സംസ്ഥാന സർക്കാറിനൊരു സുരക്ഷ ഭീഷണി

വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നതാണ് മികവെങ്കിൽ കേരളംകണ്ട ഏറ്റവും മികച്ച ഗവർണർമാരിലാണ് ആരിഫ് മുഹമ്മദ്ഖാന് സ്ഥാനം. ഏറ്റവുമൊടുവിലത്തെ അദ്ദേഹത്തിന്റെ പ്രകടനം കൊല്ലം നിലമേലിലായിരുന്നു. എസ്.എഫ്.ഐക്കാരുടെ കരി​ങ്കൊടി പ്രകടനത്തെച്ചൊല്ലി രോഷംപൂണ്ട ഖാൻ യാത്ര വഴിക്കുവെച്ച് നിർത്തി. റോഡരികിൽ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചു. രണ്ടുമണിക്കൂർ ആ നിരത്തിലിരിപ്പ് തുടർന്നു. എസ്.എഫ്.ഐക്കാരെ പ്രതിചേർത്തുള്ള എഫ്.ഐ.ആറിന്റെ പകർപ്പ് പൊലീസ് എത്തിച്ചതോടെ ഖാൻ ‘സമരം’നിർത്തി യാത്രതുടർന്നു. ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തതായി അറിയിപ്പുമെത്തി. കഴിഞ്ഞ ദിവസം ഖാൻ വാർത്താതാരമായത് ഏറ്റവും കുറഞ്ഞ സമയം മാത്രമെടുത്ത് നയപ്രഖ്യാപന പ്രസംഗം ചെയ്തുതീർത്തുകൊണ്ടാണ്. ഒരു മിനിറ്റും ഏതാനും സെക്കൻഡും നീണ്ടതായിരുന്നു ആ പ്രസംഗം. കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട്ട് മിഠായിത്തെരുവിലിറങ്ങിയായിരുന്നു പ്രതിഷേധം. അവിടെയും സുരക്ഷാ പ്രോട്ടോകോൾ പാലിക്കാതുള്ള പ്രകടനമായിരുന്നു. അന്നും എസ്.എഫ്.ഐക്കാരുടെ കരി​ങ്കൊടിയായിരുന്നു പ്രകോപനം. യൂനിവേഴ്സിറ്റി സെനറ്റുകൾ സംഘ്പരിവാറുകാരെക്കൊണ്ട്, ചാൻസലർ കൂടിയായ ഗവർണർ നിറക്കുന്നു എന്നാരോപിച്ച് ഗവർണറുടെ കാറിനടുത്തെത്തി അവർ മുദ്രാവാക്യം വിളിച്ചു. ഗവർണർ കാറിൽനിന്നിറങ്ങി, മുഖ്യമന്ത്രി ഗുണ്ടകളെ വിട്ട് തന്നെ ശാരീരികമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ചു. ഇത്തവണയും ആ ​ആരോപണം അദ്ദേഹം ആവർത്തിക്കുന്നുണ്ട്. 2022ൽ ഖാൻ കേരള ധനമന്ത്രിയിൽ ഗവർണർക്കുള്ള ‘തൃപ്തി’പിൻവലിച്ചുകൊണ്ട് വാർത്ത സൃഷ്ടിച്ചു. തന്റെ തൃപ്തി മന്ത്രിക്ക് നഷ്ടപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തെ എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി യഥോചിതം തീരുമാനിക്കണം എന്ന ആവശ്യവുമായി അദ്ദേഹം മുഖ്യമന്ത്രിക്കെഴുതുകയും മുഖ്യമന്ത്രി അത് ഒട്ടും സമയം കളയാതെ തള്ളുകയും ചെയ്തു.

ഭരണത്തിന്റെ തലപ്പത്തുള്ളവർ നിസ്സാര കാര്യങ്ങൾ മുതൽ പ്രതിഷേധപ്രകടനങ്ങൾ വരെ അസഹിഷ്ണുതയോടെയും ജനാധിപത്യവിരുദ്ധമായ അമിതാധികാരത്തോടെയും നേരിടുന്നത് ശീലമാക്കുകയാണെന്ന് തോന്നുന്നു. ഇക്കാര്യത്തിൽ ഗവർണർ ഖാൻ മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നല്ല മാതൃകയല്ല സൃഷ്ടിക്കുന്നത്. സർവകലാശാലകളിൽ രാഷ്ട്രീയതാൽപര്യം നോക്കി ആളുകളെ നിയമിക്കുന്ന രീതി തുടങ്ങിയത് ഗവർണർ ഖാനല്ല; വിവിധ സർക്കാറുകളാണ്. ഇന്നത്തെ സർക്കാറിനുകീഴിൽ അത് ശക്തിപ്പെട്ടിട്ടുണ്ട്. അതിനെച്ചൊല്ലി ഗവർണർ ഉന്നയിച്ച ആരോപണങ്ങൾ മുഴുവനുമൊന്നും അടിസ്ഥാനരഹിതമല്ല. പ്രതിഷേധത്തോടും കരി​ങ്കൊടിയോടും കറുത്ത നിറത്തോടുപോലുമുള്ള അസഹിഷ്ണുതയുടെ കാര്യത്തിലും ഗവർണർ മാത്രമല്ല, ജനാധിപത്യവിരുദ്ധത പുലർത്തുന്നത്. പ്രതിഷേധിച്ചവരെ സ്വന്തം പാർട്ടിക്കാർ കൈയേറ്റം ചെയ്തപ്പോൾ അതിനെ രക്ഷാപ്രവർത്തനമെന്നുവിളിച്ച് വിവാദം സൃഷ്ടിച്ചിട്ടുണ്ട് പിണറായി. ആനിലക്ക് നോക്കുമ്പോൾ ഗവർണർ ഖാനെ മാത്രം കുറ്റപ്പെടുത്താനാവില്ല.

എന്നാൽ, ഗവർണറുടെ ചെയ്തികൾ വെറും ക്ഷോഭപ്രകടനങ്ങൾ മാത്രമല്ല എന്നതാണ് പ്രശ്നം. അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ തനി ബാലിശമായവ മുതൽ രാഷ്ട്രീയ ഗൂ​ഢോദ്ദേശ്യം ആരോപിക്കാവുന്നവ വരെ ഉണ്ട്. ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനത്തുള്ളവർക്ക് കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മനസ്സിലാക്കാൻ പ്രയാസമാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞതിനാണ് ഖാൻ മുമ്പ് തന്റെ ‘തൃപ്തി’പിൻവലിച്ചത്. എന്നിട്ടദ്ദേഹം ബാലഗോപാലിന്റെ പ്രസ്താവനയിൽ രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ ഭീഷണിവരെ കണ്ടെത്തി. പ്രാദേശികവാദം, ഗവർണറുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പുറമെയായിരുന്നു ഇത്. മന്ത്രിമാരിലുള്ള ഗവർണറുടെ തൃപ്തി പിൻവലിക്കാതിരിക്കാൻ അവർ പ്രസംഗിക്കുമ്പോൾ ശ്രദ്ധ ചെലുത്തണമെന്ന് ഖാൻ മുൻകൂട്ടി താക്കീത് നൽകിയിരുന്നു. ഇതിനെല്ലാം അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ ജനാധിപത്യത്തിന്റേതല്ല. ക്രമസമാധാനം തകർന്നു, ഭരണഘടനാ സംവിധാനം തകരുന്നു എന്നെല്ലാമുള്ള ഭാഷാപ്രയോഗങ്ങളിൽ, സംസ്ഥാന സർക്കാറിനെതിരെ കേന്ദ്രത്തിന് നീങ്ങാൻ സൗകര്യമൊരുക്കുകയെന്ന തന്ത്രം പതിയിരിപ്പുണ്ടാകാം.

സർക്കാറും മുഖ്യമന്ത്രിയും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടവരാണ്; ഗവർണർ യൂനിയൻ സർക്കാർ നിയോഗിച്ചയാളും. തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകൾക്ക് തിരഞ്ഞെടുക്കപ്പെട്ടവരല്ലാത്ത ഗവർണർമാർ തുരങ്കം വെക്കരുതെന്ന് സമീപകാലത്തുണ്ടായ അനേകം കോടതിവിധികൾ നിർദേശിച്ചിട്ടുണ്ട്. യൂനിയൻ സർക്കാറിലെ കക്ഷികളല്ലാത്തവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ ഭരണഘടനയുടെ അന്തഃസത്തക്ക് ചേരാത്ത തരത്തിൽ പ്രവർത്തിക്കുന്ന സംഭവങ്ങൾ കൂടിവരുന്നു. മന്ത്രിസഭ അംഗീകരിച്ച നിയമനിർമാണ ബില്ലുകളിൽ ഒപ്പുവെക്കാതെ ഗവർണർമാർ ഭരണത്തിൽ പ്രയാസം സൃഷ്ടിക്കുന്നതിനെതിരെയും കോടതി താക്കീത് ചെയ്തതാണ്. ഇപ്പോൾ ഗവർണർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തിയതുപോലും ഭരണത്തിലുള്ള ഇടപെടലാണ്. കരി​ങ്കൊടിയുമായി വരുന്ന വിദ്യാർഥികളെ കണ്ട് കാറിൽനിന്ന് ചാടിയിറങ്ങി അവർക്കുനേരെ പാഞ്ഞുചെന്ന ഗവർണർക്ക് വലിയ സുരക്ഷാ ഭീഷണിയുള്ളതായി അദ്ദേഹത്തിനുതന്നെ തോന്നിയിട്ടില്ലെന്ന് സ്പഷ്ടമാണ്. ഇതൊരു രാഷ്ട്രീയക്കളിയാണ്. അതിൽ കരുവാവുകയാണ് ഗവർണർ.

Tags:    
News Summary - madhyamam editorial 2024 Jan 29 Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT