ഇന്ത്യ-കാനഡ തർക്കം മുറുകുമ്പോൾ



സിഖ്​ വിഘടനവാദി നേതാവും ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട ഖലിസ്ഥാൻ ടൈഗർ ഫോഴ്​സ്​ അധ്യക്ഷനുമായ ഹർദീപ്​ സിങ്​ നിജ്ജറിന്‍റെ വധത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ക​നേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണവും അതേച്ചൊല്ലി കൈക്കൊണ്ട നടപടികളും ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കൊലയിൽ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിനു പങ്കുണ്ടെന്ന്​ ആരോപിച്ച്​ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. അവരുടെഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ അതേ നാണയത്തിൽ തിരിച്ചടിച്ചു. സുര​ക്ഷിതത്വപ്രശ്നം മുൻനിർത്തി കാനഡയി​ലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യ നിർദേശം നൽകി. ഏറ്റവുമൊടുവിൽ കനേഡിയൻ പൗരർക്ക്​ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിസ നിഷേധിക്കാനാണ്​ ഇന്ത്യയുടെ തീരുമാനം. ഇരുപക്ഷവും നടപടിയും മറുപടിയുമായി നീങ്ങിത്തുടങ്ങിയത്​ ഉഭയകക്ഷിബന്ധം അവതാളത്തിലാക്കിയിരിക്കുന്നു. സംഭവത്തിൽ സിഖ്​ പ്രതിഷേധം കനത്തതോടെ പഞ്ചാബിനു പുറത്ത്​ ലോകത്ത്​ ഏറ്റവും കൂടുതൽ സിഖ്​ സാന്നിധ്യമുള്ള കാനഡയിലെ ഇന്ത്യൻ പ്രവാസികൾ ആശങ്കയിലാണ്​.

സ്വതന്ത്ര സിഖ്​ രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുന്ന വിഘടനവാദി സംഘടനകൾ കാനഡയിൽ പണ്ടുതൊട്ടേ സജീവമാണ്​. ആ രാജ്യത്തെ സവിശേഷമായ ജനാധിപത്യസംവിധാനങ്ങളുടെയും സാഹചര്യങ്ങളുടെയും ആനുകൂല്യത്തിലാണ്​ അവരുടെ പ്രവർത്തനം. 1997ൽ കാനഡയിലേക്കു കുടിയേറിയ പഞ്ചാബ്​ ജലന്ധർ ജില്ലയി​ലെ ഭർസിങ്​പുര സ്വദേശിയായ നിജ്ജർ കാനഡയിലെ ബ്രിട്ടീഷ്​ കൊളംബിയയിലെ സറേയിലുള്ള ഗുരുനാനാക്​ സിഖ്​ ഗുരുദ്വാര മാനേജിങ്​ കമ്മിറ്റി അധ്യക്ഷനായിരുന്നു. സ്വതന്ത്ര സിഖ്​ രാഷ്ട്രത്തിന്‍റെ വക്താവായ ഇയാളെ 2020ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യു.എ.പി.എ ചുമത്തി ഭീകരനായി പ്രഖ്യാപിച്ചു. കലാപപ്രേരണ നൽകുന്ന പ്രസ്താവനകളും വിദ്വേഷപ്രസംഗങ്ങളും വ്യാപിപ്പിക്കാനായി സോഷ്യൽമീഡിയയിൽ പടങ്ങളും വിഡിയോകളും പോസ്റ്റു ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) നാലുകേസുകളിൽ കുറ്റവാളിപ്പട്ടികയിൽ പെടുത്തിയ നിജ്ജറിനെ കുറിച്ച്​ വിവരം നൽകുന്നവർക്ക്​ കഴിഞ്ഞ വർഷം 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഫില്ലോറിൽ ഹിന്ദു സന്യാസിമാർക്കുനേരെ നടന്ന ആക്രമണം, പഞ്ചാബിലടക്കം ആർ.എസ്​.എസ്​ നേതാക്കളെയും പരിപാടികളെയും ഉന്നമിട്ടു നടന്ന ചില ആക്രമണങ്ങൾ, 2020ൽ ഖലിസ്ഥാനുവേണ്ടി നടത്തിയ ഹിത​പരിശോധന തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ്​ നിജ്ജറി​നുമേൽ ചുമത്തിയത്​. ജീവനു ഭീഷണിയുണ്ടെന്നു കാനഡയിലെ ഇന്‍റലിജൻസ്​ വിഭാഗം മുന്നറിയിപ്പു നൽകി ദിനങ്ങൾക്കകമാണ്​ നിജ്ജർ കൊല ചെയ്യപ്പെടുന്നത്​. സറേയിൽ കൊലചെയ്യപ്പെടുന്ന രണ്ടാമത്തെ സിഖ്​ പ്രമുഖനാണ്​ നിജ്ജർ. 1985 ജൂൺ 23ന്​ കാനഡയിൽനിന്നു ഇന്ത്യയിലേക്ക്​ തിരിച്ച എയർ ഇന്ത്യയുടെ വിമാനം സ്​ഫോടനത്തിൽ തകർന്ന്​ 329 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട്​ പിന്നീട്​ കുറ്റമുക്തനായ റിപുദമാൻ സിങ്​ മാലിക്​ കഴിഞ്ഞ വർഷം ജൂലൈ 14 ന് ​കൊലക്കിരയായിരുന്നു.

​’കനേഡിയൻ പൗരനായ നിജ്ജറിന്‍റെ വധവുമായി ഇന്ത്യ ഗവൺമെന്‍റിന്‍റെ ഏജന്‍റുമാർക്ക്​ പ്രബലമായ പങ്കുണ്ടെന്ന വിശ്വാസയോഗ്യമായ ആരോപണങ്ങളെക്കുറിച്ച്​ സുരക്ഷ ഏജൻസികൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി അന്വേഷിച്ചുവരുകയാണ്​’ എന്ന്​ പാർലമെന്‍റിന്‍റെ അധോസഭയായ ഹൗസ്​ ഓഫ്​ കോമൺസിലാണ്​ സെപ്​റ്റംബർ 18ന്​ ട്രൂഡോ വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ട അദ്ദേഹം, അന്താരാഷ്ട്ര നിയമത്തിന്‍റെ വരുതിയിൽ വരുന്ന മറ്റൊരു രാജ്യത്ത്​ കടന്നുകയറിയുള്ള ഓപറേഷനുകൾ സംബന്ധിച്ച നിലപാട്​ വ്യക്തമാക്കാനും ഇന്ത്യയോട്​ ആവശ്യപ്പെട്ടു. ഇതിനു പിറകെ ഇന്ത്യയുടെ വിദേശ ഇന്‍റലിജൻസ്​ ഏജൻസിയായ റിസർച്ച്​ ആൻഡ്​ അനാലിസിസ്​ വിങ്​ (റോ) തലവനെ പുറത്താക്കിയതായി കാനഡയുടെ വിദേശമന്ത്രിയും അറിയിച്ചു. ആരോപണത്തെ യുക്തിഹീനവും ദുരുപദിഷ്ടവുമെന്നു തള്ളിക്കളഞ്ഞ ഇന്ത്യ കനേഡിയൻ ഹൈകമീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിക്കുകയും അവര​ുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രമുഖനെ പുറത്താക്കുകയും ചെയ്തു. അന്താരാഷ്ട്ര ശ്രദ്ധ നേടിയ ആരോപണത്തിൽ അമേരിക്കയും ആസ്‌ട്രേലിയയും കാനഡക്ക്​ ഒപ്പം ചേർന്ന്​ ഉത്​കണ്​ഠ പങ്കുവെച്ചിട്ടുണ്ട്​. എന്നാൽ, സിഖ്​ വിഘടനവാദത്തെ ​പ്രോത്സാഹിപ്പിക്കുന്ന കാനഡയുടെ നീക്കം അനുവദിക്കാനാവില്ലെന്ന കാർക്കശ്യത്തിലാണ്​ ഇന്ത്യ. ജി-20 ഉച്ചകോടിക്കെത്തിയ ട്രൂഡോയെ ഈ വിഷയത്തിലെ അതൃപ്തി പ്രധാനമന്ത്രി അറിയിക്കുകയും ചെയ്തു. 1973നുശേഷം ആദ്യമായി കാനഡ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി മോദിയാണ്​-2015ൽ. പിന്നീട്​ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യയിലെത്തുകയും സ്വതന്ത്ര വ്യാപാര കരാർ സജീവമാക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തു. സമഗ്ര പങ്കാളിത്ത സാമ്പത്തിക ഉഭയകക്ഷിബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ശ്രമം നടക്കുന്നതിനിടെയാണ്​ എല്ലാം അട്ടിമറിച്ച ട്രൂഡോയുടെ ആരോപണം വരുന്നത്​. പ്രശ്നം കൂടുതൽ വഷളാകുന്നത്​ ഇരുരാജ്യങ്ങൾക്കും അപരിഹാര്യമായ നഷ്ടമായിരിക്കുമെന്നു മാത്രമല്ല, അത്​ അന്താരാഷ്ട്രതലത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ചെറുതാവില്ല. ആരോപണങ്ങൾ ഉന്നയിച്ച ​കാനഡ അതിന്​ തെളിവ്​ കൊണ്ടുവരണം. അല്ലെങ്കിൽ ക്ഷമാപണ​േത്താടെ വ്യാജാരോപണത്തിൽനിന്നു പിന്തിരിയണം.

ആഗോളതലത്തിൽ ഇന്ത്യയെ താറടിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നു പ്രഖ്യാപിക്കാൻ ട്രൂഡോ​യുടെ വെല്ലുവിളി സ്വീകരിച്ച്​ അന്വേഷണത്തിന്​ സുതാര്യവും സുഗ്രാഹ്യവുമായ മറുപടി ​െകാടുക്കാൻ​ ഇന്ത്യക്കും കഴിയണം. അന്താരാഷ്ട്ര നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി, ഉഭയകക്ഷിബന്ധത്തിലെ വിള്ളലുകൾ ഇല്ലാതാക്കി സഹകരണത്തിന്‍റെയും സൗഹാർദത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കേണ്ടത്​ ലോകത്തിന്‍റെതന്നെ സുഗമമായ മുന്നേറ്റത്തിന്​ ആവശ്യമാണ്​. 

Tags:    
News Summary - Madhyamam Editorial 2023 Sep 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.