സംസ്ഥാന നിയമസഭയിൽ കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം. മാണിയുടെ നിര്യാണംമൂലം ഒഴിവുവന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, സ്ഥാനാർഥിയെയും ചിഹ്നത്തെയും കുറിച്ച രൂക്ഷമായ ഭിന്നത കേരള കോൺഗ്രസിന് മാത്രമല്ല, അത് ഘടകമായ യു.ഡി.എഫിനും കടുത്ത തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അവസാന നിമിഷം പ്രതിസന്ധിക്ക് പ്രതിവിധി ഉണ്ടായാൽേപാലും പ്രശ്നം അന്തിമമായി പരിഹരിക്കാൻ േപാവുന്നില്ലെന്ന് തീർച്ച. അച്ഛെൻറ അനന്തരാവകാശിയായി പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് സ്വയം അവരോധിതനായ രാജ്യസഭ എം.പി ജോസ് കെ. മാണിയും അനുകൂലികളും ഒരുവശത്തും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് മറുവശത്തുമായി നടക്കുന്ന പോരാട്ടം രാഷ്ട്രീയ സദാചാരത്തിെൻറയും മര്യാദയുടെയും എല്ലാ സീമകളും ലംഘിച്ചാണ് മുന്നേറുന്നത്. യു.ഡി.എഫിൽ ഘടകമാണ് തെൻറ പാർട്ടി എന്നിരിക്കെ, മുന്നണി നിർത്തുന്ന സ്ഥാനാർഥിക്ക് പിന്തുണ നൽകുമെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ, പാർട്ടിയുടെ ചിഹ്നമായ രണ്ടില ഇതിനകം സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ജോസ് ടോമിന് അനുവദിക്കാനാവില്ല എന്നാണ് ജോസഫിെൻറ നിലപാട്.
ജോസ് ടോം നേരത്തേ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടയാളാണെന്നതുകൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായേ കണക്കാക്കാൻ കഴിയൂ എന്നതാണ് ഇതിന് ജോസഫ് നൽകുന്ന ന്യായീകരണം. അതേയവസരത്തിൽ, തനിക്ക് ചിഹ്നമില്ലെങ്കിലും പ്രശ്നമില്ലെന്നും മാണിയാണ് തെൻറ ചിഹ്നമെന്നും ജോസ് ടോം അവകാശപ്പെടുന്നുണ്ടെങ്കിലും പരാജയ സാധ്യത തീരെ തള്ളിക്കളയാനാവില്ലെന്നതിനു പുറമെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാലുള്ള വയ്യാവേലികളെപ്പറ്റിയും ജോസ് കെ. മാണിയും കൂട്ടരും ബോധവാന്മാരാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാകട്ടെ, ഇരുവിഭാഗത്തെയും മുന്നണിയിൽ പിടിച്ചുനിർത്താനുള്ള വ്യഗ്രതയിൽ പല പരിഹാരമാർഗങ്ങളും നിർേദശിക്കുന്നുണ്ടെങ്കിലും തൃപ്തികരമായ പരിണതിയിേലക്കല്ല കാര്യങ്ങൾ നീങ്ങുന്നതെന്ന് വ്യക്തം. ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം കാത്തിരുന്നുകാണാം എന്നതാണ് സമീപനമെങ്കിലും രണ്ടിലൊരു വിഭാഗത്തെ അടർത്തിയെടുക്കാനുള്ള തന്ത്രങ്ങൾ യഥാസമയം പുറത്തെടുക്കാതിരിക്കാൻ കാരണമേതുമില്ല. വിശേഷിച്ചൊരു പ്രശ്നവുമില്ലാതെ പി.ജെ. ജോസഫ് ഗ്രൂപ് എൽ.ഡി.എഫിൽ തുടരുേമ്പാഴായിരുന്നല്ലോ ചിലരുടെ പേരാക്ഷമായ കരുനീക്കങ്ങളാൽ ജോസഫ് ഗ്രൂപ് മുന്നണിവിട്ട് മാണിയുടെ കൂടെ പോവുന്നതും അതുവഴി യു.ഡി.എഫിെൻറ ഭാഗമാവുന്നതും.
കർഷകരുടെ പാർട്ടി എന്നവകാശപ്പെടുന്ന കേരള കോൺഗ്രസ് കൃഷിക്കാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിൽ എന്തു പങ്കാണ് വഹിച്ചത് എന്നത് ഗവേഷണം ചെയ്തു കണ്ടെേത്തണ്ടതാണ്. എന്നാൽ, മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സമുദായത്തിെൻറയും അതിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സഭകളുടെയും താൽപര്യ സംരക്ഷണാർഥമാണ് കേരള കോൺഗ്രസ് അതു നിലവിൽവന്ന അറുപതുകൾ തൊട്ട് പ്രവർത്തിക്കുന്നതെന്നത് അനിഷേധ്യ സത്യം മാത്രം. മതന്യൂനപക്ഷങ്ങൾക്ക് തുല്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ യഥാർഥ ചൈതന്യം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട സമുദായങ്ങൾ രാഷ്ട്രീയമായി സംഘടിക്കുന്നതും വിലപേശുന്നതും തെറ്റാണെന്നു പറയാൻ പറ്റില്ല; ഭരണഘടനാപരമായ അവകാശങ്ങൾ പാടെ നിേഷധിക്കാനുള്ള ഏകപക്ഷീയമായ പ്രവണത ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വിശേഷിച്ചും.
സ്വന്തമായും വേറിട്ടും സംഘടിക്കുന്നത് സെക്കുലർ ഡെമോക്രാറ്റിക് പാർട്ടിക്ക് ഹിതകരമല്ല, ദേശീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കുകയാണ് ന്യൂനപക്ഷങ്ങൾ ചെയ്യേണ്ടതെന്ന സൈദ്ധാന്തിക ചിന്തകൾ പലപ്പോഴും അവതരിപ്പിക്കപ്പെടാറുണ്ടെങ്കിലും പ്രയോഗതലത്തിൽ ആ ദിശയിലുള്ള ശ്രമങ്ങൾ തികഞ്ഞ പരാജയമാണെന്ന് അനുഭവങ്ങൾ തെളിയിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ആ നിലക്ക് മതന്യൂനപക്ഷങ്ങൾക്ക് മതനിരപേക്ഷ പാർട്ടികളുമായി സമരസപ്പെട്ടും ഐക്യപ്പെട്ടും നിലകൊള്ളുന്നേതാടൊപ്പംതന്നെ സ്വന്തമായ അസ്തിത്വവും വ്യക്തിത്വവും കാത്തുസൂക്ഷിക്കാനും ഭരണഘടനാദത്തമായ അവകാശങ്ങൾ നേടിയെടുക്കാനും പ്രത്യേക രാഷ്ട്രീയ കൂട്ടായ്മകളുണ്ടാവുന്നതും അവക്കായി പ്രവർത്തിക്കുന്നതും തെറ്റാണെന്ന് സമ്മതിക്കാനാവില്ല. അങ്ങനെ ചിന്തിക്കുേമ്പാൾ കേരള കോൺഗ്രസിെൻറ ക്രൈസ്തവ പശ്ചാത്തലത്തെ അംഗീകരിക്കാവുന്നതേയുള്ളൂ. രൂപവത്കരണത്തിെൻറ അഞ്ചര പതിറ്റാണ്ടു പിന്നിട്ടിരിക്കെ വർഗീയതാരോപണം പാർട്ടിയുടെ നേരെ ഗൗരവപൂർവം ഉന്നയിക്കപ്പെട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിെൻറ പൊതു ശാപമായിക്കഴിഞ്ഞ മക്കൾ രാഷ്ട്രീയം കേരള കോൺഗ്രസിനെയും ഗ്രസിച്ചതിെൻറ പ്രത്യാഘാതമാണിപ്പോൾ തുടരുന്ന കടിപിടിയുടെയും വടംവലിയുടെയും നാരായവേരെന്ന് ചൂണ്ടിക്കാട്ടാതെ വയ്യ. പിളരുന്തോറും വളരുകയും വളരുംതോറും പിളരുകയും ചെയ്യുന്ന പാർട്ടി എന്ന വിശേഷണം അതിനുത്തരവാദികൾ തന്നെ കൽപിച്ചരുളിയതാണെങ്കിലും ഇത്രത്തോളം നഗ്നമായി അത് മുെമ്പാരിക്കലും അനാവരണം ചെയ്യപ്പെട്ടില്ല എന്നുവേണം കരുതാൻ. ഏക മകന് ലോക്സഭാംഗത്വവും അത് തുടരാനാവാത്ത സാഹചര്യം വന്നാൽ രാജ്യസഭാംഗത്വവും കാലേക്കൂട്ടി ഉറപ്പാക്കിയാണ് കെ.എം. മാണി വിടപറഞ്ഞത്. തന്മൂലം ഒഴിവുവന്ന നിയമസഭ സീറ്റും തെൻറ ജീവിതപങ്കാളിക്കു തന്നെ വേണമെന്ന പുത്രെൻറ വാശി, ഒപ്പം പാർട്ടിയുടെ സാരഥ്യം കൂടി ലഭിക്കണമെന്ന ശാഠ്യം, അക്കാര്യത്തിനുപോലും ഒരൽപവും കാത്തിരുന്നുകൂടെന്ന കാർക്കശ്യം- ഇതെല്ലാമാണ് പ്രശ്നത്തെ സങ്കീർണമാക്കിയതെന്ന് വ്യക്തമാണ്. ആദ്യലക്ഷ്യം തൽക്കാലം മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച ചെയർമാൻ പി.ജെ. ജോസഫ് പക്ഷേ, രണ്ടാമത്തെ ലക്ഷ്യം പരാജയപ്പെടുത്തുന്നതിലും അതാവർത്തിക്കുമെന്നുറപ്പിക്കാൻ അനുവദിക്കുന്നതല്ല സാഹചര്യം. പകരം ഒരു പിളർപ്പിനെക്കൂടി അനിവാര്യമാക്കിത്തീർക്കുന്നതാണ് സംഭവങ്ങളുടെ ഗതി. യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ മനസ്സിരുത്തിയാൽ ഈ അധാർമിക രാഷ്്ട്രീയക്കളികളെ നിയന്ത്രിക്കാനാവുമെങ്കിലും അവരതിന് മുതിരാത്തത് താൽക്കാലിക നേട്ടങ്ങൾ മുന്നിൽ കണ്ടാണെന്ന് തിരിച്ചറിയാവുന്നതേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.