കാമ്പസ് അരാജകത്വത്തിന് ഒരു രക്തസാക്ഷികൂടി. ഒപ്പമിരുന്ന് പഠിച്ച, ഒരുമിച്ചുനടന്ന് പുതിയൊരു കാലം പടുക്കേണ്ടിയിരുന്ന കൂട്ടുകാരനെയാണ് നഗ്നനാക്കി ആൾക്കൂട്ട വിചാരണ ചെയ്തും ക്രൂരമായി മർദിച്ചും മാനസികമായി പീഡിപ്പിച്ചും പൂക്കോട് വെറ്ററിനറി കാമ്പസിലെ ഒരു സംഘം വിദ്യാർഥികൾ മരണത്തിലേക്കു തള്ളിവിട്ടത്. അന്യായമായി തടഞ്ഞുവെക്കല്, അടിച്ചുപരിക്കേല്പിക്കല്, റാഗിങ്, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകള് ചുമത്തി ഏഴുപേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോളജ് യൂനിയന് പ്രസിഡന്റ്, യൂനിയന് അംഗം, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി തുടങ്ങി 11ഓളം പേർ ഒളിവിലുമാണ്.
ഫെബ്രുവരി 18നാണ് രണ്ടാം വർഷ ബി.വി.എസ് സി വിദ്യാർഥി ജെ.എസ്. സിദ്ധാർഥനെ ഹോസ്റ്റൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാലൈന്റൻസ് ഡേ തലേന്ന് കോളജിൽ നടന്ന പരിപാടിക്കിടെ ഒരു പെൺകുട്ടിയോട് ഇഷ്ടം പറഞ്ഞതിന്റെ പേരിലാണ് 14ന് സീനിയർ വിദ്യാർഥികൾ സംഘംചേർന്ന് ഇദ്ദേഹത്തെ മർദിച്ചത്. തുടർദിവസങ്ങളിൽ പരസ്യവിചാരണയും നഗ്നനാക്കി മർദനവുമുണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ശരീരത്തിൽ രണ്ടു ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. നെഞ്ചിലും കഴുത്തിലും പാടുകളും ചതവുമുണ്ടെന്നും. 18ന് മരിച്ചെങ്കിലും ആറു ദിവസം കഴിഞ്ഞ് സംഭവം വിവാദമായശേഷം മാത്രമാണ് വൈത്തിരി പൊലീസ് കേസെടുത്തത്. ഈ വിദ്യാർഥിയുടെ ഉയിരറ്റ ശരീരത്തിനുമേൽ പാർട്ടിപ്പതാക പുതപ്പിക്കാനും ജീവിക്കുന്നവൻ ഞങ്ങളിലൂടെയെന്ന് മുദ്രാവാക്യം വിളിക്കാനും ആരെങ്കിലും വന്നുവോ എന്നറിഞ്ഞുകൂടാ. എന്തായാലും അവന്റെ ഉയർച്ചയും വളർച്ചയും കാത്തിരുന്ന കുടുംബത്തിനും നാടിനും ഈ മരണം വരുത്തിവെച്ച നഷ്ടം നികത്താനാവാത്തതാണ്.
അതിക്രമങ്ങളും അക്രമവും അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന കോളജ് അധികൃതരും സഹപാഠികൾ മൊഴികൾ നൽകിയിട്ടും കേസ് ഗൗരവമായി കാണാതിരുന്ന പൊലീസും സംഭവത്തിൽ ഒരുപോലെ കുറ്റക്കാരാണ്. മരണം നടന്ന് നാലു ദിവസം കഴിഞ്ഞാണ് കോളജിൽ റാഗിങ് വിരുദ്ധ സമിതി വിളിച്ചുചേർത്തത്. മർദനങ്ങൾക്ക് നേതൃത്വം നൽകിയ കോളജ് യൂനിയൻ പ്രസിഡന്റും ഇതേ സമിതിയിലെ അംഗമായിരുന്നുവെന്നറിയുക.
ഏറെ വൈകിയെങ്കിലും സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപവത്കരിക്കാൻ ആഭ്യന്തരത്തിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉത്തരവിട്ടത് ആശ്വാസകരമാണ്.സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.
എസ്.എഫ്.ഐക്ക് നിയന്ത്രണമുള്ള ചില കോളജുകളിൽ നടക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളെക്കുറിച്ച് കാലങ്ങളായി ആക്ഷേപമുണ്ട്; അത്തരം ഒരു കലാലയമാണ് പൂക്കോട് കോളജും. പല കോളജുകളിലും ഈയിടെയുണ്ടായ സംഘർഷങ്ങൾ ഇത്തരം ഏകാധിപത്യ നടപടികൾക്കെതിരായ പ്രതിഷേധത്തിന്റെകൂടി തുടർച്ചയാണ്. രണ്ടു പതിറ്റാണ്ടായി എസ്.എഫ്.ഐ അടക്കിവാണിരുന്ന തിരുവനന്തപുരത്തെ പ്രമുഖ കോളജിൽ ഇക്കുറി വിദ്യാർഥികൾ പിന്തുണച്ചത് കെ.എസ്.യുവിനെയായിരുന്നു. ‘ഞങ്ങൾ കെ.എസ്.യു പ്രവർത്തകരല്ല, എസ്.എഫ്.ഐയുടെ ജനാധിപത്യവിരുദ്ധ, ഏകാധിപത്യ നടപടികളിൽ പ്രതിഷേധിച്ച് കെ.എസ്.യുവിനെ പിന്തുണക്കുകയായിരുന്നു’വെന്ന തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച വിദ്യാർഥി പ്രതികരണം സംഘടനാ നേതാക്കളെ ചിന്തിപ്പിക്കേണ്ടതാണ്.
കലാലയങ്ങളിൽ ജീവനുകൾ പൊലിയുന്നത് ആദ്യമല്ല. ഓരോ തവണ പൊലിയുമ്പോഴും നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരുമെങ്കിലും ഫലപ്രദമല്ല എന്നതാണ് വസ്തുത. തിരുവനന്തപുരത്ത് കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർഥി കൊല്ലപ്പെട്ടപ്പോഴും കാഞ്ഞിരപ്പള്ളിയിൽ വിദ്യാർഥി ആത്മഹത്യ ചെയ്തപ്പോഴും സമാന നീക്കങ്ങളുണ്ടായി. റാഗിങ്ങിനെതിരെ നിരവധി നിയമങ്ങൾ നിലവിലുണ്ട്. യു.ജി.സിയും നിരന്തരം ഇത്തരം കാര്യങ്ങൾ ഓർമിപ്പിക്കുന്നുണ്ട്. പക്ഷേ, നടപ്പാക്കുന്നതിൽ രാഷ്ട്രീയമടക്കമുള്ള പരിഗണനകൾ വരുന്നതോടെ പ്രതികൾ രക്ഷപ്പെടുകയാണ്. കലാലയ രാഷ്ട്രീയം നിരോധിക്കണം എന്ന മുറവിളിക്കും, വിദ്യാർഥികൾ കൊള്ളപ്പലിശക്ക് കടംവാങ്ങി വിദേശ പഠനത്തിന് പോകുന്നതിനുമെല്ലാം ഇത്തരം അതിക്രമങ്ങൾ കാരണമാവുന്നുണ്ട്.
കലാലയ രാഷ്ട്രീയം ഒഴിവാക്കപ്പെടേണ്ട സംഗതിയേയല്ല. സ്വാതന്ത്ര്യസമരകാലം മുതൽ രാജ്യത്തിന് മികച്ച നേതാക്കളെ സംഭാവന ചെയ്തതിൽ വിദ്യാർഥി രാഷ്ട്രീയം വഹിച്ച പങ്ക് ഏറെ വലുതാണ്. എന്നാൽ, കലാലയാന്തരീക്ഷം ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാവാതെ നോക്കാൻ സംഘടനകൾക്കും അവരെ തുറന്നുവിടുന്ന രാഷ്ട്രീയ കക്ഷികൾക്കും ബാധ്യതയുണ്ട്. പേശീബലംകൊണ്ട് സഹപാഠികളെ അടിച്ചമർത്തിയതും അതിന്റെ പേരിൽ വന്ന കേസുകളും സംഘടനാനേതാക്കളുടെ യോഗ്യതയായല്ല കാണേണ്ടത്. പാഠപുസ്തകത്തിലെ അറിവിനൊപ്പം പരസ്പര സ്നേഹവും സാഹോദര്യവും മാനവികതയുമൊക്കെ പഠിക്കാൻകൂടിയാണ് കലാലയങ്ങൾ. അല്ലാതെ കുറെ സാമൂഹികവിരുദ്ധരെ സൃഷ്ടിക്കുകയും അവരുടെ ഭീകരതക്കും ആൾക്കൂട്ട വിചാരണക്കും ഇരയായി വിദ്യാർഥികൾ ജീവനൊടുക്കുകയും ചെയ്യുന്ന ഇടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുന്ന ദുഃഖകരമായ അവസ്ഥ ഇനി ആവർത്തിച്ചുകൂടാ. കുറ്റവാളികൾ നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടണം. ഇവ്വിധമൊരു ദുരവസ്ഥയിൽനിന്ന് കലാലയങ്ങളെ രക്ഷിക്കാനുതകുന്ന ആത്മപരിശോധനക്ക് വിദ്യാർഥി സംഘടനകളും അവരുടെ രാഷ്ട്രീയ നേതൃത്വവും സന്നദ്ധമാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.