കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു കണക്ക് അതർഹിക്കുന്ന ശ്രദ്ധ നേടാതെപോയി. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു 2023 എന്നും 2024ൽ ചൂട് ഇനിയും കൂടിയേക്കുമെന്നും യൂറോപ്യൻ യൂനിയന്റെ കോപർ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവിസ് സ്ഥിരീകരിച്ചു. അന്തരീക്ഷതാപം രേഖപ്പെടുത്തിപ്പോന്ന കഴിഞ്ഞ 173 വർഷങ്ങളിൽ ഏറ്റവും കൂടിയ ചൂട് പോയവർഷത്തേതാണ്. 14.81 ഡിഗ്രി സെൽഷ്യസ് എന്ന 2016ലെ റെക്കോഡ് തിരുത്തിയ 2023ൽ, ഭൂമിയുടെ ശരാശരി ചൂട് 14.98 ഡിഗ്രിയായിരുന്നു. കഴിഞ്ഞ മാസമായിരുന്നു ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ ഡിസംബർ. രേഖപ്പെടുത്തിയ കണക്കുകൾ ഇല്ലെങ്കിലും ഒരുലക്ഷം വർഷങ്ങളിൽവെച്ച് പരമാവധി ചൂട് അനുഭവപ്പെട്ടത് ഇക്കഴിഞ്ഞ വർഷമാണെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്ന ചൂടിനേക്കാൾ ഒന്നര ഡിഗ്രി വരെ മാത്രമേ വർധിക്കാവൂ എന്ന ശാസ്ത്രീയ പരിധി വിദഗ്ധർ നിശ്ചയിച്ചത് ഇനിയും കുറെ വർഷങ്ങളുടെ അന്തരീക്ഷ മലിനീകരണം മുന്നിൽക്കണ്ടായിരുന്നു. എന്നാൽ അടുത്ത മാസത്തോടെ (ഫെബ്രുവരിയോടെ) അവസാനിക്കുന്ന 12 മാസക്കാലയളവിൽ ആ ഒന്നര ഡിഗ്രി പരിധി കടക്കാൻ സാധ്യതയുണ്ടെന്ന ഭീതിജനകമായ മുന്നറിയിപ്പ് കൂടി യൂറോപ്യൻ കേന്ദ്രം നൽകുന്നു. ഇത്ര കടുത്ത ചൂടിന് ഒരു കാരണം എൽനിനോ പ്രതിഭാസമാണ്; അത് അവസാനിക്കുന്നതോടെ ചൂടിൽ കുറവുണ്ടാവുകയും ചെയ്യാം. എന്നാൽ അപ്പോഴും വസ്തുത ബാക്കിനിൽക്കുന്നു: താപവർധനയുടെ മുഖ്യകാരണം മനുഷ്യസ്രഷ്ടമായ മലിനീകരണം തന്നെ. ഭൂമിയിലെ ഏറ്റവും ചൂടേറിയ 10 വർഷങ്ങൾ 2010നു ശേഷമുള്ളതാണ്; അതൊന്നും എൽനിനോ ഉണ്ടായിട്ടല്ല.
കാലാവസ്ഥാ പ്രതിസന്ധി ഭൂമിയുടെ മൊത്തം പ്രശ്നമാണെന്നും അതിനുള്ള പരിഹാരവും ആഗോളാടിസ്ഥാനത്തിലേ സാധ്യമാകൂ എന്നുമുള്ള ബോധ്യത്തിൽനിന്നാണ് ഐക്യരാഷ്ട്രസഭക്കു കീഴിൽ പ്രത്യേക സംവിധാനങ്ങളുണ്ടാക്കിയതും ‘കോപ്’എന്ന കാലാവസ്ഥ ഉച്ചകോടികൾ സംഘടിപ്പിക്കുന്നതും. എന്നാൽ, ബോധ്യങ്ങളും പരിശ്രമങ്ങളുമൊന്നും ലോകരാഷ്ട്രങ്ങളുടെ നയങ്ങളെ ഒട്ടും സ്വാധീനിച്ചുകാണുന്നില്ല. ആമസോൺ വനങ്ങളുടെ നാശം പോലെ, പ്രകൃതി ചൂഷണത്തിന്റെ ഏറ്റവും വലിയ സൂചകമാണ് ഹിമാലയത്തിലെ മഞ്ഞ് കുറഞ്ഞുകൊണ്ടിരിക്കുന്നത്. ബ്രസീൽ, ആമസോൺ ചൂഷണത്തിൽ അയവുവരുത്തിയിട്ടില്ല. ഇങ്ങ് ഹിമാലയ പ്രദേശത്തെ മഞ്ഞ് ഗണ്യമായി കുറഞ്ഞുവരുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിലും ഷിംലയിൽ വൻകിട നിർമാണ പദ്ധതികൾക്ക് വിലക്ക് പ്രഖ്യാപിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തീർപ്പ് കഴിഞ്ഞദിവസം സുപ്രീംകോടതി റദ്ദാക്കിയത് ആശങ്ക വർധിപ്പിക്കുന്നു. കഴിഞ്ഞ ആഗസ്റ്റിൽ ഹിമാചലിൽ നാശമുണ്ടാക്കിയ പ്രളയത്തിന്റെ രൗദ്രതക്ക് വലിയ അളവിൽ കാരണമായത് പരിസ്ഥിതി വിനാശമാണ്. ഇപ്പോഴിതാ വിനാശമുണ്ടാക്കുന്നവർക്ക് കോടതി തന്നെ പച്ചക്കൊടി കാണിച്ചിരിക്കുന്നു. ഓരോ പ്രദേശവും ഓരോ ദിവസവും പരിസ്ഥിതി വീണ്ടെടുപ്പിനുവേണ്ടി സമർപ്പിക്കേണ്ട നിർണായക സന്ദർഭത്തിലാണ് ഇത്തരം വഴിവിട്ട നീക്കങ്ങൾ വിവിധ നാടുകളിൽ നടന്നുകൊണ്ടിരിക്കുന്നത്.
ആചാരംപോലെ കാലാവസ്ഥാ ഉച്ചകോടികൾ നടക്കുന്നു. അതിനുമുമ്പോ ശേഷമോ പരിഹാര നീക്കങ്ങളെപ്പറ്റി രാഷ്ട്രനേതൃത്വങ്ങൾക്ക് ജാഗ്രതയില്ല. കാലാവസ്ഥക്കും മനുഷ്യരാശിക്കും ഏറ്റവും കൂടുതൽ പരിക്കുണ്ടാക്കുന്ന യുദ്ധമോ അതിന്റെ മര്യാദകളോ കാലാവസ്ഥാ ആസൂത്രണത്തിൽ ഒരു ഘടകം പോലുമല്ല എന്നത് അത്ഭുതപ്പെടുത്തണം. കഴിഞ്ഞ മാസം ദുബൈയിൽ കോപ് 28 എന്ന കാലാവസ്ഥ ഉച്ചകോടി നടന്നത് ഗസ്സ യുദ്ധത്തിനിടക്കാണ്. അതിൽ പിന്നീടും യുദ്ധം വ്യാപിപ്പിക്കാനാണ് ആയുധനിർമാതാക്കൾക്ക് നിർണായക സ്വാധീനമുള്ള രാജ്യങ്ങൾ ശ്രമിക്കുന്നത്. എന്നിട്ടും, യുദ്ധമെന്ന കാലാവസ്ഥാ വില്ലൻ ചർച്ചാമേശയിൽപോലും ഇനമായില്ല. ഓരോ വർഷവും യു.എസ് സൈന്യം മാത്രം 120 കോടി മെട്രിക് ടൺ മലിന വാതകങ്ങൾ പുറത്തുവിടുന്നുണ്ട്. യുദ്ധത്തിലെ വിനാശം ഇതിന് പുറമെയാണ്. ജലവും വായുവും മണ്ണും അത് വൻതോതിൽ ദുഷിപ്പിക്കുന്നു. ജൈവവൈവിധ്യവും ആവാസകേന്ദ്രങ്ങളും ഇല്ലാതാക്കുന്നു. കൂട്ടക്കൊലയിലെന്നപോലെ പരിസ്ഥിതിഹത്യയിലും റെക്കോഡുകൾ തകർക്കുന്ന ഇസ്രായേൽ ഗസ്സയിലിട്ടത് ഹിരോഷിമയിൽ അമേരിക്ക ഇട്ട അണുബോംബിന്റെ മൂന്നിരട്ടിയിലേറെ വിഷബോംബാണ്. ഇതെല്ലാം പ്രഹരമേൽപ്പിക്കുന്നത് ഗസ്സക്ക് മാത്രമാണെന്ന് കരുതുന്നവർ ഏതോ ഭാവനാലോകത്ത് ഉറങ്ങുകയാണെന്നേ പറയാനാവൂ. വംശഹത്യപോലെ മനുഷ്യത്വവിരുദ്ധമാണ് പരിസ്ഥിതിഹത്യയും. വൈറ്റ് ഫോസ്ഫറസ് വ്യാപകമായ മലിനീകരണം സൃഷ്ടിക്കാൻ പോകുന്നു. രോഗങ്ങൾ മുതൽ ഭക്ഷ്യക്ഷാമം വരെ അതിന്റെ ഫലമായുണ്ടാകും. വാസ്തവത്തിൽ ഇസ്രായേൽ ഭൂമിക്കുണ്ടാക്കിയ ആഘാതത്തിന്റെ വിശദാംശങ്ങൾ ലഭ്യമാകാനിരിക്കുന്നേയുള്ളൂ. എവിടെ നടക്കുന്ന ഹിംസയും പാതകവും ഭൂമിയെ മുഴുവൻ ബാധിക്കുമെന്ന പരിസ്ഥിതി പാഠമെങ്കിലും സമാധാനശ്രമങ്ങൾക്ക് ആക്കം കൂട്ടേണ്ടതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.