വിചാരണത്തടവുകാർക്ക് ആരാണ് നീതി നൽകേണ്ടത്?

വിചാരണത്തടവുകാർ അനുഭവിക്കുന്ന അനീതിക്കുനേരെ സർക്കാറിന്റെയും ജുഡീഷ്യറിയുടെയും ശ്രദ്ധതിരിയുന്നത് നല്ല ലക്ഷണമാണ്. ന്യൂഡൽഹിയിൽ ഓൾ ഇന്ത്യ ഡിസ്ട്രിക്ട് ലീഗൽ സർവിസസ് അതോറിറ്റികളുടെ (ഡി.എൽ.എസ്.എ) പ്രഥമ സമ്മേളനത്തിൽ സംസാരിക്ക​വെ, വിചാരണത്തടവുകാരുടെ മോചനം എത്രയും വേഗത്തിലാക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചത്. വിചാരണത്തടവുകാർക്ക് അടിയന്തര നിയമസഹായം ലഭ്യമാക്കി അവരുടെ അന്യായമായ ദുരിതത്തിന് അറുതിയുണ്ടാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആവശ്യപ്പെട്ടു. നിയമസഹായം ലഭ്യമാക്കാൻ ഡി.എൽ.എസ്.എകൾക്ക് കഴിയണമെന്ന് പ്രധാനമന്ത്രിയും ആവശ്യപ്പെട്ടു. ഈ ഉത്കണ്ഠക്ക് കാരണമുണ്ട്. 2020ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ജയിലുകളിലുള്ള 4,88,511 തടവുകാരിൽ 3,71,848 പേർ (76 ശതമാനം) വിചാരണത്തടവുകാരാണ്. നിരപരാധികളെന്ന് ഒരുപക്ഷേ തെളിയാൻ സാധ്യതയുള്ളവരാണ് വിചാരണത്തടവുകാർ. നിരപരാധികളാണെങ്കിൽ അവരുടെ വ്യക്തിസ്വാതന്ത്ര്യവും ആയുസ്സിന്റെ വലിയ ഭാഗവും കുടുംബ​ജീവിതവുമെല്ലാം രാജ്യത്തെ 'നീതിന്യായ' വ്യവസ്ഥ കവർന്നെടുത്തു എന്നാണ് അർഥമാവുക. പതിറ്റാണ്ടുകൾ ജയിലിൽ കിടന്നശേഷം കുറ്റമുക്തരാക്കപ്പെട്ട വിചാരണത്തടവുകാർ കുറച്ചൊന്നുമല്ല നമ്മുടെ നാട്ടിൽ. ഇതിനെപ്പറ്റിയുള്ള ഉത്കണ്ഠയും പുതിയതല്ല. കോടതികളും ഭരണകർത്താക്കളും അത് പലകുറി പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇക്കാര്യത്തിൽ വല്ലതും ചെയ്യേണ്ടവർ തന്നെയാണ് ഉത്കണ്ഠ പ്രകടിപ്പിക്കുന്നത് എന്നതിനാൽ പരിഹാരവും എളുപ്പമാകേണ്ടതായിരുന്നു. എന്നാൽ, അങ്ങനെ സംഭവിച്ചില്ല. ഇനി ഡി.എൽ.എസ്.എ എന്ന സംവിധാനം വിചാരണത്തടവുകാരുടെ മോചനം എളുപ്പമാക്കുമെങ്കിൽ നല്ലത്.

നടപടിക്രമങ്ങളും ബ്യൂറോക്രസിയുടെ നൂലാമാലകളും മാത്രമല്ല ഇവിടെ പ്രശ്നം. നിയമങ്ങളിലെ അനാവശ്യ കാർക്കശ്യം മുതൽ നിയമനടത്തിപ്പിലെ പക്ഷപാതിത്വവും അധികാരികളുണ്ടാക്കുന്ന തടസ്സങ്ങളുമെല്ലാം വിചാരണത്തടവുകാർക്ക് അകാരണ ശിക്ഷയായി ഭവിക്കുന്നുണ്ട്. നാല് തടവുകാരിൽ മൂന്നുപേർ വിചാരണത്തടവുകാർ എന്നതു മാത്രമല്ല, കണക്ക്. പട്ടികവിഭാഗക്കാരും ന്യൂനപക്ഷ വിഭാഗക്കാരും പിന്നാക്കവിഭാഗക്കാരും ഉൾപ്പെടുന്ന തിരസ്കൃതർ വിചാരണത്തടവുകാരിൽ ജനസംഖ്യത്തോതിനേക്കാൾ വളരെ കൂടുതലത്രെ. പ്രാദേശികമായും അസമത്വമുണ്ട്. ഡൽഹിയിലും ജമ്മു-കശ്മീരിലും പത്ത് തടവുകാരിൽ ഒമ്പതും വിചാരണ കഴിയാത്തവരാണ്. വിചാരണത്തടവുകാരു​ടെ മോചനത്തിനുള്ള ഉപാധികൾ ലളിതമാക്കാൻ ഇപ്പോഴും ആർക്കും തോന്നുന്നില്ലതാനും. ഉപാധികൾ പൂർത്തിയായി, മോചനത്തിന് യോഗ്യത നേടിയവരിൽതന്നെ മൂന്നിലൊരാൾ എന്നതോതിലേ വിട്ടയക്കപ്പെടുന്നുള്ളൂ. ഒരാഴ്ചമുമ്പാണ് സുപ്രീംകോടതി ഉത്ത​ർപ്രദേശ് സർക്കാറിനെ രൂക്ഷമായി വിമർശിച്ചത്. 853 വിചാരണത്തടവുകാരുടെ അപ്പീൽ സർക്കാർ തീർപ്പാക്കാത്തതുകൊണ്ടുമാത്രം 10 വർഷത്തിലേറെയായി അവർ തടവിൽ കഴിയുന്നു എന്നുകണ്ട് സർക്കാറിനെ മാത്രമല്ല, അലഹബാദ് ഹൈകോടതിയെയും സുപ്രീംകോടതി കുറ്റപ്പെടുത്തി. ഗൗരവമേറിയ പ്രശ്നത്തിൽ ഭരണകൂടവും ജുഡീഷ്യറിയുമാണ് വല്ലതും ചെയ്യേണ്ടത് എന്നിരിക്കെ, പ്രസ്താവനകൾക്കും ഉത്കണ്ഠ പ്രകടനങ്ങൾക്കും അപ്പുറത്തേക്ക്, അടിയന്തര നടപടികളിലേക്ക് കടക്കാൻ മനസ്സുവെ​ക്കേണ്ടതും അവർതന്നെയാണ്. തടവുമോചനത്തിനുള്ള ഒരു പ്രധാന വഴി ജാമ്യമാണ്. ജാമ്യമാണ് നിയമം എന്ന് ആവർത്തിക്കാറുള്ള ജുഡീഷ്യറിതന്നെ ജാമ്യം അനുവദിക്കുന്നതിൽ വല്ലാതെ പിശുക്കുകാണിക്കുന്നു എന്നതാണനുഭവം. ജാമ്യാപേക്ഷ എതിർക്കപ്പെടുമ്പോൾ അതിന്റെയും ജാമ്യമില്ലാവകുപ്പുകൾ രാഷ്​ട്രീയ താൽപര്യപ്രകാരം ചാർത്തപ്പെടുമ്പോൾ ആ വകുപ്പുകളുടെയും സാധുത പരിശോധിക്കാൻ കോടതിക്ക് കഴിയേണ്ടതല്ലേ?

ഇക്കാര്യത്തിൽ തീർത്തും പ്രതിലോമപരമായ ഒരുനീക്കം കേരളത്തിലെ 'ഇടതുപക്ഷ'സർക്കാർ സ്വീകരിച്ചുകാണുന്നതും എടുത്തുപറയണം. മാവോവാദി നേതാവ് രൂപേഷി​നുമേൽ മൂന്ന് യു.എ.പി.എ കേസ് ചുമത്തിയത് ഹൈകോടതി റദ്ദാക്കിയതിനെതിരെ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നു. അപ്പീലിൽ സർക്കാർ ആവശ്യപ്പെടുന്നത്, വിചാരണത്തടവുകാരുടെ ഏക ആശ്രയമായ വ്യവസ്ഥ റദ്ദാക്കണമെന്നാണ്. അന്വേഷണം കഴിഞ്ഞ് രണ്ടാഴ്ചയോടെ വിചാരണ അനുമതിയിൽ സർക്കാർ തീരുമാനമെടുക്കണമെന്ന്, നടപടികളുടെ സമയക്രമം നിർണയിച്ചുകൊണ്ട് നിയമം പറയുന്നു. സമയക്രമം സർക്കാർ പാലിക്കാത്തതിന്റെ പേരിലാണ് രൂപേഷിനെതിരായ യു.എ.പി.എ കേസുകൾ കോടതി ഒഴിവാക്കിയത്. സമയക്രമം പാലിക്കൽ നിർബന്ധമല്ലെന്ന് വിധി ലഭിക്കാനായി ഇപ്പോൾ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ ഫലത്തിൽ ആവശ്യപ്പെടുന്നത് വിചാരണ തുടങ്ങാതെ തടവുകാരെ അനന്തമായി ജയിലിലിടാൻ അനുവാദം കിട്ടണമെന്നാണല്ലോ. ഒരുഭാഗത്ത് കേന്ദ്രസർക്കാറും സുപ്രീംകോടതിയും വിചാരണത്തടവുകാർക്ക് നീതി നൽകാൻ ആവർത്തിച്ചാവശ്യപ്പെടുന്നു; മറുഭാഗത്ത് സംസ്ഥാനസർക്കാർ വിചാരണ നീട്ടാതിരിക്കാനുള്ള വ്യവസ്ഥക്കെതിരെ അപ്പീൽ പോകുന്നു. എപ്പോഴാണ് നാം ശരിക്കും നീതിക്കായി പ്രവർത്തിച്ചുതുടങ്ങുന്നത്?

Tags:    
News Summary - Madhayamam Editorial 2022 August 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.