കണ്ടല സഹകരണ ബാങ്കിലെ അഴിമതിയിൽ സി.പി.ഐ നേതാവിനെയും പുൽപള്ളി സഹകരണ ബാങ്കിലെ അഴിമതിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നു. രണ്ടിടത്തും കോടികളുടെ അഴിമതി നടന്നതായാണ് പുറത്തുവന്ന കണക്കുകൾ. അന്വേഷണം തുടരുകയാണ്. കരുവന്നൂർ ബാങ്കിലെ ശതകോടികളുടെ അഴിമതിയിൽ ചില സി.പി.എം നേതാക്കൾ നേരത്തേതന്നെ അറസ്റ്റിലാണ്. സഹകരണ സംഘങ്ങളിലെ പരസ്പരം സഹകരിച്ചുള്ള അഴിമതിയിൽ ബി.ജെ.പി, മുസ്ലിം ലീഗ് പങ്കാളിത്തവും ഒട്ടും കുറവല്ലെന്നും നേരത്തേതന്നെ വെളിപ്പെട്ടിരുന്നു. അതായത് നേതൃത്വം അറിഞ്ഞിട്ടാണെങ്കിലും അല്ലെങ്കിലും പ്രമുഖ പാർട്ടികളെല്ലാംതന്നെ സഹകരണ സംഘങ്ങളിൽ ജനം നിക്ഷേപിച്ച പണം അഴിമതിയിലൂടെ തട്ടിയെടുക്കുന്നതിൽ മത്സരിക്കുകയാണെന്നാണ് ഇതു തെളിയിക്കുന്നത്.
കേരളത്തിലെ 400ഓളം സഹകരണ സംഘങ്ങളിൽ അഴിമതിയുണ്ടെന്നും പലതിലും നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സർക്കാർ മാസങ്ങൾ മുമ്പ് നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.
രാജ്യത്തുതന്നെ ഏറ്റവും ശക്തമായ സഹകരണ പ്രസ്ഥാനം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മറ്റു പല സംസ്ഥാനങ്ങളിലും സഹകരണ മേഖല സജീവമാണെങ്കിലും എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസവും പിന്തുണയും ഇത്രമാത്രം നേടിയ സംവിധാനം മറ്റിടങ്ങളിൽ ഉണ്ടോയെന്ന് സംശയമാണ്. കേരളത്തിൽ ദരിദ്ര, സമ്പന്ന ഭേദമില്ലാതെ ജനം സാമ്പത്തിക ആവശ്യങ്ങൾക്ക് ആദ്യം ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. തങ്ങളുടെ സ്വന്തം എന്ന ബോധ്യമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. എല്ലാ മേഖലകളിലും രാഷ്ട്രീയ സ്വാധീനം നിലനിൽക്കുന്ന കേരളത്തിൽ, സഹകരണ മേഖലയിലും രാഷ്ട്രീയം പ്രകടമാണ്. അതൊരു തെറ്റൊന്നുമല്ലതാനും. പൊതു തെരഞ്ഞെടുപ്പിന്റെ വീറും വാശിയുമോടെയാണ് നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ സഹകരണ സംഘം തെരഞ്ഞെടുപ്പുകൾ നടക്കുന്നത്. അത്തരത്തിൽ ജനം സ്വന്തമെന്ന് കരുതുന്ന, അവർ അത്താണിയാണെന്ന് കരുതുന്ന സംവിധാനത്തിൽ ചതിയും വഞ്ചനയും കടന്നുകൂടാനുള്ള അവസരം അനുവദിച്ചുകൂടായിരുന്നു. ഇക്കാര്യം ചില പാർട്ടി നേതാക്കൾ വൈകിയെങ്കിലും തുറന്നുസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
മഹത്തായ ലക്ഷ്യങ്ങളോടെ ആരംഭിച്ചവയാണ് സഹകരണ സംഘങ്ങൾ. അവ കൈവരിക്കുന്നതിലും വട്ടിപ്പലിശക്കാരിൽനിന്നടക്കം സാധാരണക്കാരെ രക്ഷിക്കുന്നതിലും ചെറുകിട സംരംഭങ്ങൾക്ക് പിന്തുണയേകുന്നതിലും സർവോപരി കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും വലിയ സംഭാവനകളാണ് സഹകരണ പ്രസ്ഥാനം നൽകിയിട്ടുള്ളത്. കേരളത്തിന്റെ ഗ്രാമീണ മേഖലകളുടെ വികസനത്തിൽ സഹകരണ സംഘങ്ങൾ വഹിച്ചിരുന്ന പങ്ക് നിസ്തുലവും ഒരിക്കലും വിസ്മരിക്കാനാകാത്തതുമാണ്. എന്നാൽ, കുറച്ചു വർഷങ്ങളായി സഹകരണ മേഖലയിൽനിന്ന് വരുന്നത് അത്ര നല്ല വാർത്തകളല്ല. ഭരണസമിതി സാരഥ്യത്തിനുമപ്പുറം രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സംഘങ്ങളെ കീഴടക്കുകയും വിഴുങ്ങുകയും ചെയ്തതോടെയാണ് അവയുടെ ലക്ഷ്യങ്ങൾ പാളംതെറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയായി. നിയമനങ്ങൾ സ്വന്തക്കാർക്കും പാർട്ടിക്കാർക്കും മാത്രമായി. ഇതിൽ ഒരു പാർട്ടിയും വ്യത്യസ്തരല്ല എന്നതാണ് വസ്തുത.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളിൽ കടന്നുകയറാനും വരുതിയിലാക്കാനും കേന്ദ്രസർക്കാർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അറിയാത്തവരല്ല ഈ പാർട്ടികളും അവയുടെ നേതാക്കളും. സ്ഥാപനങ്ങളിൽ അഴിമതി നടത്തി ഇ.ഡിക്ക് കയറാൻ അവസരം നൽകരുതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് സി.പി.എം നേതാവുതന്നെയാണ്.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെങ്കിലും കോൺഗ്രസും സി.പി.ഐയും ഇ.ഡി അറസ്റ്റ് ചെയ്ത നേതാക്കൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂരിൽ അത്തരമൊരു നടപടിക്ക് സി.പി.എം തയാറായിട്ടില്ല. പകരം, ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. അഴിമതിയും പാർട്ടികൾ അതിനോട് സ്വീകരിക്കുന്ന നിലപാടും ജനങ്ങൾക്കിടയിൽ സഹകരണ സംഘങ്ങളെക്കുറിച്ചുള്ള വിശ്വാസത്തിൽ വലിയ ഇടിവ് സൃഷ്ടിച്ചിരിക്കുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും ചില സഹകരണ സംഘങ്ങൾ നിക്ഷേപം സ്വീകരിക്കാൻ അർഹരല്ലെന്നും അത്തരം നിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നുമുള്ള റിസർവ് ബാങ്ക് വിജ്ഞാപനം കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നതുമാണ്. ഇത്തരം ഒരു പരിതസ്ഥിതിയിൽ സഹകരണ സംഘങ്ങളിൽ ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസം തിരിച്ചുപിടിക്കാൻ നടപടികൾ ഉണ്ടാവേണ്ടതുണ്ട്. ഓരോ ബാങ്കും കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടാനും ധവളപത്രം ഇറക്കാനും മുന്നോട്ടുവരണം. ക്രമക്കേട് കാണിക്കുന്നവർക്കെതിരെ കർശന നടപടിക്ക് സർക്കാറും തയാറാകണം. വിശ്വാസ്യത തകർന്ന് സഹകരണ സംഘങ്ങൾ ഇല്ലാതാകുന്ന സാഹചര്യം കേരളീയ സമൂഹത്തിന് പറഞ്ഞറിയിക്കാനാവാത്ത നഷ്ടമാണ് വരുത്തിവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.