രാജ്യസുരക്ഷയെയും പൗരാവകാശങ്ങളെയും അപകടപ്പെടുത്തിയ ഒരു വിഷയത്തിൽ പാർലമെൻറിൽ ചർച്ച അനുവദിക്കില്ലെന്ന മോദി സർക്കാറിന്റെ ശാഠ്യം ജനാധിപത്യത്തെ തകർക്കാൻ പോന്നതാണെന്നു മാത്രമല്ല, സർക്കാറിനെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തുന്നതുമാണ്. ഒമ്പതു ദിവസമായി പാർലമെൻറ് നടപടികൾ തടസ്സപ്പെടുന്നു. പെഗസസ് വെളിപ്പെടുത്തലുകളുടെ ഗൗരവം ഉൾക്കൊണ്ട് ആ വിഷയം പാർലമെൻറിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ആവശ്യം അംഗീകരിക്കാൻ സർക്കാറിന് എന്താണ് തടസ്സമെന്ന് ഊഹിക്കാനേ കഴിയൂ. എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്ന ആദ്യ നിലപാട് മാറ്റിയാണ്, ഇങ്ങനെയൊരു ''നിസ്സാരവിഷയം'' (''നോൺ ഇഷ്യൂ'') ചർച്ച ചെയ്യേണ്ടെന്ന് സർക്കാർ ശഠിക്കുന്നത്. പാർലമെൻറ് സ്തംഭിച്ചാലും, ബില്ലുകൾ ചർച്ചകൂടാതെ ചുട്ടെടുക്കേണ്ടിവന്നാലും, പെഗസസിനെപ്പറ്റി ഒരു സംസാരവും വേണ്ടെന്ന നിലപാട്, സർക്കാർ വല്ലാതെ ഭയക്കുന്നു എന്നു തന്നെയാണ് സൂചിപ്പിക്കുന്നത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തോടും ഇതേ സമീപനം തന്നെ യൂനിയൻ സർക്കാർ കൈക്കൊള്ളുന്നു.
അതിനിടക്ക് പശ്ചിമബംഗാൾ സംസ്ഥാനം രണ്ടു മുൻ ജഡ്ജിമാരുൾക്കൊള്ളുന്ന ജുഡീഷ്യൽ അന്വേഷണ കമീഷനെ നിയോഗിച്ചിരിക്കുന്നു. മാത്രമല്ല, സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് ചില മാധ്യമപ്രവർത്തകരും പൊതുസമൂഹ പ്രതിനിധികളും സമർപ്പിച്ച ഹരജി സുപ്രീംകോടതി സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. അന്വേഷിക്കാതിരിക്കാൻ ഒരു ന്യായവുമില്ലാത്ത പ്രശ്നത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മൗനം പാലിക്കുകയാണ്. വിഷയത്തെ ലഘൂകരിച്ച് കാണുകയല്ലാതെ, സംഭവം നിഷേധിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുമില്ല. സർക്കാറിനെ വിമർശിക്കുന്നവരാണ് ഏറെയും ചാരപ്രവർത്തനത്തിന് ഇരയായതെന്നിരിക്കെ, സൂചന വ്യക്തമാണ്.
സർക്കാറിനെ വിശദീകരണത്തിന് ബാധ്യസ്ഥമാക്കുന്ന കാര്യങ്ങൾ നിരവധിയാണ്. ഒന്നാമത്, പെഗസസ് എന്ന ചാരവൈറസ് നിർമിച്ച ഇസ്രായേലിലെ എൻ.എസ്.ഒ അതു സർക്കാറുകൾക്ക് മാത്രമാണ് വിൽക്കുന്നത്. ഇന്ത്യയിൽ വ്യാപകമായി ചാരവൈറസ് വാങ്ങാൻ ആരാണ് ഓർഡർ കൊടുത്തത്, അതിനാവശ്യമായ വമ്പിച്ച പണം ആര്, എങ്ങനെ നൽകി തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം രാജ്യസുരക്ഷ അടക്കമുള്ള കാര്യങ്ങളിൽ പ്രധാനമാണ്. സർക്കാർ പിൽക്കാലത്ത് രാജ്യസഭാംഗത്വം നൽകിയ ജഡ്ജി അടക്കമുള്ള സർക്കാർപക്ഷം ഗുണഭോക്താക്കളെന്ന് കരുതാവുന്ന ചാരപ്പണിയിൽ, സർക്കാറിന് അനഭിമതരായ മാധ്യമ പ്രവർത്തകരും തെരഞ്ഞെടുപ്പ് കമീഷണറും പ്രതിപക്ഷക്കാരുമൊക്കെ ഇരകളാണ്. ഭീകരപ്രവർത്തനവും കുറ്റകൃത്യവും തടയാൻ മാത്രമാണ് ഈ വൈറസ് തങ്ങൾ വിൽക്കുന്നതെന്ന് ഇസ്രായേലി കമ്പനി പറയുന്നു. ഇന്ത്യയിലാകട്ടെ, അത് ആക്ടിവിസ്റ്റുകൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും സർക്കാർ വിമർശകർക്കുമെതിരെയാണ് പ്രയോഗിച്ചത്.
ഭരണഘടനക്കും ജനായത്ത മൂല്യങ്ങൾക്കും എതിരായ ഈ ഇടപാടിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കേണ്ടത് സർക്കാറാണ്. അനുമതി നൽകിയിട്ടില്ലെങ്കിൽ, ഇത്ര ഗുരുതരമായ സുരക്ഷലംഘനം എങ്ങനെ സംഭവിച്ചെന്ന് കണ്ടെത്തേണ്ട ചുമതലയും സർക്കാറിനുണ്ട്. 'പെഗസസ് ബാധ' റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു രാജ്യങ്ങളിൽ ഇത്തരം കാര്യങ്ങൾ അത്യന്തം ഗൗരവത്തിലെടുത്തത് വെറുതെയല്ല. ഫ്രഞ്ച് സർക്കാർ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഇസ്രായേലി അധികൃതർ എൻ.എസ്.ഒ ഓഫിസിൽ റെയ്ഡ് നടത്തി; അന്വേഷണവും നടപടികളും തുടരുമെന്നും പറയുന്നു. ഇവിടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഒന്നുമറിയാത്ത മട്ടിലിരിക്കുന്നു; പാർലമെൻററി കാര്യ മന്ത്രി പ്രൾഹാദ് ജോഷി, ഈ നിസ്സാര കാര്യത്തെച്ചൊല്ലി ബഹളമുണ്ടാക്കരുതെന്ന് ഉപദേശിക്കുന്നു.
എങ്ങും എപ്പോഴും നുഴഞ്ഞുകയറാവുന്ന ചാരവൈറസും, അതിനെ എങ്ങനെയും ഉപയോഗപ്പെടുത്താനറിയാവുന്ന ഇസ്രായേലി കമ്പനിയും, എതിരാളികളെ ചാരനോട്ടത്തിലും കള്ളക്കേസിലും കുടുക്കാൻ മടിയില്ലാത്ത ഭരണകൂടവും, ഇലക്ഷൻ കമീഷനും ജുഡീഷ്യറിയും അടക്കമുള്ള ഭരണഘടന സംവിധാനങ്ങൾ വരെ ഉന്നംവെക്കപ്പെടുന്ന അവസ്ഥയും ഇതൊക്കെ ''നിസ്സാര''മായി തോന്നുന്നുവെങ്കിൽ അതുതന്നെ ജനാധിപത്യക്രമത്തിൽ വലിയ അയോഗ്യതയായി കാണണം. ബന്ധപ്പെട്ട പാർലമെൻറ് സ്ഥിരംസമിതി വിളിച്ചിട്ടും മൂന്നു മന്ത്രാലയങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ എത്താതിരുന്ന അസാധാരണ സ്ഥിതികൂടി ഇതിനോട് ചേർത്തുപറയണം. ലെജിസ്േലച്ചറിനും ജുഡീഷ്യറിക്കുമെല്ലാം അതീതരാണെന്നും, ആരോടും ഉത്തരംപറയാൻ ബാധ്യസ്ഥരല്ലെന്നുമുള്ള ധാർഷ്ട്യം ഈ സർക്കാറിന്റെ ജനാധിപത്യവിരുദ്ധതയാണ് തെളിയിക്കുന്നത്. ഭരണഘടനാസ്ഥാപനങ്ങളോടുള്ള അവജ്ഞ ജനാധിപത്യത്തിന് ചേരുന്നതല്ല. ഈ പോക്ക് തടയാനുള്ള അവസരംകൂടിയാണ് പെഗസസ് പ്രശ്നത്തിലുള്ള ജനാധിപത്യ ശക്തികളുെട കൂട്ടായ്മ.
പെഗസസ് വിഷയത്തിൽ ജനങ്ങളോടുള്ള ചുമതല നിർവഹിക്കാതിരിക്കാൻ മോദി സർക്കാറിന് ഒരു ന്യായവുമില്ല. ജനപ്രതിനിധി സഭകളിൽ സമ്പൂർണ ചർച്ചക്ക് ഇനിയും തടസ്സമരുത്. ഒപ്പം, സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണവും നടക്കേണ്ടതുണ്ട്. ഒളിച്ചുകളിയല്ല ജനാധിപത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.