കോവിഡ്-19 െൻറ സംഹാരതാണ്ഡവത്തിൽ ലോകം വിറച്ചുനിൽക്കെ കടുത്ത ആശങ്കയിലാണ് പ്രവാസി സമ ൂഹവും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളും. കേരളത്തിൽ രോഗം ബാധിച്ച് മരിച്ചത് രണ്ടുപേര ാെണങ്കിൽ പുറത്ത് 24 പേർ മരിച്ചു. അതിൽ ഭൂരിഭാഗവും അമേരിക്കയിലും ഗൾഫ് നാടുകളിലുമാണ ്. കേരളത്തിലെ ആകെ രോഗബാധിതർ 357 ആണ്. എന്നാൽ, കുവൈത്തിൽ മാത്രം രോഗം ബാധിച്ച ഇന്ത്യക്കാർ 400 കടന്നിരിക്കുന്നു. അതിൽ ഭൂരിഭാഗവും മലയാളികളും. ഇതിൽ നിന്ന് വിഭിന്നമല്ല, മറ്റുരാജ്യങ്ങളിലെ മലയാളി രോഗബാധിതരുടെ കാര്യവും. അതുകൊണ്ടുതന്നെ, പ്രവാസിസമൂഹവും അവരുമായി ബന്ധപ്പെട്ട കുടുംബങ്ങളും അങ്ങേയറ്റം ഉത്കണ്ഠാകുലരാകുക സ്വാഭാവികം. അവരുടെ അരക്ഷിതബോധത്തെ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തരപ്രാധാന്യത്തോടെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. അവരുടെ ജീവിതസുരക്ഷക്കും മതിയായ ചികിത്സസംവിധാനങ്ങൾ ഉറപ്പുവരുത്താനും അതത് രാജ്യങ്ങളുമായി ചർച്ചകൾ നടത്തണം. എംബസികൾ വിഷയം വേണ്ട ഗൗരവത്തിലെടുത്തിട്ടില്ലെന്ന പരാതി വ്യാപകമാണ്. എത്രയും വേഗം അതു പരിഹരിക്കുകയും സന്നദ്ധ സംഘടനകളെയും മറ്റും ഉൾപ്പെടുത്തി ലേബർക്യാമ്പുകളിലും ബാച്ചിലർ താമസയിടങ്ങളിലും ചികിത്സ സംവിധാനങ്ങളും ഭക്ഷണവിതരണങ്ങളുമുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങൾ കോവിഡ് രോഗവ്യാപനത്തെ പ്രതിരോധിക്കുവാൻ ധാരാളം മുൻകരുതലുകളെടുത്തിട്ടുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളും ജനസമ്പർക്കങ്ങൾ സമ്പൂർണമായി വിലക്കിയിരിക്കുന്നു. രോഗികളുടെ ചികിത്സക്കുവേണ്ടി ഫ്ലാറ്റ്സമുച്ചയങ്ങളെ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരിക്കുന്നു. രോഗബാധിതരുടെ കുടുംബങ്ങൾക്ക് ഏകാന്തവാസമൊരുക്കാൻ ഹോട്ടലുകളും തയാറാക്കിയിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണങ്കിലും കോവിഡ് ഏൽപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പൂർണാർഥത്തിൽ പരിഹരിക്കാൻ പ്രാപ്തമല്ല ഗൾഫ് മേഖലയിലെ ചികിത്സരംഗം. ആരോഗ്യ പരിരക്ഷയിൽ അഹങ്കരിച്ചിരുന്ന വൻ വികസിത രാജ്യങ്ങൾപോലും കോവിഡിന് മുന്നിൽ തോറ്റുതൊപ്പിയിട്ടുനിൽക്കെ, അവിടങ്ങളിൽ നിലനിൽക്കുന്ന ചികിത്സ സംവിധാനംകൊണ്ട് പ്രവാസി സമൂഹത്തിന് സുരക്ഷ ഉറപ്പിക്കാനാവുമെന്ന് കരുതാൻ വയ്യ. 32 ലക്ഷത്തിലധികം മലയാളികൾ താമസിക്കുന്ന ഗൾഫ് മേഖലയിൽ ആരോഗ്യസംഘങ്ങളുടെ സന്ദർശനം അടിയന്തരപ്രാധാന്യമർഹിക്കുന്നത് ഇക്കാരണത്താലാണ്. കേരളത്തിൽനിന്ന് ആരോഗ്യവിദഗ്ധസംഘങ്ങളെ മലയാളികളുള്ള മേഖലകളിലേക്ക് അയക്കാൻ കഴിഞ്ഞാൽ, പ്രവാസിസമൂഹത്തിനും അവരുടെ കുടുംബങ്ങൾക്കും അത് വലിയ ആത്മവിശ്വാസവും ആശ്വാസവും പ്രദാനം ചെയ്യും, തീർച്ച. പ്രവാസിപ്രമുഖരും കേരള സർക്കാറും അതിന് മുൻകൈയെടുക്കണം. കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഇൗ നീക്കത്തിന് പ്രായോഗികരൂപം കാണണം. വ്യോമരംഗത്തടക്കം നിരോധം നിലനിൽക്കുേമ്പാഴും ഫ്രഞ്ചു പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഇന്ത്യ വിജയകരമായി നിർവഹിച്ചു. അതിനാൽ, ദശലക്ഷങ്ങൾ കഴിയുന്ന ഗൾഫിലേക്ക് ആരോഗ്യദൗത്യസംഘത്തിനു വഴി കണ്ടെത്താൻ കേന്ദ്രം മനസ്സുവെച്ചാൽ കഴിയേണ്ടതാണ്. ഇക്കാര്യത്തിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചപോലും അവിടങ്ങളിലെ ഭരണകൂടത്തിെൻറ കൂടുതൽ പരിഗണന പ്രവാസികൾക്ക് ലഭ്യമാക്കിയേക്കും.
കോവിഡ് ഏൽപിക്കുന്ന സാമ്പത്തികാഘാതത്തിെൻറ ആദ്യ ഇരകൾ കൂടിയാകുകയാണ് പ്രവാസികൾ. തൊഴിലാളികളെ വെട്ടിക്കുറക്കാൻ എല്ലാ രാജ്യങ്ങളിലെയും തൊഴിൽ മന്ത്രാലയങ്ങൾ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡാനന്തരം കേരളത്തിലേക്ക് തിരിച്ചുവന്നിട്ടെന്ത് എന്ന ആലോചനപോലും പലരെയും അക്ഷരാർഥത്തിൽ ഭ്രാന്തു പിടിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് ആശങ്കകളെ ഉദ്ദീപിപ്പിക്കുന്ന വ്യാജ വാർത്ത ഫാക്ടറിക്കാർ അടിച്ചുവിടുന്ന അഭ്യൂഹങ്ങൾ. അതുകണ്ട് അസ്വസ്ഥരായ കുടുംബക്കാരുടെ വിളികൾ. കോവിഡിനേക്കാൾ പ്രവാസികൾക്ക് ബേജാറുകൾ സൃഷ്ടിക്കുകയാണ് അഭ്യൂഹ വൈറസുകളുടെ സമൂഹവ്യാപനം. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ആരോഗ്യ ഹെൽപ് െഡസ്കുകളിലും ടെലി മെഡിക്കൽ സൗകര്യങ്ങളിലും മാനസിക പിരിമുറുക്കങ്ങൾ ലഘൂകരിക്കാനുള്ള സംവിധാനങ്ങൾകൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. മരണഭീതിയും തൊഴിൽ അരക്ഷിതവുമായ പ്രവാസികളുടെ ആരോഗ്യ പരിരക്ഷ പോലെ പ്രധാനമാണ് മാനസികസുരക്ഷയും. അതിനുവേണ്ട സംവിധാനങ്ങളും ഏറെ മുൻഗണന അർഹിക്കുന്നവയാണ്.
കേരള സർക്കാർ നിശ്ചയിച്ച കെ.എം. എബ്രഹാമിെൻറ നേതൃത്വത്തിലുള്ള വിദഗ്ധസമിതി വിദേശത്തുള്ളവരെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശിപാർശ ചെയ്തിരിക്കുന്നത് ലോക്ഡൗൺ നിയന്ത്രണങ്ങളുടെ മൂന്നാംഘട്ട ഇളവിലാണ്. അപ്പോൾ മാത്രമേ അന്താരാഷ്ട്ര വിമാനസർവിസുകളും പുനരാരംഭിക്കുകയുള്ളൂ. വർക് പെർമിറ്റുകൾ, വിസ കാലാവധി, സ്ഥിരതാമസ കാർഡ് പുതുക്കൽ തുടങ്ങിയവക്ക് എല്ലാ രാജ്യങ്ങളും ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ ഈ ദുരന്ത സാഹചര്യത്തിൽ വിമാന സർവിസുകൾ പുനരാരംഭിക്കുക ക്ഷിപ്രസാധ്യമായിരിക്കും. ആരോഗ്യപരമായ ഗുരുതരാവസ്ഥയിലുള്ളവർക്ക് പ്രത്യേക പരിഗണന നൽകി കേരളത്തിൽ സജ്ജമാക്കുന്ന ഐസൊലേഷൻ വാർഡുകളിലേക്ക് പ്രത്യേകവിമാനങ്ങളിൽ കൊണ്ടുവരാനാകുമോ എന്ന ആലോചനയും പ്രവാസികൾ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ അമ്പതു വർഷമായി കേരളത്തിലെ സാമൂഹിക, സാമ്പത്തികജീവിതത്തെ ക്രിയാത്മകമായി പരിവർത്തിപ്പിച്ച പ്രവാസി സമൂഹം തുഴ നഷ്ടപ്പെട്ട് നിസ്സഹായമായി നാട്ടിലേക്ക് നോക്കുകയാണ്. കോവിഡാനന്തര കാലമെങ്ങനെയെന്നതിൽ ഒരു നിശ്ചയവുമില്ലെങ്കിലും നമ്മുടെ ജീവിതത്തിലും മനസ്സിലും എല്ലാ പ്രാരബ്ധങ്ങൾക്കുമൊപ്പം പ്രവാസികൾക്ക് ഒരു കരുതലുണ്ടെന്ന് പ്രഖ്യാപിക്കേണ്ട സന്ദർഭമാണിത്. അവരുടെ ആശങ്കകൾക്ക് ചെവികൊടുക്കുകയും അസാധ്യമെന്ന് കരുതുന്ന പരിഹാരങ്ങൾക്ക് ആത്മാർഥമായി പരിശ്രമിക്കുകയും ചെയ്യേണ്ടത് ഒാരോ മലയാളിയുടെയും കടംവീട്ടലാണെന്നോർക്കണം. വീണ്ടുമൊരു പ്രവാസസമൂഹത്തെ സൃഷ്ടിച്ചുകൊണ്ടുമാത്രമേ കോവിഡാനന്തരം കേരളത്തെ പട്ടിണിരഹിതമാക്കാൻ കഴിയൂവെന്ന് ഇപ്പോഴേ ഓർത്തുവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.