ഇപ്പോൾ നടക്കുന്ന ഏറ്റവും കൂലങ്കഷമായ ചർച്ച ഇന്ത്യയുടെ പേരുമാറ്റത്തെക്കുറിച്ചാണ്. 27 പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇൻഡ്യ’യെ നേരിടാൻ ഭാരതത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള രാഷ്ട്രീയ തന്ത്രമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രാഥമികമായി ഈ വിവാദത്തെ വിലയിരുത്തുന്നത്. പ്രതിപക്ഷ മുന്നണിയുടെ പേര് ഭാരത് എന്നാക്കിയാൽ ബി.ജെ.പി ഭാരതമെന്ന പേര് വീണ്ടും മാറ്റുമോ എന്ന അരവിന്ദ് കെജ്രിവാളിന്റെ ചോദ്യവും ഇൻഡ്യ സഖ്യത്തെ ഭയന്നുള്ള കേവല രാഷ്ട്രീയമാണിതെന്ന കെ.സി. വേണുഗോപാലിന്റെ പോസ്റ്റും അതിന് അടിവരയിടുകയും ചെയ്യുന്നു. എന്നാൽ, രാജ്യത്തിന്റെ പേരുമാറ്റത്തിനുള്ള സംഘ്പരിവാർ പദ്ധതിയുടെ തുടക്കമാണിതെന്ന് വിചാരിക്കുന്നവരും ഏറെയാണ്. ജി-20 അതിനുള്ള സുവർണാവസരമാക്കുകയാണെന്നും അവർ കരുതുന്നു. ഗോൾവാൾക്കറുടെ അഖണ്ഡഭാരത സങ്കൽപനത്തിലേക്കുള്ള പ്രവേശികയാണ് ഇപ്പോൾ നടക്കുന്നതെന്നും അതിലേക്ക് രാജ്യത്തെ പാകപ്പെടുത്താനാണ് ഈ വിവാദമുയർത്തുന്നതെന്നുമാണ് അവരുടെ വാദം. സംഘ്പരിവാറിന്റെ ചരിത്രവും ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് കഴിഞ്ഞ ദിവസം അസമിൽ നടത്തിയ പ്രസ്താവനയും അതിനെ സാധൂകരിക്കുന്നതാണ്. നമ്മുടെ ഭരണഘടനയിൽ ഒന്നാം അനുച്ഛേദത്തിൽ മാത്രമേ ഭാരതം എന്ന് പ്രയോഗിച്ചിട്ടുള്ളൂ. അതാകട്ടെ, ഇന്ത്യയെ വിശേഷിപ്പിക്കാനുമാണ്. പൊതുവ്യവഹാരങ്ങളിലും സർക്കാർ രേഖകളിലും ഇന്ത്യ എന്നും ഭാരതമെന്നും മാറിമാറി നാം പ്രയോഗിക്കാറുണ്ടെങ്കിലും ഔദ്യോഗിക രാഷ്ട്രനാമം അനിവാര്യമായിടത്ത് ഇന്ത്യ എന്നുതന്നെ രേഖപ്പെടുത്തുന്നു. ഐക്യരാഷ്ട്രസഭയിൽ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നാണ് ഇന്ത്യയുടെ പേര്. ഭരണഘടനയിൽ രാഷ്ട്രപതിയുടെ പദവിയെ വിശദീകരിക്കുന്നത് ഇന്ത്യക്ക് ഒരു പ്രസിഡന്റ് ഉണ്ടാകുമെന്നാണ്. നമ്മുടെ രാഷ്ട്രത്തലവന്മാരും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥരും കാലങ്ങളായി സ്വീകരിച്ചിരിക്കുന്ന ഈ കീഴ്വഴക്കമാണ് കേന്ദ്രസർക്കാർ അട്ടിമറിച്ചിരിക്കുന്നത്. അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും. നടപ്പാകുന്നതാകട്ടെ, സംഘ്പരിവാർ നിർദേശപ്രകാരവും.
ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്ത് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് പുറത്തുവിട്ടതോടെയാണ് ഇന്ത്യ-ഭാരത് വിവാദം കത്താൻ തുടങ്ങിയതെങ്കിലും ക്ഷണക്കത്തിലെ നിർദോഷമായ പ്രയോഗത്തെറ്റല്ല ഇതെന്ന് എളുപ്പത്തിൽ തിരിച്ചറിയാനാവും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഒരേസമയത്ത് അവരുടെ നാമവിശേഷണത്തിൽനിന്ന് ഇന്ത്യ എന്ന പദം ഒഴിവാക്കി ഭാരത് എന്ന് ഉപയോഗിച്ചിരിക്കുന്നത് ഒട്ടും യാദൃച്ഛികമല്ല. ഭരണഘടന രൂപവത്കരണത്തിനുശേഷം ആദ്യമായാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ബോധപൂർവം ഇന്ത്യയെ മാറ്റി ഭാരതിനെ രാജ്യനാമമായി ചേർത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിൽ നടന്ന ഗ്രീസ് സന്ദർശനത്തിന്റെ ഔദ്യോഗിക മാർഗനിർദേശ പട്ടികയിലും ഇന്തോനേഷ്യൻ സന്ദർശനത്തെക്കുറിച്ചുള്ള ഔദ്യോഗിക കുറിപ്പിലും ‘ഇന്ത്യയുടെ പ്രധാനമന്ത്രി’ എന്നല്ല, ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തിൽ ദീർഘകാലമായി സംഘ്പരിവാർ താലോലിച്ചുകൊണ്ടിരിക്കുന്ന, ഗോൾവാൾക്കർ വിഭാവനം ചെയ്ത അഖണ്ഡ ഹിന്ദുത്വ രാഷ്ട്രത്തിന്റെ നാമമായാണ് ‘ഭാരത്’ ഉരുവംെകാള്ളുന്നത്. രണ്ടുദിവസം മുമ്പ് അസമിലെ സമ്മേളനത്തിൽ ഇന്ത്യ എന്ന വിളി അവസാനിപ്പിക്കാനും ഭാരത് എന്നുമാത്രം പറയാനും മോഹൻ ഭാഗവത് പരസ്യമായി ആവശ്യപ്പെട്ടത് ഈ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ ‘വിചാരധാര’ വായിക്കേണ്ടതില്ല. രാജ്യത്തിന്റെ അഖണ്ഡതയെക്കുറിച്ച രാഷ്ട്രീയമായും സാംസ്കാരികവുമായ സങ്കൽപനത്തിനുനേരെയുള്ള ആക്രമണമാണ് ഇന്ത്യ-ഭാരത് വിവാദത്തിലൂടെ സംഘ് പരിവാർ ലക്ഷ്യമിടുന്നത്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസിവ് അലയൻസിനെ (ഇൻഡ്യ) എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പം കുറച്ചുനാളുകളായി ബി.ജെ.പിയെ അലട്ടുന്നുണ്ട്. തുടക്കത്തിൽ ഇന്ത്യൻ മുജാഹിദീനിലും ഈസ്റ്റ് ഇന്ത്യ കമ്പനിയിലും ഇന്ത്യയുണ്ടെന്ന് പറഞ്ഞ് ഒളിച്ചുവെച്ച വർഗീയധ്വനിയിലൂടെ പരിഹസിക്കാനാണ് പ്രധാനമന്ത്രി തുനിഞ്ഞത്. പക്ഷേ, ബി.ജെ.പിയുടെ കണക്കുകൂട്ടലുകൾ മറികടന്ന് പ്രതിപക്ഷത്തിന്റെ ഇൻഡ്യ മുന്നണി കൂടുതൽ കരുത്താർജിക്കുകയും കൃത്യതയുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്യുന്നത് അവരെ കടുത്ത അസ്വസ്ഥതകളിലേക്ക് നയിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതൽ രൂക്ഷമായ വിഭാഗീയത ആളിക്കത്തിക്കാനാണ് കേന്ദ്രവും സംഘ്പരിവാർ നേതൃത്വവും പദ്ധതിയിടുന്നത്, അതിനാണവർ ബുദ്ധിശൂന്യവും പരിഹാസ്യവും ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ യശസ്സ് ഇടിക്കുന്നതുമായ ‘ഭാരത’വത്കരണ നടപടികളിലേക്ക് കടക്കുന്നത്. അതിന് ജി-20യെ അവസരമാക്കുന്നതിലൂടെ വരുന്ന തെരഞ്ഞെടുപ്പിൽ വികസന ചർച്ചകൾ വഴിതെറ്റിക്കാനും ഒരു നൂറ്റാണ്ടുകാലമായി കാത്തുസൂക്ഷിച്ച ഹിന്ദുത്വ രാഷ്ട്ര പദ്ധതിയിലേക്ക് രാജ്യത്തെ പാകപ്പെടുത്താനുമാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അതിന് ഭരണഘടനയിൽ അന്തർലീനമായ സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും ഇന്ത്യയെ ഇല്ലാതാക്കിയേ പറ്റൂ. അതിനുള്ള നീക്കമാണ് കേന്ദ്ര ഭരണകൂടം തിരക്കിട്ട് നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.