ജനുവരി 22ന് അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിൽ നടന്ന പ്രാണപ്രതിഷ്ഠയുടെ പേരിൽ കേന്ദ്ര മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചിരിക്കുന്നു. ഇന്ത്യൻ നാഗരികത അഞ്ചു നൂറ്റാണ്ടുകളായി കണ്ട സ്വപ്നം സാക്ഷാത്കരിച്ച നരേന്ദ്ര മോദി പുതുയുഗ തേരാളിയായി മാറിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അവതരിപ്പിച്ച പ്രകീർത്തനപ്രമേയത്തിൽ പറയുന്നു. ‘1947ൽ രാഷ്ട്രഗാത്രത്തിന് സ്വാതന്ത്ര്യം ലഭിച്ചു എങ്കിൽ 2024 ജനുവരി 22നാണ് രാജ്യത്തിന് പ്രാണപ്രതിഷ്ഠയിലൂടെ ആത്മീയചൈതന്യം കൈവന്നിരിക്കുന്നത്. ഇന്ത്യയിൽ കാബിനറ്റ് സമ്പ്രദായം വന്നശേഷവും അതിനു മുമ്പ് ബ്രിട്ടീഷ് കാലത്തെ വൈസ്രോയി എക്സിക്യൂട്ടിവ് കൗൺസിലിന്റെ കാലത്തും ചരിത്രപ്രധാനമായ പല പ്രവർത്തനങ്ങളും നടന്നിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി ജനുവരി 22ന് പൂർത്തീകരിച്ചതുപോലെ അതുല്യമായൊരു ദൗത്യം ചരിത്രത്തിലുണ്ടായിട്ടില്ല. സ്വതന്ത്ര ഇന്ത്യയിലെ എല്ലാവിഭാഗം ജനങ്ങളെയും ഒറ്റക്കെട്ടായി അണിനിരത്തിയ ഒരേയൊരു പ്രസ്ഥാനമാണ് രാമജന്മഭൂമി മൂവ്മെന്റ്’-പ്രമേയം വിശദീകരിക്കുന്നു.
എല്ലാ പൗരർക്കും ചിന്താ, ആവിഷ്കാര, വിശ്വാസ, ആരാധന സ്വാതന്ത്ര്യം, പദവിയിലും അവസരത്തിലും സമത്വം, വ്യക്തികളുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും ഉറപ്പുതരുന്ന സാഹോദര്യം എന്നിവ നേടിക്കൊടുക്കുന്ന പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ എഴുപത്തിനാലാം വാർഷികം ആഘോഷിക്കുമ്പോൾ നാട് ഏതു ദിശയിലേക്ക് എന്ന് ആവർത്തിച്ചുറപ്പിക്കുകയാണ് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പ്രമേയം. 2024 ജനുവരി 22 കലണ്ടറിലെ വെറുമൊരു തീയതിയല്ലെന്നും പുതിയൊരു കാലചക്രത്തിന്റെ തുടക്കമാണെന്നും പ്രാണപ്രതിഷ്ഠ ചടങ്ങിനുശേഷം നടത്തിയ പ്രഭാഷണത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 1950 ജനുവരി 26ന് റിപ്പബ്ലിക്കായി ഇന്ത്യ മാറിയതിന് തൊട്ടടുത്ത വർഷം 1951ൽ പുനരുദ്ധരിക്കപ്പെട്ട സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനചടങ്ങിന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് എത്തണമെന്നായിരുന്നു കേന്ദ്ര മന്ത്രിസഭയിലിരുന്നുതന്നെ ക്ഷേത്ര പുനർനിർമാണത്തിനു മുന്നിൽനിന്ന കെ.എം. മുൻഷി, സർദാർ വല്ലഭ ഭായി പട്ടേൽ എന്നിവരടക്കമുള്ള സംഘാടകരുടെ ആഗ്രഹം. രാജേന്ദ്രപ്രസാദും അത് ആഗ്രഹിച്ചിരുന്നു. ഇതറിഞ്ഞ ജവഹർലാൽ നെഹ്റു മന്ത്രിസഭ വിളിച്ചുചേർത്ത്, രാജ്യത്തെ പ്രഥമപൗരൻ ചടങ്ങിൽ സംബന്ധിക്കരുതെന്ന് പ്രമേയം പാസാക്കി. രാജ്യത്തിന് പ്രത്യേകമായൊരു മതമില്ലെന്ന ജനാധിപത്യ ഭരണഘടനയുടെ മൗലിക തത്ത്വത്തിന്റെ ലംഘനമാകും അതെന്നായിരുന്നു മന്ത്രിസഭയുടെ വിലയിരുത്തൽ. സമ്മർദം വന്നപ്പോൾ വ്യക്തിഗതമായ മതാനുഷ്ഠാനത്തെ ഭരണഘടന പദവിയിലിരിക്കുന്നയാൾ സ്റ്റേറ്റിന്റെ നടപടിക്രമമായി മാറ്റിക്കൂടാ എന്ന് നെഹ്റു മന്ത്രിസഭ ശഠിച്ചു. എങ്കിൽ, വ്യക്തി എന്നനിലയിൽ പങ്കുകൊള്ളുമെന്നറിയിച്ച അദ്ദേഹത്തിന് പ്രഥമ പൗരന്റെ പ്രോട്ടോക്കോളും സുരക്ഷയുമൊന്നും അനുവദിക്കപ്പെട്ടില്ല.
അതേ ഭരണഘടനതന്നെ നിലനിൽക്കെയാണ്, ബാബരി മസ്ജിദ് തകർത്ത സ്ഥലത്തെ രാമക്ഷേത്രനിർമാണവും ശിലയിടലും ഒടുവിൽ ഉദ്ഘാടനവുമൊക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ തന്നെ നടന്നത്. അതിനു മുന്നിൽനിന്ന പ്രധാനമന്ത്രിയെ വാഴ്ത്തിയും രാജ്യത്തെ പതിറ്റാണ്ടുകൾ സംഘർഷത്തിലേക്കു തള്ളിവിട്ട തർക്കത്തിലെ കക്ഷിയായ രാമജന്മഭൂമി പ്രസ്ഥാനത്തെ സ്വതന്ത്ര ഇന്ത്യയിലെ ഒരേയൊരു ജനമുന്നേറ്റ പ്രസ്ഥാനമായി വിശേഷിപ്പിച്ചും പ്രമേയം പാസാക്കുന്നത്. രാമജന്മഭൂമി പ്രക്ഷോഭനായകനായിരുന്ന എൽ.കെ. അദ്വാനിയുടെ രഥയാത്ര മുതൽ രക്തരൂഷിതമായ കലാപങ്ങളിലൂടെ കടന്നുവന്ന ഹിന്ദുത്വ പ്രതിലോമ രാഷ്ട്രീയമാണ് ഇന്ത്യക്ക് ഉയിരേകിയത് എന്ന്, സത്യത്തെ തലകീഴായി നിർത്തുന്നത്. ഇതൊക്കെയാകുമോ യുഗമാറ്റം കൊണ്ട് പ്രധാനമന്ത്രിയും ബി.ജെ.പിയുമൊക്കെ ഉദ്ദേശിച്ചിരിക്കുക? അതെന്തായാലും കാലമാറ്റം ഏതു ദിശയിലേക്കാണ് എന്ന് പ്രാണപ്രതിഷ്ഠയുടെ അപ്പുറവും ഇപ്പുറവുമൊക്കെയായി ഹിന്ദുത്വ അനുയായികൾ കാട്ടിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ മാരകാനുഭവങ്ങൾ നാനാഭാഗങ്ങളിൽനിന്ന് സംഘർഷവാർത്തകളായി വന്നുകൊണ്ടിരിക്കുന്നു. രാമൻ സംഘർഷമല്ല, പരിഹാരമാണെന്ന് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പഴയ ശീലിൽ ജയ് ശ്രീറാം വിളികളുമായി തീക്കളി തുടങ്ങുന്ന തിരക്കിലായിരുന്നു മഹാരാഷ്ട്രയിലെ മീരാ റോഡിൽ സംഘ്പരിവാറുകാർ. ജയ് ശ്രീറാം വിളികളുമായി മുസ്ലിം ഭൂരിപക്ഷമേഖലകളിൽ പ്രകോപനമുണ്ടാക്കി അവർ സംഘർഷം ഇളക്കിവിട്ടു. സംഘർഷത്തിൽ ഇടപെട്ട ഏക്നാഥ് ഷിൻഡെ സർക്കാറാകട്ടെ, സംഘ്പരിവാറിന്റെ ഉൻമൂലന ഉപകരണമായ ബുൾഡോസറുമായി വന്ന് ഇരകളായ മുസ്ലിം കടകളും വീടുകളും അനധികൃത നിർമാണം പറഞ്ഞ് പൊളിച്ച് അക്രമികൾക്ക് അരുനിന്നു. അവിടെ തീ ഇനിയും അണഞ്ഞിട്ടില്ല.
തെലങ്കാനയിലെ നാരായൺ പേട്ടിൽ പള്ളിയിലേക്ക് പടക്കമെറിഞ്ഞും സംഗറെഡ്ഡിയിൽ കടകൾക്ക് തീവെച്ചുമായിരുന്നു ആഘോഷം. മധ്യപ്രദേശിലെ ഝാബുവയിൽ ചർച്ചിനുമുകളിലെ കുരിശിന്മേൽ കാവിക്കൊടി കെട്ടി, ജയ് ശ്രീറാം വിളിച്ചാണ് ‘യുഗപ്പിറവി’ആഘോഷിച്ചത്. കേന്ദ്രസർക്കാർ പ്രമേയത്തിൽ പറയുന്നതുപോലെ രാമജന്മഭൂമി പ്രസ്ഥാനം ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയല്ല, ധ്രുവീകരണത്തിലൂടെയും സ്പർധ വളർത്തിയും ശിഥിലീകരണം വളർത്തുകയാണ് ചെയ്തത് എന്നതാണ് കഴിഞ്ഞകാല അനുഭവം. കലഹങ്ങളോടും വിവാദങ്ങളോടും വിടപറയണമെന്ന് സർസംഘ്ചാലക് ഉപദേശിക്കുമ്പോഴും രാമന്റെ പേരിൽ പിന്നെയും കലാപം കൂട്ടുന്നതാണ് പലയിടത്തും ദൃശ്യമാകുന്നത്. എന്നിരിക്കെ, പ്രാണപ്രതിഷ്ഠയിൽ നിന്നുള്ള ഉത്തിഷ്ഠത മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ റിപ്പബ്ലിക്കിനെ അക്ഷതം നിലനിർത്തുമോ അതോ, ഉള്ള പ്രാണനും നഷ്ടത്തിലാക്കുമോ എന്നാണ് രാജ്യസ്നേഹികളുടെ ഉത്കണ്ഠ. അങ്ങനെ സംഭവിക്കരുതേ എന്നാണ് പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.