പത്താം ക്ലാസ് പരീക്ഷയിൽ ഇക്കുറിയും വമ്പൻ വിജയശതമാനം കൈവരിച്ച സംസ്ഥാനത്ത് ഉപരിപഠന അർഹത നേടിയ വിദ്യാർഥികളിൽ ഒരു വിഭാഗം പ്ലസ് വണ്ണിന് പ്രവേശനമെടുക്കുന്ന തിരക്കിലും ഗണ്യമായ മറ്റൊരു വിഭാഗം തുടർപഠനം എന്ന അവകാശം നേടിയെടുക്കാനുള്ള പോരാട്ടത്തിലുമാണ്. മലബാർ മേഖലയിലെ വിദ്യാർഥികളാണ് സമരരംഗത്തുള്ളത്. പ്രതിപക്ഷ നേതാവുൾപ്പെടെ പല നേതാക്കളും അവർക്ക് പിന്തുണയുമായി മുന്നോട്ടുവന്നിട്ടുണ്ട്. മലബാറിലെ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റ് അപര്യാപ്തതയെന്നത് പുതിയ കാര്യമല്ല. വർഷങ്ങളായി തുടരുന്ന ഈ അവഗണന അവസാനിപ്പിക്കണമെന്ന ഓർമപ്പെടുത്തൽ കൃത്യമായ കണക്കുകളും രേഖകളും സഹിതം ഇത്തവണത്തെ എസ്.എസ്.എൽ.സി റിസൽട്ട് വേളയിലും ‘മാധ്യമം’ നടത്തിയിരുന്നതാണ്. കേരളത്തിലെ ചില ജില്ലകളിലെ സ്കൂളുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മറ്റൊരു ഭാഗത്ത് എ പ്ലസുകാരുൾപ്പെടെ സീറ്റില്ലാതെ കാത്തുനിൽപ്പ് തുടരുന്നത്. അതിനിടെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ പ്ലസ് വൺ അഡ്മിഷൻ ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥിനി സ്വയംഹത്യ നടത്തിയെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നു. ആത്മഹത്യ ഒരു പരിഹാരമാർഗമല്ലെങ്കിലും അത്തരമൊരു തീരുമാനത്തിലേക്ക് കൗമാരക്കാരെ തള്ളിവിടുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട്.
മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ ആവശ്യത്തിന് പ്ലസ് വൺ സീറ്റുണ്ട് എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.ഇതു വിശദീകരിക്കാൻ നിയമസഭക്ക് മുന്നിൽവെച്ചതാവട്ടെ, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് എന്നിവയുടെ സീറ്റുകൾ കൂട്ടിച്ചേർത്തുള്ള കണക്കാണ്. അവിടെത്തന്നെ മന്ത്രിവാദം പൊളിയുന്നു. പ്രഫഷനൽ കോഴ്സുകൾക്കോ ബിരുദപഠനത്തിനോ ചേരാൻ ഐ.ടി.ഐയിൽ പഠിച്ചു ജയിച്ചതിന്റെ സർട്ടിഫിക്കറ്റ് മതിയാവില്ല എന്ന് അറിയാത്ത ആളല്ല അദ്ദേഹം. അൺ എയ്ഡഡ് സ്കൂളുകളിൽ ഫീസ് നൽകി പഠിക്കാൻ പറയുന്നതും വിദ്യാർഥികൾ ഉന്നയിക്കുന്ന പ്രശ്നത്തിന് പരിഹാരമല്ല. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ പെടാപ്പാട് പെടുന്നുവെന്ന് നിരന്തരം അവകാശപ്പെടുന്ന മന്ത്രിയും സർക്കാറും അൺ എയ്ഡഡ് സ്കൂളിലെ കണക്കുകൾ കാണിച്ച് സീറ്റുണ്ടല്ലോ എന്ന് സമർഥിക്കുന്നത് അനീതി മാത്രമല്ല, വഞ്ചനയുമാണ്.
കഴിഞ്ഞ മൂന്നുവർഷവും പ്രവേശനം അവസാനിച്ചപ്പോൾ മലബാറിലെ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും മന്ത്രി വാദിക്കുന്നു. ആ ന്യായവാദം ഒരു കള്ളമാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ വർഷം ഏകജാലക രീതിയിൽ പ്രവേശനം പൂർത്തിയായ മെറിറ്റ് സീറ്റുകളിൽ ഒന്നുപോലും പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒഴിവുണ്ടായിരുന്നില്ല. അതേസമയം, മന്ത്രി താമസിക്കുന്ന തിരുവനന്തപുരം ജില്ലയിൽ 878 സീറ്റുകളും പത്തനംതിട്ടയിൽ 1443 സീറ്റുകളും എറണാകുളം ജില്ലയിൽ 1307 സീറ്റുകളുമാണ് ഒഴിഞ്ഞുകിടന്നത്.
എല്ലാ വർഷവും പ്ലസ് വൺ പ്രവേശനസമയത്ത് സമരം പ്രഖ്യാപിക്കുന്നത് പതിവായിരിക്കുന്നുവെന്നാണ് മന്ത്രിയുടെ മറ്റൊരു പരിഭവം. താൻ ചുമതല വഹിക്കുന്ന വകുപ്പിന്റെ ആലോചനരഹിതവും പക്ഷപാതപരവുമായ നിലപാടുമൂലം ഉപരിപഠന അവസരം നഷ്ടമാകുന്നതിനെതിരെ വിദ്യാർഥികൾ നടത്തുന്ന തീർത്തും ന്യായമായ അവകാശപ്പോരാട്ടത്തെ ഒരുകാലത്ത് വിദ്യാർഥി-യുവജന സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവുകൂടിയായ മന്ത്രി എത്ര സമർഥമായാണ് അനാവശ്യമെന്ന് മുദ്രകുത്തുന്നത്. വിദ്യാർഥികളും സംഘടനകളും ആഗ്രഹിക്കുന്നതുകൊണ്ടല്ല, അനീതി അവസാനിപ്പിക്കാൻ സർക്കാറിന് തരിമ്പ് താൽപര്യമില്ലാത്തതുകൊണ്ടാണ് പ്ലസ് വൺ പ്രവേശന കാലത്ത് സമരത്തിലേക്ക് നീങ്ങേണ്ടി വരുന്നത്. ഈ കൊടിയ വിവേചനം മുൻകാലങ്ങളിൽ കണ്ടില്ലെന്ന് നടിച്ചിരുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഇനിയും മൂടിവെക്കാനാവാത്ത അനീതിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്.
സീറ്റ് ക്ഷാമമുണ്ടെങ്കിൽ മൂന്നാം അലോട്ട്മെന്റ് പൂർത്തിയായ ശേഷം നടപടി കൈക്കൊള്ളാമെന്നാണ് മന്ത്രിയുടെ ഉറപ്പ്. നിലവിലുള്ള ബാച്ചുകളിൽ കൂടുതൽ കുട്ടികളെ കുത്തിനിറക്കുക എന്ന പതിവ് വിദ്യയല്ല പ്രശ്നത്തിനുള്ള യഥാർഥ പരിഹാരം. ഹയർ സെക്കൻഡറി മേഖലയിലെ അധ്യാപന-പഠന നിലവാരം തകരുന്നതിലേക്കാണ് അത് വഴിവെക്കുക. ആവശ്യാനുസരണം അധികബാച്ചുകൾ അനുവദിക്കുന്നതിലെ അമാന്തം സർക്കാർ അവസാനിപ്പിക്കുകതന്നെ വേണം. വിവിധ ജില്ലകളിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ സീറ്റ് തികയാത്ത മേഖലകളിലേക്ക് നൽകണം. സീറ്റ് ക്ഷാമം നേരിടുന്ന ജില്ലകളിലെ കൂടുതൽ സർക്കാർ ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി ഉയർത്താനും നടപടി സ്വീകരിക്കണം. അധ്യയനം തുടങ്ങിയ ശേഷവും വിദ്യാർഥികൾ സീറ്റിനായി തെരുവിൽ നിൽക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാവില്ല എന്ന് സർക്കാർ ഉറപ്പാക്കിയേ തീരൂ, ഇത് മലബാറിന്റെ പ്രാദേശിക പ്രശ്നമായി കാണാതെ സാമൂഹിക-സാമാന്യ നീതിയുടെ ലംഘനമാണെന്ന് മനസ്സിലാക്കി ഏവരും ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ സമയമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.