്രധാനമന്ത്രി യൂ നു, ഇന്ദിര ഗാന്ധി എന്നിവരോടൊത്ത് ഇന്നത്തെ നാഗാലാൻഡ് തലസ്​ഥാനമായ കൊഹിമയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത കഥ രാമചന്ദ്ര ഗുഹ തന്‍റെ 'ഇന്ത്യ ആഫ്റ്റർ ഗാന്ധി' എന്ന പുസ്​തകത്തിൽ വിവരിക്കുന്നുണ്ട്. നാഗാലാൻഡ് സംസ്​ഥാനത്തിനുവേണ്ടിയുള്ള സമരങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. പൊതുയോഗത്തിൽ നെഹ്റു പ്രസംഗിക്കാൻ തുടങ്ങവെ, ആൾക്കൂട്ടം പുറംതിരിഞ്ഞുനിന്ന് തു​ണി​പൊ​ക്കി പൃ​ഷ്​​ഠ​ഭാ​ഗം കാ​ണി​ച്ചു​കൊ​ണ്ട് കൂ​ട്ട​ത്തോ​ടെ പി​രി​ഞ്ഞു​പോ​യി. നാഗാ പ്രക്ഷോഭകാരികളെ കാണാനും അവരുടെ നിവേദനം സ്വീകരിക്കാനും നെഹ്റു സന്നദ്ധമാകാത്തതിലെ പ്രതിഷേധമായിരുന്നു അത്. ഇന്ത്യൻ പ്രധാനമന്ത്രിമാർ നേരിടേണ്ടി വന്ന ജനകീയ പ്രതിഷേധത്തിന്‍റെ ഏറ്റവും പ്രഹരശേഷിയുള്ള അധ്യായമായി ആ സംഭവം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.ഒരു പക്ഷേ, അതിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി നേരിടേണ്ടി വന്ന ഏറ്റവും രൂക്ഷമായ രോഷപ്രകടനത്തിനായിരിക്കും പഞ്ചാബിലെ ഫിറോസ്​പുർ ബുധനാഴ്ച സാക്ഷ്യംവഹിച്ചത്​. ഏകഛത്രാധിപതിയെപ്പോലെ നാടുവാണുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രനേതാവിന്​ തന്‍റെ രാജ്യത്തിലെ ഒരു സംസ്​ഥാനത്ത് പൊതുയോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതെ തിരിച്ചുപോരേണ്ടി വരുകയെന്നത് നിശ്ചയമായും വലിയ നാണക്കേടാണ്.

നരേ​ന്ദ്ര മോദിക്കുനേരെ പഞ്ചാബിലുണ്ടായ പ്രതിഷേധം അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ടതല്ല എന്ന് എല്ലാവർക്കുമറിയാം. കർഷകരുമായി കൂടിയാലോചിക്കാതെ, ആവശ്യമായ ചർച്ചകളേതും നടത്താതെ മൂന്ന് കർഷക ബില്ലുകൾ ഏകപക്ഷീയമായി പാസാക്കിയ അന്നു മുതൽ പഞ്ചാബ് അടക്കമുള്ള പ്രദേശങ്ങളിലെ കർഷകർ വലിയ സമരത്തിലായിരുന്നു. ഒരു വർഷം നീണ്ട ഐതിഹാസിക കർഷക പ്രക്ഷോഭത്തിനാണ് രാജ്യം പിന്നീട് സാക്ഷ്യംവഹിച്ചത്. സമരത്തെ ഞെക്കിക്കൊല്ലാനും നക്കിക്കൊല്ലാനുമുള്ള സർവ ഉപായങ്ങളും കേന്ദ്ര സർക്കാർ സകല ശക്തിയുമെടുത്ത്​ പ്രയോഗിച്ചുനോക്കി. പക്ഷേ, കീഴടങ്ങുകയല്ലാതെ തരമില്ലായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ബില്ലുകൾ പിൻവലിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചു. ജനകീയ സമരങ്ങൾക്ക് മുന്നിൽ ഏത് ഏകാധിപതികൾക്കും ഒരുനാൾ കീഴടങ്ങേണ്ടി വരും എന്ന സന്ദേശം നൽകുന്നതായിരുന്നു അത്. മോദി–അമിത് ഷാ സഖ്യത്തിന്‍റെ മസ്​തകത്തിലേറ്റ കനത്ത പ്രഹരം.

എഴുന്നൂറോളം കർഷകർക്കാണ് ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭ കാലത്ത് ജീവൻ നഷ്​ടമായത്. അതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പുറത്തറിഞ്ഞ ഒരു വിവരം കർഷകരെ വീണ്ടും രോഷം കൊള്ളിച്ചു. മുൻ ബി.ജെ.പി നേതാവും മേഘാലയ ഗവർണറുമായ സത്യപാൽ മാലിക് കർഷക സമരകാലത്ത് മോദിയുമായി താൻ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടതോടെയാണത്​. ഇത്രയും ആളുകൾ മരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ 'അവർ എനിക്ക് വേണ്ടിയാണോ മരിച്ചത്' എന്ന് മോദി തിരിച്ചു ചോദിച്ചുവെന്ന വിവരമാണ് സത്യപാൽ മാലിക് പുറത്തുവിട്ടത്. അങ്ങേയറ്റം ധിക്കാരത്തോടെയും പുച്ഛത്തോടെയുമായിരുന്നു അന്ന് മോദി മാലികിനോട് പെരുമാറിയത്. ഈ വാർത്ത പുറത്തുവന്നപ്പോൾ തന്നെ കർഷകർക്കിടയിൽ മോദിയോട് കടുത്ത അമർഷം ഉടലെടുത്തിരുന്നു. അതിന്‍റെ പ്രകടനമാണ് ബുധനാഴ്ച വഴിതടയലിൽ കണ്ടത്. ഭട്ടിൻഡ വിമാനത്താവളത്തിൽ ഇറങ്ങിയ മോദി ഹെലികോപ്ടർ വഴി ഫിറോസ്​പുരിലേക്ക് പോകാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാൽ, കാലാവസ്​ഥ പ്രതികൂലമായതിനാൽ റോഡ് യാത്ര തിരഞ്ഞെടുക്കുകയായിരുന്നു. ഫിറോസ്​പുരിലെ യോഗവേദിയിലേക്കുള്ള വഴിയിൽ ഒരു ഫ്ലൈ ഓവറിന് മുകളിലാണ് മോദിക്ക് യാത്ര അവസാനിപ്പിക്കേണ്ടി വന്നത്. ഫ്ലൈ ഓവറിന്‍റെ മറുതലക്കൽ വൻജനക്കൂട്ടം പ്രതിഷേധവുമായി ഒത്തുചേരുകയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി പഞ്ചാബിൽ നടക്കുന്ന ഗോ ബാക്ക് മോദി കാമ്പയിനിന്‍റെ ബഹിർസ്​ഫുരണമായിരുന്നു വഴി തടയൽ.

പ്രധാനമന്ത്രിയുടെ യാത്ര മുടങ്ങിയതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തിൽ പഞ്ചാബ് സർക്കാർ ഒരു പരിഗണനയും നൽകിയില്ല എന്ന വൈകാരിക പ്രചാരണമാണ് അവർ ആരംഭിച്ചിരിക്കുന്നത്. പരിപാടിയിൽ ആളുകുറഞ്ഞതുകൊണ്ടാണ് മോദി തിരിച്ചു പോയത് എന്ന വാദമാണ് കോൺഗ്രസ്​ ഉന്നയിക്കുന്നത്. ആളു കുറഞ്ഞതുകൊണ്ടാണെങ്കിലും ആളുകൾ തടഞ്ഞതുകൊണ്ടാണെങ്കിലും പ്രധാനമന്ത്രിക്ക് നാണംകെട്ട്​ തിരിച്ചുപോവേണ്ടി വന്നുവെന്നത് യാഥാർഥ്യമാണ്.

പെേട്രാൾ വില വർധനവിനെതിരെയുള്ള ജനകീയ പ്രതിഷേധത്തെ തുടർന്ന് കസാഖ്​സ്​താനിൽ പ്രസിഡന്‍റിന്​ കാബിനറ്റ് തന്നെ പിരിച്ചുവിടേണ്ടി വന്ന സംഭവം ഉണ്ടായത് ബുധനാഴ്ചയാണ്. ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാൻ സാധ്യമല്ല എന്ന സന്ദേശമാണ് ഇതെല്ലാം നൽകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏതു ജനകീയ അമർഷത്തെയും ജനവിരുദ്ധ നിലപാടുകളെയും വർഗീയതകൊണ്ട് മറികടക്കാൻ കഴിയുമെന്ന ആത്്മവിശ്വാസം ബി.ജെ.പിക്കുണ്ട്. ഉത്തരേന്ത്യയിലെ ഹിന്ദു പൊതുബോധത്തെ ആ മട്ടിൽ മാറ്റിയെടുക്കുന്നതിൽ ഒരു പരിധിവരെ സംഘ്​പരിവാർ വിജയിച്ചിട്ടുണ്ട്. മുസ്​ലിം വിരുദ്ധതയും ഉന്മാദ ദേശീയതയും ഉണർത്തി ജനകീയ അമർഷങ്ങളെ ഇല്ലാതാക്കാനായിരിക്കും അവർ ഇനിയും ശ്രമിക്കുക. ജനാധിപത്യവാദികൾ കൂടുതൽ കരുതലോടെ പ്രവർത്തിക്കേണ്ട നാളുകളാണ് വരാൻപോകുന്നത്.

Tags:    
News Summary - Jan 6th editorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT