ലോകത്ത് ജനാധിപത്യത്തിന്റെ രണ്ട് മാതൃകകളായി അറിയപ്പെടുന്ന അമേരിക്കയിലും ഇന്ത്യയിലും ജനപ്രതിനിസഭകളിൽ ഭിന്നസ്വരങ്ങളോടുള്ള അസഹിഷ്ണുതയും അടിച്ചമർത്തലും ഒരുപോലെ പ്രകടമാവുകയാണെന്നു തോന്നുന്നു. ഇന്ത്യൻ പാർലമെന്റിൽ നിന്ന് തൃണമൂൽ കോൺഗ്രസിന്റെ വാഗ്വിലാസമുള്ള അംഗം മഹുവ മൊയ്ത്രയെ പാർലമെൻറ് സദാചാര സമിതി വിളിച്ചുവരുത്തി വിസ്തരിച്ച ശേഷം പുറത്താക്കാൻ ലോക്സഭ സ്പീക്കറോട് ശിപാർശ ചെയ്തിരിക്കുന്നു. അമേരിക്കയിൽ കോൺഗ്രസിന്റെ അധോമണ്ഡലമായ ജനപ്രതിനിധി സഭയിൽ ഫലസ്തീൻ വംശജയായ അംഗം റാശിദ് തലൈബിനെ ‘സെമിറ്റിക് വിരുദ്ധ പരാമർശങ്ങൾ’ നടത്തുകയും ‘ഭീകര സംഘടനയെ’ പിന്തുണക്കുകയും ചെയ്തു എന്നാരോപിച്ച് സെൻഷ്വർ ചെയ്തിരിക്കുന്നു. രണ്ടിടത്തെയും നടപടിക്രമങ്ങളിൽ ചെറിയ വ്യത്യാസമുണ്ട്. ലോക് സഭയിൽ മഹുവ മൊയ്ത്രയെ വിചാരണക്ക് വിധേയമാക്കിയത് ഭരണപക്ഷ-ബി.ജെ.പി നടപടിയായിരുന്നു; പ്രതിപക്ഷം അതിനെ എതിർത്തു. സദാചാര സമിതിയിലെ പ്രതിപക്ഷാംഗങ്ങൾ ന്യൂനപക്ഷമാണെങ്കിലും നടപടികളിലെ അനീതിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ അമേരിക്കൻ ജനപ്രതിനിധി സഭയിൽ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിക്ക് 212 സീറ്റ് ഉള്ളപ്പോൾ 221 അംഗങ്ങളുള്ള പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം. പക്ഷേ, അതിലും കൂടുതലായി 234 വോട്ടുകളാണ് സെൻഷ്വർ തീരുമാനത്തിന് കിട്ടിയത്; എതിർത്തത് 188 പേർമാത്രം. അതായത് ചില ഡെമോക്രാറ്റുകളും സെൻഷ്വറിനു അനുകൂലമായി വോട്ട് ചെയ്തു. ഇതിനു മുമ്പ് 25 കോൺഗ്രസ് അംഗങ്ങൾ മാത്രമേ യു.എസ് കോൺഗ്രസിന്റെ ചരിത്രത്തിൽ സെൻഷ്വർ ചെയ്യപ്പെട്ടിട്ടുള്ളൂവെന്നും ഓർക്കണം.
അമേരിക്കൻ കോൺഗ്രസിലെ മൂന്ന് മുസ്ലിം പ്രതിനിധികളിൽ മിഷിഗണിൽ നിന്നുള്ള വനിത അംഗമായ റാശിദ് തലൈബ്, ഇസ്രായേൽ വിരുദ്ധ പരാമർശങ്ങൾ നടത്തിയതാണ് ശിക്ഷക്ക് വഴിയൊരുക്കിയത്. ഫലസ്തീൻ- ഇസ്രായേൽ വിഷയത്തിൽ മുസ്ലിം അംഗങ്ങൾ എന്ത് പറയുന്നു എന്ന് നോക്കിയിരിപ്പാണ് വിമർശകർ. പൊതുവെ പാർട്ടി അടിസ്ഥാനത്തിൽ എപ്പോഴും ധ്രുവീകരിക്കപ്പെട്ടു നിൽക്കുന്ന അമേരിക്കൻ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇതിലും വ്യത്യസ്ത നിലപാടുകളാണെടുക്കേണ്ടിയിരുന്നത്. എന്നാൽ ഫലസ്തീനും ഇസ്രായേലും വിഷയമായി വന്നപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി കൊണ്ട് വന്ന സെൻഷ്വർ പ്രമേയത്തിന് ഡെമോക്രാറ്റിക് പാർട്ടിയിലെ രണ്ടംഗങ്ങളുടെ പിന്തുണയും കിട്ടി. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ എതിർത്തു വോട്ടുചെയ്തു എന്നതും സത്യം. തലൈബ് ഇത് രണ്ടാം തവണയാണ് ഇസ്രായേൽ ഗാസയിൽ നടത്തുന്ന അക്രമങ്ങളുടെ പേരിൽ പുറത്താക്കലിന് ഒരു പടി താഴെ ആയി കരുതപ്പെടുന്ന സെൻഷ്വറിനു ശിപാർശ ചെയ്യപ്പെടുന്നത്. ഒരാഴ്ച മുമ്പ് ഏതാണ്ട് ഇതേ ആരോപണങ്ങളുടെ പേരിൽ ഒരു റിപ്പബ്ലിക്കൻ അംഗം കൊണ്ട് വന്ന പ്രമേയം തള്ളിയതാണ്. ഇതാണ് വീണ്ടും ശാസന പ്രമേയം വരാൻ കാരണം. മുമ്പ് സോമാലിയൻ വംശജ ഇൽഹാൻ ഉമർ ‘താക്കീതി’ന് വിധേയയായതും അമേരിക്കൻ വിദേശ നയത്തിൽ ഇസ്രായേൽ ലോബിയുടെ സ്വാധീനത്തെക്കുറിച്ച പരാമർശത്തിനായിരുന്നു.
ഇസ്രായേൽ അനുകൂല ലോബിക്ക് ശുണ്ഠി പിടിക്കാനുള്ള ‘യോഗ്യതകൾ’ തലൈബിനുണ്ടായിരുന്നുവെങ്കിലും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ അവർ അപലപിക്കുക തന്നെയായിരുന്നു. ഫലസ്തീൻ ജീവനുകളുടെ അത്ര തന്നെ വിലയുള്ളതാണ് ഇസ്രായേലികളുടെയും ജീവൻ എന്നും അവർ പറഞ്ഞതാണ്. പക്ഷേ, ഇസ്രായേൽ അനുകൂല വിമർശകർ എടുത്തുകാട്ടിയത് സമൂഹമാധ്യമങ്ങളിൽ തലൈബ് പങ്കുവെച്ച വിഡിയോയിൽ ഫലസ്തീൻ സ്വതന്ത്രമാകുമെന്ന ജനക്കൂട്ടത്തിന്റെ മുദ്രാവാക്യമായിരുന്നു. അതിനെ ഇസ്രായേലിനെ നശിപ്പിക്കാനുള്ള ആഹ്വാനമായി വ്യാഖ്യാനിച്ചായിരുന്നു നടപടി. അത് പിൻവലിക്കാൻ തയാറാവാതിരുന്ന തലൈബ് ഒരു അഭിലാഷത്തിന്റെ ആവിഷ്കാരമാണതെന്ന് വിശദീകരിച്ചത് സഭക്ക് സ്വീകാര്യമായില്ല. സെൻഷ്വർ പ്രമേയത്തിൽ ഉന്നയിച്ച ആരോപണം ഹമാസ് നടത്തിയ ക്രൂരകൃത്യങ്ങളെ ന്യായീകരിച്ചുവെന്നും അൽ അഹ്ലി ആശുപത്രിയെ ഉന്നമിട്ട് ഇസ്രായേൽ ബോംബിങ് നടത്തി എന്ന ‘വ്യാജ വാർത്ത’ അറിഞ്ഞു കൊണ്ട് തന്നെ പ്രചരിപ്പിച്ചുവെന്നുമായിരുന്നു. ആശുപത്രി ഇസ്രായേൽ തന്നെ ബോംബിട്ടതാണെന്ന കാര്യം മറ്റനേകം സ്രോതസ്സുകളും പറഞ്ഞതാണ്. എന്നാലും സ്വന്തം ബോധ്യമനുസരിച്ച് സംസാരിക്കാൻ ജനാധിപത്യമാതൃകയായി ആഘോഷിക്കപ്പെടുന്ന അമേരിക്കയുടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സഭയിൽ പോലും സ്വാതന്ത്ര്യമില്ല. ഇസ്രായേലി ഭരണകൂടത്തെ വിമർശിക്കുന്നത് സെമിറ്റിക് വിരോധമാണെന്ന ആഖ്യാനം വളരെ അപകടകരമാണെന്നായിരുന്നു തലൈബിന്റെ മറുപടി. കൂടെ, വെസ്റ്റ് ബാങ്കിൽ വേരുകളും ഇന്നും ബന്ധുക്കളുമുള്ള അവർ ഒന്നുകൂടി പറഞ്ഞു: തന്നെ നിശ്ശബ്ദയാക്കാനും വാക്കുകളെ വളച്ചൊടിക്കാനും ആരും ശ്രമിക്കേണ്ട എന്ന്.
ഏതാണ്ട് സമാനമായ കാര്യമാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയുടെ പാർലമെന്റിൽ മഹുവ മൊയ്ത്രക്കും ഇതേ സ്വരത്തിലും സാഹചര്യത്തിലും പറയേണ്ടി വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ ചങ്ങാതി അദാനിക്കെതിരെയും നിക്ഷേപങ്ങളെക്കുറിച്ചും ചോദ്യങ്ങളുന്നയിച്ച പശ്ചാത്തലത്തിലാണ് ചോദ്യങ്ങൾക്ക് പ്രതിഫലം വാങ്ങി എന്ന ആരോപണം മഹുവക്ക് മേൽ ചുമത്തപ്പെട്ടത്. പാർലമെന്റ് സദാചാര ഉപസമിതിയിൽ തനിക്കെതിരെ ആരോപണമുന്നയിച്ചവരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യവും നിരസിക്കപ്പെട്ടു. ആരോപിതർക്കു അവരുടെ ഭാഗം വിശദീകരിക്കാനോ ആരോപണം തെറ്റാണെന്നു തെളിയിക്കാനോ ഒരവസരവും കൊടുക്കാതെ വെറും സംഖ്യാപരമായ ഭൂരിപക്ഷം ഉപയോഗപ്പെടുത്തി ഒരംഗത്തെ അയോഗ്യയാക്കുകയോ പുറത്താക്കുകയോ ചെയ്യാനുള്ള ഗൂഢതന്ത്രമാണ് ഡൽഹിയിൽ നടന്നത്. ജനാധിപത്യത്തിന്റെ തന്നെ സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തി പ്രതിശബ്ദങ്ങളെ നിശ്ശബ്ദമാക്കാൻ നടത്തുന്ന ശ്രമങ്ങൾ തിരിച്ചറിയപ്പെടാതെ പോകരുത്. അവക്കെതിരെയുള്ള ചെറുത്തു നിൽപുകൾക്ക് തുടർച്ചയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.