ഉത്തരാഖണ്ഡിൽ പ്രകാശ് സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ജയ്ശ്രീറാം വിളികളുമായി ഏക സിവിൽ കോഡ് ബിൽ പാസാക്കിയതോടെ സംഘ്പരിവാർ ശക്തികളുടെ മൂന്നിന സ്വപ്നപദ്ധതികളിൽ അവസാനത്തേതും പൂർത്തീകരിക്കപ്പെടുകയാണ്. ജനാധിപത്യത്തെ ഭൂരിപക്ഷാധിപത്യമാക്കി മാറ്റി രാഷ്ട്രസംവിധാനങ്ങളുടെയും സംഹിതകളുടെയും വംശീയവത്കരണത്തിന് തിടുക്കംകൂട്ടുന്ന ഹിന്ദുത്വക്ക് അതിനുള്ള ഒന്നാന്തരം ഉപകരണമായി മാറി ഏക സിവിൽകോഡ്. അതോടെ, അപ്രായോഗികവും അനാവശ്യവുമായ ആ ആശയത്തിന്റെ അപകടത്തെക്കുറിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പിറവി മുതൽ ഉന്നയിക്കപ്പെട്ട ആശങ്കകൾ അതേപടി പുലരുകയാണ്.
മതനിരപേക്ഷ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കൊടിയടയാളമായി പലരും കൊണ്ടുനടന്ന ഏക സിവിൽ കോഡ് എന്ന ആശയം രാജ്യത്ത് ആദ്യമായി നടപ്പാകുമ്പോൾ തന്നെ ജനിതകവൈകല്യങ്ങൾ പ്രകടമാക്കി എന്നത് യാദൃച്ഛികതയല്ല. മത-സംസ്കാര, മതേതരവിശ്വാസികളും മതനിഷേധികളുമൊക്കെ നിർബാധം ജീവിക്കുന്ന ഒരു രാജ്യത്ത് ഓരോ വിഭാഗത്തിനും സ്വത്വം നിലനിർത്തി രാജ്യമെന്ന ഒരു മെയ്യായി നിൽക്കാൻ കഴിയുന്നതാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവുമെന്ന് വിവേകമതികൾ എന്നും പറഞ്ഞുവരുന്നതാണ്. ബഹുസംസ്കൃതിയുടെ നാനാത്വത്തെ ഇന്ത്യയെന്ന ഏകത്വത്തിന്റെ ചരടിൽ കോർത്തുനിർത്തിയാണ് കോളനിവാഴ്ചയുടെ അടിമത്ത തുടലുകൾ നാം പൊട്ടിച്ചെറിഞ്ഞതും ഏതു ശക്തിദൗർബല്യങ്ങൾക്കിടയിലും ഇന്ത്യയെ അഖണ്ഡമായി മുന്നോട്ടുകൊണ്ടുപോയതും. ഈ യാഥാർഥ്യം ബോധിച്ചതുകൊണ്ടാണ് രാഷ്ട്രശിൽപികൾ ഭരണഘടനക്ക് രൂപം നൽകുമ്പോൾ അഭിലഷണീയമായ ആഗ്രഹങ്ങളുടെ പട്ടികയിലേക്ക് ഏക സിവിൽ കോഡിനെ വകയിരുത്തിയത്. ഡോ. ബി.ആർ. അംബേദ്കറിന്റെ നേതൃത്വത്തിലുള്ള ഭരണഘടന നിർമാണസഭ അതിനെ മാർഗനിർദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയത് മത, മതേതരവിശ്വാസികളുടെ സ്വകാര്യ അവകാശങ്ങളിലേക്ക് അത് കടന്നുകയറുമെന്ന് അന്നത്തെ ദീർഘമായ ചർച്ചയിൽതന്നെ ബോധ്യപ്പെട്ടതുകൊണ്ടാണ്. നിയമം നിയമത്തിന്റെ വഴിക്കു മാത്രമല്ല, എടുത്തുപയോഗിക്കുന്നവരുടെ ഹിതാഹിതങ്ങൾക്കൊത്ത് വഴിവിട്ട് നീങ്ങാനുമിടയുണ്ടെന്നും അവർ ദീർഘദർശനംചെയ്തു എന്ന് അന്നത്തെ ചർച്ചരേഖകൾ വ്യക്തമാക്കുന്നു. ഭരണഘടന നിർമാണസഭയിൽ ഏക സിവിൽ കോഡ് ചർച്ചയിൽ ആശങ്കകളുയർത്തിയത് ഏറെയും മതവിശ്വാസികളായിരുന്നു. മറുവാദമുയർത്തിയതാകട്ടെ, മതരഹിത/മതവിരുദ്ധ ലിബറൽ കാഴ്ചപ്പാടുകാരും. ഒടുവിൽ വിവിധ ദേശ, വേഷ, ഭാഷ, മത, സംസ്കാരങ്ങളെ പ്രതിനിധാനംചെയ്ത സകലരും ഒന്നുചേർന്ന് ഇന്ത്യ എല്ലാവരുടേതുമായിത്തീരട്ടെ എന്ന തീർപ്പിലെത്തി റിപ്പബ്ലിക്കിന് നാന്ദികുറിക്കുകയായിരുന്നു.
ഇന്നിപ്പോൾ ഉത്തരാഖണ്ഡ് സർക്കാർ പാസാക്കിയെടുത്ത ഏക സിവിൽ കോഡ് മുൻചൊന്ന ആശങ്കകളെ സാധൂകരിച്ചിരിക്കുന്നു. ഏക സിവിൽ കോഡ് വന്നുകഴിഞ്ഞപ്പോൾ ഇത്രകാലം മതവിശ്വാസികൾ, വിശേഷിച്ചും മുസ്ലിംകൾ, ഉന്നയിച്ച ആശങ്കകൾ ഒറ്റ സിവിൽ നിയമത്തിന്റെ വക്താക്കളുടേതു കൂടിയായി മാറുകയുംചെയ്തു. ബഹുസ്വര സമൂഹത്തിൽ വിവാഹം, വിവാഹമോചനം തുടങ്ങിയ സ്വകാര്യജീവിത വിഷയങ്ങളിൽ അവരവരുടെ വിശ്വാസ, ആചാരവൈവിധ്യങ്ങൾക്കനുസൃതമായ നിയമവ്യവസ്ഥക്ക് ഭരണകൂടം രൂപംകൊടുക്കുന്നതാണ് കരണീയം. വിവിധ രാജ്യങ്ങൾ വെട്ടിപ്പിടിച്ച് മുന്നേറിയ ബ്രിട്ടീഷ് കോളനിവാഴ്ചക്കാർ ഇന്ത്യയിലടക്കം വിവിധ സമൂഹങ്ങൾക്ക് അവരുടെ വ്യക്തിനിയമങ്ങൾ വകവെച്ചുകൊടുത്തത് അതുകൊണ്ടാണ്. പോർചുഗീസുകാർ ഗോവയിൽ സിവിൽ നിയമം നടപ്പാക്കിയപ്പോൾ ഹിന്ദുവിഭാഗത്തെ ഭാഗികമായി മാറ്റിനിർത്തിയത് മറ്റൊരുദാഹരണം. അല്ലാതെ, ഒരേയൊരു സിവിൽ നിയമമെന്ന ഒറ്റവാർപ്പിലേക്ക് ജനതയെ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നതിന് ഉത്തരാഖണ്ഡ് സിവിൽ നിയമംതന്നെ തെളിവ്. പുതിയ നിയമത്തിൽനിന്ന് സംസ്ഥാനത്തെ മൂന്നു ശതമാനം മാത്രംവരുന്ന ആദിവാസിവിഭാഗത്തിന് ഇളവു നൽകിയിരിക്കുന്നു. ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം വ്യവസ്ഥചെയ്യുന്ന ഭരണഘടനയുടെ 21ാം വകുപ്പ് അനുസരിച്ചാണത്രേ ഇത്. രാജ്യത്തെ എല്ലാ പൗരന്മാർക്കും ബാധകമായ ഈ വകുപ്പിൽനിന്ന് മറ്റുള്ളവരെ മാറ്റിനിർത്തുന്നതെന്തുകൊണ്ട് എന്നതിന് നിയമാനുസൃത മറുപടിയൊന്നുമില്ല. ഭരണഘടനയുടെ മേൽവകുപ്പിനെയും ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന 25, 26 ഖണ്ഡികകളെയും അപ്രസക്തമാക്കുന്ന തരത്തിലാണ് വിവാഹവും കൂടപ്പാർപ്പും രജിസ്റ്റർ ചെയ്യണമെന്ന പുതിയ സിവിൽ നിയമത്തിന്റെ അനുശാസനം. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമായ ഇതിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നുകഴിഞ്ഞു. അതുപോലെത്തന്നെയാണ് മതത്തെ വ്യക്തിയുടെ സ്വകാര്യ ആചരണമായി കാണുന്ന രാജ്യത്ത് ആ വിശ്വാസാചാരങ്ങളെ ചവിട്ടിമെതിച്ച് മുസ്ലിം ജീവിതത്തിലേക്കു കടന്നുകയറി വിവാഹമുക്തയുടെ ‘ഇദ്ദ’എന്ന സ്വകാര്യചടങ്ങുപോലും പുതിയ സിവിൽ നിയമം നിരോധിക്കുന്നതും. വിവാഹവും അനന്തരാവകാശവും മുസ്ലിംകൾക്ക് മതാചരണത്തിന്റെ ഭാഗമാണ്. അതിൽ കൈകടത്തുന്ന പുതിയ സിവിൽ നിയമം പക്ഷേ, ഹിന്ദുക്കളുടെ സ്വത്തുവിഭജനത്തിലെ പിന്തുടർച്ചാവകാശ നിയമം വകവെച്ചുകൊടുക്കുകയും ചെയ്യുന്നു. വൈവിധ്യങ്ങളുടെ സങ്കലനമായ ആദിവാസി വിഭാഗങ്ങളുടെ അതൃപ്തി ഭയന്നാണ് അവരെ പുതിയ നിയമത്തിൽനിന്ന് മാറ്റിനിർത്തിയത്. അവരുടെ പിണക്കം ഉത്തരാഖണ്ഡിൽ ഒതുങ്ങില്ലെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കതിലും അതിന്റെ വിപരീതഫലം ഏറ്റുവാങ്ങേണ്ടിവരുമെന്നും ബി.ജെ.പി ഭയക്കുന്നു. അങ്ങനെ വേണ്ടപ്പെട്ടവരെ കൊള്ളാനും വേണ്ടാത്തവരെ തള്ളാനുമുള്ള ഉപാധിയായി ആദ്യ അരങ്ങേറ്റത്തിൽതന്നെ മാറിയതോടെ ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട ഏക സിവിൽ കോഡ് വെറും ചാപ്പിള്ളയാണെന്ന് വ്യക്തമായി. ജനാധിപത്യത്തിന്റെ മറക്കുട ചൂടിയ ഏകാധിപത്യ ഭരണകൂടങ്ങൾക്ക് പൗരജനങ്ങൾക്കുമേൽ അധികാരം അരക്കിട്ടുറപ്പിക്കാനുള്ള ഉപാധിയായാണ് വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന ഒറ്റവാർപ്പ് സിവിൽ നിയമം എവിടെയും കലാശിച്ചിട്ടുള്ളത് എന്ന് അത് പരീക്ഷിച്ച വിവിധ നാടുകളുടെ അനുഭവങ്ങൾ തെളിയിക്കുന്നു. ഇന്ത്യയിൽ വംശീയവൈരത്തിലൂന്നിയ വിദ്വേഷരാഷ്ട്രീയം വിളയിക്കാൻ ശ്രമിക്കുന്ന സംഘ്പരിവാറിന്റെ അജണ്ടയിലെ മുന്തിയ ഇനമായി അത് മാറുന്നതും മറ്റൊന്നിനുമല്ല എന്ന് ഉത്തരാഖണ്ഡ് പാസാക്കിയ ഏക സിവിൽ നിയമം ഉറക്കെ വിളിച്ചുപറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.