ആമൂലാഗ്രം അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫ് സര്‍ക്കാറിനെ പുറന്തള്ളി നാലര മാസംമുമ്പ് ഇടതു ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റുമ്പോള്‍ ജനങ്ങള്‍ വെച്ചുപുലര്‍ത്തിയ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല എന്ന് നിഷ്പക്ഷമതികള്‍ക്ക് തോന്നിത്തുടങ്ങിയ ഘട്ടത്തിലാണ് ബന്ധുനിയമന വിവാദത്തില്‍പെട്ട് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ മന്ത്രിസഭക്ക് മൊത്തം കളങ്കം വരുത്തിവെച്ചിരിക്കുന്നത്. അഞ്ചുകൊല്ലം കാത്തിരുന്നു കിട്ടിയ അധികാരം ആക്രാന്തത്തോടെ വ്യവസായമന്ത്രി സ്വജനപക്ഷപാതത്തിനായി ദുരുപയോഗം ചെയ്യുകയാണെന്ന വര്‍ത്തമാനം ഇടതു സര്‍ക്കാറിന്‍െറ പ്രതിച്ഛായ മോശമാക്കിയെന്ന് മാത്രമല്ല, നേരെചൊവ്വേ ചിന്തിക്കുന്നവരെ കടുത്ത നിരാശയിലകപ്പെടുത്തുകയും ചെയ്തു. അധികാരത്തിന്‍െറ അമരത്ത് എത്തിയതില്‍പിന്നെ, മുഖ്യമന്ത്രി പിണറായി വിജയന്‍ അനുവര്‍ത്തിച്ചുപോന്ന കര്‍ക്കശ നിലപാടും ജനക്ഷേമം മുന്‍നിര്‍ത്തി നടപ്പാക്കാന്‍ തുടങ്ങിയ വിവിധ പദ്ധതികളും കേരളത്തിന്‍െറ തലയിലെഴുത്ത് തിരുത്തിയെഴുതാന്‍ നിമിത്തമാകുമെന്ന് ജനങ്ങളില്‍ ശുഭാപ്തി വളരുന്നതിനിടയിലാണ് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും ലജ്ജിപ്പിക്കുന്ന കഥകള്‍ പുറത്തുവന്നത്. ബാര്‍കോഴയിലും സോളാര്‍ തട്ടിപ്പിലുമൊക്കെ പേര് ഉയര്‍ന്നുവന്ന യു.ഡി.എഫ് മന്ത്രിമാരില്‍നിന്ന് ഒരുനിലക്കും വ്യത്യസ്തരല്ലല്ളോ ഇവര്‍ എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുന്ന നൈരാശ്യം സംശുദ്ധരായ രാഷ്ട്രീയനേതൃത്വത്തിലുള്ള വിശ്വാസംപോലും ഇല്ലാതാക്കിയേക്കും.
ഒരു കമ്യൂണിസ്റ്റ് നേതാവിനെ സംബന്ധിച്ചിടത്തോളം അധികാരം അടിസ്ഥാനവര്‍ഗത്തിന്‍െറ മോചനപ്രക്രിയയുടെ വഴിയിലെ ശക്തമായ ആയുധമാണെന്നാണ് ഇതുവരെ കരുതിപ്പോന്നത്. ബന്ധുക്കളെയും സ്വന്തക്കാരെയും കൊഴുപ്പിക്കാനും സുഖിപ്പിക്കാനുമുള്ള ഉപാധിയായി അതിനെ ചൂഷണം ചെയ്യുമ്പോള്‍ അത് നോക്കിനില്‍ക്കാതെ, അത്തരക്കാരെ ചെവിക്കുപിടിച്ച് പുറത്താക്കാന്‍ പാര്‍ട്ടി നേതൃത്വവും മുഖ്യമന്ത്രിയും ആര്‍ജവം കാണിക്കുമെന്നുതന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശുഷ്കിച്ചുവരുകയും ഭരണസ്വാധീനം ത്രിപുര, കേരളം എന്നീ രണ്ടു സംസ്ഥാനങ്ങളില്‍ ഒതുങ്ങുകയും ചെയ്ത ഈ പ്രതിസന്ധിഘട്ടത്തില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുകയും ദുഷ്പേര് വിളിച്ചുവരുത്തുകയും ചെയ്യുന്ന നേതാക്കള്‍ക്കെതിരെ മുഖംനോക്കാതെ നടപടി എടുക്കാന്‍ സി.പി.എം കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടാതിരിക്കില്ല. വിജിലന്‍സിന്‍െറ ത്വരിത പരിശോധനാ നിര്‍ദേശം അധികാരത്തില്‍ തുടരാന്‍ ജയരാജനെ അയോഗ്യനാക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും മാറിനില്‍ക്കുകയേ നിര്‍വാഹമുള്ളൂ.
സ്വജനപക്ഷപാതം ഏതെങ്കിലുമൊരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ളെന്നും പല നേതാക്കളുടെയും ബന്ധുക്കള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ മര്‍മപ്രധാന പദവികളില്‍ ഇരിപ്പിടം തരപ്പെടുത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ തെളിയുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മന്ത്രിമാര്‍ക്ക് വ്യക്തമായ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. നിയമനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അഴിമതിയുടെ കറപുരളാത്ത വ്യക്തികളെ കണ്ടത്തെി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കണമെന്നും സദ്ഭരണമാണ് ആത്യന്തിക ലക്ഷ്യമെന്നൊക്കെ ഓര്‍മപ്പെടുത്തിയതാണ്. പാലക്കാട് ചേര്‍ന്ന പാര്‍ട്ടി പ്ളീനത്തിലും ‘ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലക്ക് ഓരോ പാര്‍ട്ടി അംഗത്തെയും സമൂഹവും നാട്ടുകാരും വിലയിരുത്തുന്നുണ്ട്’ എന്ന തിരിച്ചറിവ് വേണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. എന്നാല്‍, അധികാരസോപാനത്തില്‍ കാലെടുത്തുവെക്കുമ്പോഴേക്കും എല്ലാതരം ആശയപ്രതിബദ്ധതകളും കൈവെടിഞ്ഞ് കുടുംബമെന്ന കൊച്ചുലോകത്ത് സ്വയം ചെറുതായിപ്പോകുന്ന ദുരന്തം നാട്ടിന്‍െറകൂടി ദുരന്തമാണ്.
ഈ അനുഭവം പാഠമായി എടുത്ത് തിരുത്തല്‍നടപടികളുമായി മുന്നോട്ടുപോവാന്‍ മന്ത്രിസഭ താമസംവിനാ തീരുമാനമെടുത്തത് നല്ലതിന്‍െറ ലക്ഷണമാണ്. നിയമനങ്ങളില്‍ സ്വജനപക്ഷപാതം തടയാന്‍ നിയമനിര്‍മാണം നടത്താനും സ്വജനപക്ഷപാതം നടന്നതായി ആക്ഷേപമുയര്‍ന്ന സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചിരിക്കയാണല്ളോ. പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍മാരുടെയും ജനറല്‍ മാനേജര്‍മാരുടെയും നിയമനങ്ങള്‍ വിജിലന്‍സ് ക്ളിയറന്‍സിനുശേഷമേ നടത്താവൂ എന്നതാണ് മറ്റൊരു നല്ല നിര്‍ദേശം. ദേശീയതലത്തിലുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സമിതികളായിരിക്കും പ്രധാനപ്പെട്ട നിയമനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് എന്ന മന്ത്രിസഭയുടെ തീരുമാനവും തെറ്റുതിരുത്താനുള്ള ഒരു സര്‍ക്കാറിന്‍െറ ആര്‍ജവത്തെയാണ് തൊട്ടുകാണിക്കുന്നത്.
ഭരണം കൈയിലത്തെുന്നതോടെ എന്തു തോന്നിയവാസവുമാവാം എന്ന നിലവിലെ രാഷ്ട്രീയസങ്കല്‍പംതന്നെ വേരോടെ പിഴുതെറിയാന്‍ സാധിക്കുമെങ്കില്‍ ഈ സര്‍ക്കാര്‍ എക്കാലവും ഓര്‍മിക്കപ്പെടുക അതിന്‍െറ പേരിലായിരിക്കും. ജയരാജനുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നപ്പോള്‍തന്നെ വിഷയത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് പ്രതികരിക്കാനും ചടുലമായി കാര്യങ്ങള്‍ മുന്നോട്ടുനീക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ജാഗ്രത അഭിനന്ദനീയമാണ്. കളങ്കിതരായ ഒരാളും തന്നോടൊപ്പം നാട് ഭരിക്കാന്‍ ഉണ്ടാവരുത് എന്ന് ദൃഢനിശ്ചയമെടുക്കാന്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ നിമിത്തമാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.