‘ഫെഡറലിസം സംരക്ഷിക്കാൻ പോരാടുക’ എന്ന മുദ്രാവാക്യവുമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം രാഷ്ട്ര തലസ്ഥാനത്തു നടത്തിയ സമരത്തെ ചരിത്രപരം എന്നുതന്നെ വിശേഷിപ്പിക്കണം. കേരളത്തോടുള്ള മോദി സർക്കാറിന്റെ സാമ്പത്തിക അവഗണനക്കെതിരെയായിരുന്നു ജന്തർ മന്തറിലെ പ്രതിഷേധ സമരമെങ്കിലും, അതിനപ്പുറം പ്രതിപക്ഷ കക്ഷികളുടെ ദേശീയ ഐക്യവേദിയായി അത് മാറി. മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച പ്രതിഷേധ വേദിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്നാട് ഐ.ടി മന്ത്രി പളനിവേൽ ത്യാഗരാജൻ, കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ കേരളത്തിലെ മന്ത്രിമാർക്കും എൽ.ഡി.എഫ് എം.പി-എം.എൽ.എമാർക്കുമൊപ്പം അണിനിരന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഐക്യദാർഢ്യ വിഡിയോ സന്ദേശം വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. മോദി സർക്കാറിന്റെ സാമ്പത്തിക ഫാഷിസവും അധികാര ഹുങ്കും പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള വിവേചനങ്ങളും അക്കമിട്ട് തുറന്നുകാട്ടിയ കരുത്തുറ്റ സമരവേദിക്കാണ് ഇന്ദ്രപ്രസ്ഥം സാക്ഷിയായതെന്ന് പറയാം. കേരളത്തിന്റെ പ്രതിഷേധം ശക്തമായ താക്കീതാണെന്ന് കേന്ദ്രവും തിരിച്ചറിഞ്ഞുവെന്നുവേണം അനുമാനിക്കാൻ. അതുകൊണ്ടുകൂടിയായിരിക്കാം സമരത്തിന് പിന്നാലെ പാർലമെന്റിൽ ഇടക്കാല ബജറ്റ് ചർച്ചക്ക് മറുപടി പറയവെ ധനമന്ത്രി നിർമല സീതാരാമൻ കേരളത്തിന്റെ വിഷയം സവിശേഷമായി ഉന്നയിച്ചത്.
സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറി രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർത്തുകളയുന്ന പ്രതിലോമ പ്രവണതകൾ അധികാരത്തിൽ വന്നതിന്റെ തൊട്ടടുത്ത നാൾതൊട്ടേ മോദി സർക്കാർ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പതു വർഷമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഓരോ പദ്ധതിയിലും അത് കാണാം. വമ്പൻ പരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയ ജി.എസ്.ടിയുടെ കാര്യം തന്നെയെടുക്കുക. ‘ഒരൊറ്റ രാജ്യം, ഒരൊറ്റ നികുതി’ എന്ന പേരിൽ നടപ്പാക്കിയ ‘നികുതി പരിഷ്കരണ’ത്തിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ എവ്വിധമാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതെന്നതിന്റെ ചിത്രമിപ്പോൾ ഏവർക്കും വ്യക്തമാണ്. കേരളമടക്കമുള്ള ‘പ്രതിപക്ഷ’ സംസ്ഥാനങ്ങൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകാതെ മനഃപൂർവം അവഗണിക്കുന്ന നെറികെട്ട രാഷ്ട്രീയ പകപോക്കലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ട്. ഈ സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭ്യമാക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാരം നൽകാത്തതും കടമെടുക്കാനുള്ള പരിധിയിൽനിന്നുകൊണ്ട് പണം അനുവദിക്കാത്തതുമെല്ലാം കേന്ദ്രത്തിന്റെ സാമ്പത്തിക ഫാഷിസത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളായി അടയാളപ്പെടുത്തിയിട്ടുള്ളതാണ്. ദൈനംദിന ചെലവുകൾക്കുപോലും പണം മതിയാകാത്ത അവസ്ഥയിലേക്ക് ഈ സംസ്ഥാനങ്ങളെല്ലാം നിപതിച്ചപ്പോഴാണ് അവർ പ്രതിഷേധവുമായി ഡൽഹിയിലേക്ക് വണ്ടികയറിയത്. ബുധനാഴ്ച, കർണാടകയിലെ സിദ്ധരാമയ്യ സർക്കാറാണ് ജന്തർ മന്തറിൽ ആദ്യമെത്തിയത്; തൊട്ടടുത്ത ദിവസം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാറും. ഇതേ ദിവസം തന്നെ ഡി.എം.കെ എംപിമാർ പാർലമെന്റ് അങ്കണത്തിൽ മറ്റൊരു പ്രതിഷേധവും സംഘടിപ്പിച്ചു. മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ‘ഇൻഡ്യ’ മുന്നണിയിലെ പ്രധാന കക്ഷികളാണ്. അവർക്ക് പറയാനുള്ളതാകട്ടെ, ഒരേ കാര്യവും. നീതിപൂർവമായ വിഭവ-വിഹിത കൈമാറ്റമെന്ന ഭരണഘടനാതത്വം തുടർച്ചയായി ലംഘിച്ച് കേന്ദ്രസർക്കാർ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെ ‘സാമ്പത്തിക ഉപരോധം’ ഏർപ്പെടുത്തുകയാണെന്ന് അവർ കണക്കുകൾ നിരത്തി സമർഥിച്ചു. കേരളത്തിന്റെ കാര്യം തന്നെ നോക്കൂ: 65 രൂപ സംസ്ഥാനം പിരിച്ചെടുത്താല് 35 രൂപ കേന്ദ്രം തരണമെന്നാണ് ചട്ടം. പക്ഷേ, 79 രൂപ പിരിച്ചിട്ടും കേരളത്തിന് കിട്ടുന്നത് 21 രൂപ മാത്രമാണ്. ചില ‘ഭരണകക്ഷി സംസ്ഥാനങ്ങൾക്ക് 70 രൂപവരെ കിട്ടുമ്പോഴാണിതെന്നോർക്കണം. നാല് ശതമാനത്തിനടുത്തുണ്ടായിരുന്ന കേരളത്തിന്റെ നികുതി വിഹിതമിപ്പോൾ പകുതിയിലും താഴെയായി കുറക്കുകയും ചെയ്തിരിക്കുന്നു. എം.കെ സ്റ്റാലിൻ പറഞ്ഞതുപോലെ, ഇത്തരം നടപടികളിലൂടെ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നത് ഓക്സിജൻ തന്നെയാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ തികച്ചും ന്യായവും അനിവാര്യവുമായൊരു സമരം തന്നെയാണ് ജന്തർ മന്തറിൽ അരങ്ങേറിയതെന്ന് നിസ്സംശയം പറയാം.
ഈ സമരത്തോടുള്ള ഭരണകൂടത്തിന്റെ സമീപനം പതിവുപോലെ അവരുടെ നെറികെട്ട രാഷ്ട്രീയത്തിന്റെ ഉദ്ഘോഷണം മാത്രമായിപ്പോയി എന്നതിൽ അത്ഭുതമില്ല. വിഷയത്തെ ‘തെക്കു-വടക്ക് പ്രശ്ന’മായി അവതരിപ്പിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. ദക്ഷിണേന്ത്യയിൽ, സംഘ്പരിവാർ ഏറെ സജീവമാണെങ്കിലും കർണാടകയിലൊഴികെ മറ്റൊരിടത്തും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മേൽകൈ നേടാൻ അവർക്ക് വേണ്ടത്ര സാധിച്ചിട്ടില്ല; ഇപ്പോൾ കർണാടകയും അവർക്ക് നഷ്ടമായി. ഈ സാഹചര്യത്തിൽ ഹിന്ദുത്വമുന്നണിയുടെ പ്രതികാര രാഷ്ട്രീയമാണ് പലപ്പോഴും ദക്ഷിണ സംസ്ഥാനങ്ങളിൽ പ്രകടമാകുന്നത്. രാജ്ഭവനുകൾ കേന്ദ്രീകരിച്ച് ഭരണതലത്തിൽ അനിശ്ചിതത്വങ്ങൾ സൃഷ്ടിക്കുന്നതും മറ്റും ഇതിന്റെ ഭാഗമായിട്ടുതന്നെയാണെന്നുവേണം കരുതാൻ. ഈ പ്രതിലോമ രാഷ്ട്രീയത്തിനെതിരായ സമരംകൂടിയായിരുന്നു ജന്തർ മന്തറിലേത്. അത്തരമൊരു ചരിത്ര സമരത്തിന് നേതൃത്വം നൽകുകവഴി ഇടതുകക്ഷികൾക്ക് ദേശീയ രാഷ്ട്രീയത്തിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനായി എന്നതും ചെറിയ കാര്യമല്ല. ഇരുപതു വർഷം മുമ്പ് യു.പി.എ മുന്നണി രൂപവത്കരിക്കുമ്പോൾ അതിന്റെ ചാലകശക്തികളിലൊന്നായിരുന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പിന് മുന്നേയുള്ള ചരിത്രപരമായൊരു ഐക്യനീക്കമായും ഈ സമരത്തെ വിലയിരുത്താം. നിർഭാഗ്യവശാൽ, ആ ചരിത്രമൂഹൂർത്തതിന് സാക്ഷിയാകാൻ ഇൻഡ്യ മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിലെ ഒരംഗം പോലും ഇല്ലായിരുന്നു എന്നത് പോരായ്മ തന്നെയായി. സംസ്ഥാന രാഷ്ട്രീയത്തിലെ വൈരുധ്യങ്ങളും അഭിപ്രായഭിന്നതകളും നിലനിൽക്കെതന്നെ ഐക്യപ്പെടാൻ ഒട്ടേറെ കാരണങ്ങൾ ഈ സമരത്തിനുണ്ടായിരുന്നു. അത് തിരിച്ചറിയാൻ സംസ്ഥാന നേതൃത്വത്തിനായില്ല; അവരെ തിരുത്താൻ കേന്ദ്ര നേതൃത്വവും മുതിർന്നില്ല. ആ അർഥത്തിൽ, പ്രതിപക്ഷ സഖ്യത്തിന്റെ ആന്തരിക ദൗർബല്യങ്ങൾ പ്രകടമാക്കുന്ന സമരംകൂടിയായിരുന്നു ഡൽഹിയിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.