രാഷ്ട്രീയ പാർട്ടികളും നേതാക്കളും മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും ബഹിഷ്കരിക്കുന്നത് പുതിയ കാര്യമല്ല, തങ്ങൾക്കെതിരായ നിലപാട് പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷിപ്പിക്കുകയോ ചെയ്യുന്ന മാധ്യമങ്ങളെ ബഹിഷ്കരിക്കുക എന്നത് നല്ല കീഴ്വഴക്കവുമല്ല. എന്നാൽ, ബി.ജെ.പി ഭരണകൂടത്തിന്റെ വർഗീയ-അഴിമതിനയങ്ങളെ നേരിടാൻ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംനൽകിയ ഇൻഡ്യ മുന്നണി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മാധ്യമ ബഹിഷ്കരണത്തിന് ഒരു വ്യത്യസ്തതയും പുതുമയുമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കെതിരെ നൽകുന്ന വാർത്തകളുടെ പേരിലല്ല മറിച്ച് ‘‘പൊതുതാൽപര്യമുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുന്ന വര്‍ഗീയത കലര്‍ന്ന വാര്‍ത്തകള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനാലാണ്’’ 14 വാർത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള തീരുമാനം. ഏതാനും മാസം ഈ അവതാരകരെ നിരീക്ഷിച്ച് അവതരണരീതി മെച്ചപ്പെട്ടാല്‍ ബഹിഷ്കരണം പിൻവലിക്കുമെന്നും പ്രതിപക്ഷ സഖ്യത്തിന്റെ മാധ്യമ സമിതി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
‘ഞങ്ങളുടെ നേതാക്കളെ അപഹസിക്കുകയും പ്രസംഗങ്ങൾ വളച്ചൊടിക്കുകയും വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെ നേരിടാൻ തയാറാണ്, എന്നാൽ സമൂഹത്തിൽ വിദ്വേഷം പരത്തുകയും അത് ഹിംസാത്മക രൂപം പ്രാപിക്കുകയും ചെയ്യുമ്പോൾ അതിൽ പങ്കുചേരാൻ താൽപര്യമില്ലെ’ന്നാണ് കോൺഗ്രസിന്റെ മാധ്യമ-പ്രചാരണ സമിതി അധ്യക്ഷൻ പവൻ ഖേര വിഡിയോ സന്ദേശത്തിൽ പറഞ്ഞത്.
സഖ്യം പുറത്തുവിട്ട പട്ടികയിലെ പേരുകൾ കാണുമ്പോൾ വർഷങ്ങൾക്ക് മുമ്പേ കൈക്കൊള്ളേണ്ട തീരുമാനമായിരുന്നു ഇതെന്ന് സ്വതന്ത്രമായി ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും. സംഘ്പരിവാർ നിയന്ത്രിത ഭരണകൂടത്തിന് ദാസ്യവേല ചെയ്യുക മാത്രമല്ല, അവരുടെ വിദ്വേഷ അജണ്ടയുടെ കോളാമ്പികളായിനിന്ന് രാജ്യത്തെ ജനങ്ങൾക്കിടയിൽ വൈരം പടർത്താനും അപരവത്കരിക്കാനും മുസ്ലിം സമുദായത്തെ ഭീകരവാദി ചാപ്പയടിച്ച് രാക്ഷസവത്കരിക്കാനുമെല്ലാം അധ്വാനിക്കുന്ന ഈ കഥാപാത്രങ്ങൾക്ക് അവതാരകർ എന്നതിനേക്കാൾ ചേരുക വെറുപ്പിന്റെ കമ്പോളത്തിലെ അട്ടിമറിപ്പണിക്കാർ എന്ന വിശേഷണമാണ്. മുസ്ലിം ന്യൂനപക്ഷ സമൂഹത്തിന്റെ വീടുകൾ നിയമപാലന സംവിധാനത്തെയും നീതിപീഠത്തെയുമെല്ലാം നോക്കുകുത്തിയാക്കി, സംഘ്പരിവാറിന്റെ ആജ്ഞാനുസരണം ബുൾഡോസർ കയറ്റി തകർക്കവെ ആ ബുൾഡോസറിൽ കയറി നിന്ന് ആഹ്ലാദഘോഷം മുഴക്കിയ അവതാരകയെയും കോവിഡ് പരത്തിയത് മുസ്ലിംകളാണെന്ന മട്ടിൽ പ്രൈംടൈം ചർച്ച സംഘടിപ്പിച്ചവരെയുമെല്ലാം മറ്റെന്താണ് വിളിക്കാനാവുക? ഗോദി മീഡിയ എന്ന പേരിൽ അറിയപ്പെടുന്ന ഇക്കൂട്ടത്തിന്റെ കലർപ്പില്ലാത്ത പിന്തുണയും, ജനശ്രദ്ധ തിരിച്ചുവിടുന്ന കലപില ചർച്ചകളും ജനവിരുദ്ധ, രാജ്യവിരുദ്ധ നയങ്ങളും നടപടിക്രമങ്ങളുമായി അഹങ്കാരപൂർവം മുന്നോട്ടുപോകുവാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒമ്പതു വർഷം പിന്നിട്ട ഭരണസംഘത്തിന് വലിയ അളവിൽ സഹായകമായിട്ടുണ്ട്.
വിദ്വേഷഭാഷികളായ അവതാരകരെ ബഹിഷ്കരിക്കാനുള്ള തീരുമാനം ശരിയായ ദിശയിലുള്ളതാണ് എന്ന സ്വരത്തിലാണ് മുതിർന്ന മാധ്യമ പ്രവർത്തക പമേല ഫിലിപ്പോസ് മുതൽ സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വരെയുള്ള പൗരാവകാശ സമൂഹ പ്രതിനിധികൾ പ്രതികരിച്ചത്. എന്നാൽ, യൂനിയൻ സർക്കാറിനും ബി.ജെ.പിയുടെ പക്കമേളക്കാർക്കും ഒട്ടുംതന്നെ രസിച്ചിട്ടില്ല. എതിരാളികളെ ഉന്നംവെക്കുന്ന നാസി ശൈലിയാണിതെന്ന് ബി.ജെ.പി അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഡ കുറ്റപ്പെടുത്തുമ്പോൾ തങ്ങളുടെ വിചാരധാരക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നു എന്നതിന്റെ പേരിൽ മീഡിയവൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന വാർത്താവിതരണ വകുപ്പ് കൈയാളുന്ന മന്ത്രി അനുരാഗ് ഠാകൂർ ഇൻഡ്യ സഖ്യത്തിന്റെ തീരുമാനത്തെ അടിയന്തരാവസ്ഥയോടുപമിച്ചുകളഞ്ഞു. പണ്ടൊരിക്കൽ മോദിയോട് ഗുജറാത്ത് വംശഹത്യ സംബന്ധിച്ച അസുഖകരമായ ചോദ്യങ്ങളുന്നയിച്ചതിന്റെ പേരിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറെ ബി.ജെ.പി നേതാക്കളും മന്ത്രിമാരും വർഷങ്ങളായി ബഹിഷ്കരിച്ചുവരുകയാണ്. ഫാഷിസത്തെ നിർഭയം ചോദ്യം ചെയ്ത ഗൗരി ലങ്കേഷിനെ ഉന്മൂലനം ചെയ്ത, ആൾട്ട്ന്യൂസ് സഹസ്ഥാപകൻ സുബൈറിനെ നിരന്തരം വേട്ടയാടുന്ന, സിദ്ദീഖ് കാപ്പൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റു ചെയ്ത, ഏറ്റവുമൊടുവിൽ മണിപ്പൂരിലെ അതിക്രമങ്ങളെക്കുറിച്ച് വസ്തുതാന്വേഷണം നടത്തിയ പത്രാധിപ കൂട്ടായ്മയെ കേസിൽ കുടുക്കിയ സംഘം ഇപ്പോൾ വാചാലരാകുന്നത് മാധ്യമ സ്വാതന്ത്ര്യത്തെ പ്രതിയാണ്.
ചാനൽ പ്രതിനിധികളെ ബഹിഷ്കരിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്‍ഡ് ഡിജിറ്റല്‍ അസോസിയേഷന്(എന്‍.ബി.ഡി.എ) കുറ്റപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷം പരത്തുന്നതും വാർത്തയെന്ന വ്യാജേനെ കിംവദന്തികളും അസംബന്ധങ്ങളും വിളമ്പുന്നതും ജനാധിപത്യവിരുദ്ധം മാത്രമല്ല, മനുഷ്യവിരുദ്ധം കൂടിയാണെന്ന ബോധ്യം അസോസിയേഷന് നേരത്തേ പ്രകടിപ്പിക്കുകയും ഇത്തരം ‘മാധ്യമപ്രവർത്തനം’ രാജ്യത്ത് നാശം വിതക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നെങ്കിൽ ഒട്ടേറെ ഭയാനക സംഭവങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നില്ലേ? വിദ്വേഷഭാഷണത്തിൽനിന്ന് മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും പിന്മാറുമെന്ന് നമുക്ക് ആശിക്കാം, ജനം സത്യം മനസ്സിലാക്കുകയും വ്യാജവാർത്താശിൽപികൾക്കെതിരെ ചോദ്യങ്ങളുന്നയിക്കുകയും ചെയ്യുന്ന കാലം വിദൂരത്തല്ല തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.