കേരളവും ഗുജറാത്തും മണിപ്പൂരും അരുണാചൽപ്രദേശുമെല്ലാംപോലെ ഇന്ത്യയുടെ ആത്മാവിന്റെ മുറിച്ചുമാറ്റാനാകാത്ത ഭാഗമാണ് ജമ്മു-കശ്മീർ. ഒരു മലയാളിക്ക്, ഗുജറാത്തിക്ക്, മണിപ്പൂരിക്ക്, അരുണാചലിക്ക് എത്രമാത്രം ഇന്ത്യയിൽ അവകാശങ്ങളുണ്ടോ അതേ അവകാശങ്ങളും അധികാരങ്ങളും കശ്മീരികൾക്കുമുണ്ട്. എന്നാൽ, ഇക്കാര്യം അംഗീകരിക്കാൻ വർഗീയപ്രേരിത ശക്തികളും ഭീകരവാദസംഘടനകളും തയാറല്ല, അവരുടെ ചൊൽപ്പടിക്കു നിൽക്കുന്ന അധികാരികളും അതിന് ഒരുക്കമല്ല. കശ്മീരിൽനിന്നുള്ള വിദ്യാർഥികൾ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിവേചനങ്ങൾ നേരിടേണ്ടിവരുന്നതിന്റെയും ഡ്രൈ ഫ്രൂട്ട്സ് കച്ചവടക്കാർ യു.പി തലസ്ഥാനമായ ലഖ്നോവിൽ ആട്ടിയോടിക്കപ്പെട്ടതിന്റെയും വാർത്തകൾ കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്നിരുന്നു. ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ് എന്ന പ്രഖ്യാപനം പേർത്തും പേർത്തും തുടരുന്നതിനിടെയാണ് ഇന്ത്യക്കാരെന്നോ മനുഷ്യരെന്നോ ഉള്ള അടിസ്ഥാന പരിഗണനപോലുമില്ലാത്ത വിധത്തിൽ കശ്മീരികൾ അന്യവത്കരണത്തിനിരയാവുന്നത്. ഭീകരവാദത്തെ ഇല്ലാതാക്കാൻ എന്ന പേരിൽ സാധാരണക്കാരായ ജനങ്ങൾക്കും കുട്ടികൾക്കും മാധ്യമങ്ങൾക്കും മനുഷ്യാവകാശപ്രവർത്തകർക്കുമെതിരെ നടക്കുന്ന അന്യായങ്ങളും അതിക്രമങ്ങളും കശ്മീരിൽ ഒരു പുതിയ വാർത്തയല്ല. ആ പട്ടികയിലെ അവസാനത്തെതാണ് പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണമെന്ന പേരിൽ നടന്ന പീഡനങ്ങൾ മൂന്നു മനുഷ്യരുടെ ജീവൻ ഹനിച്ച സംഭവം.
ഡിസംബർ 21ന് പൂഞ്ച് ജില്ലയിലെ ബഫ്ലിയാസ് സവാനി മേഖലയിൽ രണ്ടു സൈനികവാഹനങ്ങൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി എട്ടു ഗ്രാമവാസികളെ സൈന്യം കസ്റ്റഡിയിലെടുത്തു. ഇവരിൽ മൂന്നു പേരെ പിന്നീട് കണ്ടെത്തുന്നത് ജീവൻ നഷ്ടപ്പെട്ട നിലയിലാണ്. കസ്റ്റഡിയിലെടുക്കപ്പെട്ടവർ അതിമാരക പീഡനങ്ങൾക്ക് ഇരയാക്കപ്പെടുന്നതിന്റെ വിഡിയോ പുറത്തുവന്നതോടെ ജനങ്ങളുടെ സങ്കടം രോഷമായി മാറി. വിവസ്ത്രരാക്കി ലാത്തിയും ഇരുമ്പുവടികളുംകൊണ്ട് അതിക്രൂരമായി മർദിച്ചശേഷം മുറിവുകളിൽ മുളകുപൊടി പുരട്ടിയെന്നാണ് പീഡനശേഷവും ജീവൻ അവശേഷിച്ചവർ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന്റെ പ്രതിനിധിയോട് പറഞ്ഞത്. ഗ്രാമം വളഞ്ഞ സൈന്യം കൊല്ലപ്പെട്ട ഗ്രാമവാസികളുടെ ഖബറടക്കം ഉടനടി നടത്താൻ ആവശ്യപ്പെടുകയും ചെയ്തു. സംഭവിച്ചത് അന്യായമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാവണം കേന്ദ്രഭരണപ്രദേശത്തിന്റെ മേൽനോട്ട ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും പ്രഖ്യാപിച്ചത്.
സിവിലിയന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ പേരുപരാമർശിക്കാതെ ഏതാനും സൈനികർക്കുനേരെ കൊലക്കുറ്റത്തിന് ജമ്മു-കശ്മീർ പൊലീസ് കേസെടുത്തു. ‘‘അതീവ പ്രഫഷനൽ രീതിയിൽ’’ വേണം പ്രവർത്തനങ്ങളെന്ന് അവിടം സന്ദർശിച്ച ആർമി ചീഫ് ജനറൽ മനോജ് പാണ്ഡെ സൈനിക ഓഫിസർമാർക്ക് നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ സൈനികതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
ശത്രുസൈന്യങ്ങളുടെ കുതന്ത്രങ്ങളെയും മാരകായുധങ്ങളെയും പ്രതിരോധിച്ച്, കാഠിന്യമേറിയ കാലാവസ്ഥയെ അവഗണിച്ച്, രാജ്യാതിർത്തിക്ക് കാവൽ നിൽക്കുന്ന ഇന്ത്യൻ സൈന്യം സംഘർഷകാലത്തും സമാധാനകാലത്തും ജനങ്ങളെയും രാജ്യത്തെയും ഒരുമിച്ചുചേർത്തുനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിച്ചുവരുന്നത്. രാജ്യരക്ഷാപ്രവർത്തനങ്ങളിൽ മാത്രമല്ല, ദുരിതാശ്വാസപ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലുമെല്ലാം വ്യാപൃതരാണ് ഇന്ത്യയുടെ പല കോണുകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർ. എന്നാൽ, സകലവിധ മര്യാദകളെയും മറികടക്കുന്ന ഇത്തരം സംഭവങ്ങൾ സൈന്യത്തിന്റെ സൽകീർത്തിയെയും സൈന്യത്തിനും രാജ്യത്തിനും മേൽ ജനങ്ങൾ പുലർത്തിപ്പോരുന്ന വിശ്വാസങ്ങളെയും അട്ടിമറിച്ചുകളയും എന്ന് പറയാതിരിക്കാനാവില്ല. കസ്റ്റഡിപീഡനങ്ങളും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും മുൻവിധിയോടെ ഭീകരവാദ ചാപ്പ ചാർത്തിക്കൊടുന്നതുമെല്ലാം കൂട്ടിച്ചേർക്കൽ ദുഷ്കരമാക്കുംവിധത്തിൽ ജനങ്ങളെയും ഭരണകൂടത്തെയും തമ്മിൽ അകറ്റിക്കളയുമെന്നതിന് ജമ്മു-കശ്മീരും പഞ്ചാബും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഉൾപ്പെടെ ഒട്ടേറെ ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. കശ്മീരി ജനതയെ മുഖ്യധാരയുമായി ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന് ഭരണകൂടം പ്രഖ്യാപിക്കുകയും പരമോന്നത നീതിപീഠത്തെ വിശ്വസിപ്പിക്കുകയുംചെയ്ത ശേഷവും ജനങ്ങളെ ശത്രുക്കളായി കാണുന്ന സമീപനം അവസാനിപ്പിക്കാൻ സാധിച്ചില്ല എന്നതുതന്നെ കൊടിയ വീഴ്ച. സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ യഥാർഥ ആസൂത്രകരെയും നടത്തിപ്പുകാരെയും കണ്ടെത്തി അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു പകരം ഗ്രാമവാസികളെ പീഡിപ്പിച്ചുകൊല്ലുന്നത് നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനം മാത്രമല്ല, രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീരയോദ്ധാക്കളോടുള്ള അവഹേളനംകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.