ലോകം കണ്ട അതിഗുരുതരമായ പ്രതിസന്ധി, അതിനെക്കാൾ ഗുരുതരമായ മറ്റൊരു അപൂർവ പ്രതിസന്ധിക്കുള്ള പരിഹാരം സാധ്യമാക്കുമോ? ലോകരാഷ്ട്രങ്ങൾ ഇപ്പോൾ എടുക്കുന്ന തീരുമാനമനുസരിച്ചിരിക്കും അത്. കൊറോണ പ്രതിസന്ധി ചില പാഠങ്ങൾ മനുഷ്യരെ പഠിപ്പിച്ചിട്ടുണ്ട്. ആ പാഠങ്ങൾ കാലാവസ്ഥ പ്രതിസന്ധി മറികടക്കാനുള്ള അവസരം നൽകും. പക്ഷേ, ഇതിന് ഒരു ഉപാധിയുണ്ട്. ആ പാഠങ്ങൾ ശരിയായി മനസ്സിലാക്കാനുള്ള വിവേകവും ജീവിതശൈലി പുനഃക്രമീകരിക്കാനുള്ള ആർജവവും മനുഷ്യരാശി-വിശേഷിച്ച് രാഷ്ട്ര ഭരണകൂടങ്ങൾ-പ്രകടിപ്പിക്കണം. അങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ ലോകത്തെ രക്ഷിക്കാനുള്ള നിർണായക മുഹൂർത്തമായി കോവിഡ് പ്രതിസന്ധി മാറും. കോവിഡ് നമ്മെ പഠിപ്പിച്ച ഒരു പാഠം, ആസന്നമായ വിപത്തിനെപ്പറ്റി ശരിയായ ബോധ്യം വന്നാൽ ജീവിതരീതിയിൽ നാടകീയമാറ്റങ്ങൾ വരുത്താൻ മനുഷ്യരാശിക്കു കഴിയും എന്നതാണ്. കാലാവസ്ഥ ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് കാർബൺ നിർഗമനം പരമാവധി കുറക്കൽ.
എന്നാൽ, ‘സാമ്പത്തിക വികസന’ത്തെ ബാധിക്കുന്ന ഒന്നും പ്രായോഗികമല്ല എന്നായിരുന്നു ഭരണകൂടങ്ങളുടെ പൊതുനിലപാട്. പ്രായോഗികതയുടെ പേരിൽ കുറെ മായംചേർത്താണ് ഒടുവിൽ പാരിസ് ഉടമ്പടി ഉണ്ടാക്കിയത്. അതുപോലും പാലിക്കാനാവാതെ ഇരിക്കുേമ്പാഴാണ് കൊറോണ വൈറസ് വരുന്നതും നിർത്തിവെക്കാൻ ഒരിക്കലും കഴിയില്ലെന്ന് വിചാരിച്ചിരുന്ന വ്യവസായിക പ്രവർത്തനങ്ങൾ രായ്ക്കുരാമാനം അടച്ചുപൂട്ടിയതും. നിർബന്ധിത സാഹചര്യത്തിൽ അതെല്ലാം കഴിയുമെന്ന് ബോധ്യപ്പെടുത്താൻ മഹാമാരി വരേണ്ടിവന്നു. അതിനെക്കാൾ വലിയ നിർബന്ധിത സാഹചര്യമാണ് കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് എന്ന ബോധ്യംകൂടി മനുഷ്യർക്കുണ്ടായാൽ (എങ്കിൽ മാത്രം) പരിഹാരം സാധ്യമാണെന്നതിന് ഇനി തെളിവ് വേറെ വേണ്ട. പരിസ്ഥിതിക്ക് കൊറോണ വഴി ലഭിച്ച ആനുകൂല്യങ്ങളുടെ കണക്കുകൾ ഒരു ശുഭസൂചനയാണ്. 19ാം നൂറ്റാണ്ടിെൻറ മധ്യത്തിൽ, വ്യവസായയുഗം തുടങ്ങിയതോടെയാണ് പരിസ്ഥിതി ദുഷിക്കാനും തുടങ്ങിയത്. 1850ൽ ലോകത്തൊട്ടാകെ വാർഷിക കാർബൺ നിർഗമനം വെറും രണ്ടുകോടി ടൺ ആയിരുന്നു; 2018ൽ അത് 3600 കോടി ടൺ ആയി. വാതകമാലിന്യത്തിൽ വലിയ പങ്ക് സസ്യങ്ങളും സമുദ്രങ്ങളും ആഗിരണം ചെയ്തതിനാലാണ് വലിയ അപകടം ഒഴിവായിരുന്നത്. എന്നാൽ, ഇങ്ങനെ ആവാഹിക്കാനുള്ള ശേഷിക്കുമുണ്ട് ഒരു പരിധി. ആപത്ഘട്ടം എത്തി എന്ന സൂചന രണ്ടുമൂന്ന് പതിറ്റാണ്ടിലെ കണക്കുകൾ നൽകുന്നുണ്ട്. അന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡ് തോത് 2018ൽ 407 പി.പി.എം ആയി; ഈ തോത് ഭൂമി അനുഭവിച്ചിട്ടുള്ളത് 30 ലക്ഷം വർഷം മുമ്പാണ് എന്നത്രേ ശാസ്ത്രജ്ഞരുടെ നിഗമനം. ആഗോളതാപനവും റെക്കോഡ് നിലവാരത്തിലേക്ക് ഉയർന്നു. 1975 മുതൽ കുതിച്ചുയരുന്ന ചൂട് 2015ഓടെ, നൂറുവർഷം മുമ്പത്തേതിനേക്കാൾ ഒരു ഡിഗ്രി സെൽഷ്യസ് വർധിച്ചു. ഈ രോഗാവസ്ഥയിലേക്കാണ് മറ്റൊരു പ്രതിസന്ധിയുടെ വേഷത്തിൽ കൊറോണ എത്തുന്നത്.
ലോക്ഡൗൺ മലിനീകരണത്തോത് നന്നായി കുറച്ചു. വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും വമിക്കുന്നതും ജീവജാലങ്ങളുടെ ശ്വസനവ്യവസ്ഥയെ നശിപ്പിക്കുന്നതുമായ നൈട്രജൻ ഡയോക്സൈഡിെൻറ അളവ് അന്തരീക്ഷത്തിൽ ഗണ്യമായി കുറഞ്ഞതായി യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ‘കോപ്പർ നിക്കസ് സെൻറിനൽ’ ഉപഗ്രഹവും നാസയുടെ ‘ഓറ’ ഉപഗ്രഹവും രേഖപ്പെടുത്തി. നൈട്രജൻ ഡയോക്സൈഡ് മാത്രമല്ല, കാർബൺ ഡയോക്സൈഡും ചൈനയുടെ ആകാശത്ത് ഗണ്യമായ അളവിൽ കുറഞ്ഞതായി വേറെ കണക്കും വന്നിരിക്കുന്നു. എനർജി-ക്ലീൻ എയർ റിസർച് സെൻററിെൻറ പഠനമനുസരിച്ച് ചൈനയുടെ ലോക്ഡൗൺ മൂലം 200 മെഗാടൺ കാർബൺ മാലിന്യമെങ്കിലും അന്തരീക്ഷത്തിൽ കലരാതെ പോയിട്ടുണ്ട്. മലിനീകരണത്തിെൻറ കാൽഭാഗമാണ് ഇങ്ങനെ ഇല്ലാതായത്. ഏഷ്യയിലെയും യൂറോപ്പിലെയും വ്യവസായികനഗരങ്ങളിൽ നല്ലതോതിൽ മലിനീകരണം കുറഞ്ഞു. അമേരിക്കൻ നഗരങ്ങളിലും ഇതുതന്നെ അവസ്ഥ. ഇന്ത്യയിൽ, ഡൽഹിയിൽ വായുമലിനീകരണം 79 ശതമാനം കുറഞ്ഞു. ആഗോളതലത്തിൽതന്നെ ഈ പ്രവണത ഉണ്ടെന്ന് വിവിധ പഠനങ്ങളിൽ കണ്ടു. ആശ്വാസകരമായ ഈ കണക്കുകൾ വീണ്ടും ആശങ്കയുണ്ടാക്കുന്ന തീവ്രമാലിന്യക്കണക്കായി മാറണോ എന്ന് തീരുമാനിക്കേണ്ടത് മനുഷ്യരാണ്. ലോക്ഡൗൺ പതുക്കപ്പതുക്കെ നീങ്ങിത്തുടങ്ങുേമ്പാഴേ ‘സാമ്പത്തിക പ്രവർത്തനങ്ങൾ’ പുനരാരംഭിക്കുന്നതിനെപ്പറ്റി സർക്കാറുകൾ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
സമ്പദ്ഘടന പുനർനിർമിക്കേണ്ടത് ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ആത്മഹത്യാപരമെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞ അമിതോൽപാദനവും തീവ്ര വ്യവസായവത്കരണവും മാത്രമാണ് പോംവഴി എന്ന ചിന്തയിൽ പിശകുണ്ട്. ലക്കുകെട്ട ‘വളർച്ച’ അർബുദാണുവിെൻറ തത്ത്വശാസ്ത്രമാണ്. വളർച്ചയുടെ മാനകമായി മൊത്തം ആഭ്യന്തരോൽപാദനത്തെ (ജി.ഡി.പി) എടുക്കുന്ന രീതി ചൂഷകർക്കും കുത്തകകൾക്കും ഗുണകരമാകാമെങ്കിലും ജനസമൂഹങ്ങൾക്ക് ദോഷമാണ് ചെയ്യുക. ഇതുവരെ പവിത്രമായി കരുതിയ പലതും പൊളിച്ചെഴുതുകയാണ്, മലിനീകരണത്തോത് പഴയപടിയിലേക്ക് വർധിപ്പിക്കാതെ സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള മാർഗം. ഫോസിൽ ഇന്ധനത്തിന്മേലുള്ള ആശ്രിതത്വം ഒഴിവാക്കുക, പൊതുഗതാഗത മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തി സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറക്കുക തുടങ്ങി ഉടനടി ചെയ്യേണ്ട കാര്യങ്ങളുണ്ട്; അടിസ്ഥാന പരിഷ്കാരങ്ങളുണ്ട്. ഇക്കാര്യത്തിൽ ഒരു ഉന്നതാധികാര കമീഷനെ നിയമിക്കേണ്ടത് ഇപ്പോഴാണ്. കോവിഡ് പകർന്നുതന്ന നല്ല പാഠങ്ങൾ ഉൾക്കൊണ്ട് രാജ്യപുരോഗതിയും സാമ്പത്തികക്ഷേമവും ഉറപ്പുവരുത്താനുള്ള പ്രായോഗിക മാർഗരേഖകൾ എത്രയും വേഗം സമർപ്പിക്കുകയാവും കമീഷെൻറ ചുമതല. കോവിഡിനെ ഒരവസരമാക്കാം; ഭൂമിയെ രക്ഷിക്കാനുള്ള നിർണായക പരിഹാരങ്ങൾക്കുള്ള നിമിത്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.