കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അംഗം അരുൺ ഗോയൽ ശനിയാഴ്ച രാജിവെച്ച വാർത്ത വന്നതുമുതൽ ഊഹാപോഹങ്ങളും വിമർശനങ്ങളും സജീവമാണ്. നിലവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനിൽ മൂന്നു അംഗങ്ങൾ വേണ്ടിടത്ത് രണ്ടംഗങ്ങളേ ഉണ്ടായിരുന്നുള്ളൂ -മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറും രാജിവെച്ച അരുൺ ഗോയലും. ഫെബ്രുവരി 14നു മൂന്നാമത്തെ അംഗം അനൂപ് ചന്ദ്ര പാണ്ഡെ 65 വയസ്സ് പൂർത്തിയായി വിരമിച്ച ശേഷം പകരം ആളെ നിയമിച്ചിരുന്നില്ല. രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗോയൽ സമർപ്പിച്ച രാജി ഉടൻ സ്വീകരിക്കപ്പെടുകയും നിയമമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനമിറക്കുകയും ചെയ്തു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ അനുസരിച്ച് മാർച്ച് 14നോ 15നോ കമീഷൻ അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യേണ്ട മൂന്നംഗ സമിതി ചേരുമെന്ന് അതിലെ അംഗമായ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിക്കു കിട്ടിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ അനുമാനിക്കുന്നു.
അരുൺ ഗോയൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായി ഇടഞ്ഞു എന്ന റിപ്പോർട്ടുകൾ അല്പം ദുരൂഹമാണ്. രണ്ടു പേരും നിലവിലെ ഭരണകൂടത്തിന്റെതന്നെ ഇഷ്ടക്കാരായി പ്രസ്തുത സ്ഥാനത്ത് വന്നവരാണ്. കഴിഞ്ഞ ഡിസംബറിൽമാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിയമനത്തിനു പുതിയ സംവിധാനം നിലവിൽ വന്നത്. നേരത്തെ രാഷ്ട്രപതിക്ക് സർക്കാർതന്നെ നാമനിർദേശം ചെയ്തുവരുകയായിരുന്നു. ഭരണഘടനയിൽ അതിനു കൃത്യമായ രീതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ അത് തുടരുന്നതിനിടയിൽ 2015ൽ ഫയൽ ചെയ്യപ്പെട്ട പൊതുതാല്പര്യ ഹരജിയുടെയും ഇതുസംബന്ധമായ കമീഷനുകളുടെയും നിയമ കമീഷനുകളുടെയും ശിപാർശയുടെയും പശ്ചാത്തലത്തിൽ 2023 മാർച്ചിൽ പുതിയ നാമനിർദേശരീതിക്ക് സുപ്രീംകോടതി ഉത്തരവിട്ടു. അതനുസരിച്ച് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരുൾപ്പെട്ട സമിതി രാഷ്ട്രപതിക്കു തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളെ നിർദേശിക്കാനായിരുന്നു സുപ്രീംകോടതി ഉത്തരവ്. നിഷ്പക്ഷത ഉറപ്പുവരുത്താൻ ഒരു നിയമനിർമാണം നടക്കുന്നതുവരെ സുപ്രീംകോടതി ഈ വ്യവസ്ഥ നിർദേശിച്ചത്. എന്നാൽ, ഡിസംബറിൽ പാർലമെന്റ് ഈ നിയമനം സംബന്ധിച്ച് പുതിയ നിയമം പാസാക്കി. അതു പ്രകാരം സുപ്രീംകോടതി നിർദേശിച്ച സമിതിയിൽനിന്നു ചീഫ് ജസ്റ്റിസിനെ നീക്കി പകരം പ്രധാനമന്ത്രി നിശ്ചയിക്കുന്ന കാബിനറ്റ് മന്ത്രിയെ തൽസ്ഥാനത്ത് വെച്ചു. ചുരുക്കിപ്പറഞ്ഞാൽ മൂന്നംഗ സമിതിയിൽ സർക്കാറിന് രണ്ടു അംഗങ്ങളായി. ഇതോടെ സർക്കാറിന്റെ ഹിതം നടപ്പാക്കുന്ന വേദിയായി കമീഷൻ മാറുകയാണെന്നു വന്നു. അങ്ങനെ അംഗമായ ആളാണ് ഇപ്പോൾ രാജിവെച്ച അരുൺ ഗോയൽ.
നിഷ്പക്ഷമായ ഘടനയും സുഗമമായ പ്രവർത്തനവും ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലായ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയുടെ മുന്നുപാധികളാണ്. എന്നാൽ, ഇപ്പോൾ സംഭവിച്ച രാജിയും അതുമായി ബന്ധപ്പെട്ട ദുരൂഹതകളും കമീഷന്റെ പ്രതിച്ഛായക്ക് ഏല്പിച്ച കളങ്കം ഒട്ടും ചെറുതല്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു സർക്കാർവൃത്തങ്ങൾ പറയുമ്പോഴും അദ്ദേഹത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായുണ്ടായ അഭിപ്രായ ഭിന്നതകളാണ് കാരണമെന്നു പറയപ്പെടുന്നു. കൊൽക്കത്തയിലെ വാർത്തസമ്മേളനത്തിൽ പങ്കെടുക്കാതെ തൊട്ടടുത്ത ദിവസം ഡൽഹിയിലേക്ക് മടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾമാത്രം ശേഷിക്കേ രാജിയുടെ കാരണങ്ങൾ നിസ്സാരമാവാൻ സാധ്യത കുറവാണ്. എന്നല്ല, അരുൺ ഗോയൽ സർക്കാറിന് താല്പര്യമുള്ള കമീഷണർതന്നെയാണെന്ന ശ്രുതിയും അദ്ദേഹം സ്ഥാനത്തേക്കു നിർദേശിക്കപ്പെട്ടപ്പോഴേ ഉണ്ടായിരുന്നു. ഫെബ്രുവരി മധ്യത്തിൽ പാണ്ഡെ പിരിഞ്ഞപ്പോഴുണ്ടായ ഒഴിവിലേക്കുള്ള നിയമനത്തെക്കുറിച്ചും സുതാര്യമായി നടപടികൾ വെളിപ്പെടുത്തിയിരുന്നെങ്കിൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാകുമായിരുന്നു. പ്രതിപക്ഷ നേതാവ് യോഗത്തിൽ പങ്കെടുക്കുന്നതൊഴിച്ച് ഏതാണ്ടെല്ലാ നടപടികളും കേന്ദ്ര നിയന്ത്രണത്തിലായ സ്ഥിതിക്ക് രാജ്യത്തെ കാര്യങ്ങൾ അറിയിക്കാൻ ധാർമിക ബാധ്യത ഉണ്ടായിരുന്നു സർക്കാരിന്. മറ്റു പല ഭരണഘടന സ്ഥാപനങ്ങളെയും നിഷ്ക്രിയമാക്കിയപോലെ തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്രം കവച്ചുവെക്കുന്ന രീതിയിലായി ഇവിടെയും കാര്യങ്ങൾ.
2022 നവംബറിൽ നിയമിക്കപ്പെടുന്നതിനു തൊട്ടു മുമ്പാണ് കേന്ദ്ര സർവിസിൽനിന്ന് അരുൺ ഗോയൽ സ്വമേധയാ വിരമിച്ചത്. അന്നത്തെ ആ നിയമനത്തിൽ കാണിച്ച ധിറുതി സുപ്രീംകോടതിയുടെപോലും വിയോജിപ്പിനു വിധേയമായിരുന്നു. എന്നാൽ, നിയമനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. 2027 വരെ കാലാവധി ഉണ്ടായിരുന്ന ഗോയൽ ആരോഹണ ക്രമമനുസരിച്ച് 2025ൽ മുഖ്യ കമീഷണറും ആവേണ്ടതായിരുന്നു. ഇതോടൊപ്പം നേരത്തേ കമീഷൻ അംഗമായിരുന്ന അശോക് ലവാസ രാജിവെച്ചൊഴിഞ്ഞതും ഇവിടെ അനുസ്മരണീയമാണ്. 2019ലെ തെരഞ്ഞെടുപ്പ് കാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ നരേന്ദ്ര മോദിക്കും അമിത് ഷാക്കും ക്ലീൻചിറ്റ് നൽകിയപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയ ലവാസ തുടർന്ന് ഒരു പാട് അന്വേഷണങ്ങൾ നേരിടേണ്ടിവന്നു. നിലവിലെ വ്യവസ്ഥകളനുസരിച്ച് ഇനി നിയമമന്ത്രാലയം തയാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്ന് പ്രധാനമന്ത്രിയും അദ്ദേഹം നിയമിക്കുന്ന മറ്റൊരു മന്ത്രിയും പ്രതിപക്ഷ നേതാവും കൂടി രാജ്യത്തിന്റെ നിർണായക തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ആരെയാവും കമീഷണർമാരായി നിയമിക്കുക എന്ന് കാത്തിരുന്നു കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.