മാർത്താണ്ഡം കായൽ പാടശേഖരം ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ സ്ഥാപനമായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ലേക് പാലസിനുവേണ്ടി അനധികൃതമായി ൈകയേറുകയും നികത്തുകയും ചെയ്തുവെന്ന ആലപ്പുഴ കലക്ടർ ടി.വി. അനുപമയുടെ ഇടക്കാല റിപ്പോർട്ട് പുറത്തുവന്നപ്പോൾ അദ്ദേഹത്തിെൻറ പ്രതികരണം ൈകയേറ്റം തെളിഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്നായിരുന്നു. തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണവും അതോടൊപ്പം ഉന്നയിച്ചു. ഇപ്പോഴിതാ കലക്ടറുടെ അന്തിമ റിപ്പോർട്ട് സർക്കാറിനു മുന്നിൽ സമർപ്പിച്ചിരിക്കുന്നു; ൈകയേറ്റം നടന്നുവെന്നതിന് വ്യക്തമായ തെളിവുകളോടെ. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കായൽ ൈകയേറി റോഡ് നിർമിച്ചിട്ടുണ്ടെന്നും സർക്കാർ ഉടമസ്ഥതയിലുള്ള പാടം നികത്തിയിട്ടുണ്ടെന്നും രേഖകളിലൂടെയും ഉദ്യോഗസ്ഥ റിപ്പോർട്ടുകളിലൂടെയും സ്ഥിരീകരിക്കുന്നതാണ് കലക്ടർ അനുപമയുടെ സമഗ്ര റിപ്പോർട്ട്. മന്ത്രിയുടെ സ്ഥാപനത്തിനെതിരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശിപാർശ ചെയ്താണ് അവർ തെൻറ കെണ്ടത്തലുകൾ അവസാനിപ്പിക്കുന്നത്. ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ അവരുടെ കെണ്ടത്തലുകൾ ഏറെ സുപ്രധാനമാകും.
സർക്കാറിെൻറ പ്രതിച്ഛായക്കു മങ്ങലേൽപിക്കുന്ന വിവാദം തീർപ്പാക്കാനാകാതെ മുഖ്യമന്ത്രി കുഴങ്ങുമ്പോഴാണ് കൂനിന്മേൽകുരുവായി എ.ജിയും റവന്യൂ മന്ത്രിയും തമ്മിലുള്ള വാക്പോരുകൾ സംഭവിക്കുന്നത്. മൂന്നാർ കൈയേറ്റത്തിനു സമാനമായി മാർത്താണ്ഡം കായൽ കൈയേറ്റവും സി.പി.എം-സി.പി.ഐ പോരായി രൂപാന്തരപ്പെടുകയാണ്. ഭൂമി കൈയേറ്റങ്ങളോട് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും അലസ സമീപനമാെണന്ന തോന്നലുകളെ ബലപ്പെടുത്തും റവന്യൂ മന്ത്രിയുടെ നിർദേശത്തോടുള്ള എ.ജിയുടെ പ്രതികരണം. അധികാരസ്ഥാനീയരും ഭരണകൂടസംവിധാനങ്ങളും സംശയത്തിന് അതീതമാെണന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാർ പരാജയപ്പെടുകയാെണന്ന് തെളിയിക്കുന്നതാണ് മാർത്താണ്ഡം കായൽ വിവാദവും. വഴിവിട്ട നടപടികൾ ഏത് ഉന്നതെൻറ ഭാഗത്തുനിന്നുണ്ടായാലും സർക്കാർ സംരക്ഷണമുണ്ടാകില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പാണ് ഇപ്പോൾ സംശയാസ്പദമായിരിക്കുന്നത്. സർക്കാർ നിലപാടുകൾ വിവേചനരഹിതവും സുതാര്യവുമായിരിക്കണമെന്ന വിശ്വാസത്തിന് ഏൽക്കുന്ന പോറലുകളായി മാറിയിരിക്കുന്നു തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി പുലർത്തുന്ന ദയാപര നിലപാടുകൾ
തോമസ് ചാണ്ടിയുടെ കമ്പനി ഭരണകൂടസഹായങ്ങൾ എല്ലാ സർക്കാറുകളുടെയും കാലത്ത് നേടിയെടുത്തിട്ടുണ്ടെന്ന് ലഭ്യമായ വിവരങ്ങൾവെച്ചു നിസ്സംശയം പറയാനാകും. പാടം നികത്തി വിവാദമായ റോഡ് ടാറിട്ടിരിക്കുന്നത് കോൺഗ്രസിെൻറയും സി.പി.ഐയുടെയും എം.പിമാരുടെ ഫണ്ട് ഉപയോഗിച്ചാണ്. 18 കെട്ടിടങ്ങൾക്ക് ചുമത്തിയിരുന്ന നികുതിയുടെ മൂന്നിലൊന്ന് റദ്ദാക്കാൻ ഒത്താശചെയ്തത് യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ്. സൂക്ഷ്മപരിശോധനകളില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അവരുടെ അധികാരവും ഫണ്ടും പാർട്ടി ഭേദമന്യേ ഉദാരമായി സമ്പന്നരുടെ ആവശ്യങ്ങളെ സാക്ഷാത്കരിക്കാൻ ഉപയോഗിക്കുന്നുവെന്ന വസ്തുതയും ഈ വിവാദം പുറത്തുകൊണ്ടുവരുന്നുണ്ട്. ഉദ്യോഗസ്ഥർ പലപ്പോഴും ഇവരുടെ മാപ്പുസാക്ഷികളോ നടത്തിപ്പുകാരോ ആെണന്നും വെളിപ്പെടുന്നു. ഇത്രയേറെ പൊതുജനശ്രദ്ധയിൽ ഉണ്ടായിട്ടും കൈനകരി വില്ലേജ് ഓഫിസറുടെ പ്രധാന കണ്ടെത്തലുകൾ പൂഴ്ത്തിവെച്ച റിപ്പോർട്ടാണ് ലാൻഡ് റവന്യൂ തഹസിൽദാർ കലക്ടർക്കു മുന്നിൽ സമർപ്പിച്ചത്. 2011ൽ അന്നത്തെ തഹസിൽദാർ നൽകിയ റിപ്പോർട്ടിനും വിരുദ്ധമായിരുന്നു അത്. ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ട് കാണാതായ ഫയലുകൾ കഴിഞ്ഞ ദിവസം തിരിച്ചെത്തിയെങ്കിലും രേഖകളിൽ നിർബന്ധമായും വേണ്ട വസ്തുവിെൻറ ആധാരം, കരംതീർത്ത രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവെയാന്നും ഇപ്പോഴും ലഭ്യമല്ല. റവന്യൂരേഖകൾ നശിപ്പിച്ചശേഷമാണ് ഫയലുകൾ കൊണ്ടുെവച്ചതെന്ന സംശയം ബലപ്പെടുത്തുന്നു ഫയലിൽനിന്ന് കീറിയെടുത്തതെന്ന് വ്യക്തമാക്കുന്ന ഭാഗങ്ങൾ.
2008നുശേഷമുള്ള നികത്തലുകൾ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമമനുസരിച്ച് അനധികൃതമാണ്. അടിസ്ഥാന നികുതി രജിസ്റ്ററിെല (ബി.ടി.ആർ) ഭൂമിയുടെ ഇനം മാറ്റാനുള്ള അധികാരം ഒരു നിയമത്തിലും വ്യവസ്ഥചെയ്തിട്ടില്ല. ഇതനുസരിച്ച് മാർത്താണ്ഡം കായലിൽ നടന്നത് നിയമവിരുദ്ധ പ്രവൃത്തികളും കൈയേറ്റവുമാണ്. കൂടാതെ, തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ ആലപ്പുഴ കൈനകരി മാത്തൂർ ഭഗവതി ദേവസ്വം ബോർഡ് ഭൂമി കൈയേറിയെന്ന ദേവസ്വം പരാതിയിലും ലാൻഡ് ബോർഡ് അന്വേഷണത്തിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശ്വാസ്യത തിരിച്ചുപിടിക്കാനുള്ള നടപടികൾ മുഖ്യമന്ത്രിയിൽനിന്ന് വേഗത്തിലുണ്ടായില്ലെങ്കിൽ സർക്കാർ കൂടുതൽ അപഹാസ്യതയിലേക്കാണ് കൂപ്പുകുത്തുക. റവന്യൂമന്ത്രിയും എ.ജിയും തമ്മിലുള്ള പോര് അതിനെ ആളിക്കത്തിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.