ഗസ്സയിലേക്ക് സഹായവുമായി ട്രക്കുകൾ നീങ്ങിത്തുടങ്ങി. ഒരുവശത്ത് ഓരോ തുള്ളി സഹായവും ഒരു ജീവൻ രക്ഷിക്കുമെന്ന അവസ്ഥയിൽ വെള്ളത്തിനും മരുന്നിനും ഭക്ഷണത്തിനുമായി കാത്തിരിക്കുന്ന നിസ്സഹായരായ പൈതങ്ങളും പ്രായമായവരും മറ്റും. മറുഭാഗത്ത് അത്യാവശ്യ വിഭവങ്ങളെല്ലാമായി അങ്ങോട്ട് പ്രവേശനം കാത്തുകിടന്ന അസംഖ്യം ട്രക്കുകൾ. ആ ഒരു പ്രവേശനം കിട്ടാൻ മാത്രമെടുത്ത ദിവസങ്ങളിൽ എത്രജീവൻ പൊലിഞ്ഞു! ഇപ്പോഴും മതിയായ അളവിലും വേഗത്തിലും വാഹനങ്ങൾക്ക് അങ്ങോട്ടെത്താൻ പറ്റുന്നില്ല. തടസ്സം നീക്കാൻവേണ്ടി ഐക്യരാഷ്ട്രസഭയും അതിന്റെ വിഭാഗങ്ങളും മനുഷ്യാവകാശ കമീഷൻ, മറ്റുചില രാഷ്ട്രനേതാക്കൾ, സന്നദ്ധ സംഘടനകൾ, ആക്ടിവിസ്റ്റുകൾ തുടങ്ങി പലരും ശ്രമിച്ചതിന്റെ ഫലമാണ് ഇതെങ്കിലും. ഒരു മഹാദുരന്തത്തിന് മുന്നിൽ മനുഷ്യരാശിയുടെ മഹാഭൂരിപക്ഷം ആഗ്രഹിച്ചപോലെ കാരുണ്യകവാടം തുറക്കാൻപോലും ഇത്ര താമസിച്ചത് നമ്മെ ചിന്തിപ്പിക്കണം. വിഭവങ്ങളില്ലാത്തതല്ല പ്രശ്നം; അവ എത്തിക്കാനുള്ള വാഹനങ്ങളില്ലാത്തതുമല്ല പ്രശ്നം. മറിച്ച്, ഒരു ഭീകരരാഷ്ട്രത്തിന്റെ പിടിവാശിക്കും ക്രൂരതക്കും മുന്നിൽ ലോകം നിഷ്ക്രിയമാക്കപ്പെട്ടു എന്നതാണ്. ഐക്യരാഷ്ട്രസഭ പോലുള്ളവയെ വെറും നോക്കുകുത്തിയാക്കി മാറ്റിയ ഒരു ഭീകരകൂട്ടായ്മയുടെ തൽസ്വരൂപം കാട്ടിത്തരുന്നതുകൂടിയാണ് ഗസ്സയുടെ വർത്തമാനകാല അനുഭവങ്ങൾ. ഗസ്സയെ ഉപരോധിച്ചത് ഇസ്രായേലാണെങ്കിൽ യു.എന്നിനെ ഉപരോധിച്ചത് അതിന്റെ കുറെ ചങ്ങാതിരാഷ്ട്രങ്ങൾ കൂടിച്ചേർന്നാണ്. ഗസ്സയെ ബന്ദിയാക്കിയവർ യു.എന്നിനെ മുമ്പേ ബന്ദിയാക്കി. നിർണായകമായ ഘട്ടത്തിൽ ഐക്യരാഷ്ട്രസഭ എല്ലാ വിഭവസൗകര്യങ്ങളോടും കൂടി നിർവീര്യമാക്കപ്പെട്ടത്, ഗസ്സയിലേക്കുള്ള റഫ അതിർത്തി അടച്ചുവെച്ചവർ അതിനുമുമ്പേ യു.എന്നിന്റെ കർമശേഷിയും നിർവീര്യമാക്കിയിരുന്നു എന്നതിനാലാണ്.
യു.എൻ എത്തിപ്പെട്ട ദുഃസ്ഥിതിയുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസങ്ങളിൽ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്നത്. ബന്ദികളാക്കപ്പെട്ട ഗസ്സ നിവാസികൾക്കുമേൽ ഇസ്രായേലിന്റെ ബോംബുവർഷം ആസന്നമായ അവസ്ഥയിൽ രക്ഷാസമിതി യോഗംചേർന്നു. മാനുഷിക പരിഗണനയിൽ വെടിനിർത്താനാവശ്യപ്പെടുന്ന റഷ്യയുടെ പ്രമേയം ആവശ്യമായ പിന്തുണകിട്ടാതെ തള്ളപ്പെട്ടു. നിസ്സഹായരായ മനുഷ്യരെ കൂട്ടക്കൊല ചെയ്യരുതെന്ന് ആവശ്യപ്പെടാൻപോലും രക്ഷാസമിതിക്ക് കഴിഞ്ഞില്ല എന്നർഥം. തുടർന്ന് ഇസ്രായേൽ അതിഭീകരമായ ബോംബുവർഷത്താൽ കൂട്ടക്കശാപ്പ് തുടങ്ങിയശേഷം വീണ്ടും രക്ഷാസമിതി യോഗംചേർന്നു. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇന്ധനവുമെല്ലാം തടഞ്ഞുകൊണ്ട് ഇസ്രായേൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുമ്പോൾ രക്ഷാസമിതിക്കുമുമ്പാകെ ഒരു പ്രമേയമെത്തി. അത്യാവശ്യമായ ആശ്വാസമെത്തിക്കാനായി ആക്രമണം നിർത്തിവെക്കണമെന്നായിരുന്നു പ്രമേയം. 15 അംഗങ്ങളിൽ 12ഉം അനുകൂലിച്ച പ്രമേയം അംഗീകരിക്കപ്പെടുമെന്നായപ്പോഴതാ വരുന്നൂ, അമേരിക്കയുടെ വീറ്റോ. ഈ മാനുഷികപ്രശ്നത്തിൽപോലും വീറ്റോ പ്രയോഗിക്കാൻ അമേരിക്ക പറഞ്ഞ ന്യായമോ? സ്വയം പ്രതിരോധത്തിനുള്ള ഇസ്രായേലിന്റെ അവകാശത്തെപ്പറ്റി പ്രമേയത്തിൽ ഒന്നും പറഞ്ഞില്ലെന്ന്! മനുഷ്യക്കുരുതി നിർത്തൂ എന്ന് പറയാനുള്ള മുന്നുപാധിയാണത്രെ, കുരുതി നടത്താൻ ആക്രമിക്ക് അവകാശമുള്ളതായി സമ്മതിക്കണമെന്നത്! യു.എന്നിന്റെ മനുഷ്യാവകാശ സ്പെഷൽ റാപോർട്യർ ഫ്രാൻസെസ്ക ആൽബനീസ് പിന്നീട് ചൂണ്ടിക്കാണിച്ചപോലെ, ‘‘1524 കുഞ്ഞുങ്ങളടക്കം നാലായിരത്തിലേറെ ഫലസ്തീൻകാരെ ഇതിനകം കൊന്നുകഴിഞ്ഞ ഇസ്രായേൽ ഗസ്സയിൽ ചെയ്യുന്നത് ഏതായാലും സ്വയം പ്രതിരോധമല്ല.’’ പക്ഷേ, വീറ്റോക്ക് ന്യായം ബാധകമല്ലല്ലോ.
ഇപ്പോഴത്തെ കുരുതി തടയാനോ നിർത്തിവെപ്പിക്കാനോ യു.എന്നിന് പദ്ധതിയോ കഴിവോ ഇല്ലാതെപോയതും ‘രക്ഷയില്ലാസമിതി’ അടക്കം ഒന്നുമല്ലാതായതും പെട്ടെന്ന് സംഭവിച്ചതല്ല. ഇസ്രായേൽ എന്ന കൃത്രിമരാഷ്ട്രത്തിന് ചില കോളനിശക്തികളുടെ സ്വാധീനത്തിൽ സാധുത നൽകിയ ഐക്യരാഷ്ട്രസഭക്ക് ആ രാഷ്ട്രം തിരിച്ചുനൽകുന്ന പ്രതിഫലംകൂടിയാണീ ദയാവധം. ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിപോലുള്ള നിർണായക വിഭാഗങ്ങളെയും അപ്രസക്തമാക്കിയത് ഇന്ന് ഇസ്രായേലിനൊപ്പം നിൽക്കുന്ന ശക്തികളാണ്. യു.എൻ ചാർട്ടറിന്റെ ആദ്യ ലക്ഷ്യമായിത്തന്നെ പറഞ്ഞിരുന്നു, ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമായി’ കൂട്ടായി പ്രവർത്തിക്കുമെന്ന്. അധിനിവേശവും കോളനിവത്കരണവും അരുതെന്ന് യു.എൻ അന്നേ പറഞ്ഞുവെച്ചു. എന്നിട്ടോ? മൂന്നുവർഷം മുമ്പ്, കൊളോണിയലിസം തുടച്ചുമാറ്റാനുള്ള മൂന്നാമത് അന്താരാഷ്ട്ര ശതാബ്ദത്തിന്റെ സമാപ്തി യു.എൻ ആഘോഷിക്കുമ്പോൾ ഇസ്രായേൽ ഫലസ്തീനെ അതിന്റെ കോളനിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു-തടയപ്പെടാതെ. ദക്ഷിണാഫ്രിക്കയിലെ അപാർതൈറ്റിനെ കൂട്ടായ ഉപരോധംവഴി തോൽപിക്കാൻ നേതൃത്വം നൽകിയ യു.എന്നിന് ഇസ്രായേലിന്റെ കൊളോണിയലിസത്തെയോ അപാർതൈറ്റിനെയോ അങ്ങനെ വിളിക്കാൻപോലും കഴിയുന്നില്ല. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ മണിക്കൂറുകൾക്കുള്ളിൽ അപലപിച്ച യു.എന്നിന് ഏഴരപ്പതിറ്റാണ്ടായി തുടരുന്ന ഇസ്രായേലി അധിനിവേശത്തെ കുറ്റപ്പെടുത്താൻപോലും കഴിയുന്നില്ല. ഫലസ്തീനിലെ അധിനിവേശം അന്യായം (2016), ഫലസ്തീൻകാർക്കെതിരായ അമിത ബലപ്രയോഗം നിയമവിരുദ്ധം (2018) തുടങ്ങി, ഫലസ്തീന് സായുധ പ്രതിരോധത്തിനും സ്വാതന്ത്ര്യപോരാട്ടത്തിനും അവകാശമുണ്ട്, നാടും വീടും തിരിച്ചുകിട്ടാനവകാശമുണ്ട് എന്നിവയടക്കം യു.എൻ അംഗീകരിച്ച അസംഖ്യം പ്രമേയങ്ങൾ ഇന്ന് യു.എന്നിനെതന്നെ പരിഹസിച്ചുകൊണ്ടിരിക്കുന്നു. ഈ അനൈക്യ രാഷ്ട്രസഭയെയും അരക്ഷാ സമിതിയെയും ഇസ്രായേൽ അധിനിവേശിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.