കർണാടകയിലെ ഹിജാബ് പ്രശ്നത്തിന്മേൽ ഇന്ത്യയെ വിമർശിച്ച് ട്വീറ്റ് ചെയ്ത യു.എസ് സ്ഥാനപതിയെ തള്ളിക്കൊണ്ട് വിദേശകാര്യ വക്താവ് നടത്തിയ പ്രതികരണം അപ്രതീക്ഷിതമോ അസ്വാഭാവികമോ അല്ല. മതസ്വാതന്ത്ര്യ വിഷയത്തിൽ അമേരിക്കയുടെ രാജ്യാന്തര അംബാസഡറായ റശാദ് ഹുസൈനാണ്, ഹിജാബ് നിരോധനം മതസ്വാതന്ത്ര്യത്തിന്റെ ലംഘനവും സ്ത്രീകൾക്കെതിരായ വിവേചനവുമാണെന്ന മട്ടിൽ കുറിപ്പിട്ടത്. ഇതേപ്പറ്റി മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വിഷയം കോടതിയുടെ പരിഗണനയിലാണെന്നും ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളും ഭരണഘടനയും ഉചിതമായി വിഷയം കൈകാര്യംചെയ്യുമെന്നും പ്രതികരിച്ചു. രാജ്യത്തിനകത്തെ കാര്യങ്ങളെപ്പറ്റിയുള്ള ദുരുപദിഷ്ട പ്രസ്താവനകൾ ആശാസ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യോഗികവും ഔപചാരികവുമായ പ്രതികരണമെന്ന നിലക്ക് ഇങ്ങനെത്തന്നെയാണ് പറയാനാവുക. അതേസമയം, ഔദ്യോഗിക വക്താവിന്റെ പ്രതികരണത്തോട് വിയോജിച്ച് മറുവാദങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കർഷകപ്രക്ഷോഭത്തോട് ഐക്യപ്പെട്ടുള്ള ഹോളിവുഡ് നടി റിയാനയുടെ ട്വീറ്റും മതവിദ്വേഷത്തിനെതിരെ യു.എസ് ഉദ്യോഗസ്ഥന്റെ ട്വീറ്റും യഥാക്രമം വിദേശകാര്യ മന്ത്രിയുടെയും വിദേശകാര്യ വക്താവിന്റെയും പ്രതികരണങ്ങൾക്ക് നിമിത്തമാകുന്നതിനർഥം വിഷയത്തെക്കാൾ പ്രതിച്ഛായയാണ് നമ്മെ ഉത്കണ്ഠപ്പെടുത്തുന്നതെന്നല്ലേ എന്നാണ് ഒന്ന്. വിദേശരാജ്യങ്ങളുടെ ഇടപെടൽ ശരിയല്ലെന്ന വാദം ഇരിക്കെതന്നെ, നാംതന്നെ ഒപ്പുവെച്ചിട്ടുള്ള സാർവലൗകിക മനുഷ്യാവകാശ പ്രഖ്യാപനവും യു.എൻ ചാർട്ടറും ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻകൂടി നമുക്ക് ബാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളിൽ വിദേശത്തുള്ളവർ ഇടപെടരുതെന്ന് പറയുമ്പോഴും, അഭിപ്രായവും വിയോജിപ്പും വിലക്കാനാകില്ലല്ലോ. മുമ്പ് അമേരിക്കയിലെ സിഖുകാർക്കും ഹിന്ദുക്കൾക്കും നേരെ മതവിദ്വേഷവും അക്രമങ്ങളും ഉണ്ടായപ്പോൾ നാം പ്രതികരിച്ചിട്ടുണ്ടുതാനും.
അതേസമയം, സ്വന്തം പൗരന്മാർക്കെതിരെ വിവേചനവും അന്യായവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത അതത് രാജ്യത്തിനുണ്ട്. വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും സാഹചര്യം ഉണ്ടാക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. വിമർശനങ്ങളുടെ മുനയൊടിക്കാൻ അങ്ങനെയാണ് കഴിയുക. നിർഭാഗ്യവശാൽ അടുത്തകാലത്ത് ഇന്ത്യയിലെ സ്ഥിതിഗതികളെപ്പറ്റി രാജ്യാന്തര സംഘടനകളും ആഗോള മാധ്യമങ്ങളും സൗഹൃദ രാജ്യങ്ങൾപോലും വിമർശനമുയർത്തുമ്പോൾ ആത്മപരിശോധനയും തിരുത്തലും നടത്തുന്നതിനു പകരം അവയെ കുറ്റപ്പെടുത്തുകയും നിശ്ശബ്ദരാക്കുകയും ചെയ്യാനാണ് നാം ശ്രമിക്കുന്നത്. ഇതാകട്ടെ വിമർശനം ഇല്ലാതാക്കുകയല്ല, അതിന്റെ മൂർച്ച കൂട്ടുകയും അടിത്തറ ബലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിലെ വിദ്വേഷ അതിക്രമങ്ങളെപ്പറ്റി ഡേറ്റാബേസ് തയാറാക്കിയ സൈറ്റുകൾ തടയപ്പെട്ടത് ഉദാഹരണം. ഭരണപരമായ തിരുത്തലിന് സഹായകമാകുമായിരുന്ന രണ്ടു വെബ്സൈറ്റുകൾ ഇല്ലാതായെങ്കിലും അമേരിക്കയിലെ എഫ്.ബി.ഐ അവരുടേതായ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി: 2020ൽ ഇന്ത്യയിലെ വിദ്വേഷക്കുറ്റങ്ങൾ പതിറ്റാണ്ടിൽവെച്ച് ഏറ്റവും കൂടുതലാണെന്ന് യു.എസിലെ സതേൺ പോവർട്ടി ലോ സെന്റർ അറിയിച്ചു; യു.എസിലെ മേരിലൻഡിലെ ഗ്ലോബൽ ഇൻവെസ്റ്റിഗേറ്റിവ് ജേണലിസം നെറ്റ്വർക്കും ഇന്ത്യയിലെ വിദ്വേഷ ആക്രമണങ്ങളുടെ കണക്ക് പ്രസിദ്ധീകരിച്ചു. ആംനസ്റ്റി ഇന്റർനാഷനൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച്, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്, ജനസൈഡ് വാച്ച് മുതലായ അനേകം സംഘടനകളും പ്രസ്ഥാനങ്ങളും വിവിധ റിപ്പോർട്ടുകളിൽ ഇന്ത്യയിലെ അവസ്ഥ ചൂണ്ടിക്കാട്ടുമ്പോൾ വെറും പ്രസ്താവനകൊണ്ട് അവയെ ചെറുക്കാനാവില്ല. കഴിഞ്ഞദിവസം യു.എസ് കോൺഗ്രസിനുവേണ്ടിയുള്ള ബ്രീഫിങ്ങിൽ ആംനസ്റ്റിയും ജനസൈഡ് വാച്ചും അടക്കം 17 കൂട്ടായ്മകൾ സംഘാടകരായി; നോം ചോംസ്കി അടക്കമുള്ള പ്രമുഖർ വസ്തുതകളും കണക്കുകളുംവെച്ച് ഇന്ത്യയെ വിലയിരുത്തി.
ഇന്ത്യ സ്വന്തം ഭരണഘടനയും പാരമ്പര്യവും തകർക്കുന്നു എന്നാണ് ഇത്തരം 'ഇടപെടലു'കാർ ചൂണ്ടിക്കാട്ടുന്നത്. ഇടപെടലല്ല, മനസ്സാക്ഷിയെ ഉണർത്തലാണ് ലക്ഷ്യമെന്നും അവർ പറയുന്നു. ഭയപ്പെടത്തക്കതായി ഇന്ത്യയിൽ ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്താൻ നമുക്കുതന്നെയാണ് കഴിയുക. അതിന് തിരുത്തലുകളും ഭരണനടപടികളും ആവശ്യമാണ്. അനീതിയും അക്രമവും നടക്കുമ്പോൾ ഇരകൾക്ക് സംരക്ഷണവും അക്രമികൾക്ക് ശിക്ഷയും നൽകുമ്പോഴാണ് നിയമവാഴ്ച ബോധ്യപ്പെടുക. ഹരിദ്വാറിലെ വംശഹത്യാ ആഹ്വാനങ്ങളെയോ മതന്യൂനപക്ഷങ്ങൾക്കെതിരായ പ്രചാരണങ്ങളെയോ അപലപിക്കാൻ ദേശീയതലത്തിൽ ഒരു മന്ത്രിയും ഭരണപക്ഷ നേതാവും മുന്നോട്ടുവന്നില്ലെന്ന് 'ന്യൂയോർക് ടൈംസും' 'വാഷിങ്ടൺ പോസ്റ്റു'മൊക്കെ കുറ്റപ്പെടുത്തുമ്പോൾ, നമ്മുടെ 'ജനാധിപത്യ സംവിധാനങ്ങളെ'ക്കുറിച്ചുള്ള വിദേശകാര്യ വക്താവിന്റെ അവകാശവാദംകൂടി ചോദ്യംചെയ്യപ്പെടുകയാണല്ലോ. തീർച്ചയായും നമ്മുടെ ഭരണഘടനക്കും ജുഡീഷ്യറിക്കും മറ്റു സ്ഥാപനങ്ങൾക്കും നീതിപൂർവകമായ രാജ്യനടത്തിപ്പിനും ആവശ്യമായ തിരുത്തലുകൾക്കും ശേഷിയുണ്ട്. രാഷ്ട്രീയ നേതൃത്വം അതിന് അവയെ അനുവദിക്കണമെന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.