ട്വിറ്റർ എന്ന വിവരവിനിമയ സ്ഥാപനത്തിന് കേന്ദ്രസർക്കാർ നൽകിയ അന്ത്യശാസനം സമൂഹമാധ്യമങ്ങളുമായുള്ള പോര് മുറുകിയതിന്റെ ലക്ഷണം മാത്രമല്ല. കോവിഡ് പ്രതിരോധമുൾപ്പെടെ ഒട്ടനേകം അടിയന്തര വിഷയങ്ങളിൽ കടുത്ത ഉദാസീനത കാണിച്ച സർക്കാർ ഈ ഒരു കാര്യത്തിൽ കാട്ടുന്ന ജാഗ്രതയും കണിശതയും അവരുടെ മുൻഗണനാക്രമത്തെക്കുറിച്ചു സൂചന നൽകുന്നുണ്ട്. ഫെബ്രുവരിയിൽ കേന്ദ്ര ഐ.ടി മന്ത്രാലയം നൽകിയ മാർഗനിർദേശമനുസരിച്ച് സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രത്യേക ഓഫിസർമാരെ നിയമിക്കാൻ നൽകിയ സമയപരിധി മേയ് 26ന് അവസാനിച്ചു. ട്വിറ്റർ ഈ നിർദേശം പൂർണമായി നടപ്പാക്കാത്തതിനാലാണത്രെ അന്ത്യശാസനം നൽകിയിരിക്കുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങൾക്ക് ഇപ്പോൾ ഐ.ടി നിയമം 79ാം വകുപ്പുപ്രകാരം ലഭ്യമായ സംരക്ഷണം പിൻവലിക്കുമെന്നതാണ് അന്ത്യശാസനത്തിന്റെ കാതൽ.
ഉള്ളടക്കത്തിന്റെ പേരിൽ കമ്പനി നിയമനടപടികൾ നേരിടേണ്ടിവരും. സമൂഹമാധ്യമ പോസ്റ്റുകളിൽ സർക്കാർ പറയുന്നവ എടുത്തുമാറ്റുന്നതിനപ്പുറം, അവയുടെ ഉറവിടങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങൾ സർക്കാറിന് കൈമാറാൻ നിഷ്കർഷിക്കുന്നതാണ് ഐ.ടി നിയമത്തിലെ പുതിയ കൽപനകൾ. ഉള്ളടക്കങ്ങളെപ്പറ്റി സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന കൽപനകൾ നടപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ കമ്പനികൾ നിയമിക്കേണ്ടതുണ്ട്. ധിക്കരിക്കുന്ന കമ്പനികൾക്ക് 'സേഫ് ഹാർബർ' പരിഗണന നഷ്ടമാകുന്നതോടെ ആര് എന്ത് പോസ്റ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം ആ കമ്പനികൾ കൂടി വഹിക്കേണ്ടിവരും. ഓഫിസർമാരെ നിയമിച്ചതായി ട്വിറ്റർ വാദിക്കുന്നുണ്ടെങ്കിലും അത്ര പോരെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം സംരക്ഷിക്കുകയാണ് പരിഷ്കാരങ്ങളുടെ ലക്ഷ്യമെന്ന് അധികാരികൾ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർഥ ലക്ഷ്യം സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കുകയാണ്.
വിവരവിനിമയ രംഗത്തെ ജനകീയ മാധ്യമങ്ങൾ കൂടിയാണ് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്, സിഗ്നൽ തുടങ്ങിയ ഇടനിലവേദികൾ (ഇൻറർ മീഡിയറി). വിദേശകമ്പനികൾ ആണ് ഇവയുടെ നടത്തിപ്പുകാർ. ഉപയോക്താക്കളുടെയോ അവരുടെ രാജ്യങ്ങളുടെയോ ക്ഷേമം തീർച്ചയായും ഇവയുടെ താൽപര്യങ്ങളിൽ ഉൾപ്പെടില്ല. വ്യാജവാർത്തകളും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളും അവയിലൂടെ പ്രസരിപ്പിക്കപ്പെടുന്നുണ്ടെന്നതും വിവിധ സമൂഹങ്ങൾക്ക് അതെല്ലാം ദോഷം ചെയ്യുന്നുണ്ടെന്നതും സത്യവുമാണ്. അറിയാനും അറിയിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തിന് ഇൻറർനെറ്റ് യുഗം നൽകിയ തുറന്ന ഇടമാണ് സമൂഹ മാധ്യമങ്ങളെന്ന് സമ്മതിക്കുേമ്പാഴും അവയുടെ ദോഷവശങ്ങൾ കഴിയുന്നത്ര കുറക്കാൻ സാധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടാതെ വയ്യ. എന്നാൽ, ജനപക്ഷത്തുനിന്നുകൊണ്ട് സമൂഹമാധ്യമങ്ങളുടെ ഗുണങ്ങൾ ലഭ്യമാക്കുകയും ദോഷങ്ങൾ ചുരുക്കുകയുമാണ് ഇപ്പോൾ കേന്ദ്രസർക്കാറിന്റെ ലക്ഷ്യമെന്ന് വിശ്വസിക്കാൻ സാഹചര്യത്തെളിവുകൾ അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ സമൂഹമാധ്യമ സാധ്യതകൾ (വ്യാജവാർത്തകളടക്കം) പരമാവധി പ്രയോജനപ്പെടുത്തി അധികാരത്തിലെത്തിയ പാർട്ടിയാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നത്. അവരുടെ ഓൺലൈൻപട്ടാളം വിവരവിനിമയത്തിനല്ല, പ്രചാരണങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നെതന്ന് തെളിയിക്കുന്ന പുസ്തകങ്ങൾ മുതൽ അന്താരാഷ്ട്ര റിപ്പോർട്ടുകൾ വരെ ഉണ്ട്.
ഇന്നത്തെ ഭരണത്തോട് ചേർന്നുനിൽക്കുന്നവർ സമൂഹമാധ്യമങ്ങൾ വഴി പരത്തിയ വ്യാജങ്ങൾ മനസ്സിലാക്കിയിട്ടും സർക്കാർ നടപടിയെടുക്കാത്ത സംഭവങ്ങളുമുണ്ട്. വ്യാജങ്ങളുണ്ടാക്കി ആൾക്കൂട്ടക്കൊല നടത്തിയവരെ തടയാൻ നിയമമുണ്ടായിട്ടും അനങ്ങാത്തവർ ഇപ്പോൾ ഓൺലൈൻ വേദികളെ മെരുക്കാൻ ശ്രമിക്കുന്നത് സമൂഹഭദ്രതക്ക് വേണ്ടിയല്ല. സാമ്പത്തികരംഗത്തും കോവിഡ് കാല ആരോഗ്യരംഗത്തും പൗരാവകാശ-മനുഷ്യാവകാശ രംഗങ്ങളിലുമെല്ലാം സർക്കാറിനെതിരെ ദേശീയ-അന്താരാഷ്ട്രീയ തലങ്ങളിൽ കടുത്ത വിമർശനമുയരുന്നുണ്ട്. ട്വിറ്ററടക്കമുള്ള വേദികളിലെ വിമർശനാത്മക ഉള്ളടക്കം നീക്കംചെയ്യാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ രഹസ്യമൊന്നുമല്ല. കാർട്ടൂണിസ്റ്റ് മഞ്ജുളിനെതിരെ സർക്കാർ ട്വിറ്ററിന് നൽകിയ കൽപന ഒടുവിലത്തെ ഉദാഹരണം മാത്രം.
ന്യായമായ വിമർശനങ്ങൾക്ക് തടയിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നത്. കർഷകസമരത്തിൽ വൻവിമർശനമുയർന്നപ്പോൾ ആ പോസ്റ്റുകൾ എടുത്തുമാറ്റാനുള്ള കൽപന ട്വിറ്റർ നടപ്പാക്കിയിരുന്നില്ല. ചില ബി.ജെ.പി നേതാക്കൾ പ്രതിപക്ഷത്തിനെതിരെ തെറ്റായ ആരോപണവുമായി പോസ്റ്റിട്ടപ്പോൾ അവ വ്യാജമാണെന്ന് സൂചിപ്പിക്കുന്ന ട്വിറ്റർ മുദ്രയും സർക്കാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ വേദികളെ ഒതുക്കാൻ തന്നെയാണ് ഇന്ന് ശ്രമം. മതിയായ കൂടിയാലോചനകൾ കൂടാതെ ഏർപ്പെടുത്തിയ ഈ ചട്ടങ്ങൾ മാധ്യമമാരണത്തിനുള്ളതാണ്. സർക്കാറും സർക്കാർ പക്ഷവും ആവശ്യപ്പെടുന്ന മുറക്ക് ഉള്ളടക്കങ്ങൾ എടുത്തുമാറ്റിക്കൊണ്ടിരുന്നാൽ സമൂഹമാധ്യമ സ്ഥാപനങ്ങൾ സുരക്ഷിതമായിരിക്കും. ചുരുക്കത്തിൽ, സർക്കാറിന് അനുകൂലമെങ്കിൽ തെറ്റായ കാര്യങ്ങൾ വരെ പ്രചരിപ്പിക്കാം. മറിച്ചെങ്കിൽ, ന്യായമായ വിയോജിപ്പുകൾക്കും വിലക്കു വീഴാം. വേഷം മാറിവരുന്ന ഈ സെൻസർഷിപ് നമ്മുടെ മാധ്യമസ്വാതന്ത്ര്യ നിലവാരം കൂടുതൽ താഴ്ത്തുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.