കേരളമൊട്ടാകെ ആർത്തുകരയുകയാണ്; മധുവിനോട് ചെയ്ത പാതകത്തിന് പാപപരിഹാരമേതുമില്ലാതെ. കുനിഞ്ഞ ശിരസ്സുമായി കരുണവറ്റാത്ത ഒാരോ മലയാളിയും പേർത്തും പേർത്തും ചൊല്ലുകയാണ് മാപ്പ്. പ്രസ്താവനകൾകൊണ്ടോ സമൂഹമാധ്യമ സ്റ്റാറ്റസുകൾകൊണ്ടോ ലേഖനങ്ങൾകൊണ്ടോ പ്രതിക്രിയ െചയ്യാവുന്ന കുറ്റമല്ല നമ്മൾ ചെയ്തത്. ഏറെ വികസിതനും പരിഷ്കൃതനുമാണ് താനെന്ന മലയാളിബോധത്തിെൻറ െനഞ്ചിൻകൂട് കലക്കുന്നതായിരുന്നു അദ്ദേഹത്തിനേറ്റ ഒാരോ മർദനവും. നമ്മുടെ പുരോഗമന നാട്യത്തിെൻറ വാരിയെല്ല് തകർക്കുന്ന അടി. മധു എപ്രകാരം ആൾക്കൂട്ടത്തിനു മുന്നിൽ നിന്ദ്യനും നിസ്സഹായനുമായിത്തീർന്നുവോ അപ്രകാരം ലോകത്തിനു മുന്നിൽ അപമാനിതരായി നിൽക്കേണ്ടിവന്നതിെൻറ ജാള്യം മറച്ചുവെക്കാനുള്ള അടവുമാത്രമാണ് ഇൗ കണ്ണീരെങ്കിൽ ലജ്ജിക്കേണ്ടത് നാം എത്തിച്ചേർന്ന ജീർണതയുടെ പടുകുഴിയോർത്താണ്. അതല്ല, മധുവിെൻറ ജീവത്യാഗത്തിൽ അണപൊട്ടിയൊഴുകിയ സങ്കടം ആത്മാർഥമാെണങ്കിൽ കേരളീയ സമൂഹം അടിയന്തരമായി തെറ്റുതിരുത്തൽ നടപടികൾക്ക് സന്നദ്ധമാകേണ്ടിവരും. അപരഭീതിയിൽ അധിഷ്ഠിതവും അധികാരോത്സുകവുമായ അക്രമാസക്ത നായകബോധത്തെ ൈകയൊഴിക്കാൻ നിർബന്ധിതനാകും. പക്ഷേ, നാട്ടുകൂട്ട ജന്മിത്ത മനോഘടന ശക്തിപ്രാപിക്കുന്ന കേരളത്തിെൻറ സാമൂഹികക്രമത്തിനത് സാധിക്കുമോയെന്നത് സംശയകരമാണ്.
അക്രമാസക്ത ആൾക്കൂട്ടമായി കേരളീയരും രൂപാന്തരം പ്രാപിച്ചുകൊണ്ടിരിക്കുന്നുവെന്നത് ആശങ്കയല്ല, വസ്തുതയാണ്. കണ്ണൂരിലെ മാനന്തേരിയിൽ മനോദൗർബല്യമുള്ള ബിഹാർ യുവാവിനെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവനെന്ന സംശയത്തിെൻറ പേരിൽ ആക്രമിക്കുകയും മർദനദൃശ്യങ്ങൾ ഉന്മാദത്തോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ ഒരു മാനസാന്തരവും ഇതുവരെ ആരും പ്രകടിപ്പിച്ചിട്ടില്ല. മലയാളി രോഷത്തിന് വൈകാരികതയേ ഉള്ളൂ, സ്ഥായിയായ നിലപാടുകളാൽ പ്രചോദിതമായ രോഷമോ പ്രതിഷേധമോ അല്ല അത്. അതുകൊണ്ടാണ് മധുവിെൻറ കൊലപാതകത്താൽ പ്രക്ഷുബ്ധമായ മലയാളിയുടെ മനസ്സാക്ഷി പുനലൂരിൽ നടന്ന ഞെട്ടിക്കുന്ന മറ്റൊരു മരണത്തോട് നിസ്സംഗമായി പ്രതികരിച്ചത്. 40 വർഷം മസ്കത്തിൽ സ്വന്തമായി വർക്ഷോപ് നടത്തിയിരുന്ന സുഗതൻ രണ്ടു മാസം മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ചത് സ്വദേശത്ത് സ്വന്തമായി സംരംഭകനാകാൻ തീരുമാനിച്ചാണ്. ഇളമ്പലിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ വർക്ഷോപ് ആരംഭിക്കാനെടുത്ത ആ തീരുമാനം തെൻറ ജീവിതംതന്നെ അവസാനിപ്പിക്കാൻ കാരണമായിത്തീർന്നു. സ്ഥലത്തെ പ്രമാണിമാരായ രാഷ്ട്രീയ നേതാക്കൾക്ക് ലഭിക്കേണ്ട നോക്കുകൂലിയായി ജീവിതായുസ്സ് അധ്വാനിച്ചുണ്ടാക്കിയ പണം നൽകാൻ തയാറാകാത്തതിന് ജീവിതംെകാണ്ട് പിഴയൊടുക്കേണ്ടിവന്നു സുഗതന്. പ്രവാസിയായി പ്രയാസപ്പെട്ട് നേടിയ മുഴുവൻ സമ്പാദ്യവും ഉപയോഗിച്ച് നിർമിച്ച വർക്ഷോപ്പിെൻറ പ്രവർത്തനം വയൽ നികത്തിയാെണന്നാരോപിച്ച് തടയുകയായിരുന്നു സി.പി.ഐയുടെ യുവജന സംഘടന. അതിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിനില്ലാത്ത നിയമപ്രശ്നം ഉയർത്തപ്പെട്ടത് പ്രാദേശിക രാഷ്ട്രീയ മേൽേക്കായ്മക്ക് കീഴൊതുങ്ങാൻ സുഗതൻ വൈമനസ്യം കാണിച്ചതുകൊണ്ടായിരുന്നു.
നിയമബാഹ്യമായ സംഘടിത രാഷ്ട്രീയ അധികാര ഹുങ്കിനു മുന്നിൽ ജീവിതപ്രതീക്ഷ നഷ്ടപ്പെട്ട സുഗതെൻറ ആത്മഹത്യ രാഷ്ട്രീയ കൊലപാതകമായിത്തന്നെയാണ് രേഖപ്പെടുത്തേണ്ടത്. പ്രവാസി ഉന്നമനത്തിന് ലോക കേരള സഭ നടത്തുകയും തിരിച്ചുവരുന്നവർക്ക് ഉചിതമായ ജീവിതമാർഗം അവംലബിക്കുമെന്നും പ്രഖ്യാപിച്ച സർക്കാറിന് കീഴിലാണിത് സംഭവിച്ചിരിക്കുന്നത്. ആൾക്കൂട്ടങ്ങൾക്ക് വിചാരണയില്ലാതെ ശിക്ഷ നടപ്പാക്കാൻ അനുവാദമുണ്ടെന്ന ബോധത്തെ ബലപ്പെടുത്തുന്നതാണ് ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകങ്ങളെ ആൾക്കൂട്ട വൈകാരികതയുടെ സ്വാഭാവിക പ്രതികരണമായി ന്യായീകരിക്കുന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങളും. നിയമസംവിധാനങ്ങളെ അപ്രസക്തമാക്കിയോ അധികാരമുപയോഗിച്ച് അസന്നിഹിതമാക്കിയോ അധികാരത്തെ തന്നിഷ്ടത്തിന് ഉപയോഗിക്കുന്ന രാഷ്ട്രീയ ജന്മിത്തം, ഉദ്യോഗസ്ഥ വരേണ്യത, ആൾക്കൂട്ട അധികാരപ്രയോഗങ്ങൾ തുടങ്ങിയവ ഇല്ലാതാക്കാതെ മധുവിെൻറയും സുഗതെൻറയും മരണങ്ങൾക്ക് നീതിലഭിക്കില്ല. അതാകട്ടെ, ഒാരോ മലയാളിയും അകത്തും പുറത്തും കാത്തുസൂക്ഷിക്കുന്ന ജീർണമൂല്യങ്ങളിൽനിന്നാണ് ഉരുവംകൊള്ളുന്നത്. അന്തസ്സു കെട്ട സ്വന്തം മൂല്യബോധങ്ങളെ അഴിച്ചുപണിയാൻ തയാറാകാതെയുള്ള കരച്ചിലുകൾ നൈമിഷികമാണ്. മാറ്റത്തിന് അവ തരിമ്പും പ്രയോജനപ്പെടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.