നിപ പകർച്ചവ്യാധിയെ പിടിച്ചുകെട്ടാൻ പഴുതടച്ച പ്രതിരോധത്തിനു തയാറെടുത്തിരിക്കുകയാണ് സർക്കാറും ആരോഗ്യപ്രവർത്തകരും. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ട കോഴിക്കോട് ജില്ലയിലെ മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകൾക്കു പുറമെ സമീപ പഞ്ചായത്തുകളിലേക്കുകൂടി കണ്ടെയ്ൻമെന്റ് സോണുകൾ വ്യാപിപ്പിച്ചു. തിരുവനന്തപുരത്ത് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലും കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിലും കൺട്രോൾ റൂമുകൾ തുറന്ന് മന്ത്രിമാരുടെ മേൽനോട്ടത്തിൽ പ്രതിരോധ, നിയന്ത്രണപ്രവർത്തനങ്ങൾക്ക് സർക്കാർ മേൽനോട്ടം വഹിക്കുന്നു. മരണസാധ്യത കൂടിയ പകർച്ചവ്യാധിയായതിനാൽ ഏതുവിധേനയും വ്യാപനം തടയുന്നതിന് ബദ്ധശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. ഇതു മൂന്നാം തവണയാണ് നിപ പകർച്ചവ്യാധിയുടെ വരവ് എന്നതിനാൽ പ്രതിരോധത്തിൽ മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ കാര്യക്ഷമമായി മുന്നോട്ടുപോകാൻ ഭരണകൂടത്തിനു കഴിയും. ആ ആത്മവിശ്വാസം അധികൃതർ പ്രകടിപ്പിക്കുന്നുമുണ്ട്. അതു ഫലവത്താകട്ടെ എന്ന് പ്രാർഥനാപൂർവം പ്രത്യാശിക്കാം.
ഭയം വേണ്ട, ജാഗ്രത മതി എന്ന നിപ, കോവിഡ് ബാധക്കാലത്തെ മുദ്രാവാക്യം തന്നെയാണ് ഇത്തവണയും പ്രതിരോധമന്ത്രം. ജനങ്ങളുടെ ഭയാശങ്കകൾ മുൻകൂട്ടി കണ്ടും അവരുടെ അശ്രദ്ധയും ലാഘവത്വവും സ്ഥിതി ഗുരുതരമാക്കാതെ നോക്കിയും വേണം സർക്കാറിനു മുന്നോട്ടുനീങ്ങാൻ. കഴിഞ്ഞ കോവിഡ് കാലത്ത് സംഭവിച്ചതു പോലെ ആസൂത്രണത്തിലെ പാളിച്ചകളും നിർവഹണത്തിലെ ജാഗ്രതയില്ലായ്മയും നാടിന്റെ സാമൂഹിക, സാമ്പത്തികജീവിതത്തെ നിശ്ചലമാക്കാതെയും ജനജീവിതത്തെ അകാരണമായും അനിശ്ചിതമായും അടച്ചിടാതെയും പ്രതിസന്ധി കൈകാര്യം ചെയ്യാൻ പഴയ അനുഭവങ്ങൾ പാഠമായുണ്ടാവണം. സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തികസ്ഥിതി കഴിഞ്ഞ ദിവസത്തെ നിയമസഭ ചർച്ചയിൽ വെളിപ്പെട്ടതാണ്. പഞ്ഞകാലത്തെ വർക്കത്തില്ലാത്ത തർക്കത്തിലേക്കു സഭ നീങ്ങിയതുതന്നെ നമ്മുടെ സാമ്പത്തികാധഃസ്ഥിതിയുടെ അവലക്ഷണം കുറിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പകർച്ചവ്യാധിയുടെ പ്രതിരോധം വിപണിയുടെയും അതുവഴി ജനജീവിതത്തിന്റെയും താളം തെറ്റാതെ നോക്കുകയെന്ന അധികബാധ്യതകൂടി ഭരണകൂടത്തിനുമേൽ വന്നുചേരുന്നു. അതുപോലെ പ്രധാനമാണ് രോഗപ്രതിരോധ നിയന്ത്രണസംവിധാനങ്ങളുടെ മേൽനോട്ടം ആരോഗ്യവിദ്ഗധർക്ക് വിട്ടുകൊടുക്കുകയെന്നത്. സുതാര്യവും സുഗമവുമായ പ്രവർത്തനങ്ങൾക്ക് അവരെ സഹായിക്കുകയും കക്ഷിരാഷ്ട്രീയ സമ്മർദങ്ങളിൽനിന്ന് അവരെ സ്വതന്ത്രരാക്കുകയും വേണം. മഹാമാരികളും പ്രകൃതിദുരന്തങ്ങളും രാഷ്ട്രീയ പ്രചാരണായുധങ്ങളാക്കി മുതലെടുക്കാനല്ല, ജനസേവനത്തിനും സമൂഹപുനർനിർമാണത്തിനുമുള്ള അസുലഭാവസരമായി ഉപയോഗപ്പെടുത്താനുള്ള സന്നദ്ധതയും ധർമബോധവുമാണ് രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും പ്രകടിപ്പിക്കേണ്ടത്. ഈ പ്രതികൂലാവസ്ഥയെയും ഒത്തുപിടിച്ചു നമ്മൾ അതിജീവിക്കും എന്നു ദൃഢനിശ്ചയം ചെയ്യാം.
അതേസമയം, ജാഗ്രതയുടെ കാര്യത്തിൽ ഭരണകൂടത്തിന്റെ മുൻകൈയിൽ കേരളം ഒരു പടികൂടി മുന്നോട്ടുപോയേ മതിയാകൂ. പകർച്ചവ്യാധികൾ വന്നുകഴിയുമ്പോൾ ഭരണസംവിധാനം സടകുടഞ്ഞെഴുന്നേൽക്കുകയും പ്രതിരോധപ്രവർത്തനങ്ങൾക്ക് ബദ്ധപ്പെടുകയും ചെയ്തുവരുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്. എന്നാൽ, പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ശാസ്ത്രീയസംവിധാനങ്ങൾക്ക് രൂപം കൊടുക്കുന്നതിൽ നമ്മൾ വിജയിക്കുന്നുണ്ടോ? കേരളമാതൃകയെക്കുറിച്ച നമ്മുടെ ഊറ്റങ്ങളുടെയെല്ലാം കാറ്റു ചോർത്തിക്കളഞ്ഞ് പകർച്ചവ്യാധികൾ പലതും സംസ്ഥാനത്ത് കടന്നുവരുന്നു. 2023 സെപ്റ്റംബർവരെ മാത്രം 36 ഡെങ്കിപ്പനി മരണവും 55 എലിപ്പനി മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.
അന്താരാഷ്ട്ര നിലവാരമുള്ള തിരുവനന്തപുരം കേരള സ്റ്റേറ്റ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ഫീൽഡ് യൂനിറ്റ് എന്നീ സ്ഥാപനങ്ങൾ നമുക്ക് സ്വന്തമായുണ്ട്. എല്ലാ മെഡിക്കൽ കോളജുകളിലും പത്തോളജി പഠനവിഭാഗവും ഫോറൻസിക് വിഭാഗവുമുണ്ട്. എന്നിട്ടും നിപയുടെ മൂന്നാംവരവിനു ശേഷവും അതു മനുഷ്യരിലേക്കു എങ്ങനെ സംക്രമിക്കുന്നു എന്നു കണ്ടെത്താനായിട്ടില്ല. വിവിധ പനിമരണങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന കേരളത്തിൽ അതു വിശകലനവിധേയമാക്കാനുള്ള സംവിധാനം ഉണ്ടായേ തീരൂ. മെഡിക്കൽ കോളജുകളിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾ, പകർച്ചവ്യാധി നിരീക്ഷണത്തിനും നിയന്ത്രണത്തിനും സംസ്ഥാനതലത്തിലും മേഖലാതലങ്ങളിലും രൂപം കൊടുത്ത പി.ഇ.ഐ.ഡി സെൽ, 2007ൽ തുടങ്ങിയ രോഗനിയന്ത്രണനിരീക്ഷണത്തിനായുള്ള സംസ്ഥാന മോണിറ്ററിങ് സെൽ, അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് തുടങ്ങി പൊതുജനാരോഗ്യ വിദഗ്ധർ അടങ്ങുന്ന സ്ഥാപനങ്ങളെല്ലാം ഇവിടെയുണ്ട്. അവയുടെ ഏകോപനം സാധ്യമാക്കിയാൽതന്നെ രോഗപ്രതിരോധരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയും.
ആരോഗ്യ, ശുചിത്വസാക്ഷരതയിൽ മുമ്പിലാണെന്ന് മേനിനടിക്കുന്ന കേരളീയർ അത് പ്രയോഗത്തിൽ വരുത്തുന്നതിൽ എത്ര ശുഷ്കാന്തി പുലർത്തുന്നു എന്നു ചോദിക്കേണ്ടതുതന്നെയാണ്. വ്യക്തിതലത്തിൽ ശുചിത്വത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയും ശ്രദ്ധയും പക്ഷേ, സ്വന്തം ചുറ്റുവട്ടത്ത് വലിച്ചെറിഞ്ഞ്, സാമൂഹികശുചിത്വത്തിൽ അന്യോന്യം നാറ്റിച്ചു തോല്പിക്കുന്നവരാണ് നമ്മളെന്ന് കേരളത്തിലെ വഴിയോരങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ വിളിച്ചുപറയുന്നു. മാലിന്യനിർമാർജനത്തിൽ നിയന്ത്രണങ്ങളോ, ബോധവത്കരണങ്ങളോ ഇല്ലാത്തതല്ല, ഒന്നും ചെവിക്കൊള്ളാനുള്ള മാനസികാരോഗ്യത്തിലല്ല മലയാളികൾ. രോഗാണുക്കളുടെ പെരുക്കം, ഏതു രോഗാണുവിനും കടന്നുകയറാവുന്ന വിധം ദുർബലമായ പ്രതിരോധശേഷി, ഏതു പകർച്ചവ്യാധിയും പൊടുന്നനെ വ്യാപിക്കാവുന്ന അന്തരീക്ഷം- എല്ലാം നമ്മുടെകൂടി സ്വയംകൃതാനർഥങ്ങളുടെ ഫലമാണെന്നു തിരിച്ചറിയണം. ദുരന്തങ്ങൾ വന്നു മുട്ടിവിളിക്കുമ്പോഴല്ല, അതിനുള്ള വഴിതന്നെ അടച്ചുകളയാനാണ് ഭരണകൂടം ശ്രമിക്കേണ്ടത്. അപരരുടെകൂടി സുരക്ഷയിലാണ് തന്റെ സുരക്ഷിതത്വവും എന്ന ബോധത്തോടെ പൗരസമൂഹവും അതിനോട് ചേർന്നുനിന്നാലേ ആരോഗ്യസുരക്ഷിത കേരളത്തിലേക്ക് വഴിതുറക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.