കഴിഞ്ഞ ഒരാഴ്ചയിലേറെയായി സമരമുഖരിതമാണ് അമേരിക്കയിലെ സർവകലാശാല കാമ്പസുകൾ. അരലക്ഷത്തോളം പേരെ കൂട്ടക്കശാപ്പ് നടത്തി ഗസ്സ എന്ന ഫലസ്തീൻദേശത്തെ ചുട്ടുചാമ്പലാക്കിയ ശേഷം രക്തക്കൊതി ശമിക്കാതെ വംശഹത്യ തുടരുന്ന ഇസ്രായേൽ എന്ന ചട്ടമ്പിരാജ്യത്തിനെതിരെയും അതിനു ആയുധവും അർഥവും നൽകി പോറ്റുന്ന അമേരിക്കക്കെതിരെയും രാജ്യത്തെ എൺപതോളം സർവകലാശാലയിലെ വിദ്യാർഥികൾ പ്രക്ഷോഭത്തിനിറങ്ങിയത് അമേരിക്കയെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുന്നു. കാമ്പസ് യോഗങ്ങൾ, മതാന്തര പ്രാർഥനസംഗമങ്ങൾ, സംഗീതപരിപാടികൾ തുടങ്ങി അക്രമരഹിത സമരമാർഗമാണ് വിവിധ വിദ്യാർഥി സംഘടനകൾ ഏകോപിച്ചു നടത്തിവരുന്നത്. ഫലസ്തീനികൾക്കു വേണ്ടിയുള്ള ഈ ഐക്യദാർഢ്യ പ്രക്ഷോഭത്തിന് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ, ജ്യൂയിഷ് ഫോർ പീസ് തുടങ്ങിയ വിദ്യാർഥി സംഘടനകളാണ് നേതൃത്വം നൽകുന്നത്. പ്രക്ഷോഭത്തിനെതിരെ ഇസ്രായേൽ അനുകൂല പ്രതിപ്രക്ഷോഭവും രംഗത്തുവന്നതോടെ പലയിടത്തും പൊലീസ് ഇടപെടലുകളുണ്ടായി. അതോടെ സമരം സംഘർഷത്തിലേക്കു നീങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. ന്യൂയോർക്, കൊളംബിയ സർവകലാശാലകളിലും ബർണാഡ് കോളജിലുമായി നൂറുകണക്കിന് വിദ്യാർഥികളെ പൊലീസ് അറസ്റ്റു ചെയ്തു. കാലിഫോർണിയ, യേൽ, മിഷിഗൻ വാഴ്സിറ്റികളിലും സമരം രൂക്ഷമാണ്. മാസങ്ങളായി ശാന്തമായി തുടർന്നുവന്ന പ്രതിഷേധം ഏപ്രിൽ 18ന് കൊളംബിയ യൂനിവേഴ്സിറ്റിയിലെ പൊലീസ് ഇടപെടലിനെത്തുടർന്നാണ് രൂക്ഷത പ്രാപിക്കുന്നതും വമ്പിച്ച തോതിൽ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്നതും. അമേരിക്കയുടെ വിയറ്റ്നാം ആക്രമണകാലത്ത് സേനാപിന്മാറ്റം ആവശ്യപ്പെട്ടുനടന്ന സമരവേലിയേറ്റത്തെ ഓർമിപ്പിക്കുന്നതാണ് ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രക്ഷോഭം.
ഗസ്സയിൽ സമ്പൂർണമായി വെടിനിർത്തുക, ഇസ്രായേലിനുള്ള അമേരിക്കൻസഹായം ഉടനടി നിർത്തുക, ആയുധക്കച്ചവടക്കാരും യുദ്ധത്തിൽ നിന്നു ലാഭം കൊയ്യുന്ന കമ്പനികളുമായുള്ള ഇടപാടുകൾ യൂനിവേഴ്സിറ്റികൾ അവസാനിപ്പിക്കുക, പ്രതിഷേധത്തിന്റെ പേരിൽ പുറത്താക്കുകയോ അച്ചടക്കനടപടി സ്വീകരിക്കുകയോ ചെയ്ത വിദ്യാർഥികളെയും ഫാക്കൽറ്റി മെംബർമാരെയും മാപ്പുനൽകി തിരിച്ചെടുക്കുക എന്നിവയാണ് വിദ്യാർഥികളുടെ ആവശ്യങ്ങൾ. ഈയാവശ്യങ്ങളോട് പ്രതികരിക്കുന്നതിനു പകരം പ്രക്ഷോഭത്തെ ആന്റിസെമിറ്റിക് മുദ്രയടിച്ച് ശക്തമായി നേരിടാനായിരുന്നു അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം. പ്രക്ഷോഭക്കാർ കാമ്പസുകളിൽ സ്ഥാപിച്ച ടെന്റുകൾ പൊളിച്ചും നീക്കം ചെയ്തും കലാപവിരുദ്ധ പൊലീസ് സേനയെ വിന്യസിച്ച് വിദ്യാർഥികളെ കഠിനമായ രീതിയിൽ കൈകാര്യം ചെയ്യാനുമാണ് അധികൃതർ മുതിർന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മുന്തിയ പരിഗണന നൽകുന്നുവെന്നു കരുതപ്പെടുന്ന അമേരിക്കയിൽ വിദ്യാർഥികളുടെ സമാധാനപൂർണമായ സമരത്തെ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് കൂടുതൽ വിമർശിക്കപ്പെട്ടു. കൂടാതെ ഫലസ്തീൻ വിഷയത്തിൽ ഇസ്രായേലിനോടും അമേരിക്കയോടും കടുത്ത അമർഷം പുകയുന്ന പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും കാമ്പസുകളിലേക്കും അമേരിക്കൻ അനുരണനങ്ങൾ പടരുന്നതായാണ് പുതിയ റിപ്പോർട്ട്. പാരിസ്, സിഡ്നി, കൈറോ എന്നിവിടങ്ങളിലെ കാമ്പസുകളിലും അമേരിക്കൻ വിദ്യാർഥികളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ടുള്ള വമ്പിച്ച പ്രകടനങ്ങൾ നടന്നുവരുകയാണ്. പ്രസിഡന്റ് ബൈഡന്റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഇസ്രായേലിനെതിരായ പ്രതിഷേധത്തെ സെമിറ്റിക് വിരുദ്ധ ചാപ്പയടിക്കുന്നതിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, റിപ്പബ്ലിക്കന്മാർ അതുകൊണ്ടും മതിയാക്കാതെ പ്രക്ഷോഭകാരികളിൽനിന്ന് ജൂതവിദ്യാർഥികൾക്കു സംരക്ഷണം നൽകാത്തതിനും കാമ്പസുകളിൽ ഹമാസിനു അനുകൂലമായ ആവിഷ്കാരങ്ങൾ അനുവദിക്കുന്നതിനും ബൈഡൻ ഭരണകൂടത്തെ കണക്കിനു വിമർശിക്കുന്നുണ്ട്. ഗസ്സയിലെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന ബൈഡനെയും കടന്നുള്ള സയണിസ്റ്റ് കൂറ് തെളിയിക്കാനുള്ള മത്സരത്തിലാണ് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കന്മാരും. എന്നാൽ, ഇരുകക്ഷികളുടെയും സമ്മർദതന്ത്രങ്ങളെയും സായുധ പ്രതിരോധത്തെയും മറികടന്നു പ്രക്ഷോഭവുമായി മുന്നോട്ടുപോവുകയാണ് കാമ്പസിലെ വിദ്യാർഥി-യുവതലമുറ.
കാമ്പസുകൾ സമരച്ചൂടിൽ ഇളകിമറിയുകയും അറസ്റ്റും പൊളിച്ചുനീക്കലും അടക്കമുള്ള പ്രത്യക്ഷ പ്രതികാരനടപടിയുമായി ഭരണകൂടം മുന്നോട്ടുപോവുകയും ചെയ്യുമ്പോൾ 1970 കളിൽ വിയറ്റ്നാം അധിനിവേശത്തിനെതിരെ അമേരിക്കയിൽ പതഞ്ഞുപൊങ്ങിയ വിദ്യാർഥി പ്രക്ഷോഭമാണ് ലോകത്തിന്റെ ഓർമയിലെത്തുന്നത്. 1968ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിച്ചാർഡ് എം.നിക്സൺ ജയിച്ചുകയറിയത് കംബോഡിയൻ അധിനിവേശത്തിന് അന്ത്യം കുറിക്കുമെന്നു വാക്കു നൽകിയാണ്. എന്നാൽ, അധികാരമേറ്റു രണ്ടുവർഷം കഴിയുമ്പോൾ അധിനിവേശപ്പടയിലേക്ക് ഒന്നര ദശലക്ഷം യുവാക്കളെ കൂടി സൈന്യത്തിൽ ചേർക്കാനുള്ള തീരുമാനവുമായി നിക്സൺ മുന്നോട്ടുപോയി. അര ലക്ഷം അമേരിക്കക്കാർ യുദ്ധത്തിൽ മരിച്ചുവീണ ശേഷമായിരുന്നു ഇത്. ഇതിനെതിരെ ഒഹായോയിലെ കെൻറ് യൂനിവേഴ്സിറ്റിയിൽ നടന്ന പ്രക്ഷോഭത്തെ നേരിടാൻ നാഷനൽ ഗാർഡുകളെ കാമ്പസിലേക്ക് വിളിക്കുകയും ബലപ്രയോഗം വെടിവെപ്പിനു വഴിമാറി സമരം രക്തരൂഷിതമാവുകയും ചെയ്തു. എന്നാൽ, അന്നത്തെ സമരത്തിന്റെ ജനപിന്തുണ പരിശോധിച്ച മിക്ക സർവേ ഏജൻസികളും വിദ്യാർഥിസമരത്തോട് കൂടുതൽ പേർക്കും അതൃപ്തിയാണെന്നാണ് കണ്ടത്. എന്നാൽ, ഇപ്പോൾ ഫലസ്തീൻ അധിനിവേശത്തിനെതിരായ ജനവികാരം അമേരിക്കയിൽ ശക്തിപ്പെട്ടുവരുന്നതിന്റെ ഭാഗം കൂടിയായാണ് കാമ്പസുകൾ അശാന്തമാകുന്ന നിലയെത്തിയത്. യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമൊക്കെ ആശങ്ക വിതക്കുന്നതിനിടയിലാണ് അതിനോടൊന്നും ക്രിയാത്മക പ്രതികരണത്തിനു മുതിരാത്ത ഭരണകൂടം ഇസ്രായേലിന്റെ ആയുധപ്പുര നിറക്കാനുള്ള സജീവനീക്കങ്ങൾ നടത്തുന്നത്. അമേരിക്കൻ സർവകലാശാലകൾ അവിടത്തെ ആയുധപ്പുര മുതലാളിമാരുടെ സൈനികാവശ്യ പൂർത്തീകരണത്തിനുള്ള ഇടങ്ങൾ കൂടിയാണ് എന്നതും ഇതോടു ചേർത്തുവായിക്കണം. അതുകൊണ്ടുതന്നെയാണ് അവിടെനിന്നു ഇത്തരത്തിലൊരു അധിനിവേശ/യുദ്ധവിരുദ്ധ പ്രക്ഷോഭം ഉരുവംകൊള്ളുന്നതും ശക്തിപ്രാപിക്കുന്നതും. രാജ്യത്ത് പൊതുവായി ഉയർന്നുവരുന്ന ഇസ്രായേലിനെതിരായ വികാരവും യുദ്ധത്തിനെതിരായ പ്രതിഷേധവും കാമ്പസിലെ സമരാന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിക്കുന്നുണ്ട്. അതറിഞ്ഞു തന്നെയാണ് അത് തല്ലിക്കെടുത്താനുള്ള നിശ്ചയവുമായി ഭരണകൂടം ഇറങ്ങിയിരിക്കുന്നത്. അതേസമയം, അപ്രായോഗികമെങ്കിലും അമേരിക്ക അഹങ്കാരമായി കൊണ്ടുനടക്കുന്ന ജനാധിപത്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയുംകുറിച്ച അവകാശവാദങ്ങൾ വിദ്യാർഥി പ്രക്ഷോഭത്തെ ‘കൈകാര്യം’ ചെയ്യുന്നതിൽ അവർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുമുണ്ട്. ചുരുക്കത്തിൽ സയണിസ്റ്റ് വംശീയ പ്രതിബദ്ധതയാൽ ഇസ്രായേലിനെ കൈവിടാനും വയ്യ, അശാന്ത കാമ്പസുകളിലെ അസ്വസ്ഥതകളെ കണ്ടില്ലെന്നു നടിക്കാനോ കണ്ണുമടച്ച് അടിച്ചമർത്താനോ അതും വയ്യ എന്ന നിവൃത്തികേടിലാണ് യാങ്കി ഭരണകൂടം. അതേ, അധിനിവേശങ്ങൾ ഒന്നിനു പിറകെ ഒന്നായി അമേരിക്കക്ക് പിന്നെയും വയ്യാവേലിയായിത്തീരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.