ഡൽഹി അതിർത്തിയിൽ നടക്കുന്ന ഐതിഹാസികമായ രണ്ടാം കർഷക സമരത്തിന്റെ വായ് മൂടിക്കെട്ടാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ ലോകത്തിനു മുന്നിൽ ഇന്ത്യയെ കൂടുതൽ അപഹാസ്യമാക്കുന്ന വിധത്തിലെത്തിയിരിക്കുന്നു. കർഷകസമരവുമായി ബന്ധപ്പെട്ട നൂറിലേറെ അക്കൗണ്ടുകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ താക്കീത് ചെയ്തെന്ന് പ്രമുഖ സമൂഹ മാധ്യമവേദിയായ ‘എക്സ്’ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. വൻതുക പിഴയും തടവും അടക്കമുള്ള ശിക്ഷവകുപ്പുകൾ കാണിച്ചുള്ള ഭീഷണിയോടുകൂടിയ ഭരണതല ഉത്തരവുകൾ മാനിച്ച് ഇന്ത്യയിൽ മാത്രം നിർദിഷ്ട അക്കൗണ്ടുകൾ റദ്ദാക്കുകയാണെന്നും ഈ പ്രവൃത്തിയോട് വിയോജിച്ചുതന്നെ ഇത്തരം പോസ്റ്റുകൾക്ക് ആവിഷ്കാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള വഴിയാരായുമെന്നുമാണ് ‘എക്സ്’ അറിയിച്ചിരിക്കുന്നത്. നിയമപരമായ നിയന്ത്രണങ്ങൾ മൂലം കേന്ദ്രത്തിന്റെ വിലക്ക് ഉത്തരവ് പ്രസിദ്ധീകരിക്കാനാവില്ലെങ്കിലും ബന്ധപ്പെട്ടവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ അത് പരസ്യപ്പെടുത്തുന്നത് സുതാര്യതക്ക് അനുപേക്ഷ്യമാണെന്നും അത് വെളിപ്പെടുത്താതിരിക്കുന്നത് വിശ്വാസ്യതയെ ബാധിക്കുമെന്നുമാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ‘എക്സ്’ വിശദീകരിക്കുന്നത്. കർഷകനേതാക്കളുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ ചർച്ച നടത്തിക്കൊണ്ടിരിക്കെത്തന്നെ സമൂഹമാധ്യമങ്ങളിലെ പ്രക്ഷോഭനേതാക്കളുടെ അക്കൗണ്ടുകൾക്ക് താഴിട്ടു എന്നതാണ് കൗതുകകരം. ചർച്ച കഴിഞ്ഞ് നേതാക്കൾ പുറത്തിറങ്ങിയപ്പോൾ അവരുടെയൊക്കെ ‘എക്സ് ഹാൻഡിലുകൾ നിശ്ചലമായിരുന്നു. അതുകഴിഞ്ഞും ‘എക്സ്’ പ്ലാറ്റ്ഫോമിൽ വിലക്ക് തുടർന്നുവരുന്നതിനെതിരെ പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് അവർ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
സമൂഹമാധ്യമ വേദികളിൽ പലതും അതതു നാടുകളിലെ ഭരണകൂടങ്ങളുടെ നിർബന്ധങ്ങൾക്കു വഴങ്ങി ഗുണഭോക്താക്കളുടെ ആശയപ്രകാശനത്തിന് അതിരും അരിപ്പയും വെച്ചപ്പോഴും ട്വിറ്റർ, എക്സ് എന്ന നാമകരണത്തോടെ ഇലോൺ മസ്ക് ഏറ്റെടുത്തപ്പോൾ അതിന്റെ അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം ആഗോളശ്രദ്ധ നേടിയിരുന്നതാണ്. വിദ്വേഷപ്രചാരണങ്ങൾ ‘എക്സി’ലൂടെ പ്രചുരപ്രചാരം നേടുന്നത് വിമർശനത്തിനിടയാക്കിയപ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന് അതിര് നിർണയിക്കാനാവില്ലെന്നായിരുന്നു മസ്കിന്റെ മറുപടി. സെൻസർഷിപ്പിനു താൻ എതിരാണെന്നും ആളുകൾക്ക് സംസാരസ്വാതന്ത്ര്യം കുറച്ചു മതിയെന്നാണെങ്കിൽ അവർ ഗവൺമെന്റിനോട് നിയമനിർമാണത്തിന് ആവശ്യപ്പെടട്ടെ എന്നായിരുന്നു ട്വിറ്റർ ഏറ്റെടുക്കുമ്പോൾ മസ്കിന്റെ പ്രസ്താവന. എന്നാൽ, ഭരണകൂട താൽപര്യത്തിന് എതിരാണെന്നുവന്നപ്പോൾ കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണകൂടം ‘എക്സി’ന്റെയും വായ് പൊത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ്. (‘സംസാരസ്വാതന്ത്ര്യത്തിന്റെ കരുത്തുറ്റ കാവൽഭടൻ’ എന്നനിലയിൽ ഇലോൺ മസ്കിനെ നൊബേൽ പുരസ്കാരത്തിന് നോർവീജിയൻ എം.പി നാമനിർദേശംചെയ്ത സന്ദർഭത്തിലാണ് കേന്ദ്രം എക്സിന്റെ കഴുത്തിനു പിടിക്കുന്നത് എന്ന വിരോധാഭാസവുമുണ്ട്). നേരത്തേയും മോദിസർക്കാർ ട്വിറ്ററിന്റെ ‘സ്വാതന്ത്ര്യവാദ’ത്തിനെതിരെ കണ്ണുരുട്ടിയതാണ്. സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രം മാർഗനിർദേശങ്ങൾ കൊണ്ടുവന്നപ്പോൾ അത് ആവിഷ്കാരസ്വാതന്ത്ര്യത്തിന് കനത്ത പ്രഹരമേൽപിക്കുമെന്ന് 2021ൽ ട്വിറ്റർ എതിർവാദമുന്നയിച്ചിരുന്നു. എന്നാൽ പൊന്തയിൽ തല്ലാതെ രാജ്യത്തെ നിയമത്തെ മാനിക്കാൻ ആജ്ഞാപിച്ച ഇന്ത്യ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിന് ആരും നിബന്ധനകൾ നിഷ്കർഷിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് രാജ്യതലസ്ഥാനത്ത് ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് വട്ടംകൂട്ടിയ കർഷകപാർട്ടികളുടെയും നേതാക്കളിൽ പ്രമുഖരുടെയും അക്കൗണ്ടുകൾ പൂട്ടിയ കേന്ദ്രനടപടി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, റെഡിറ്റ്, എക്സ്, സ്നാപ് തുടങ്ങിയ സമൂഹമാധ്യമ വേദികളോട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം 177 അക്കൗണ്ടുകളാണ് റദ്ദാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാം കർഷകസമരവുമായി ബന്ധപ്പെട്ടവയാണ്.
ജനാധിപത്യ ഇന്ത്യയിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളെ ഏതുവിധമെല്ലാം നേരിടുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇന്റർനെറ്റ് സ്തംഭിപ്പിച്ചും സമൂഹമാധ്യമ വേദികൾക്ക് ആവശ്യാനുസരണം താഴിട്ടും ബി.ജെ.പി സർക്കാർ കാണിച്ചുതരുന്നത്. വംശീയവിദ്വേഷം വമിക്കുന്ന വിഡിയോ അടക്കമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ഭരണകക്ഷിക്ക് താൽപര്യമുള്ള ഏത് അനിഷ്ടസംഭവവികാസങ്ങളും ട്രെൻഡുകളായി മാറുകയും ചെയ്യുമ്പോഴാണ് തങ്ങൾക്ക് അഹിതകരമായത് മറച്ചുവെക്കാനുള്ള ഈ സർക്കാർ വ്യഗ്രത. ലോകത്തെ മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ താഴോട്ടു കൂപ്പുകുത്തുകയും സ്വതന്ത്ര മാധ്യമപ്രവർത്തനം അത്യന്തം അപായകരമായ നാടുകളുടെ ഗണത്തിൽ ഉൾപ്പെടുകയുംചെയ്ത ഘട്ടത്തിലാണ് ആ അപകീർത്തികൾക്ക് ആക്കംകൂട്ടുന്ന തരത്തിലുള്ള സ്വയംകൃതാനർഥങ്ങൾക്ക് പിന്നെയും നമ്മുടെ ഭരണകൂടം മുതിരുന്നത്. 1995 മുതൽ 2020വരെ നാലു ലക്ഷംപേരെ ആത്മഹത്യയിലൊടുങ്ങിയതുകണ്ട് നിൽക്കക്കള്ളിയില്ലാതെയാണ് നമുക്ക് അന്നമൂട്ടുന്ന കർഷകർ സമരത്തിനിറങ്ങിയത്. രാജ്യത്തെ ആകെ വാർഷികവരുമാനത്തിന്റെ പകുതിയാണ് അവരുടെ കടബാധ്യത. 2014ൽ അവരുടെ അധിക വായ്പബാധ്യത 116.16 ബില്യൺ ആയിരുന്നത് 2022ൽ 282.68 ബില്യണായി വർധിച്ചു എന്നതിൽനിന്നുതന്നെ മോദി ഭരണകൂടം കർഷകർക്ക് നൽകിയതെന്ത് എന്നും കർഷകർ പ്രക്ഷോഭത്തിനിറങ്ങുന്നത് എന്തുകൊണ്ട് എന്നും വ്യക്തം. അതിനെ ചർച്ചയുടെയും ബില്ലുകളുടെയും ഉപായങ്ങൾകൊണ്ട് മറയിടാനും ആ മറനീക്കുന്ന മാധ്യമങ്ങളെ വിരട്ടി വരുതിയിലാക്കാനും കാണിക്കുന്ന ആവേശത്തിന്റെ അൽപമെങ്കിലും കർഷകരുടെ ജീവൽപ്രശ്നങ്ങളുടെ പരിഹാരത്തിന് നീക്കിവെക്കുമെങ്കിൽ അതെത്ര നന്നായേനെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.