പാർലമെന്റ് മാന്യവും സഭ്യവുമായ സംവാദത്തിന് മാതൃകയാകേണ്ട ഇടമാണ്. പാർലമെന്റിന്റെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട സമിതികളാകുമ്പോൾ ന്യായമായ നിലപാടും മാന്യമായ പെരുമാറ്റവുമെന്ന ഉത്തരവാദിത്തം പിന്നെയും കൂടും. ആ സമിതി സഭയുടെ ധാർമികതയുമായി ബന്ധപ്പെട്ട എത്തിക്സ് കമ്മിറ്റിയാകുമ്പോൾ അത്യുന്നതമായ പെരുമാറ്റരീതിയും നീതിബോധവും രാജ്യം പ്രതീക്ഷിക്കും. എന്നാൽ, മഹുവ മൊയ്ത്ര എം.പിക്കെതിരായ ആരോപണം പരിശോധിക്കാൻചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ രണ്ടും ലംഘിക്കപ്പെട്ടു എന്ന പരാതിയാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. കമ്മിറ്റി അധ്യക്ഷൻ മുൻവിധിയോടെയാണ് വിഷയത്തെ സമീപിച്ചതെന്നും സഭ്യേതരമായ അനാവശ്യ ചോദ്യങ്ങളുന്നയിച്ച് അപമാനിച്ചുവെന്നും മഹുവ മൊയ്ത്രയും സമിതിയിലെ ചില പ്രതിപക്ഷാംഗങ്ങളും ആരോപിച്ചിരിക്കുന്നു. സഹികെട്ട് സമിതി യോഗത്തിൽനിന്ന് അവർ ഇറങ്ങിപ്പോയി. സമിതിക്ക് മുമ്പാകെ മൊഴിനൽകാനെത്തിയ തന്റെ സ്വകാര്യത ലംഘിക്കാനും സ്ത്രീത്വത്തെ അവഹേളിക്കാനുമാണ് ചെയർമാൻ മുതിർന്നത് എന്ന് മഹുവ കുറ്റപ്പെടുത്തുന്നു. ലോക്സഭ വെബ്സൈറ്റിന്റെ ലോഗിൻവിവരങ്ങൾ പുറത്തുള്ളവർക്ക് കൊടുത്തു, ചോദ്യമുന്നയിക്കാൻ പണം വാങ്ങി എന്നീ ആരോപണങ്ങളെപ്പറ്റി മൊഴിനൽകാനെത്തിയ അവർ, ആദ്യത്തേത് സ്ഥിരീകരിക്കുകയും രണ്ടാമത്തേത് നിഷേധിക്കുകയും ചെയ്തു. ഓരോ എം.പിക്കും പ്രത്യേകം പ്രത്യേകമായുള്ള ലോഗിൻ സൂത്രം ചോദ്യങ്ങൾ ടൈപ് ചെയ്ത് അപ്ലോഡ് ചെയ്യാൻ പുറത്തുള്ളവരുമായി പലരും പങ്കുവെക്കാറുണ്ടെന്നും അങ്ങനെ ചെയ്യരുതെന്ന് ചട്ടങ്ങളിൽ പറയുന്നില്ലെന്നും അവർ വാദിക്കുന്നു. അതേസമയം, ചോദ്യമുന്നയിക്കുന്നതിന് പണം പറ്റിയിട്ടേയില്ല. ഇക്കാര്യങ്ങൾ പറയാൻ തനിക്ക് അവസരം നൽകിയതുതന്നെ പ്രതിപക്ഷാംഗങ്ങൾ ഇടപെട്ടശേഷമാണ്. മാത്രമല്ല, വിഷയവുമായി ബന്ധമില്ലാത്തതും വൃത്തികെട്ടതുമായ ചോദ്യങ്ങൾ ചെയർമാൻ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു.
തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭയിൽ ശക്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട അംഗവുമാണ് മഹുവ മൊയ്ത്ര. ബി.ജെ.പി നേതാവ് നിഷികാന്ത് ദുബേയും മഹുവയുടെ മുൻ പങ്കാളി ജയ് ആനന്ദും ആണ് അവർക്കെതിരെ പരാതി ഉന്നയിച്ചത്. ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള എത്തിക്സ് കമ്മിറ്റി, സങ്കുചിത രാഷ്ട്രീയതാൽപര്യങ്ങൾ അന്വേഷണത്തെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. സമിതിയുടെയും അതുവഴി പാർലമെന്ററി സംവിധാനങ്ങളുടെതന്നെയും വിശ്വാസ്യത ഉറപ്പുവരുത്തേണ്ട ബാധ്യത അതിലെ അംഗങ്ങൾക്ക് – ചെയർമാന് വിശേഷിച്ചും– ഉണ്ട്. എന്നാൽ, ‘പ്രിയ സുഹൃത്ത് എന്ന് നിങ്ങൾ പറയുന്നയാൾ എത്രത്തോളം പ്രിയപ്പെട്ടയാളാണ്, അയാളുടെ ഭാര്യക്ക് ഇക്കാര്യം അറിയാമോ, പാതിരാക്ക് നിങ്ങൾ വിളിച്ച ഫോൺകാളുകളെപ്പറ്റി വിശദമാക്കാമോ’ തുടങ്ങിയ അപ്രസക്തവും അവഹേളനപരവുമായ ചോദ്യങ്ങളാണ് ചെയർമാന് ചോദിക്കാനുണ്ടായിരുന്നത് എന്ന മഹുവയുടെ ആരോപണം ശരിയാണെങ്കിൽ സ്വന്തം മാന്യതയും വിശ്വാസ്യതയും അധ്യക്ഷൻ കൈയൊഴിഞ്ഞു എന്ന് പറയേണ്ടിവരും. മഹുവയുടെ ‘അഹങ്കാരം നിറഞ്ഞ പെരുമാറ്റ’ത്തെപ്പറ്റി മറുപക്ഷം പറയുമ്പോഴും, ഈ ആരോപണം അവർ നിഷേധിക്കുന്നില്ല. ‘ആരുടെയൊക്കെ കൂടെ, ഏതെല്ലാം ഹോട്ടലിൽ താമസിച്ചിട്ടുണ്ട്’ എന്നചോദ്യം ചെയർമാനിൽനിന്ന് വന്നതോടെയാണ് പ്രതിപക്ഷ എം.പിമാർ ക്ഷോഭിച്ച് യോഗം വിട്ടിറങ്ങിയതത്രെ. ഇത് യഥാർഥമെങ്കിൽ, പാർലമെന്റിന്റെതന്നെ അന്തസ്സിനെയാണ് ഇടിച്ചുതാഴ്ത്തിയത്. മഹുവ തന്റെ പരാതി ലോക്സഭ സ്പീക്കർക്ക് നൽകിയിട്ടുണ്ട്. എത്തിക്സ് കമ്മിറ്റി ചെയർമാനും സ്പീക്കർക്ക് റിപ്പോർട്ട് നൽകുന്നുണ്ട്. സ്പീക്കർക്ക് ഇക്കാര്യത്തിൽ ക്രിയാത്മകമായ പലതും ചെയ്യാനാവും.
വിഷയത്തിൽ പാർലമെന്റിന്റെ അന്തസ്സും വിശ്വാസ്യതയും വീണ്ടെടുക്കുക പരമപ്രധാനമാണ്. ബി.ജെ.പി മഹുവ മൊയ്ത്രയെ ലക്ഷ്യമിടുന്നുണ്ടെന്നത് രഹസ്യമല്ല. രാഹുൽ ഗാന്ധിയോട് ചെയ്തതുപോലെ മഹുവയെയും ലോക്സഭയിൽനിന്ന് പുറത്താക്കാനുള്ള പദ്ധതി ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുണ്ടെന്ന് പരാതിയുള്ളതാണ്. അതുകൊണ്ടുതന്നെ സാങ്കേതികതകളിൽ കെട്ടിക്കുടുങ്ങാതെ എത്തിക്സ് കമ്മിറ്റി നടപടികളെപ്പറ്റി നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടക്കണം. സമിതിക്ക് മുമ്പാകെ ഹാജരാകാൻ നൽകിയ ദിവസം തനിക്ക് അസൗകര്യമായതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന മഹുവയുടെ അപേക്ഷ സ്വീകരിച്ചില്ലെന്നും മറ്റൊരു വിഷയത്തിൽ ബി.ജെ.പി എം.പിക്ക് ദിവസം മാറ്റിക്കൊടുത്തെന്നും ഇത് പക്ഷപാതപരമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികൾ ഉയരാതെ ശ്രദ്ധിക്കാൻ സ്പീക്കർക്ക് കഴിയേണ്ടതുണ്ട്. രാഹുലിനെതിരെ എന്നപോലെ മഹുവക്കെതിരെയും നീക്കംനടക്കുന്നതിന് പിന്നിൽ അദാനിയെ കുറിച്ചും അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരിരുവരും ശക്തമായ ചോദ്യങ്ങളുന്നയിക്കുന്നതാണെന്ന് പ്രതിപക്ഷം പറയുന്നു. ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങി എന്ന ആരോപണം നിഷേധിക്കുന്ന മഹുവ, ചോദ്യങ്ങളുടെ മൂർച്ചകുറക്കാൻ അദാനിയും മറ്റും തന്നോടാവശ്യപ്പെട്ടതായി പറയുന്നുണ്ട്–ഇതും ഏറെ ഗൗരവമുള്ള വിഷയമാണ്. നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തുകയാണ് ഈ ആരോപണങ്ങൾക്കുള്ള മറുപടി. ഒപ്പം, അദാനിയുമായുള്ള ഉന്നതതല ബന്ധങ്ങളെപ്പറ്റി ചോദ്യങ്ങളുന്നയിക്കാൻ തടസ്സമില്ലെന്ന് രാജ്യത്തിന് ബോധ്യപ്പെടുംവിധം തെളിച്ചുകാണിക്കാനും കഴിയണം. സർക്കാറിന് എന്തൊക്കെയോ ഒളിക്കാനുണ്ട് എന്ന ആരോപണത്തെ നേരിടേണ്ടത് ഒന്നും ഒളിക്കാൻ പറ്റാത്തതരത്തിൽ എല്ലാവശവും വെളിപ്പെടുത്തിക്കൊണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.