പാർലമെന്റിലെ സ്വന്തം ജീവസുരക്ഷയെച്ചൊല്ലി സർക്കാറിന്റെ നിലപാട് വിശദീകരിക്കണമെന്ന് മുറവിളി കൂട്ടിയ പ്രതിപക്ഷാംഗങ്ങളെ ഒന്നൊന്നായി വെട്ടിനിരത്തി പുറത്തിരുത്തിയശേഷം രാജ്യത്തിന്റെ ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതുന്ന മൂന്ന് ക്രിമിനൽ ബില്ലുകൾ കേന്ദ്രം പാർലമെന്റ് കടത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇത്രനാൾ തുടർന്നുപോന്ന മൂന്നു സുപ്രധാന നിയമസംഹിതകളായ 1860ലെ ഇന്ത്യൻ ശിക്ഷ നിയമം, 1898ലെ ക്രിമിനൽ നടപടിച്ചട്ടം, 1872ലെ ഇന്ത്യൻ തെളിവുനിയമം എന്നിവയാണ് യഥാക്രമം ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്), ഭാരതീയ നാഗരിക് സുരക്ഷ സംഹിത (ബി.എൻ.എൻ.എസ്), ഭാരതീയ സാക്ഷ്യ അധിനിയം (ബി.എസ്.എ) എന്നിങ്ങനെ പേരുമാറ്റി പരിഷ്കരിച്ചത്. നാലു വർഷങ്ങളിലായി 18 സംസ്ഥാനങ്ങൾ, ഏഴു കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീംകോടതി, ഹൈകോടതി ജഡ്ജിമാർ, 22 നിയമ സർവകലാശാലകൾ, 142 എം.പിമാർ 270 എം.എൽ.എമാർ എന്നിവരുമായി കൂടിയാലോചനകൾ നടത്തിയും 158 യോഗങ്ങൾ ചേർന്നും മൂന്നു നിയമങ്ങൾ പരിഷ്കരിക്കാൻ കഠിനപ്രയത്നമെടുത്തതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നു.
കൊളോണിയൽ നിയമങ്ങളിൽനിന്ന് വ്യത്യസ്തമായി ജനത്തെ കുറ്റകൃത്യങ്ങൾക്കു ശിക്ഷിക്കുന്നതിനല്ല, അവർക്ക് നീതിയുറപ്പാക്കാനാണ് ഭാരതീയ നിയമങ്ങൾ എന്നാണ് മന്ത്രിയുടെ അവകാശവാദം. വ്യക്തിയുടെ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, പക്ഷപാതരാഹിത്യം എന്നീ മൂന്നു തത്ത്വങ്ങളിലാണ് ബില്ലുകൾ എന്ന് അമിത്ഷാ പറഞ്ഞു. രാജ്യം പൊലീസ് സ്റ്റേറ്റ് ആകാതെ കാക്കുകയാണ് ഈ നിയമങ്ങൾ പാസാക്കുന്നതിലൂടെ ചെയ്യുന്നത് എന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. പരമാവധി നീതി ലഭ്യമാക്കുക എന്നതിന്റെ ഭാഗമായി കുറ്റകൃത്യം രേഖപ്പെടുത്തുന്നതു മുതൽ വിചാരണയും ശിക്ഷവിധിയും വേഗത്തിലും എളുപ്പത്തിലും ആക്കിത്തീർക്കാനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിലുണ്ട്. എന്നാൽ, നിയമപുസ്തകങ്ങളിൽ വകുപ്പുകളില്ലാത്തതല്ല, നിർവഹണത്തിലെ കാലവിളംബവും കെടുകാര്യസ്ഥതയുമാണ് കേസുകൾ പതിറ്റാണ്ടുകളിലെ വ്യവഹാരങ്ങളിലേക്ക് നീങ്ങാനിടയാക്കുന്നത് എന്ന് ആർക്കും അറിയാത്ത കാര്യമല്ല. അതിനുള്ള പരിഹാരം നിയമത്തിലെ ഭേദഗതിയല്ല, നിർവഹണത്തിൽ വരുത്തേണ്ട പരിഷ്കരണമാണ്. നിയമങ്ങൾക്കുമേൽ നിയമങ്ങൾ ചുട്ടെടുക്കുമ്പോഴും പ്രയോഗത്തിൽ അത് മുടന്തുകയാണെന്നു കാണാൻ മോദി സർക്കാറിന്റെ ഭരണപരിഷ്കാരങ്ങളുടെ നാൾവഴികളിലൂടെ പോയാൽ മനസ്സിലാകും. പുതിയ നിയമപരിഷ്കരണത്തിന്റെ വലിയ സംഭാവനയായി പറയുന്ന ആൾക്കൂട്ടക്കൊലക്കുള്ള ശിക്ഷതന്നെ ഉദാഹരണം. പത്തുവർഷത്തിലേക്കെത്തുന്ന മോദി ഭരണകാലത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്തിയ പ്രവണതകളിലൊന്നായിരുന്നു ആൾക്കൂട്ടക്കൊല. നിലവിലെ നിയമമനുസരിച്ചുതന്നെ കർക്കശമായി നേരിടാവുന്നതും ഇരകൾക്ക് പരമാവധി നീതി ലഭ്യമാക്കാവുന്നതുമായ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളുമുണ്ടായിട്ടും നീതിയുടെ പ്രഥമ പരിഗണന പോലും ഒരാൾക്കും ലഭ്യമായില്ല. എന്നു മാത്രമല്ല, നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനംകുത്തുന്ന പ്രവർത്തനങ്ങൾ കുറ്റവാളികൾ നടത്തിയിട്ടും അവരെ പരസ്യമായി മാലയിട്ടു സ്വീകരിക്കാൻ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾതന്നെ മുന്നിട്ടിറങ്ങി. ഈ സാഹചര്യത്തിൽ ആൾക്കൂട്ടക്കൊലക്ക് കഠിനശിക്ഷ പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചു എന്നതിൽ കൗതുകമൊന്നുമില്ല. അത് പ്രയോഗത്തിൽ എവിടെയെത്തും എന്നു മാത്രമാണ് അവർ ഉറ്റുനോക്കുന്നത്.
ബ്രിട്ടീഷ് ആധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നതിന് മെക്കാളെ രൂപംകൊടുത്ത നിയമസംഹിതയാണ് എന്നതാണ് ഇന്ത്യൻ ശിക്ഷ നിയമത്തിന്റെ പോരായ്മയായി കേന്ദ്രസർക്കാർ എടുത്തുകാട്ടുന്നത്. അതിൽ ശരിയുണ്ട്. അത് മാറ്റുന്നതും കൊള്ളാം; ഭരണീയരായിരിക്കണം അതിന്റെ ഗുണഭോക്താക്കളെന്ന ജനക്ഷേമവികാരമുണ്ടെങ്കിൽ. ബി.ജെ.പി ഭരണകൂടം പുതിയ നിയമങ്ങളും നിയമഭേദഗതികളും കൊണ്ടുവരുന്നത് അധികാരത്തിൽ അവർതന്നെ എന്നും വാഴും എന്നു കരുതിയാണെന്ന പ്രതിപക്ഷ പരിഹാസം പ്രസക്തമാകുന്നത് ഇവിടെയാണ്. ബ്രിട്ടീഷ് വ്യവസ്ഥയിലെ രാജ്യദ്രോഹനിയമം ഒഴിവാക്കി എന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമെന്ന് ഉയർത്തിക്കാണിക്കുന്ന മറ്റൊരു വകുപ്പ്. ഗവൺമെന്റിനെ വിമർശിക്കുന്നത് നിയമവിരുദ്ധമല്ല എന്നു വ്യക്തമാക്കിയ മന്ത്രി രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ഐക്യം എന്നിവയെ ബാധിക്കുന്നതു മാത്രമേ ശിക്ഷാർഹമായ കുറ്റമായി ഗണിക്കുകയുള്ളൂ എന്ന് വിശദീകരിക്കുന്നു. സർക്കാറിനോടുള്ള അപ്രീതി കുറ്റകരമായിക്കണ്ടിരുന്ന വകുപ്പ് ഒഴിവാക്കിയാണ് പുതിയ ദേശദ്രോഹ നിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ, സർക്കാർ/ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ എങ്ങനെ ഇഴപിരിക്കും എന്ന സംശയം പുതിയതിലും ബാക്കിനിൽക്കുന്നു. പാർലമെന്റ് നടപടികൾ മിമിക്രി അവതരിപ്പിച്ചതുപോലും മഹാപാതകവും ജാതിനിന്ദയുമൊക്കെയായി വ്യാഖ്യാനിച്ച് രാഷ്ട്രനായകർതന്നെ ക്ഷിപ്രപ്രതികരണത്തിന് മുന്നിട്ടിറങ്ങുന്ന പശ്ചാത്തലത്തിൽ, സംഘ്പരിവാർ അപ്രമാദിത്വം ഉടയാതെ നോക്കുന്നതിനുള്ള വകുപ്പായി പുതിയ നിയമത്തിലെ ദേശദ്രോഹ, ഭീകരത വകുപ്പുകൾ മാറുമോ എന്ന് കണ്ടറിയാനിരിക്കുന്നേയുള്ളൂ. ജനങ്ങളുടെ ആശയാവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കണ്ണുവെച്ചുള്ള കാർക്കശ്യ സമീപനങ്ങൾക്ക് വേണ്ടുവോളം വഴിയൊരുക്കുന്നുണ്ട് പുതിയ ബില്ലുകൾ എന്ന് ആംനസ്റ്റി ഇന്റർനാഷനൽ പോലുള്ള മനുഷ്യാവകാശ സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദി സർക്കാർ ഇതുവരെ പൊളിച്ചെഴുതിയ നിയമങ്ങളെല്ലാം രാഷ്ട്രക്ഷേമത്തേക്കാൾ ഭരിക്കുന്ന സർക്കാറിന്റെയും കക്ഷിയുടെയും താൽപര്യസംരക്ഷണത്തിനായിരുന്നു എന്ന അനുഭവം മുന്നിലുണ്ട്. അതുകൊണ്ടുകൂടിയാകാം ഇത്തരം മുൻവിധികൾ. പുതിയ നിയമപരിഷ്കാരങ്ങൾ ആ ആശങ്കകളെ സാക്ഷ്യപ്പെടുത്തുമോ അതോ പ്രഖ്യാപിത അവകാശവാദങ്ങൾക്കനുരോധമായി വരുമോ പ്രയോഗത്തിൽ എന്നു കാത്തിരിക്കാം. കേന്ദ്രത്തിൽ ബി.ജെ.പി ഭരണത്തിലിരിക്കെ അതിന് അധിക സമയമൊന്നും വേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.