ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശം നിഷേധിക്കപ്പെടുേമ്പാൾ ഇടപെടാൻ മടിക്കുന്ന ജുഡീഷ്യറി; മുത്തശ്ശിക്ക് അത്യ ാവശ്യ മരുന്നുവാങ്ങാൻവേണ്ടി ഡൽഹിക്ക് വിമാനം കയറേണ്ടിവന്ന കശ്മീരിയെപ്പോലുള്ള പതിനായിരങ്ങളുടെ അവസ്ഥ കണ്ട ില്ലെന്നു നടിക്കുന്ന ഇന്ത്യൻ മെഡിക്കൽ അസോസിേയഷൻ (െഎ.എം.എ); മാധ്യമ സ്വാതന്ത്ര്യം അപകടത്തിലായ നിർണായക സന്ദർഭ ത്തിൽ ആ സ്വാതന്ത്ര്യത്തിനായി പോരാടാൻ നിയമപരമായി ബാധ്യസ്ഥമായിട്ടും വിലക്കിന് പിന്തുണ നൽകുന്ന പ്രസ് കൗൺസ ിൽ ഒാഫ് ഇന്ത്യ -കശ്മീരല്ല, ഇന്ത്യതന്നെ കടുത്ത വിപത്തിെൻറ തൊട്ടുമുന്നിലാണെന്ന് തെളിയിക്കുന്ന ഇൗ മൂന്ന് ഉദാഹരണങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം ഞെട്ടലോടെയാണ് കണ്ടത്.
ജനങ്ങളുടെ രക്ഷക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളേണ്ട സ്ഥാപനങ്ങൾതന്നെ ആ പവിത്രലക്ഷ്യം മറക്കുന്നത് രാഷ്ട്രസ്വാതന്ത്ര്യത്തിെൻറയും ജനാധിപത്യത്തിെൻറയും അടിത്തറകൾ ഉരുൾപൊട്ടിയാലെന്നപോലെ കീഴ്മേൽ മറിയുന്ന പ്രതീതിയാണുണ്ടാക്കുക. മൗലിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ ജുഡീഷ്യറിയുടെ നിലപാട് രാജ്യസ്നേഹികളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. ജമ്മു-കശ്മീരിലെ വാർത്തവിനിമയ മേഖല അപ്പാടെ സ്തംഭിപ്പിച്ച സർക്കാർ നീക്കം പൗരാവകാശങ്ങൾക്കുമേലുള്ള ഭരണകൂടത്തിെൻറ അന്യായമായ കടന്നുകയറ്റമാണ്. ഒരു ജനസമൂഹത്തെ മുഴുവൻ കണ്ണും കാതും വായും മൂടി ഇങ്ങനെ ദുരിതത്തിലാക്കിയിട്ട് ആഴ്ചകളോളമായി. ഭരണഘടനാദത്തമായ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതാക്കുക മാത്രമല്ല, മറ്റനേകം അനുബന്ധസേവനങ്ങൾ ലഭ്യമല്ലാതാക്കുകയും നിത്യജീവിതത്തെ അട്ടിമറിക്കുകയും ചെയ്യുന്നുണ്ടിത്. തന്നെയുമല്ല, യു.എൻ മനുഷ്യാവകാശ കമീഷൻ ചൂണ്ടിക്കാട്ടിയതുപോലെ ഇത് നിയമവിരുദ്ധമായ കൂട്ടശിക്ഷയുമാണ്.
കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ഇൗ സമ്പൂർണ നിരോധനത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതിയിലെത്തി. സർക്കാർ ചെയ്തിയുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നതിനു പകരം കോടതി, സർക്കാറിന് നോട്ടീസ് നൽകുകപോലും ചെയ്യാതെ അവർക്ക് ‘കൂടുതൽ സമയം’ അനുവദിക്കുകയും കേസ് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതംപോലും വരിഞ്ഞുകെട്ടിയപ്പോൾ ആശ്വാസമാകേണ്ടിയിരുന്ന ജുഡീഷ്യറി ഇതുവഴി എന്തു സന്ദേശമാണ് നൽകുന്നത്? െഎ.എ.എസിൽനിന്ന് രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഷാ ഫൈസലിനെ തടങ്കലിലിട്ടപ്പോൾ ഡൽഹി ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയെത്തി. പൗരാവകാശവുമായി ബന്ധപ്പെട്ട അടിയന്തര സ്വഭാവമുള്ള ഇൗ ഹരജിയും പത്തു ദിവസം കഴിഞ്ഞ് നോക്കാമെന്നു പറഞ്ഞ് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് ഇത്തരമൊരു നിലപാട് കൈക്കൊണ്ടതിെൻറ പേരിൽ സുപ്രീംകോടതി ഏറെ വിമർശനം നേരിട്ടതാണ്. അന്ന് എടുത്ത നിലപാട് തെറ്റായിപ്പോയെന്ന് സുപ്രീംകോടതിതന്നെ 2017ൽ ഏറ്റുപറയുകയും ചെയ്തതാണ്.
‘ലാൻസറ്റ്’ എന്ന അന്താരാഷ്ട്ര ആരോഗ്യ മാഗസിനെതിരായ െഎ.എം.എയുടെ പ്രതികരണം ആ സംഘടനക്കോ രാജ്യത്തിനോ അഭിമാനകരമായില്ല. കശ്മീർ ജനത നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്നങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചും സർക്കാറിെൻറ അവകാശവാദങ്ങളെ ചോദ്യംചെയ്തും ‘ലാൻസറ്റ്’ എഡിറ്റോറിയലെഴുതിയത് െഎ.എം.എയെ ചൊടിപ്പിച്ചു. സംഘർഷ മേഖലകളിലെ ജനങ്ങളനുഭവിക്കുന്ന പ്രയാസങ്ങളെപ്പറ്റി അവർ എഴുതുന്നത് ഇതാദ്യമല്ല. കശ്മീരിെൻറ കാര്യത്തിൽ ഇന്ത്യയുടെയും പാകിസ്താെൻറയും നയങ്ങളെ അവർ വിമർശിക്കാറുണ്ട്. ഇപ്പോൾ ഇതിനെ ഇന്ത്യയുടെ കാര്യങ്ങളിലുള്ള ഇടപെടലായി കാണുന്ന െഎ.എം.എ, തങ്ങൾ പറയേണ്ടത് പറയാത്തപ്പോഴാണ് പുറത്തുള്ളവർ ‘ഇടപെടുന്ന’തെന്നെങ്കിലും തിരിച്ചറിയണം. ഡോക്ടർ ബിനായക്സെൻ അന്യായ തടങ്കലിലായപ്പോഴോ ഡോക്ടർ പായൽ താഡ്വി ജാതി പീഡനം കാരണം ആത്മഹത്യ ചെയ്തപ്പോഴോ ആശങ്ക തോന്നാത്തവർക്ക് ഇപ്പോൾ കശ്മീരിലെ സാധാരണക്കാരായ ഇന്ത്യക്കാരുടെ ആരോഗ്യവും പ്രശ്നമാകില്ല. പക്ഷേ, അതിനെപ്പറ്റി എഴുതിയതിന് ‘ലാൻസറ്റിനോടുള്ള മതിപ്പ് ഇന്ത്യയിലെ ഡോക്ടർമാർ ഇതിനാൽ പിൻവലിക്കുന്നു’ എന്നൊക്കെ പ്രതികരിക്കുേമ്പാൾ പരിഹാസപാത്രമാകുന്നത് അറിയണം.
സ്വന്തം കടമ മറന്നും സർക്കാറിെൻറ ചെയ്തികളെ ന്യായീകരിക്കാനിറങ്ങിയ മറ്റൊരു സംഘടനയാണ് പ്രസ് കൗൺസിൽ ഒാഫ് ഇന്ത്യ. കശ്മീരിലെ വാർത്തവിലക്കിനെതിരെ ആദ്യം രംഗത്തിറങ്ങേണ്ടിയിരുന്നത് അവരാണ്. കാരണം, പാർലമെൻറിെൻറ കൽപനപ്രകാരം നിലവിൽവന്ന പ്രസ് കൗൺസിലിെൻറ സംസ്ഥാപന ലക്ഷ്യംതന്നെ മാധ്യമങ്ങൾക്കുനേരെ അധികൃതരിൽനിന്നുണ്ടാകാവുന്ന തടസ്സങ്ങൾ ഇല്ലാതാക്കി സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതാണ്. അതിെൻറ അധ്യക്ഷനായ ജസ്റ്റിസ് സി.കെ. പ്രസാദിന് മുമ്പാകെ വാർത്തവിലക്ക് പ്രശ്നം അംഗങ്ങൾ ഉന്നയിച്ചിട്ടും ഇടപെട്ടില്ലെന്നു മാത്രമല്ല, ‘കശ്മീർ ടൈംസ്’ എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ അതിനെ ദുർബലപ്പെടുത്തുന്ന വാദങ്ങളോടെ കക്ഷിചേരാൻ മുതിരുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങൾക്കുമേലുള്ള നിയന്ത്രണം രാജ്യത്തിെൻറ പരമാധികാരത്തിനും അഖണ്ഡതക്കും ആവശ്യമാണെന്ന കൗൺസിലിെൻറ നിലപാടിൽ ഏറ്റവും മുരത്ത സ്വേച്ഛാധിപത്യത്തിെൻറ സ്വരമാണ് പ്രതിധ്വനിക്കുന്നത്. കൗൺസിലിൽ ഇതിനെക്കുറിച്ച ആേലാചനയോ ചർച്ചയോ നടന്നിട്ടില്ലെന്ന് ജയശങ്കർ ഗുപ്ത, സി.കെ. നായക് തുടങ്ങിയ അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ് കൗൺസിൽ മാധ്യമ വിലക്കിനെ പിന്താങ്ങുേമ്പാഴും മൗലിക സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തിനെതിരെ കവചമാകേണ്ട ജുഡീഷ്യറി അക്കാര്യത്തിൽ ഉദാസീനത പുലർത്തുേമ്പാഴും ഒാർമിക്കാനുള്ളത് ഒരു കാര്യമാണ്: സർക്കാറല്ല രാജ്യം; സർക്കാർ നയങ്ങളല്ല, ജനക്ഷേമമാണ് പരമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.